ട്രാഫിക് സിനിമയെ വെല്ലുന്ന കഥ; കൃഷ്ണ മുടിയുടെ കോട്ടയം ടു അഞ്ചൽ യാത്ര, ക്ലൈമാക്സ് കലക്കി
Mail This Article
കോട്ടയം ∙ കൊട്ടാരക്കര അഞ്ചൽ അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിൽ നിഴൽക്കൂത്ത് കഥകളിയിൽ പാണ്ഡവരെ രക്ഷിക്കാൻ ശ്രീകൃഷ്ണൻ കാത്തുനിന്നു. വേദിയിലേക്ക് കയറണമെങ്കിൽ കോട്ടയം ബസേലിയസ് കോളജിലെ എംജി കലോത്സവ വേദിയിൽ രുഗ്മിണീ സ്വയംവരത്തിലെ കൃഷ്ണൻ ആടിയിറങ്ങണം. എംജി കലോത്സവത്തിലെ കഥകളി മത്സരത്തിൽ എറണാകുളം മഹാരാജാസ് കോളജിലെ അവസാന വർഷ മലയാളം ബിരുദ വിദ്യാർഥിനി എ.പി. ദേവിക കെട്ടിയ കൃഷ്ണമുടി ഉപയോഗിച്ചാണ് അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിൽ നിഴൽക്കൂത്തിൽ അരുണിമ അജികുമാറും കൃഷ്ണവേഷം കെട്ടിയത്.
കൃഷ്ണ വേഷക്കാർ കെട്ടുന്ന കൃഷ്ണമുടി തടിയിൽ കടഞ്ഞെടുക്കുന്നതാണ്. വില അൽപം കൂടുതലായതിനാൽ കൃഷ്ണമുടി പല വേഷക്കാരും വാടകയ്ക്ക് എടുക്കുകയാണു ചെയ്യുന്നത്. ദേവികയ്ക്കും ചമയങ്ങളും കൃഷ്ണമുടിയും നൽകിയതു കൊല്ലം പരവൂർ രാമനാട്യം കളിയോഗത്തിലെ ഹരിപ്രസാദ് പുലിയൂർകോട് ആണ്. ദേവികയുടെ ഗുരു നെല്ലിയോട് വിഷ്ണു നമ്പൂതിരിയുടെ സുഹൃത്താണ് ഹരിപ്രസാദ്.
രുഗ്മിണിയെ കൈവെടിയുകില്ലെന്നുറപ്പിച്ച് രഥം സജ്ജീകരിച്ച് യാത്ര പുറപ്പെടാൻ ഒരുങ്ങുന്ന ഭാഗത്തോടെയാണ് കഥ അവസാനിക്കുന്നത്. രഥം പുറപ്പെടാൻ വൈകുന്ന ഓരോ നിമിഷവും ഹരിപ്രസാദിന്റെ നെഞ്ചും പിടഞ്ഞു കൊണ്ടിരുന്നു. 26നു രാത്രി 10 മണിയോടെ ദേവിക അരങ്ങിൽ നിന്നിറങ്ങി. സമയം പാഴാക്കാതെ കൃഷ്ണമുടിയുമായി ഹരിപ്രസാദ് കാറിൽ നേരെ അഗസ്ത്യക്കോട് ക്ഷേത്രത്തിലേക്ക്. 2 മണിക്കൂർ 55 മിനിറ്റ് കൊണ്ട് 113 കിലോമീറ്റർ സഞ്ചരിച്ച് ഇന്നലെ പുലർച്ചെ ഒന്നിന് അവിടെയത്തി. തുടർന്ന് പാണ്ഡവരെ ‘രക്ഷിക്കാൻ’ കൃഷ്ണൻ സജ്ജനായി. കലാമണ്ഡലം ചുട്ടിക്കാരനായിരുന്ന ശിവരാമനിൽ നിന്ന് 7 വർഷം മുൻപു 45,000 രൂപ നൽകി വാങ്ങിയതാണ് ഈ കൃഷ്ണമുടി. ഈ ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ അവതരിപ്പിച്ച ഗീതോപദേശം കഥകളിയിലും ഇതേ കൃഷ്ണമുടി ഉപയോഗിച്ചിരുന്നു.