ഒരുമിച്ച് നൃത്തം പഠിച്ച് കേരള, എംജി കലാപ്രതിഭ, കലാതിലകപ്പട്ടങ്ങൾ സ്വന്തമാക്കി വിഷ്ണുവും സേതുലക്ഷ്മിയും
Mail This Article
കോട്ടയം ∙ കേരള സർവകലാശാലയിലെ കലാപ്രതിഭ, തിലകങ്ങൾ എംജിയിലും തിളക്കമുള്ള താരങ്ങളായി. എംജി കലോത്സവത്തിൽ കലാപ്രതിഭയായ തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എസ്. വിഷ്ണവും കലാതിലകപ്പട്ടം പങ്കിട്ട കെ.എസ്.സേതുലക്ഷ്മിയും കേരള സർവകലാശാലാ കലോത്സവത്തിലെ പ്രതിഭാ, തിലകപ്പട്ടം നേടിയവരാണ്. 2022ലെ കേരള സർവകലാശാലാ കലോത്സവത്തിലെ കലാപ്രതിഭ വിഷ്ണുവായിരുന്നു. 2023ൽ സേതുലക്ഷ്മി കലാതിലകമായി. ചേർത്തല സ്വദേശികളായ ഇവർ 8 വയസ്സു മുതൽ ഒരുമിച്ചാണു നൃത്തം അഭ്യസിക്കുന്നത്. എംജി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ ഇവർ നേരിട്ടു മത്സരിച്ചിരുന്നു. ഒന്നാംസമ്മാനം ഇരുവരും പങ്കിട്ടു.
ആർഎൽവി കോളജിൽ ബിഎ ഭരതനാട്യം ഒന്നാംവർഷ വിദ്യാർഥിയാണ് വിഷ്ണു. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ഒന്നാംവർഷ എംസിഎം വിദ്യാർഥിയാണു സേതുലക്ഷ്മി. കലാതിലകപ്പട്ടം പങ്കിട്ട പി.നന്ദനകൃഷ്ണൻ തേവര എസ്എച്ച് കോളജിലെ ബിഎസ്സി സോഷ്യോളജി രണ്ടാംവർഷ വിദ്യാർഥിയാണ്. ആദ്യം സേതുലക്ഷ്മിയെ മാത്രമാണു കലാതിലകമായി പ്രഖ്യാപിച്ചത്. പിന്നീട് നന്ദനയെയും കലാതിലകമായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രതിഭാതിലകം പുരസ്കാരം സെന്റ് തെരേസാസ് കോളജിലെ സഞ്ജന ചന്ദ്രൻ നേടി. ‘മലൈകോട്ടെ വാലിബൻ’ എന്ന ചിത്രത്തിൽ അഭിനയിച്ച സഞ്ജന ബിഎ ഭരതനാട്യം വിദ്യാർഥിയാണ്.