ADVERTISEMENT
LDC-table

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് തസ്തികയ്ക്ക് ഇത്തവണ പ്രതീക്ഷിക്കുന്നത് 20 ലക്ഷം അപേക്ഷകൾ. ഏറ്റവും കൂടുതൽ പേർ അപേക്ഷ നൽകുക തിരുവനന്തപുരം ജില്ലയിലായിരിക്കും. 2 ലക്ഷത്തിലധികം പേർ തലസ്ഥാന ജില്ലയിൽ അപേക്ഷിക്കുമെന്ന് കണക്കാക്കുന്നു. തിരുവനന്തപുരത്തിനൊപ്പം എറണാകുളം ജില്ലയിലും അപേക്ഷ 2 ലക്ഷം കടന്നേക്കും. കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒരു ലക്ഷത്തിലധികം പേർ അപേക്ഷിക്കുമെന്നുറപ്പാണ്. കഴിഞ്ഞ തവണ പ്രസിദ്ധീകരിച്ച എൽഡി ക്ലാർക്ക് വിജ്ഞാപന പ്രകാരം 17,94,091 പേർ അപേക്ഷ നൽകിയിരുന്നു. ഇതിനു മുൻപുള്ള വിജ്ഞാപനപ്രകാരം 15,29,921 പേരാണ് അപേക്ഷിച്ചത്.  

തുടക്ക ശമ്പളം 24,650 രൂപ

19000–43600 എന്നതാണ് എൽഡി ക്ലാർക്ക് തസ്തികയുടെ ശമ്പള സ്കെയിൽ. അടിസ്ഥാന ശമ്പളമായ 19,000ന്റെ കൂടെ 20% ഡിഎ (3800), എച്ച്ആർഎ 1500, സിറ്റി കോമ്പൻസേറ്ററി അലവൻസ് 350 എന്നിവകൂടി കൂട്ടി 24,650 രൂപ തുടക്കത്തിൽ ശമ്പളം ലഭിക്കും. സർക്കാർ ഇതിനകം അനുവദിച്ച 8% ഡിഎ ഇപ്പോൾ ജീവനക്കാർക്ക് കുടിശികയാണ്. ഇതുകൂടി ലഭിക്കുമ്പോൾ ശമ്പളം 26,170 രൂപയായി വർധിക്കും. 

നിയമനം ജില്ലാ അടിസ്ഥാനത്തിൽ
എൽഡി ക്ലാർക്ക് തിരഞ്ഞെടുപ്പ് ജില്ലാ അടിസ്ഥാനത്തിലാണ്.  ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം ലഭിക്കുന്ന ഉദ്യോഗാർഥിക്ക്  സർവീസ് ആരംഭിക്കുന്ന തീയതി മുതൽ തുടർച്ചയായി 5 വർഷത്തേക്ക് മറ്റൊരു ജില്ലയിലേക്ക് മാറ്റം അനുവദിക്കില്ല. 5 വർഷത്തിനു ശേഷം മാറ്റം ലഭിച്ചാൽ അതേ വകുപ്പിലെ അന്തർ ജില്ലാ സ്ഥലംമാറ്റ  സർക്കാർ ഉത്തരവിന് വിധേയമായിരിക്കും. ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് മുകളിൽ പറഞ്ഞ നിബന്ധനകൾ ബാധകമല്ല. എന്നാൽ ഈ ജില്ലകളിൽ നിന്ന് മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് ആനുകൂല്യമില്ല. 

പ്രമോഷൻ, പ്രബേഷൻ
ഏതു  വകുപ്പിൽ ജോലി ലഭിച്ചാലും സ്ഥാനക്കയറ്റം ലഭിക്കാൻ ധാരാളം അവസരങ്ങളുള്ള ആകർഷകമായ ജോലിയാണ് എൽഡി ക്ലാർക്കിന്റേത്. അടിസ്ഥാന യോഗ്യതയ്ക്കൊപ്പം സാങ്കേതിക യോഗ്യത നേടിയിട്ടുള്ളവർക്ക് അവർ നേടിയ യോഗ്യത ആവശ്യമായ വകുപ്പിൽ നിയമനം ലഭിച്ചാൽ തസ്തികമാറ്റം വഴിയും അല്ലാതെയും ഉയർന്ന തസ്തികയിൽ നിയമനം ലഭിക്കും. ഇതിലേക്ക് നിശ്ചിത സേവന കാലാവധി പൂർത്തിയാക്കിയാൽ മതി. വിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലാർക്കായി നിയമനം ലഭിച്ചാൽ അധ്യാപക തസ്തികയ്ക്ക് ആവശ്യമായ യോഗ്യതയുള്ള ആളാണെങ്കിൽ നിശ്ചിത സേവനകാലാവധി പൂർത്തിയാക്കിയാൽ തസ്തികമാറ്റം വഴി അധ്യാപകരാകാം. 

മോട്ടോർ വാഹന വകുപ്പിൽ നിയമനം ലഭിക്കുന്നവർക്ക് നിശ്ചിത യോഗ്യതയുണ്ടെങ്കിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായും സഹകരണ വകുപ്പിൽ നിയമനം ലഭിക്കുന്നവർക്ക് കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടറായും റഗുലർ കേഡർ പ്രമോഷനു പുറമേ നിയമനം ലഭിക്കും. നിയമബിരുദം നേടിയവർക്ക് തസ്തികമാറ്റം വഴി സെക്രട്ടേറിയറ്റിൽ ലീഗൽ അസിസ്റ്റന്റ് ആകാം. തുടർന്ന് അവിടെയുള്ള എല്ലാ റഗുലർ പ്രമോഷനും ലഭിക്കും. 

റവന്യൂ വകുപ്പിൽ നിയമനം ലഭിക്കുന്നവർക്ക് ഡപ്യൂട്ടി കലക്ടർ വരെയാകാനും ഈ തസ്തികയിൽ സർക്കാർ നിശ്ചയിക്കുന്ന സേവന കാലാവധി പൂർത്തിയാക്കിയാൽ ഒഴിവിന്റെ അടിസ്ഥാനത്തിൽ ഐഎഎസ് വരെ ലഭിക്കാനും സാധ്യതയുണ്ട്. ട്രഷറി വകുപ്പിൽ നിയമനം ലഭിച്ചാൽ ട്രഷറി ഡയറക്ടർ വരെയാകാം. 

താരതമ്യേന പ്രമോഷൻ കുറഞ്ഞ വകുപ്പിൽ നിയമനം ലഭിച്ചാലും സേവനകാലത്തിന്റെ ദൈർഘ്യത്തിനനുസരിച്ച് സീനിയർ സൂപ്രണ്ട്/ അക്കൗണ്ട്സ് ഒാഫിസർ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകൾ വരെ എത്താൻ കഴിയുമെന്നുറപ്പ്. സീനിയർ സൂപ്രണ്ടായി പ്രമോഷൻ ലഭിക്കുന്നവർ നിശ്ചിത സേവനകാലാവധി പൂർത്തിയാക്കിയാൽ പിഎസ്‌സി വഴി അഡ്മിനിസ്ട്രേറ്റീവ് ഒാഫിസർ തസ്തികയിലും എത്താം. 

എൽഡി ക്ലാർക്ക് തസ്തികയിൽ നിയമനം ലഭിക്കുന്നവർ നിശ്ചിത കാലാവധിക്കുള്ളിൽ പ്രബേഷൻ പൂർത്തിയാക്കണം. ഇതോടൊപ്പം വകുപ്പുതല പരീക്ഷകൾകൂടി വിജയിച്ചെങ്കിൽ മാത്രമേ പ്രമോഷൻ ലഭിക്കൂ. പിഎസ്‌സി വർഷത്തിൽ 2 തവണ വകുപ്പുതല പരീക്ഷകൾ നടത്താറുണ്ട്. റവന്യൂ പോലെയുള്ള ചില വകുപ്പുകളിൽ പ്രമോഷൻ ലഭിക്കുന്നതിന് പ്രത്യേകമായും പരീക്ഷ നടത്താറുണ്ട്.

ഉയർന്ന യോഗ്യതയ്ക്ക് മുൻഗണനയില്ല
എൽഡി ക്ലാർക്ക് തസ്തികയുടെ അടിസ്ഥാന യോഗ്യത എസ്എസ്എൽസി വിജയം അല്ലെങ്കിൽ തത്തുല്യമാണ്.  എന്നാൽ ഈ തസ്തികയുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരിൽ 90 ശതമാനം പേരും ബിരുദമോ ബിരുദാനന്തര ബിരുദമോ മറ്റ് ഉയർന്ന യോഗ്യതകളോ നേടിയവരാവും. ഉയർന്ന യോഗ്യതയുള്ളവർക്ക് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ യാതൊരു മുൻഗണനയും പിഎസ്‌സി നൽകാറില്ല. ഈ തസ്തികയ്ക്ക് നടത്തുന്ന പരീക്ഷയിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയാറാക്കുന്നത്. 

കായികതാരങ്ങൾ, വിമുക്തഭടൻമാർ തുടങ്ങി  വെയ്റ്റേജ് മാർക്കിന് അർഹതയുള്ളവർക്ക് അതുകൂടി നൽകി റാങ്ക് നിർണയിക്കും. 

പരീക്ഷയിൽ നിശ്ചിത കട്ട് ഒാഫ് മാർക്ക് ലഭിച്ചവർക്കേ ഈ രീതിയിലുള്ള വെയ്റ്റേജ്മാർക്ക് ലഭിക്കൂ. സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വെയ്റ്റേജ് മാർക്കിന്റെ അടിസ്ഥാനത്തിൽ മെയിൻ ലിസ്റ്റിലെത്താൻ കഴിയില്ല. ഇവരെ സപ്ലിമെന്ററി ലിസ്റ്റിൽ മാത്രമേ ഉൾപ്പെടുത്തൂ.   

ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാവില്ല
സംസ്ഥാന സർക്കാരിനു കീഴിലുള്ള 80ൽ അധികം വകുപ്പുകളിലേക്കാണ് എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുക. ഉദ്യോഗാർഥിക്ക് റാങ്ക് ലിസ്റ്റിൽ എത്ര ഉയർന്ന റാങ്ക് ലഭിച്ചാലും ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാൻ അവസരമില്ല. 14 ജില്ലകളിലേക്കും പ്രത്യേകം  റാങ്ക് ലിസ്റ്റുകളാണ് പിഎസ്‌സി പ്രസിദ്ധീകരിക്കുക. ജില്ല തിരിച്ചാണ് നിയമനവും. ഉദ്യോഗാർഥിക്ക് ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളുടെ ക്രമമനുസരിച്ച് വിവിധ വകുപ്പുകളിലേക്ക്/ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തും. ഇതോടൊപ്പം ഒാരോ വകുപ്പിന്റെയും ആസ്ഥാന ഒാഫിസുകളിൽ ഉണ്ടാകുന്ന ഒഴിവുകളിൽ എല്ലാ ജില്ലയിൽ നിന്നും ക്രമമായി നിയമനം നടത്താറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com