എളുപ്പമാണ് എൽഡിസി; ഇങ്ങനെ പരിശീലിച്ചാൽ

LDC-Tips-Mansoorali_kappungal
SHARE

പ്രമുഖ മത്സരപ്പരീക്ഷാ പരിശീലകനും അൻപതിലേറെ പിഎസ്‍സി റാങ്ക് പട്ടികകളിൽ ഇടംപിടിച്ചയാളുമായ മൻസൂർ അലി കാപ്പുങ്ങലിന്റെ എൽഡി ക്ലാർക്ക് പരിശീലന പംക്തി.

ലോവർ ഡിവിഷൻ ക്ലാർക്ക് (എൽഡിസി) തസ്തികയിലേക്കുള്ള പിഎസ്‍സി പരീക്ഷയ്ക്കായി പലരും ഇതിനകം തന്നെ പഠിച്ചു തുടങ്ങിയിട്ടുണ്ടാകും. അവർക്കും ഇപ്പോൾ മാത്രം പഠിച്ചുതുടങ്ങുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന കാര്യങ്ങളാകും ഈ കോളത്തിലുണ്ടാകുക. പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങാം എന്നതു സംബന്ധിച്ചാണ് ഈ ലക്കത്തിലെ പരിശീലനം. വിഷയം തിരിച്ചുള്ള പരിശീലനം അടുത്ത ലക്കം മുതൽ. 

എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഏറ്റവും ശ്രദ്ധിക്കേണ്ട 5 പാഠങ്ങൾ ഇവ:

പാഠം 1

പിഎസ്‍സിയെ അറിയാം, ഒപ്പം നമ്മെയും 

സമയം: 15 ദിവസം

ഒരുപാടു കാര്യങ്ങൾ കുത്തിയിരുന്നു പഠിക്കേണ്ടതില്ല. പിഎസ്‌സി ചോദ്യങ്ങളുടെ സ്വഭാവം അറിയുക; സ്വന്തം പഠന നിലവാരം വിലയിരുത്തുക– ഇതു രണ്ടുമാണ് ആദ്യ 15 ദിവസത്തെ പരിശീലനത്തിന്റെ ലക്ഷ്യം. 

ഇതിനുവേണ്ടി ഈ ദിവസങ്ങൾ പൂർണമായും മുൻവർഷ ചോദ്യക്കടലാസുകൾ ചെയ്തു നോക്കാൻ നീക്കിവയ്ക്കുക. പ്രയാസമുള്ള വിഷയം, എളുപ്പമുള്ള വിഷയം, ഓരോ വിഷയത്തിനും നീക്കിവയ്ക്കേണ്ട സമയം  തുടങ്ങിയവയെല്ലാം ഇതിലൂടെ മനസ്സിലാക്കാം. 

ചോദ്യക്കടലാസ് പരിശീലനം ഏറ്റവും പ്രയാസം കുറഞ്ഞ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (എൽജിഎസ്) പരീക്ഷകളിൽനിന്നു തുടങ്ങാം. 

രണ്ടാം ഘട്ടത്തിൽ 60 മാർക്ക് പൊതുവിജ്ഞാനം, 20 മാർക്ക് കണക്ക്–മാനസിക വിശകലനശേഷി, , 20 മാർക്ക് ഇംഗ്ലിഷ് എന്ന പാറ്റേൺ ചോദ്യക്കടലാസുകൾ പരിശീലിക്കാം.

അവസാന ഘട്ടത്തിൽ 50 മാർക്ക് പൊതുവിജ്ഞാനം, 20 മാർക്ക് കണക്ക്–മാനസിക വിശകലനശേഷി, 20 ഇംഗ്ലിഷ്, 10 മലയാളം എന്ന ഉയർന്ന പാറ്റേണിലെ (എൽഡിസി പരീക്ഷകൾ പോലെയുള്ള) പരീക്ഷകൾ ചെയ്തുനോക്കാം. 

മാർക്ക് കുറഞ്ഞാലും നിരാശ വേണ്ട. പഠനമല്ല, പരീക്ഷയുടെ സ്വഭാവവും നമ്മുടെ നിലവാരവും മനസ്സിലാക്കുക മാത്രമാണല്ലോ ഈ ഘട്ടത്തിലെ ലക്ഷ്യം. ഈ ചോദ്യക്കടലാസുകളിലെ വിഷയങ്ങൾ തരംതിരിച്ച് എഴുതിവച്ചാൽ റിവിഷൻ സമയത്തു പ്രയോജനപ്പെടും.

പാഠം  2 

ഭാഷയുടെയും കണക്കിന്റെയുംകുരുക്കഴിക്കാം

സമയം: ദിവസവും 15 മിനിറ്റ് വീതം

എല്ലാ ദിവസവും മലയാളം, ഇംഗ്ലിഷ്, കണക്ക് പഠനത്തിനായി  15 മിനിറ്റ് നീക്കി വയ്ക്കണം. ഇംഗ്ലിഷിലും മലയാളത്തിലും ഓരോ ദിവസവും പുതിയ 5 വാക്കും അവയുടെ അർഥവും സ്പെല്ലിങ്ങും ഉപയോഗവും പഠിച്ചു വയ്ക്കാം

ഓരോ ദിവസവും ചെറിയ ഒരു ടോപ്പിക് പഠിക്കുന്നതിനൊപ്പം ചോദ്യക്കടലാസ് പരിശീലിക്കുകയും വേണം. ‌കണക്കിലെ ക്രിയകൾ ചെയ്യാൻ വേഗമില്ലാത്തവർക്കും സൂത്രവാക്യങ്ങൾ ഓർത്തിരിക്കാന‍് പ്രയാസമുള്ളവർക്കും ഇതു വളരെ ഗുണം ചെയ്യും. 

പാഠം 3

അടിസ്ഥാനവിവര ശേഖരണം

സമയം: 45 ദിവസം

5 – 10 ക്ലാസ് സ്കൂൾ പാഠപുസ്തകങ്ങൾ വായിച്ചു കുറിപ്പു തയാറാക്കണം. ശാസ്ത്രവും സാമൂഹികശാസ്ത്രവും പ്രധാനം. ‌ഒരു പാഠഭാഗത്തിൽനിന്നു കുറിപ്പ് തയാറാക്കാൻ പരമാവധി ഒരു മണിക്കൂർ മാത്രം ഉപയോഗിക്കുക. നേരത്തേ, മുൻകാല ചോദ്യക്കടലാസുകൾ പരിശീലിച്ചതിന്റെ അനുഭവം ഇവിടെ ഗുണം ചെയ്യും. ഈ 45 ദിവസം കൊണ്ട് പരീക്ഷയ്ക്കുള്ള 20 – 25 % പൊതുവിജ്ഞാനം പഠിച്ചുതീർക്കാം. 

പാഠം 4

സമഗ്രപഠനം 

സമയം: രണ്ടു മാസം

തയാറാക്കിവച്ച കുറിപ്പുകളെ അടിസ്ഥാനമാക്കി ആഴത്തിലുള്ള പഠനമാണിനി. റാങ്ക് ഫയലുകളും മറ്റും ആശ്രയിക്കാം. 

ഉദാ: ‘കേരള ഫാക്ട്സ്’ എന്ന ഭാഗത്തെ അടിസ്ഥാനമാക്കി കേരള ഭൂമിശാസ്ത്രം, നദികൾ, കാലാവസ്ഥ, ആദ്യകാല ചരിത്രം, തിരുവിതാംകൂർ രാജാക്കന്മാർ തുടങ്ങിയവ ആഴത്തിൽ പഠിക്കാം

‘ഇന്ത്യ– അടിസ്ഥാന വിവരങ്ങൾ’ എന്ന ഭാഗത്ത് 1757–1947 കാലത്തെ ചരിത്രം, ഇന്ത്യൻ ഭൂമിശാസ്ത്രം, ചരിത്രം, സാമൂഹികക്ഷേമ പദ്ധതികൾ, ഗവേഷണ സ്ഥാപനങ്ങൾ, പ്രധാന കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കണം. ഒപ്പം ഭരണഘടനയുടെ അടിസ്ഥാന വിവരങ്ങൾ, വിവിധ കമ്മിഷനുകൾ, അവയുടെ കാലാവധി, പ്രത്യേകതകൾ എന്നിവയും പഠിക്കണം. 

ശാസ്ത്രം പഠിക്കുമ്പോൾ ബയോളജിക്കു പ്രാധാന്യം നൽകുക. കൂടുതൽ ചോദ്യങ്ങൾ ഈ മേഖലയിൽ നിന്നുണ്ടാകും. കേരള നവോത്ഥാനം, കുടുംബശ്രീ, കേരളത്തിലെ വിവിധ സാമൂഹികക്ഷേമ പദ്ധതികൾ, വിവിധ ഇനം വിളകൾ, സങ്കര ഇനം വിത്തുകൾ എന്നിവയെക്കുറിച്ചും പഠനം വേണം.

പാഠം 5

ചോദ്യക്കടലാസ് വിശകലനം

സമയം: 2 മാസം

ആദ്യഘട്ടമെന്ന പോലെ അവസാന ഘട്ടത്തിലും ചോദ്യപേപ്പർ പഠനത്തിനു പ്രാധാന്യമുണ്ട്. ആദ്യ ഘട്ടത്തിൽ ചോദ്യത്തിൽനിന്ന് ഉത്തരമെഴുതുകയായിരുന്നെങ്കിൽ അവസാന ഘട്ടത്തിൽ ഉത്തരത്തിൽനിന്നു ചോദ്യം പഠിക്കുകയാണു ചെയ്യേണ്ടത്.  ഉദാഹരണത്തിന് ഭൂമിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ഏതെന്ന ചോദ്യത്തിന് ‘നൈട്രജൻ’ എന്ന ശരിയുത്തരത്തിനൊപ്പം ഹൈഡ്രജൻ, ഓക്സിജൻ, ഹീലിയം എന്നിങ്ങനെ 3 ഓപ്ഷൻ കൂടിയുണ്ടാകുമല്ലോ. ഇവ മൂന്നിന്റെയും പ്രത്യേകതകളും അവയ്ക്കൊപ്പമുള്ള അനുബന്ധ  വിവരങ്ങളും കൂടി പഠിച്ചുവയ്ക്കാം. 

ഇത്തരത്തിൽ കഴിഞ്ഞ 10 വർഷത്തെ ചോദ്യക്കടലാസുകളിലെ ഓപ്ഷനുകളും അവയെക്കുറിച്ചുള്ള അനുബന്ധ വിവരങ്ങളും  ചേർത്തു പഠനം സമഗ്രമാക്കാം. 

ആനുകാലിക വിവരങ്ങൾക്ക് വേണം പത്രവായന

മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കു പത്രവായന നിർബന്ധം. ഓരോ ദിവസത്തെയും ഏറ്റവും പ്രധാന വിവരങ്ങൾ കുറിപ്പായി എഴുതിയെടുക്കണം. നിയമങ്ങൾ, നിയമഭേദഗതികൾ, നിയമനങ്ങൾ, രാജ്യാന്തര വിഷയങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായി കുറിപ്പെഴുതാം.

2019 ജനുവരി 1 മുതൽ 2020 ജൂൺ വരെയുള്ള ആനുകാലിക വിവരങ്ങൾ കുറിപ്പെഴുതിയുണ്ടാക്കി ഇടയ്ക്കിടെ റിവൈസ് ചെയ്തു പഠിക്കണം. 

ആശങ്ക വേണ്ട, പതിയെ തുടങ്ങാം

പഠിച്ചതു മറന്നുപോകുന്നു, കൺഫ്യൂഷൻ ഉണ്ടാകുന്നു, വസ്തുതകൾ പരസ്പരം മാറിപ്പോകുന്നു– ഇക്കാരണങ്ങൾ കൊണ്ട് ഒരിക്കൽ ആരംഭിച്ച പഠനം ഉപേക്ഷിച്ചവരാണോ നിങ്ങൾ ? 

ഇതു നിങ്ങൾക്കു മാത്രമല്ല, എല്ലാ പഠിതാക്കൾക്കും ആദ്യ ഘട്ടത്തിലുണ്ടാകുന്ന പ്രശ്നമാണ്. അതുകൊണ്ടു ധൈര്യമായിട്ടു പരിശ്രമം തുടരാം. ദിവസവും രാവിലെ 3 മണിക്കൂർ പഠിക്കണം. രാത്രിപഠനം പ്രതീക്ഷിക്കുന്ന ഫലം തരണമെന്നില്ല.

രാത്രി സമയം പരമാവധി പരിശീലനത്തിനും മുൻവർഷ ചോദ്യക്കടലാസുകൾക്ക് ഉത്തരമെഴുതി നോക്കാനും ഉപയോഗിക്കുക. സ്വന്തം പഠനനിലവാരം അനുസരിച്ച് പരമാവധി 7–8 മണിക്കൂർ വരെ പഠനത്തിനായി ചെലവഴിക്കുക.

പരീക്ഷ: ഒറ്റ നോട്ടത്തിൽ

ആകെ മാർക്ക്: 100

സമയം 1.15 മണിക്കൂർ 

വിഭാഗങ്ങൾ: പൊതുവിജ്ഞാനം, സമകാലിക വിവരങ്ങൾ, കണക്ക്, മെന്റൽ എബിലിറ്റി, ഇംഗ്ലിഷ്, മലയാളം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EXAM GUIDE
SHOW MORE
FROM ONMANORAMA