ADVERTISEMENT

2023 ന്റെ മലയാളം വാക്കു കണ്ടെത്താൻ വായനക്കാരുടെ സഹകരണത്തോടെ മലയാള മനോരമ നടത്തിയ അന്വേഷണത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് 2 വാക്കുകൾ:  കേരളത്തിലെ റോഡ് ക്യാമറ മുതൽ വ്യാജവിവരനിർമിതി വരെയുള്ള കാര്യങ്ങളിലൂടെ ചർച്ചയിൽ നിറഞ്ഞ ‘നിർമിതബുദ്ധി’. മാധ്യമപ്രവർത്തകർ, മാധ്യമപ്രവർത്തനം എന്നിവയുടെ ചുരുക്കെഴുത്തായി സമൂഹമാധ്യമങ്ങളിൽ ഉരുത്തിരിഞ്ഞ ‘മാപ്ര’.

ലക്ഷക്കണക്കിനു വായനക്കാരുടെ നിർദേശങ്ങളിൽ നിന്നു മനോരമ പത്രാധിപസമിതി തയാറാക്കിയ ചുരുക്കപ്പട്ടിക പരിശോധിച്ച വിദഗ്ധസമിതി ഭൂരിപക്ഷാഭിപ്രായത്തിലൂടെയാണ് ഈ വാക്കുകൾ തിരഞ്ഞെടുത്ത്.

നിരൂപകയും ഭാഷാവിദഗ്ധയുമായ ഡോ. എം.ലീലാവതി, എഴുത്തുകാരനും എംപിയുമായ ഡോ. ശശി തരൂർ, നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ, എഴുത്തുകാരൻ അനീസ് സല‍ിം, നടനും സംവിധായകനുമായ രമേഷ് പിഷാരടി എന്നിവരടങ്ങിയ സമിതിയാണു വാക്കുകൾ പരിശോധിച്ചത്.

ശശി തരൂരും ലീലാവതിയും ‘നിർമിതബുദ്ധി’ ഒന്നാമത്തെ വാക്കായി തിരഞ്ഞെടുത്തപ്പോൾ രമേഷ് പിഷാരടി, അനീസ് സലിം എന്നിവർ ‘മാപ്ര’ ഒന്നാമത്തെ വാക്കായി തിരഞ്ഞെടുത്തു. ‘നവകേരളം’ ഒന്നാം വാക്കായി തിരഞ്ഞെടുത്ത സ്പീക്കർ ഷംസീർ രണ്ടാം സ്ഥാനം നൽകിയത് ‘മാപ്ര’യ്ക്കാണ്. രമേഷ് പിഷാരടിയുടെ രണ്ടാമത്തെ വാക്ക് ‘നിർമിതബുദ്ധി.’ 

ഈ 2 വാക്കുകൾ നിർദേശിച്ച വായനക്കാരിൽനിന്നു തിരഞ്ഞെടുത്ത 20 പേർക്ക് 2500 രൂപ വീതം സമ്മാനമുണ്ട്.

നിർമിതബുദ്ധി
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) മലയാളരൂപം. നേരത്തേ ഉപയോഗിക്കപ്പെട്ടു തുടങ്ങിയതാണെങ്കിലും ഈ വർഷമാണ് വൻ ജനകീയത കൈവന്നത്. കേരളത്തിലെ റോഡ് ക്യാമറ സ്ഥാപിക്കലും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും പുറമേ ചാറ്റ്ജിപിടിയും മിഡ്ജേണിയും പോലുള്ള എഐ അധിഷ്ഠിത ടൂളുകൾ ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടതും നിർമിതബുദ്ധിയെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കി. പ്രശസ്തമായ കോളിൻസ് ഡിക്‌ഷനറി 2023 ലെ വാക്കായി തിരഞ്ഞെടുത്തത് ‘എഐ’ ആണ്. 

മാപ്ര
മാധ്യമപ്രവർത്തകർ, മാധ്യമപ്രവർത്തനം എന്നിവയെ വിമർശിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചുരുക്കെഴുത്ത്. തങ്ങൾക്കു ഹിതകരമല്ലാത്ത വാർത്തകളെയും അതു നൽകുന്ന മാധ്യമപ്രവർത്തകരെയും അധിക്ഷേപിക്കാൻ തൽപരകക്ഷികളും സൈബർ പ്രചാരകരും ഈ വാക്ക് വ്യാപകമായി ഉപയോഗിച്ചു. നിക്ഷിപ്ത താൽപര്യക്കാരെ അലോസരപ്പെടുത്തുന്ന വിമർശനാത്മക മാധ്യമസാന്നിധ്യം എന്ന നിലയിലുള്ള ചർച്ചയ്ക്കും വാക്കു വഴിതെളിച്ചു.

വിദഗ്ധസമിതി പറഞ്ഞത്:

dr-m-leelavathy
ഡോ.എം ലീലാവതി

∙ഡോ. എം.ലീലാവതി
1. നിർമിതബുദ്ധി: നവയുഗത്തിന്റെ സൃഷ്ടികളിലൊന്നായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇനി വ്യാപകമായി പ്രയോഗിക്കപ്പെടുമെന്നതിനാൽ ‘നിർമിതബുദ്ധി’ എന്ന വാക്ക് ഈ നിർദിഷ്ടകാലം സമൂഹത്തിനു സംഭാവന ചെയ്ത വാക്കുകളിൽ പ്രാധാന്യം അർഹിക്കുന്നു.

2. ഇ.ഡി

ഈ 2 അക്ഷരങ്ങൾ കൊണ്ടു സൂചിപ്പിക്കുന്ന സ്ഥാപനത്തെ അധികാരികൾ വേണ്ടിടത്തും വേണ്ടാത്തിടത്തും ഉപയോഗിക്കുന്നു. പ്രതികാരത്തിനായിപ്പോലും ഉപയുക്തമാക്കുന്നു. അതിനാൽ അധികാരികളുടെ ആ സമാരംഭത്തെ വ്യംഗ്യഭംഗിയിൽ കളിയാക്കാൻപോലും ഉതകുന്ന അക്ഷരദ്വയം എന്ന നിലയിൽ ഈ പുതിയ വാക്ക് നിർദിഷ്ട കാലത്തിന്റെ സംഭാവനയായി കണക്കാക്കാം. (വ്യംഗ്യഭംഗിയിൽ കളിയാക്കുക എന്നു പറയുമ്പോൾ ഉദ്ദേശിക്കുന്നത് ‘ഇടി’ എന്ന മർദനാർഥത്തിലുള്ള മലയാള വാക്കാണ്)

shashi-tharoor
എ.എൻ.ഷംസീർ

എ.എൻ.ഷംസീർ
1. നവകേരളം: കേരളത്തിൽ ഏറ്റവും അധികം അലയടിച്ചുയരുന്ന വാക്ക്. പുതിയ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശം ആ വാക്ക് നൽകുന്നു. പ്രളയം തകർത്ത കേരളത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നവകേരളം എന്ന് വാക്ക് അടുത്തയിടെ ചർച്ചകളിലേക്കു വന്നത്. ഇപ്പോൾ സമസ്ത മേഖലകളിലും കേരളത്തിന്റെ വികാസത്തെ സൂചിപ്പിക്കുന്ന വാക്കായി മാറി. സർക്കാർ സംഘടിപ്പിച്ച ‘നവകേരള സദസ്സു’കളിൽ ലക്ഷങ്ങൾ പങ്കെടുത്തു. ‘നവകേരളത്തിനായി’ കേരളം കൈകോർക്കുകയാണ്.

2. മാപ്ര: സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ വർഷം ഏറ്റവും അധികം എഴുതപ്പെട്ട വാക്ക് ‘മാപ്ര’ ആയിരിക്കും. നെഗറ്റീവ് അർഥത്തിലാണ് പലപ്പോഴും ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത്. പക്ഷേ, സമൂഹത്തിലെ വലിയ വിഭാഗത്തിൽ ഈ വാക്കിനു ലഭിച്ച സ്വീകാര്യത അവഗണിക്കാൻ കഴിയാതെ വന്നു.

anees-salim
അനീസ് സലിം

∙അനീസ് സലിം
1. മാപ്ര: 2 വാക്കുകൾ ചുരുക്കി ഒരു ആയുധമാക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണം. നല്ല അർഥത്തിൽ എവിടെയും ഉപയോഗിക്കപ്പെടാൻ സാധ്യതയില്ലാത്ത ഈ ചുരുക്കെഴുത്തിനു ദീർഘായുസ്സുണ്ടാകുമെന്നാണു തോന്നുന്നത്. മാധ്യമസുഹൃത്തുക്കളെ കാണുമ്പോൾ ഈ വാ​ക്ക് ഉച്ചരിക്കാതിരിക്കുവാൻ ശ്രദ്ധിക്കാറുണ്ട്, കാരണം വിളിക്കുന്നവ‌ർക്കും  കേൾക്കുന്നവർക്കും ഒരുപോലെ അറിയാം അതിലെ അശ്ലീലം.

2. അരിക്കൊമ്പൻ: ആക്രമണകാരിയായ ഒരു ആനയ്ക്ക് ഇതിലും ഓമനത്തമുള്ള പേരു നൽകാനാകുമോ എന്ന കാര്യം സംശയമാണ്. അരി ഇഷ്ടപ്പെടുന്ന ആനതന്നെ കൗതുകമാണ്. ആനയുടെ ഇഷ്ടഭക്ഷണവും കുറുമ്പും തലയെടുപ്പുമെല്ലാം ഈ ഒറ്റവാക്കിലൂടെ പുറത്തുവരുന്നു. കേൾക്കാൻ നല്ല ഇമ്പവും.

ശശി തരൂർ (ചിത്രം: മനോരമ)
ശശി തരൂർ (ചിത്രം: മനോരമ)

∙ ഡോ. ശശി തരൂർ
1. നിർമിതബുദ്ധി: ജീവിതത്തെ ഇപ്പോൾ ഏറ്റവും അധികം സ്വാധീനിച്ചു തുടങ്ങിയ വാക്കുകളിലൊന്ന്. ചുറ്റും കാണുന്ന പലതും ‘നിർമിതബുദ്ധി’ ആണോ എന്ന ശങ്ക കൗതുകത്തോടെയും ഗൗരവത്തോടെയും ചർച്ച ചെയ്യപ്പെടുന്നു. ഭാവിയിൽ വ്യക്തികളെയും സമൂഹത്തെയും ‘നിർമിതബുദ്ധി’ വളരെയേറെ ബാധിച്ചേക്കാം, ഈ പ്രപഞ്ചത്തിന്റെ സന്തുലിതത്വത്തെത്തന്നെ സ്വാധീനിച്ചേക്കാം. ഭാവിയിൽ ഈ വാക്ക് കൂടുതൽ കൂടുതലായി ഉപയോഗിക്കപ്പെടാനുമിടയുണ്ട്.

2. രക്ഷാപ്രവർത്തനം: ഏറ്റവും ഉദാത്തവും പാവനവുമായ മനുഷ്യധർമങ്ങളിലൊന്നാണ് ജീവൻരക്ഷാപ്രവർത്തനം. മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നതിലും വലിയ പുണ്യകർമമില്ല. ചികിത്സാരംഗത്തു മാത്രമല്ല, സേവനരംഗത്തും ‘രക്ഷാപ്രവർത്തകർ’ മാനിക്കപ്പെടുന്നു. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ മത്സ്യത്തൊഴിലാളി സൈന്യം ഈ നാടിന്റെതന്നെ രക്ഷാപ്രവർത്തകരായി. നിർഭാഗ്യവശാൽ രക്ഷാപ്രവർത്തനം എന്ന വാക്കിന്റെ മഹത്വത്തെ ഇടിച്ചുതാഴ്ത്തുന്ന നിലയിൽ സമീപദിവസങ്ങളിൽ അതു ചിത്രീകരിക്കപ്പെട്ടു. തികച്ചും വ്യത്യസ്തമായ അർഥങ്ങളിൽ ഏറെ ഉപയോഗിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത വാക്ക് എന്ന നിലയിലാണ് ‘രക്ഷാപ്രവർത്തന’ത്തെ തിരഞ്ഞെടുക്കുന്നത്.

ramesh-pisharady
രമേഷ് പിഷാരടി

രമേഷ് പിഷാരടി
1. മാപ്ര: ലോപിക്കൽ കുറച്ചുകാലമായി ട്രെൻഡാണ്. ബ്രദർ ‘ബ്രോ’ ആയി, പിക്ചർ ‘പിക്’ ആയി. സമൂഹമാധ്യമങ്ങളിലൂടെ മറ്റു മാധ്യമങ്ങളെ ആക്രമിക്കാൻ കൊണ്ടുവന്ന വാക്കാണ് മാപ്ര. സമൂഹമാധ്യമവും ഒരു മാധ്യമമാണെന്നിരിക്കെ ഒരാളുടെ നേർക്ക് ഒരുവിരൽ ചൂണ്ടുമ്പോൾ മറ്റു 3 വിരലുകൾ അവനവനു നേരെ തിരിഞ്ഞിരിക്കുന്നുവെന്നും മറക്കരുത്. മാധ്യമങ്ങളെയും അവരുടെ പ്രവർത്തനത്തെയും അടച്ചാക്ഷേപിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നുമില്ല. 

2. നിർമിതബുദ്ധി : മനുഷ്യൻ ബുദ്ധി ഉപയോഗിച്ചു നിർമിച്ചതിൽ ഏറ്റവും അദ്ഭുതകരമായത്. ഇന്നോളമുള്ള കണ്ടുപിടിത്തങ്ങളെല്ലാം മനുഷ്യന്റെ ബുദ്ധികൊണ്ടു പ്രവർത്തിക്കുന്നതായിരുന്നെങ്കിൽ ഇവിടെ ബുദ്ധി ഉപയോഗിച്ചു ബുദ്ധിതന്നെ നിർമിച്ചിരിക്കുന്നു. ബുദ്ധി ഉപയോഗിച്ചു സൃഷ്ടിക്കുന്നതെല്ലാം കൺമുന്നിൽ കാണാമായിരുന്നെങ്കിലും ബുദ്ധി അങ്ങനെ കാണാനാകുമായിരുന്നില്ല. ബുദ്ധി നമ്മുടെ കൺമുന്നിലെത്തിച്ച ആ വിസ്മയത്തെ അതേപടി ഉൾക്കൊള്ളുന്ന വാക്ക്.

∙വായനക്കാർ നിർദേശിച്ചവയിൽനിന്ന് വിദഗ്ധസമിതിയിലെ ഭൂരിപക്ഷം തിരഞ്ഞെടുത്ത വാക്കുകൾ

ചുരുക്കപ്പട്ടികയിലെത്തിയ മറ്റ് 8 വാക്കുകൾ
∙ഇ.ഡി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നതിന്റെ ചുരുക്കെഴുത്തായ ‘ഇ.ഡി’ അറിയാത്തവരായി കേരളത്തിൽ ആരുമുണ്ടാകില്ല. ഇ.ഡി വരുമോ? ഇ.ഡിക്ക് പരാതി കൊടുക്ക് എന്നതൊക്കെ നിത്യവ്യവഹാരത്തിന്റെ ഭാഗമായി.

∙അരിക്കൊമ്പൻ
കേരളത്തെ വിറപ്പിച്ച ആന 2023 ലെ ഏറ്റവും ജനപ്രിയമായ നാമപദമാണ്. നേരത്തേയും ഈ ആനയുണ്ടായിരുന്നെങ്കിലും കൂടുതൽ ചർച്ചയായത് ഈ വർഷത്തെ ആക്രമണങ്ങളുടെയും കൂട്ടിലാക്കലിന്റെയും കാട്ടിലിറക്കിയതിന്റെയും പേരിലാണ്.

∙രക്ഷാപ്രവർത്തനം
നവകേരളസദസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം തെരുവിലെത്തിയപ്പോൾ അതിനെ അടിച്ചൊതുക്കിയ ഭരണപക്ഷ യുവജനസംഘടനകൾ നടത്തിയതു രക്ഷാപ്രവർത്തനമാണെന്നു മുഖ്യമന്ത്രി പറഞ്ഞതോടെ പുതിയ അർഥതലം വന്ന വാക്ക്. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കദുരന്തത്തിലും ഈ വാക്ക് അതിന്റെ യഥാർഥ അർഥത്തിൽ ഏറെ പ്രയോഗിക്കപ്പെട്ടു.

∙നവകേരളം
നവകേരള സദസ്സ്, യാത്ര, ബസ് തുടങ്ങിയവയിലൂടെ ഏറ്റവും ചർച്ചയായ പദം. പുതിയ വാക്കല്ലെങ്കിലും പൊതുവേ സമീപവർഷങ്ങളിലൊന്നും ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത ഈ വാക്ക് ഈ വർഷം വൻ ഹിറ്റായി.

∙കുണുവാവ
പ്രതിഷേധസമരങ്ങളിലെ ഭരണപക്ഷ യുവജനസംഘടനാ പ്രവർത്തകരെ പൊലീസ് വാത്സല്യത്തോടെ കൈകാര്യം ചെയ്തപ്പോൾ അതിനെ പരിഹസിച്ചു പ്രയോഗിക്കപ്പെട്ട വാക്ക്.

∙ഹേ പ്രഭു
ദുരന്തമുഖത്തും ഫലിതം കൈവിടാത്തതിനെ സൂചിപ്പിക്കുന്ന വാക്ക് സമൂഹമാധ്യമ ട്രോളുകളിലൂടെയും റീലുകളിലൂടെയും കേരളത്തിലാകെ ചെറുപ്പക്കാർക്കിടയിൽ തരംഗമായി.

∙വന്ദേഭാരത്
കേരളത്തിലൂടെ 2 പുതിയ ട്രെയിനുകളായും അതിനു പിന്നിലെ വിവാദമായും ഏറെ ഉപയോഗിക്കപ്പെട്ടു. വന്ദേഭാരതം മുൻപേ ഉണ്ടെങ്കിലും വന്ദേഭാരത് – വാക്കും ട്രെയിനും – മലയാളത്തിൽ പുതിയത്.

∙പൗരപ്രമുഖൻ/ർ
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പ്രഭാതയോഗങ്ങളിലേക്കു പൗരപ്രമുഖരെ മാത്രം വിളിക്കുന്നു എന്ന പരാതിയും വിവാദവും കാരണം വ്യാപകമായി ചർച്ച ചെയ്യപ്പെട്ട വാക്ക്. ആരാണ് പൗരപ്രമുഖർ എന്നു വിവരാവകാശ ചോദ്യവുമുണ്ടായി. ഈ ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു സർക്കാരിന്റെ മറുപടി.

വിജയികൾ
നിർമിതബുദ്ധി നിർദേശിച്ചവർ

മനേഷ് മഠത്തിൽ, മട്ടന്നൂർ, കണ്ണൂർ 
∙ കെ.ചന്ദ്രൻ, ഒറ്റപ്പാലം, പാലക്കാട് 
∙ തോമസ് കോട്ടൂർ, തെള്ളകം, കോട്ടയം 
∙ പി.എ.ശശികുമാർ, എളംകുന്നപ്പുഴ, എറണാകുളം 
∙ എ.ജെ.ജയിംസ്, ചന്ദനപ്പള്ളി, പത്തനംതിട്ട 
∙ ഡോ. ബി.ഇക്ബാൽ, തിരുവനന്തപുരം 
∙ യു.ശ്രീകല, കൊല്ലം 
∙ റീനു കെ.തമ്പി, ആലപ്പുഴ 
∙ പി.വി.വിജിൻ, തിരുവനന്തപുരം 
∙ വി.ബി.ആതിര, തിരുവനന്തപുരം

മാപ്ര നിർദേശിച്ചവർ
എം.അജേഷ്, നീലേശ്വരം, കാസർകോട് 
∙ എസ്.മകീഷ്, നന്തംമുക്ക്, മലപ്പുറം 
∙ വി.അഖിൽ വിനായക്, കൂത്താട്ടുകുളം, എറണാകുളം 
∙ യാഷേൽ ഉരുവച്ചാൽ, നിർമലഗിരി, കണ്ണൂർ 
∙ ഷാനവാസ് പുല്ലിശേരി, ദുബായ് 
∙ നിതിൻ സുരേഷ്, ഇടുക്കി 
∙ പി.കെ.ഷഹീറ, മലപ്പുറം 
∙ ആഷിഖ് ബഷീർ, കൊല്ലം 
∙ സൂരജ് എസ്.നായർ, ആലപ്പുഴ 
∙ നഫീഹ, മലപ്പുറം

Content Summary :

Malayalam Manorama Unveils the Most Resonant Words of 2023, Chosen by Readers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com