ADVERTISEMENT

ഗോലിസോഡയെപ്പറ്റി പുതുതലമുറയ്ക്ക് അത്ര അറിവുണ്ടാകില്ല. എന്നാൽ പഴയ തലമുറയ്ക്ക് അതിനെ മറക്കാനാവില്ല. ഒരുകാലത്ത് നാട്ടിൻപുറങ്ങളിലെ കടകളിൽ മലയാളികളുടെ ദാഹമകറ്റിയിരുന്നത് ഗോലി സോഡകളായിരുന്നു. പക്ഷേ പരിഷ്കാരത്തിന്റെ കുത്തൊഴുക്കിൽ ബഹുരാഷ്ട്ര കോളക്കമ്പനികളുടെ കടന്നുവരവോടെ അവ പതിയെപ്പതിയെ അപ്രത്യക്ഷമായി. പേരിനുപോലും ഒരു ഗോലിസോഡാ  കിട്ടാനില്ലാത്ത അവസ്ഥയായി. ഗോലി സോഡ എന്താണെന്ന് ഇന്നത്തെ തലമുറയ്ക്ക് കാണിച്ചുകൊടുക്കാനില്ലാത്ത ഇക്കാലത്ത്, പാരമ്പര്യമായി കൈമാറിവന്ന ഗോലിസോഡാ സംരംഭത്തിന് പുതിയ രൂപവും ഭാവവും നൽകി പുതുപുത്തനായി അവതരിപ്പിച്ച് ജനങ്ങളുടെ ഹൃദയവും ഒപ്പം വിപണിയും കീഴടക്കുകയാണ് അഖിൽ എന്ന 26 കാരനായ യുവസംരംഭകൻ. 

ഗൃഹാതുരതയുണർത്തുന്ന ഗോലിസോഡ
മലയാളികളുടെ ഗൃഹാതുരതകളിലൊന്നാണ് വട്ടുസോഡാ അഥവാ ഗോലി സോഡാ.  പച്ചനിറത്തിലുള്ള കട്ടിച്ചില്ലുകുപ്പിയിലാണ് സോഡ കിട്ടുക. കുപ്പിയുടെ കഴുത്തിന്റെ ഭാഗത്ത് ഗോലി കുടുങ്ങിക്കിടക്കാൻ പാകത്തിൽ പ്രത്യേക ആകൃതിയുള്ളതിനാലാണ് അതിന് ഗോലി സോഡ എന്ന പേരു വന്നത്. ഇന്നത്തെപ്പോലെ റഫ്രിജറേറ്ററുകളൊന്നും സർവസാധാരണമല്ലായിരുന്ന അക്കാലത്ത് വഴിയാത്രയ്ക്കിറങ്ങുന്ന മലയാളിക്ക് ദാഹശമനിയായിരുന്നു നാട്ടിൻപുറങ്ങളിലെ ചെറിയ പീടികകളിൽ കെയ്‌സിൽ അടുക്കിവച്ചിരുന്ന ഈ വട്ടുസോഡകൾ. അതിലൊന്നുവാങ്ങി ചൂണ്ടുവിരൽ ആ കുപ്പിയുടെ വായിലൂടെ ഇട്ട്, കുപ്പിയുടെ അടപ്പായി പ്രവർത്തിക്കുന്ന ഗോലിയിൽ ഒന്നമർത്തുമ്പോൾ ചെറിയ സ്ഫോടനശബ്ദത്തോടെ ഗ്യാസും അതിനൊപ്പം നുരഞ്ഞുപതഞ്ഞു കുറച്ചു സോഡയും പുറത്തേക്കുവരും. ശേഷം ആ കുപ്പിയുടെ വായ സ്വന്തം ചുണ്ടിലേക്ക് ചേർത്തുവച്ച് മൊത്തിമൊത്തി  സോഡാ കുടിക്കുമ്പോൾ കിട്ടുന്ന ആശ്വാസം അനുഭവിച്ചറിഞ്ഞവരാണ് അൻപതിനു മുകളിൽ  പ്രായമുള്ള മലയാളികൾ.

goli-soda
ഗോലി സോഡ

റെയിൻബോ ഗോലിസോഡ പിറന്ന കഥ
അഖിൽ എറണാകുളം ഏലൂർ സ്വദേശിയാണ്. പ്ലസ്ടു കഴിഞ്ഞു കുടുംബത്തെ സഹായിക്കാൻ രണ്ട് പ്രമുഖ ഫുഡ് ഡെലിവറി കമ്പനികളിൽ ആറുവർഷം ഡെലിവറി ബോയിയായി ജോലി ചെയ്തു. തുച്ഛമായ പ്രതിഫലത്തിൽനിന്ന് അത്യാവശ്യം ചെലവുകഴിഞ്ഞു മിച്ചം പിടിച്ചിരുന്ന അഖിലിന് ഇടയ്ക്ക് എപ്പോഴോ തോന്നി, തന്റെ അച്ഛനും അച്ഛന്റെ അച്ഛനുമൊക്കെ പതിറ്റാണ്ടുകളായി ചെയ്തുവന്നിരുന്ന  ഗോലിസോഡാ നിർമാണം എന്തുകൊണ്ട് പുനരാരംഭിച്ചുകൂടാ എന്ന്. ആ ആലോചന അഖിലിന്റെ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. ഫുഡ് ഡെലിവറി ബോയിയുടെ കുപ്പായം അഴിച്ചുവച്ച് അച്ഛന്റെ സോഡാ നിർമാണ യൂണിറ്റ് പുനരാരംഭിക്കാൻ തീരുമാനിച്ചു. 10 വര്‍ഷം മുൻപ് അച്ഛൻ നടത്തിയിരുന്ന സോഡാ നിർമാണ യൂണിറ്റ് കൈകൊണ്ട് കറക്കി സോഡാ ഉണ്ടാക്കുന്നതായിരുന്നു. എന്തായാലും അതിൽത്തന്നെ നിർമാണം പുനഃരാരംഭിച്ചു. അത് സാദാ ഗോലി സോഡ ആയിരുന്നു.

goli-soda-002
ഗോലി സോഡ

വൈകാതെ അഖിൽ ഒരു കാര്യം തിരിച്ചറിഞ്ഞു– വൈവിധ്യവൽക്കരണവും പുത്തൻ രുചികളുമില്ലാതെ വിപണി പിടിക്കാൻ കഴിയില്ല. അതിന്റെ സാധ്യതകളെക്കുറിച്ച് പഠനം നടത്തി. വിപണിയിൽനിന്നു മികച്ച പ്രതികരണം ലഭിച്ചതോടെ സംരംഭം തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെയാണ്, പണ്ടെങ്ങോ വിപണിയിൽനിന്ന് അപ്രത്യക്ഷമായ ഗോലി സോഡ പുനരാവിഷ്കരിക്കാൻ അഖിൽ തീരുമാനിച്ചത്. ഇന്ന്, സാദാ ഗോലി സോഡയ്ക്കു പുറമെ പേരയ്ക്ക, ആപ്പിൾ, കിവി, ജിഞ്ചർ തുടങ്ങി പന്ത്രണ്ടോളം ഫ്ലേവേഡ് സോഡകളും എറണാകുളം കളമശ്ശേരി ഉദ്യോഗമണ്ഡലിൽ പ്രവർത്തിക്കുന്ന അഖിലിന്റെ ‘റെയിൻബോ ഗോലി സോഡ’ എന്ന സ്ഥാപനത്തിൽനിന്നു വിപണിയിലെത്തുന്നു. നൊസ്റ്റാൾജിക് ഫീലിങ് ഉണ്ടാക്കുന്നതിനൊപ്പം ഗുണനിലവാരവും വൈവിധ്യവുമാണ് റെയ്ൻബോ ഗോലിസോഡയെ വിപണിയിൽ സ്റ്റാറാക്കുന്നതെന്ന് അഖിൽ പറയുന്നു.

ഗോലി സോഡ നിർമിക്കാൻ പ്രേരിപ്പിച്ച നാലു കാര്യങ്ങൾ

∙ അച്ഛന്റെ ബിസിനസ് കണ്ടു പഠിച്ച പരിചയം.

∙ വിപണിയിൽനിന്നു ലഭിച്ച മികച്ച പ്രതികരണം.

∙ കുറഞ്ഞ നിക്ഷേപം, കാര്യമായ അസംസ്കൃത വസ്തുക്കൾ വേണ്ട എന്നുള്ളത്.

∙ മികച്ച ലാഭം നേടാനുള്ള സാധ്യത.

ഫ്ലേവേഡ് സോഡകളുടെ നിർമാണത്തിലേക്കു കടക്കുന്നതിനു മുൻപ് നിലവിലുണ്ടായിരുന്ന സോഡാ നിർമ്മാണ യുണിറ്റ് അഖിലിന് അപ്ഗ്രേഡ് ചെയ്യേണ്ടിവന്നു. അതിനായി ഫില്ലിങ് യൂണിറ്റ്, ചേംബർ, വാട്ടർ ഫിൽറ്റർ, വാഷിങ് യൂണിറ്റ് എന്നീ മെഷിനറികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. ആറുലക്ഷത്തോളം രൂപ ഇതിനായി വേണ്ടിവന്നു. മുദ്രാ യോജന പ്രകാരം എറണാകുളം ഏലൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിൽനിന്ന് അഞ്ചേമുക്കാൽ ലക്ഷം രൂപ വായ്പയെടുത്തു. ഏലൂരിൽത്തന്നെയുള്ള ഒരു വാടകക്കെട്ടിടത്തിലാണ് റെയിൻബോ ഗോലി സോഡാ നിർമാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ചില്ല്, പ്ലാസ്റ്റിക് കുപ്പികൾ, വെള്ളം, ലേബലിങ്, ഗ്യാസ് തുടങ്ങിയവയാണ് അസംസ്കൃത വസ്തുക്കൾ. FSSAI, Local Body Water Testing Certificate എല്ലാം നേടിയിട്ടുണ്ട്.  

റെയ്ൻ ബോ ഗോലി സോഡയുടെ മാർക്കറ്റിങ് എങ്ങനെ ? 

റെയിൻബോ ഗോലി സോഡാ ഫാക്ടറിയിൽ ഉൽപാദിപ്പിക്കുന്ന ഗോലി സോഡ പൂർണമായും മൊത്ത വിതരണക്കാർ എടുത്ത് വിതരണക്കാർക്കാണു നൽകുന്നത്. ഒരു കെയ്‌സിൽ 24 ബോട്ടിലുകളാണുള്ളത്. ഒരു ദിവസം 100 കെയ്‌സ് വരെ ഉൽപാദിപ്പിക്കും. അതായത് 2400 ബോട്ടിൽ ഗോലി സോഡാ. വിതരണ സ്ഥാപനവുമായി കരാർ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച് എത്ര സോഡ ഉണ്ടാക്കിയാലും അവർ എടുത്തുകൊള്ളും. 200 മില്ലിയുടെ ചില്ലുകുപ്പികളിലും 300 മില്ലിയുടെ പ്ലാസ്റ്റിക് കുപ്പികളിലുമാണ് ഫ്ലേവേഡ് സോഡകൾ വിപണിയിലെത്തുന്നത് . ഫ്ലേവറുകൾ ചേർത്ത സോഡ (കോള) സ്വന്തം വാഹനത്തിൽ സെയിൽസ്മാൻ വഴിയാണ് വിതരണം നടത്തുന്നത്. ഇടയ്ക്ക് അഖിലും സപ്ലൈ ചെയ്യാൻ ഇറങ്ങും. ഗോലിസോഡ ഉൽപന്നങ്ങൾക്കു നല്ല ഡിമാൻഡുണ്ട്. മാത്രമല്ല, ഇപ്പോൾ ഇതു തികച്ചും സീസണൽ ഉൽപന്നമല്ലാതായിട്ടുമുണ്ട്. മഴക്കാലത്തും വിൽപനയിൽ വലിയ കുറവ് ഉണ്ടാകുന്നില്ല. എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലാണ് ഇപ്പോൾ പ്രധാനമായും റെയിൻബോ ഗോലി സോഡയുടെ വിപണി. ഈ വർഷം തന്നെ മറ്റ് ജില്ലകളിലേക്കു വിപണി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അഖിൽ. കയറ്റുമതിക്കുള്ള അന്വേഷണങ്ങൾ എത്തുന്നുണ്ടെന്നും കാര്യങ്ങൾ ഭംഗിയായി നടന്നാൽ ഒരു വർഷത്തിനുള്ളിൽ വിദേശ വിപണിയിലും സാന്നിധ്യം അറിയിക്കാനാകുമെന്നും അഖിൽ വ്യക്തമാക്കുന്നു . 

ബിസിനസ് മാത്രമല്ല ഫുട്ബോളും ഹരം
ഏകദേശം 10 ലക്ഷം രൂപയുടേതാണ് പ്രതിമാസ കച്ചവടം. 20 ശതമാനത്തോളം അറ്റാദായവും ലഭിക്കുന്നു. ഫുഡ് ഡെലിവറി ചെയ്ത് ദിവസം 500–800 രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് മാസം 2 ലക്ഷം രൂപയോളം ഈ യുവാവിന് സ്വന്തം സംരംഭത്തിലൂടെ നേടാൻ കഴിയുന്നു. എല്ലാ പിന്തുണയുമായി ഭാര്യ റോസിക്കുട്ടി അൽഫോൻസും അമ്മ രത്‌നവും അഖിലിനൊപ്പമുണ്ട്. വീട്ടുകാരെ കൂടാതെ രണ്ട് സ്ഥിരം തൊഴിലാളികളുമുണ്ട് അഖിലിന്. ബിസിനസ് കഴിഞ്ഞാൽ അഖിലിന് ഹരം ഫുട്‍ബോളാണ്. നല്ലൊരു ഫു‍ട്ബോൾ പ്ലെയറായിരുന്ന അഖിൽ സെവൻസ് എറണാകുളം ജില്ലാ ടീം അംഗമായിരുന്നു.

Content Summary:

From Delivery Boy to Entrepreneur: Akhil's Journey to Resurrecting Golisoda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com