ADVERTISEMENT

പ്രകൃതിദുരന്തങ്ങൾ ആശങ്കയുളവാക്കുന്ന സംഗതികൾ തന്നെ. കനത്ത ആൾനാശവും സാമ്പത്തികനഷ്ടവും ഇവ മൂലമുണ്ടാകും. പ്രളയം, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ കാലാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് കൂടുന്നെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്ന ഈ കാലത്ത് വെതർ ഫോർകാസ്റ്റ് അഥവാ കാലാവസ്ഥാ പ്രവചനത്തിന്റെ പ്രസക്തി ഏറുകയാണ്.

ഉപഗ്രഹചിത്രങ്ങൾ, വെതർഷിപ്പുകൾ, സൂപ്പർ കംപ്യൂട്ടറുകൾ, കോടിക്കണക്കിനു ബജറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, അവിടങ്ങളിൽ വൈദഗ്ധ്യം നേടിയ ജീവനക്കാർ... അങ്ങനെ ഒട്ടേറെ വിവരങ്ങളും മാനദണ്ഡങ്ങളും പരിശോധിച്ചാണു കാലാവസ്ഥാ റിപ്പോർട്ട് തയാറാക്കുന്നത്.

എന്നാൽ ഇതിനെല്ലാം അപ്പുറമുള്ള പരിഷ്കാരങ്ങൾക്കാണ് ഇപ്പോഴത്തെ കാലാവസ്ഥാ നിരീക്ഷണരംഗം സാക്ഷ്യം വഹിക്കുന്നത്. എല്ലാമേഖലയിലും വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഈ മേഖലയിലും സ്വാധീനം ചെലുത്തി തുടങ്ങിയിരിക്കുന്നു.

കാലാവസ്ഥ പ്രവചിക്കും സാങ്കേതിക വിദ്യ

ന്യൂമറിക്കൽ വെതർ മോഡലിങ് എന്ന രീതിയാണ് കാലാവസ്ഥാ പ്രവചനത്തിൽ പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്നത്. ഉപഗ്രഹങ്ങളിൽ നിന്നും മറ്റു സംവിധാനങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ കംപ്യൂട്ടർ സിമുലേഷന്റെ സഹായത്തോടെ പ്രവചിക്കുന്ന രീതിയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ കുറ്റമറ്റ രീതിയിലേക്ക് ഇനിയും മാറിയിട്ടില്ല, ന്യൂമറിക്കൽ രീതി തന്നെയാണ് ഇന്നും പ്രബലം. പക്ഷേ എഐ സാങ്കേതികവിദ്യ വരും കാലങ്ങളിൽ ശക്തമായ ഫലങ്ങൾ നൽകുമെന്ന് വിദഗ്ധർ പറയുന്നു. ചുഴലിക്കാറ്റുകളുടെയും മറ്റും പ്രവചനത്തിൽ എഐ മികച്ചുനിൽക്കുന്നെന്നും അഭിപ്രായമുണ്ട്. അടുത്തിടെ ആഞ്ഞടിച്ച ലീ ചുഴലിക്കാറ്റിന്റെ പാത കൃത്യമായി നിർണയിക്കാൻ എഐ സംവിധാനങ്ങൾക്ക് കഴിഞ്ഞിരുന്നു.

കർഷകരെ സഹായിക്കും പ്രവചനം

കാലാവസ്ഥ നിരീക്ഷണത്തിന് വർഷങ്ങളുടെ ചരിത്രമാണുള്ളത്. ആദ്യകാലത്ത് കാലാവസ്ഥയെ അറിയേണ്ട ഏറ്റവും വലിയ ആവശ്യം കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കുമായിരുന്നു. മൃഗങ്ങളുടെ സ്വഭാവം മാറുന്നത് നോക്കിയും മറ്റും ആ കാലത്ത് ആളുകൾ കാലാവസ്ഥ പ്രവചിച്ചിരുന്നു. ഒരു പിടി മണ്ണു താഴേക്കു തൂവിക്കൊണ്ട് കാറ്റിന്റെ ദിശ മനസ്സിലാക്കുന്ന വിദ്യയൊക്കെ ആ പ്രിമിറ്റീവ് ടെക്‌നോളജിയുടെ ഇന്നത്തെ അവശേഷിപ്പുകളാണ്. യൂറോപ്പിലെ ചില കർഷകർ മഴ വരുന്നത് മുൻകൂട്ടി അറിയാൻ കുപ്പിയിൽ തവളകളെ വളർത്തിയിരുന്നു. 

ഫിറ്റ്‌സ്‌റോയി നൽകിയ ‘ഫോർകാസ്റ്റ്’

കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രത്തിന് ശക്തമായ ഒരു അടിത്തറ പാകിയത് ഒരു നാവികനാണ്. അഡ്മിറൽ റോബട് ഫിറ്റ്‌സ്‌റോയി. 1830കളിൽ പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള പഠനത്തിനു നാന്ദി കുറിച്ച ചാൾസ് ഡാർവിന്റെ പ്രശസ്തമായ കപ്പൽയാത്രയുടെ ക്യാപ്റ്റൻ ഫിറ്റ്‌സ്‌റോയിയായിരുന്നു. എച്ച്എംഎസ് ബീഗിൾ എന്ന വിശ്വവിഖ്യാതമായ കപ്പലിന്റെ ക്യാപ്റ്റൻ. നാവികസേവനത്തിനു ശേഷം ഫിറ്റ്‌സ്‌റോയി കാലാവസ്ഥാ നിരീക്ഷകനായി മാറി.

ചാൾസ് ഡാർവിന്റെ പ്രശസ്തമായ കപ്പൽയാത്ര (Illustration Credit: R. T. Pritchett/The Voyage of the Beagle.  Shared by @Jamie_Woodward_/ Twitter)
ചാൾസ് ഡാർവിന്റെ പ്രശസ്തമായ കപ്പൽയാത്ര (Illustration Credit: R. T. Pritchett/The Voyage of the Beagle. Shared by @Jamie_Woodward_/ Twitter)

കാലാവസ്ഥാ വ്യതിയാനം മൂലം അക്കാലത്തുണ്ടായ തുടർച്ചയായ കപ്പൽ ദുരന്തങ്ങളായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ. പിൽക്കാലത്തു വലിയ പ്രശസ്തി നേടിയ മെറ്റ് ഓഫിസ് എന്ന കാലാവസ്ഥാ നിരീക്ഷണ സ്ഥാപനത്തിനു തുടക്കമിട്ട ഫിറ്റ്‌സ്‌റോയിയാണു കാലാവസ്ഥാ പ്രവചനങ്ങൾക്കു ഫോർകാസ്റ്റ് എന്ന പേരു നൽകിയത്.

റോബർട് ഫിറ്റ്സ്റോയി (Photo: Twitter/@curioussta), അദ്ദേഹത്തിന്റെ ബാരോമീറ്റർ (Photo: Twitter/@History_Ann)
റോബർട് ഫിറ്റ്സ്റോയി (Photo: Twitter/@curioussta), അദ്ദേഹത്തിന്റെ ബാരോമീറ്റർ (Photo: Twitter/@History_Ann)

ഈ സമയത്ത് ബ്രിട്ടനിൽ പ്രചാരം നേടിയ ടെലിഗ്രാഫ് സംവിധാനം ഉപയോഗിച്ചായിരുന്നു ഫിറ്റ്‌സ്‌റോയിയുടെ നിരീക്ഷണം. ഇംഗ്ലണ്ടിന്റെ പല തീരങ്ങളിൽ നിന്നുള്ള തത്സമയ കാലാവസ്ഥ ടെലിഗ്രാഫിലൂടെ അറിഞ്ഞ ഫിറ്റ്‌സ്‌റോയി തന്റെ ലണ്ടൻ ഓഫിസിലിരുന്ന് കാലാവസ്ഥാ പ്രവചനങ്ങൾ നടത്തി. പതിയെ ശ്രദ്ധേയനുമായി. അദ്ദേഹത്തിന്റെ റിപ്പോർട്ടുകൾ പത്രമാധ്യമങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങി.

റോബർട് ഫിറ്റ്സ്റോയിയുടെ കല്ലറ (Photo: Twitter/ @DedInconvenient)
റോബർട് ഫിറ്റ്സ്റോയിയുടെ കല്ലറ (Photo: Twitter/ @DedInconvenient)

എന്നാൽ ഇന്നത്തെ കാലാവസ്ഥാ നിരീക്ഷണരംഗം നേരിടുന്ന ആ വലിയ വെല്ലുവിളി ഫിറ്റ്‌സ്‌റോയിയെയും അലട്ടി. പലപ്പോഴും നിരീക്ഷണങ്ങൾ ശരിയായി, ചിലത് തെറ്റി. തെറ്റു പറ്റുന്ന വേളയിൽ സമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമുള്ള നിശിതമായ വിമർശനം അദ്ദേഹത്തെ തേടിയെത്തി. ഇംഗ്ലണ്ടിലെ വലിയ തമാശക്കാരൻ എന്ന രീതിയിൽ പോലും പലരും അദ്ദേഹത്തെ മുദ്രകുത്തി. അവസാനകാലങ്ങളിൽ വിഷാദരോഗ ബാധിതനായി മാറിയ ഫിറ്റ്‌സ്‌റോയി ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

English Summary:

How AI Technology is Set to Transform Weather Predictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com