ADVERTISEMENT

ഒരു കടൽ വറ്റിപ്പോവുക. പകരം അവിടെ ഒരു മരുഭൂമി പിറക്കുക. ഒരിക്കൽ കണ്ണെത്താ ദൂരത്തോളം പരന്നുകിടന്നിരുന്ന ജല സമ്പത്ത് വെറും മണൽപരപ്പായി രൂപാന്തരം പ്രാപിക്കുക. ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള കടൽ ഒരു മരുഭൂമിയായി മാറാൻ വേണ്ടി വന്നത് വെറും 50 വർഷം മാത്രം. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നുവെങ്കിലും ഇത് കെട്ടുകഥയല്ല. മധ്യേഷ്യയില്‍ കസാഖിസ്ഥാനിലും ഉസ്ബക്കിസ്ഥാനിലും ആയി വ്യാപിച്ചു കിടന്നിരുന്ന ആരൽ കടൽ എന്നറിയപ്പെട്ടിരുന്ന ഒരു തടാകത്തിന് സംഭവിച്ച ദുരന്തമാണ്. സുപീരിയർ, വിക്ടോറിയ, കാസ്പിയർ തടാകങ്ങൾ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്ന ആരൽ തടാകത്തിന് പിന്നീട് എന്താണ് സംഭവിച്ചത്? ജൈവസമൃദ്ധിയാൽ നിറഞ്ഞിരുന്ന ഇവിടം എങ്ങനെയാണ് മരുഭൂമിയായത്?

ആരൽ എന്ന വാക്കിന് ദ്വീപുകളുടെ കടൽ എന്നാണർഥം. ഈ തടാകത്തിന്റെ വടക്കു ഭാഗം കസാഖിസ്ഥാനിലും തെക്കു ഭാഗം ഉസ്ബെക്കിസ്ഥാനിലുമായിരുന്നു. അക്കാലത്ത് 1534 ചെറു ദ്വീപുകൾ ആരല്‍ തടാകത്തിലുണ്ടായിരുന്നു. 68,000 ചതുരശ്രകിലോമീറ്റർ ആയിരുന്നു വിസ്താരം. നൂറുകണക്കിന് ആളുകൾ ആരൽ തടാകത്തെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്നു. ഒരു ദിവസം നാനൂറു കിലോഗ്രാം വരെ മീൻ പിടിക്കാറുണ്ടായിരുന്നുവെന്ന് തടാക തീരത്ത് ജീവിച്ചിരുന്നവർ ഓർക്കുന്നു. എന്നാൽ പിന്നീട് സംഭവിച്ചത് വേദനയോടെ നോക്കി നിൽക്കാൻ മാത്രമേ അവർക്ക് സാധിച്ചുള്ള‌ൂ.

മധ്യേഷ്യയിൽ നിന്നുള്ള രണ്ട് വൻ നദികളായിരുന്നു ആരൽ കടലിനെ ജലസമ്പുഷ്ടമാക്കിയിരുന്നത്. തെക്ക് ഭാഗത്ത് പാമീര്‍ മലനിരകളില്‍ നിന്ന് ഉല്‍ഭവിച്ച് 1500 മൈലുകള്‍ താണ്ടിയത്തെുന്ന അമു ദാര്യയും വടക്കുനിന്നുള്ള സിര്‍ ദാര്യയും. 1960 കളിൽ സോവിയറ്റ് സർക്കാർ ഈ നദികളെ കസാക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ എന്നിവിടങ്ങളിലെ പരുത്തി, ധാന്യ മേഖലകളിലേക്ക് തിരിച്ചു വിടാൻ തുടങ്ങി. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു ഈ രാജ്യങ്ങൾ അന്ന്. ലോകത്തിലെ ഏറ്റവും വലിയ പരുത്തി ഉത്പാദകരായി മാറാൻ സോവിയറ്റ് യൂണിയന്‍ മത്സരിക്കുന്ന കാലമായിരുന്നു അത്.

കൃഷിഭൂമിയിലേക്ക് കൂടുതൽ വെള്ളം എത്തിക്കാന്‍ കനാലുകളും അണക്കെട്ടുകളും നിർമിക്കാൻ സോവിയറ്റ ്സർക്കാർ തീരുമാനിച്ചു. ഇതോടെ കൃഷി വികസിച്ചെങ്കിലും തടാകം ശോഷിക്കാൻ തുടങ്ങി. ആദ്യത്തെ പത്തു വർഷം കൊണ്ടു തന്നെ പ്രതിവര്‍ഷം 20 സെന്റിമീറ്റർ എന്ന നിലയിൽ തടാകം ചുരുങ്ങാൻ തുടങ്ങി. പിന്നീടങ്ങോട്ട് ചുരുങ്ങുന്നതിന്റെ വേഗം കൂടി. 1960 ൽ തടാകത്തിന്റെ വ്യാപതി 68000 ചതുരശ്ര കിലോമീറ്റര്‍ ആയിരുന്നെങ്കിൽ 1998 ലെത്തിയപ്പോൾ 28700 ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങി. 2000 ആയപ്പോഴേക്കും കൃഷിയാവശ്യത്തിന് നദിയിൽ നിന്ന് വെള്ളമെടുക്കുന്നത് പതിന്മടങ്ങായി വർധിച്ചു. ആരൽ തടാകത്തിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. തടാകം തന്നെ രണ്ടായി. വടക്കു ഭാഗം കസാക്കിസ്ഥാനിലും തെക്കു ഭാഗം ഉസ്ബക്കിസ്ഥാനിലുമായി.

അവശേഷിച്ച ജലത്തില്‍ ഉപ്പിന്റെ അംശം വർധിച്ചു വന്നു. വലിയ തോതിൽ രാസകീടനാശികൾ കലരാൻ തുടങ്ങി. അത് മത്സ്യങ്ങളുടെയും മറ്റു ജലജീവികളുടെയും നിലനിൽപ് ഇല്ലാതാക്കി. ആരൽ കടലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പക്ഷി മൃഗാദികളും ചത്തൊടുങ്ങി. മലിനമായ തടാകത്തിനു ചുറ്റുമുളള വായുവും വിഷലിപ്തമായി. വെള്ളത്തിൽ ഇറങ്ങുന്നവരുടെ മേൽ വെളുത്ത പാടയോ പൊടിയോ വന്നു മൂടാൻ തുടങ്ങി. ശരീരം വരളാൻ തുടങ്ങി. ബാർലിയും ചോളവും തണ്ണിമത്തനും ധാരാളം വിളയിച്ചിരുന്ന ഭൂമി കരിഞ്ഞുണങ്ങി. മഴ നിലച്ചു. പുല്ലു പോലും നശിച്ചു. തീരത്ത് വിഹരിച്ചിരുന്ന കൃഷ്ണ മൃഗങ്ങൾ ഇല്ലാതായി. വേനൽക്കാലത്തെ അമിത ചൂടും തണുപ്പു കാലത്തെ അതിശൈത്യവും താങ്ങാനാവുന്നതിലും അപ്പുറമായി. കുടിവെള്ളത്തിലും വിഷാംശങ്ങൾ കലർന്നു. പ്രദേശവാസികൾക്കി‌ടയില്‍ കാൻസറും മറ്റ് രോഗങ്ങളും വര്‍ധിച്ചു. ജീവിതോപാധി നഷ്ടപ്പെട്ട ജനങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് പലായനം ചെയ്യാൻ തുടങ്ങി.അധികം വൈകാതെ ആരൽ തടാകം പൂർണമായി അപ്രത്യക്ഷമായി. കണ്ണെത്താ ദൂരത്തോളം പരന്നു കിടന്നിരുന്ന തടാകം വെറും മണൽ പരപ്പായി മാറി. മണ്ണിൽ ഉറഞ്ഞു പോയ ബോട്ടിന്റെയും കപ്പലിന്റെയും അവശിഷ്ടങ്ങൾ ഇപ്പോഴും ആ മണൽ മരപ്പിലുണ്ട്.

1991 ൽ സോവിയറ്റ് യൂണിയനിൽ നിന്ന് വേര്‍പെട്ട ഉസ്ബക്കിസ്ഥാൻ ആരൽ തടാകത്തെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമം തുടങ്ങി. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്ന രാജ്യങ്ങളും ഇതില്‍ പങ്കാളികളായി. ആരലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തലായിരുന്നു പദ്ധതികളുടെ ലക്ഷ്യം. 2005 ൽ കസഖ് സര്‍ക്കാരും ലോകബാങ്കും ചേര്‍ന്ന് തടാകമേഖലയെ രണ്ടായി വിഭജിച്ചുകൊണ്ട് കോകാരൽ അണക്കെട്ട് നിർമിച്ചു. ഇത് വടക്കൻ ആരലിലെ ജലനിരപ്പ് കുറച്ചെങ്കിലും ഉയര്‍ത്താന്‍ സഹായിച്ചെങ്കിലും തടാകത്തിന്റെ പൂർണ്ണമായ വീണ്ടെടുപ്പ് വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. സോവിയറ്റ് യൂണിയന്റെ ആർത്തിയായിരുന്നു ആരൽ കടലിന്റെ പതനത്തിന് കാരണം. വ്യാവസായിക ലാഭം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അതിനു നൽകേണ്ടി വന്ന വില വളരെ വലുതായിരുന്നു. സോവിയറ്റിന്റെ രാസായുധ പരീക്ഷണത്തിനും ആരൽ വേദിയായി. 

ആരൽകടലിന്റെ കഥ കേൾക്കുമ്പോൾ നമുക്ക് അമ്പരപ്പ് തോന്നിയേക്കാം. എന്നാൽ നമ്മുടെ കേരളത്തിലും മറ്റൊരു ആരൽ തടാകം പിറക്കുന്ന കാലം വിദൂരമല്ല. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായിരുന്ന ശാസ്താംകോട്ട കായൽ മെല്ലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിൽ അതിവേഗം വറ്റുന്ന തടാകങ്ങളുടെ പട്ടികയിൽ ശാസ്താംകോട്ട കായലും ഇടംപിടിച്ചു കഴിഞ്ഞു. തടങ്ങള്‍ കൃഷിക്കായി ഉപയോഗിക്കാൻ തുടങ്ങിയതും ജലമലിനീകരണവും മണ്ണൊലിപ്പുമെല്ലാം കായലിനെ നശിപ്പിക്കുന്നു. അധികൃതരുടെ ഭാഗത്തു നിന്നും കായലിനെ സംരക്ഷിക്കുന്ന വേണ്ടത്ര നടപടികൾ ഇനിയെങ്കിലും ഉണ്ടായില്ലെങ്കിൽ കേരളത്തിലും മറ്റൊരു ആരൽകടൽ ഉണ്ടാവുമെന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com