കാർബൺ ഡയോക്സൈഡിലെ വർധന: ചിലയിടത്ത് മഴ കൂടും, ചിലയിടത്ത് കുറയും; കേരളത്തിൽ...
Mail This Article
ആഗോളതാപനത്തിൽ വലിയ പങ്ക് വഹിക്കുന്ന ഹരിതഗൃഹ വാതകമാണ് കാർബൺ ഡയോക്സൈഡ്. സമുദ്രത്തിലെയും അന്തരീക്ഷത്തിലെയും കാർബൺ ഡയോക്സൈഡ് വർധിക്കുന്നതിലൂടെ വലിയ തോതിലുള്ള കാലാവസ്ഥയിൽ വലിയ തോതിലുള്ള വ്യതിയാനമാണ് ഉണ്ടാകുന്നത്. അതിന്റെ ഫലമായി പ്രവചനാതീതമായ തോതിൽ വരൾച്ചയും താപക്കാറ്റും ഇന്ന് ലോകമെമ്പാടും അനുഭവപ്പെടുന്നുണ്ട്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ പേമാരികൾ സംഭവിക്കുന്നതിലൂടെ അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിനും അത് കാരണമാകുന്നുണ്ട്.
അതേസമയം ഭൂമിയിൽ ഏറ്റവുമധികം മഴ ലഭിക്കുന്ന പർവതമേഖലകളിലും മലയോരമേഖലകളിലും മഴയുടെ അളവ് ഗണ്യമായി കുറയുന്നതിനും കാർബൺ ഡയോക്സൈഡ് കാരണമാകുന്നതായി പുതിയ ഒരു പഠനത്തിൽ വ്യക്തമാകുന്നു. ദക്ഷിണ കൊറിയയിലെ പുസാൻ സർവകലാശാലയും ചൈനയിലെ ഹോങ്കോങ് സർവകലാശാലയും ചേർന്നു നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കേരളത്തിലും വരുംനാളുകളിൽ മഴ കുറയുമെന്നാണ് പഠനഫലം പറയുന്നത്.
പർവതമേഖലയിലെ സവിശേഷ കാലാവസ്ഥ
സ്വന്തമായി സവിശേഷ കാലാവസ്ഥ സൃഷ്ടിക്കാൻ പർവതനിരകൾക്കു കഴിവുണ്ട്. കാറ്റിനെ തടഞ്ഞു നിർത്താനും തണുത്ത കാലാവസ്ഥ സൃഷ്ടിക്കാനും മഴ പെയ്യിക്കാനും പർവതനിരകൾക്ക് സാധിക്കും. ഇതിന് ഉദാഹരണമാണ് പശ്ചിമഘട്ടനിരകൾ മൂലം കേരളത്തിൽ ഉരുത്തിരിഞ്ഞു വന്ന സവിശേഷ കാലാവസ്ഥ. എന്നാൽ ആഗോളതാലത്തിൽ ഹരിതഗൃഹവാതകങ്ങളുടെ സാന്നിധ്യം വർധിച്ച് അന്തരീക്ഷ താപനില ഉയരുന്നതോടെ പർവതമേഖലകളിലെയും മലയോര മേഖലകളിലെയും കാലാവസ്ഥയും വലിയ തോതിൽ ബാധിക്കപ്പെടുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി. ആ വർധനയിലും കാർബൺ ഡയോക്സൈഡിനു നിർണായക പങ്കുണ്ട്.
ഈ മാറ്റം എങ്ങനെയാണു സംഭവിക്കുന്നത് എന്നതിലേക്കു പുതിയ വെളിച്ചം വീശുകയാണ് ഈ പഠനം. ഈ വിഷയത്തിൽ മുൻപു നടത്തിയ പഠനങ്ങളിൽ ആഗോളതാപനം പർവതമേഖലകളിലെ മഴയുടെ അളവ് ഗണ്യമായി വർധിപ്പിക്കും എന്നായിരുന്നു കണ്ടെത്തിയിരുന്നത്. അന്തരീക്ഷതാപനില വർധിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവും ഉയരും എന്ന നിഗമനമായിരുന്നു ഈ കണ്ടെത്തലിനു പിന്നിൽ എന്നാൽ ലോകത്തെ വിവിധ പർവതനിരകളിൽ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിൽ ലഭിച്ച മഴയുടെ അളവു കൂടി നിരീക്ഷിച്ചു നടത്തിയ പുതിയ പഠനം ആ ധാരണ തെറ്റാണെന്നു തെളിയിക്കുന്നു.
താപനില വർധിക്കുമ്പോൾ
കാലാവസ്ഥാ പഠനത്തിനായി ഭൂമിയുടെ ത്രിമാന രൂപം കംപ്യൂട്ടർ ഉപയോഗിച്ച് നിർമിച്ച് അതിനെ 25 കിലോമീറ്റർ നീളമുള്ള, തിരശ്ചീനമായ അനേകം ഗ്രിഡുകളായി തിരിച്ചിട്ടുണ്ട്. ജിയോഫിസിക്കൽ ഫ്ലുയിഡ് ഡൈനാമിക് ലാബോറട്ടറിയാണ് 1500 ഓളം ഗ്രിഡുകളുള്ള കമ്യൂണിറ്റി എർത്ത് സിസ്റ്റം മോഡൽ എന്ന ഈ മാതൃക നിർമിച്ചത്. ഇപ്പോൾ പുറത്തു വന്ന പഠനത്തിൽ, മേഖല തിരിച്ചുള്ള കാലാവസ്ഥയും മഴയുടെ അളവും മനസ്സിലാക്കാൻ ഗവേഷകർ ഈ മാതൃക ഉപയോഗിച്ചിരുന്നു. ഇതനുസരിച്ച് ഭൂമിയിലെ അന്തരീക്ഷ കാർബൺ ഡയോക്സൈഡിന്റെ അളവ് ഇരട്ടിയായാൽ ലോകതാപനില ഇന്നുള്ളതിൽനിന്ന് ഏതാണ്ട് നാല് ഡിഗ്രി സെൽഷ്യസോളം വർധിക്കും. കാർബൺ ഡയോക്സൈഡ് മൂന്നിരട്ടിയായി വർധിച്ചാൽ താപനില വർധന ഏതാണ്ട് എട്ടു ഡിഗ്രി സെൽഷ്യസ് വരെയാകും.
സമാനമായ മാതൃകയിൽ ഗവേഷകർ നടത്തിയ പഠനത്തിലാണ് പർവതമേഖലകളിൽ, പ്രത്യേകിച്ചും ലോവർ ലാറ്റിറ്റ്യൂഡിലുള്ള മേഖലകളിലെ മഴലഭ്യതയിൽ വലിയ കുറവുണ്ടാകുമെന്ന് കണ്ടെത്തിയത്. പ്രധാനമായും ന്യൂ ഗുനിയ, കിഴക്കൻ ആഫ്രിക്കൻ മലനിരകൾ, ഹിമാലയം, മധ്യ അമേരിക്ക, ആൻഡസ് എന്നിവിടങ്ങളിലായിരുന്നു ഈ പഠനം. ഇതിൽ ആദ്യ മൂന്ന് പർവതമേഖലകളിലും മധ്യ ആൻഡസ് മേഖലയിലും കാർബൺ ഡയോക്സൈഡ് വർധിക്കുന്നതിനനുസരിച്ച് മഴയിലും വർധനവുണ്ടാകുമെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.
എന്നാൽ മധ്യ അമേരിക്കയിലും കിഴക്കൻ ആൻഡസിലും സ്ഥിതി പൂർണമായും വ്യത്യസ്തമാണ്. ഇവിടങ്ങളിൽ കാർബൺ ഡയോക്സൈഡിന്റെ വർധന അനുസരിച്ച് മഴയുടെ അളവു കുറയുകയാണെന്ന് ഗവേഷകർ കണ്ടെത്തി. ഈ പർവതനിരകൾ താഴ്ന്ന ലാറ്റിറ്റ്യൂഡിൽ സ്ഥിതി ചെയ്യുന്നവയാണ്. ഭൂമധ്യരേഖയിൽ നിന്ന് 30 ഡിഗ്രി വരെ അകലത്തിൽ ഇരു ധ്രുവങ്ങളിലേക്കും സ്ഥിതി ചെയ്യുന്ന മേഖലയാണ് ലോവർ ലാറ്റിറ്റ്യൂഡ് അഥവ് താഴ്ന്ന ലാറ്റിറ്റ്യൂഡ് മേഖലകൾ.
ഇന്ത്യയിലെ പ്രസക്തി
ഈ പഠനം ഇന്ത്യയെ സംബന്ധിച്ചു പ്രസക്തമാകുന്നതും ഈ കണ്ടെത്തൽ മൂലമാണ്. ഇന്ത്യയിൽ മഹാരാഷ്ട്ര മുതൽ ദക്ഷിണേന്ത്യയിലേക്കുള്ള പ്രദേശം ലോവർ ലാറ്റിറ്റ്യൂഡിൽ ഉൾപ്പെടുന്ന മേഖലയാണ്. പ്രത്യേകിച്ചും ഇന്ത്യയിൽ ഏറ്റവും മികച്ച മഴ ലഭിക്കുന്ന പശ്ചിമഘട്ട മേഖല. പുതിയ പഠനം അനുസരിച്ച് കേരളം ഉൾപ്പെടുന്ന ഈ പ്രദേശത്ത് വരും നാളുകളിൽ മഴയുടെ ലഭ്യത കുറയാൻ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിന്റെ വർധന കാരണമാകും എന്നാണ് ഈ പഠനത്തിൽനിന്നു വ്യക്തമാകുന്നത്.