ADVERTISEMENT

ലോകബാങ്കിന്റെ പുതിയ കൺട്രി ക്ലൈമറ്റ് ഡവലപ്മെന്റ് റിപ്പോർട്ട് കോംഗോയെന്ന ആഫ്രിക്കൻ രാജ്യത്തിന് ക്ലൈമറ്റ് സൊല്യൂഷൻസ് കൺട്രി എന്ന തലത്തിലേക്കുയരാനുള്ള ശേഷിയുണ്ടെന്ന് പറയുന്നു. വിസ്തൃതമായ കാടുകളും കോംഗോനദിയും ജൈവവൈവിധ്യവും ഒത്തുചേരുന്ന രാജ്യമാണ് കോംഗോയെന്നും ലോകബാങ്കിന്റെ വിലയിരുത്തലുണ്ടായി. കാലാവസ്ഥാ പരിഹാരത്തിന് ഒരു ശ്രദ്ധേയ റോൾ കോംഗോ വഹിക്കാനിടയുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കോംഗോയ്ക്ക് ചൂഷണങ്ങളുടെ വലിയൊരു ചരിത്രമുണ്ട്.

യൂറോപ്യൻ കൊളോണിയൽ കാലഘട്ടത്തിൽ വൈകിമാത്രം ജനനം കൊണ്ട രാജ്യമായിരുന്നു ബെൽജിയം.ലിയോപോൾഡ് ഒന്നാമനായിരുന്നു രാജ്യത്തിന്‌റെ ആദ്യ രാജാവ്.

ബെൽജിയത്തിനെ ബ്രിട്ടനെ പോലെയോ ഫ്രാൻസിനെപ്പോലെയോ യൂറോപ്പിലെ ഒരു ശക്തിയാക്കി മാറ്റണമെന്ന് ലിയോപോൾഡിന് ആഗ്രഹമുണ്ടായിരുന്നു,കൂടാതെ കൊളോണിയൽ രീതികൾ ഉപയോഗിച്ച് വലിയ ധനം സമ്പാദിക്കണമെന്നും രാജാവ് ആഗ്രഹിച്ചു.ഇതിനായുള്ള മാർഗങ്ങൾ തിരഞ്ഞ ലിയോപോൾഡിനു മുന്നിൽ ഒരു ഉത്തരമാണ് തെളിഞ്ഞ് വന്നത്......കോംഗോ.

ആഫ്രിക്ക അന്നു യൂറോപ്പിന്‌റെ ശ്രദ്ധാകേന്ദ്രമായിരുന്നു.ആരുമെടുക്കാതെ കിടക്കുന്ന വമ്പിച്ച പ്രകൃതിവിഭവങ്ങളും ധാതു നിക്ഷേപങ്ങളും വനങ്ങളും. മധ്യ ആഫ്രിക്കയിൽ ലോകത്തിലെ ലിയോപോൾഡ് ഒരു പദ്ധതി ആവിഷ്‌കരിച്ചു.ഒരു മനുഷ്യസ്‌നേഹിയുടെയും ആഫ്രിക്കയുടെ ഉന്നമനത്തിനായുള്ള പ്രവർത്തകന്‌റെയും മുഖംമൂടി രാജാവ് അണിഞ്ഞു.1876 ഫെബ്രുവരി 5 ൽ ബ്രസൽസിൽ നടത്തിയ ഒരു ഉച്ചകോടിയിൽ കോംഗോയെ വികസിപ്പിക്കാനും അവിടെ പ്രവർത്തിപ്പിക്കാനും താൽപര്യമുണ്ടെന്ന് ലിയോപോൾഡ് പങ്കെടുത്തവരെ അറിയിച്ചു. അവരുടെ സമ്മതം വാങ്ങി, കോംഗോ എന്ന രാജ്യം മുഴുവൻ തന്‌റെ സ്വകാര്യ സ്വത്താക്കി മാറ്റാൻ ലിയോപോൾഡിനു കഴിഞ്ഞു.പുതിയ രാജ്യത്തെ കോംഗോ ഫ്രീ സ്റ്റേറ്റ് എന്നു നാമകരണവും ചെയ്തു.

കോംഗോ നദി (Photo: Twitter/@ItsMutai)
കോംഗോ നദി (Photo: Twitter/@ItsMutai)

തന്‌റെ പദ്ധതികൾ നടപ്പാക്കാനായി ഹെന്റി മോർട്ടൺ സ്റ്റാൻലി എന്ന പര്യവേക്ഷകനെ ലിയോപോൾഡ് ചുമതലപ്പെടുത്തി.കോംഗോയിലെങ്ങും സഞ്ചരിച്ച സ്റ്റാൻലി രാജ്യത്തെ ഗോത്രത്തലവൻമാരുടെയും നാട്ടുപ്രമാണിമാരുടെയുമൊക്കെ ഒപ്പുകൾ തന്‌റെ കൈയിലുണ്ടായിരുന്ന സമ്മതപത്രത്തിൽ എഴുതി വാങ്ങി.നിരക്ഷരരായ അവരിൽ പലർക്കും അതെന്താണെന്നു പോലും അറിയാമായിരുന്നില്ല.

കോംഗോയിൽ ലിയോപോൾഡ് തന്റെ ഭരണസംവിധാനം സ്ഥാപിച്ചു.രാജാവിനോട് നേരിട്ടു റിപ്പോർട്ട് ചെയ്യുന്ന ഒരു ഗവർണറെ കോംഗോയുടെ തുറമുഖ നഗരമായ ബോമയിൽ ചുമതലയേർപ്പെടുത്തി.കാര്യങ്ങൾ നടപ്പിൽ വരുത്താനും നിയന്ത്രിക്കാനുമൊക്കെയായി ഫോഴ്‌സ് പബ്ലിക്ക് എന്ന ഒരു സൈന്യത്തെയും കോംഗോയിൽ നിയോഗിച്ചു.ബെൽജിയൻ കമാൻഡർമാരും കോംഗോയിലെ ചില നാട്ടുകാരായ പടയാളികളും ഉൾപ്പെട്ടതായിരുന്നു 19000 അംഗസംഖ്യയുള്ള ഈ കുപ്രസിദ്ധ സൈന്യം.

ആനക്കൊമ്പായിരുന്നു ആദ്യ ലക്ഷ്യം. ലിയോപോൾഡിനു വേണ്ടി അനുചരൻമാർ ആനകളെ കൂട്ടക്കൊല നടത്തി കൊമ്പുകൾ ശേഖരിച്ചു.ആയിടയ്ക്കു റബർ ഗതാഗതത്തിലും വ്യവസായങ്ങളിലും വ്യാപക ഉപയോഗത്തിലായി.ആവശ്യം കൂടുതൽ,ശ്രോതസ് കുറവ്, ഇതായിരുന്നു അവസ്ഥ.

ആഫ്രിക്കയിലെ കാടുകളിൽ വളരുന്ന ലാൻഡോൾഫിയ എന്ന വള്ളിച്ചെടികളും റബർ ഉത്പാദിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയത് അക്കാലത്തായിരുന്നു.ഈ ചെടികൾ ഏറ്റവും കൂടുതലുണ്ടായിരുന്നത് കോംഗോയിലും. ആനക്കൊമ്പ് വേട്ട പതുക്കെയാക്കി റബർ ശേഖരണത്തിലേക്കു രാജാവ് കടന്നു.തദ്ദേശീയരായ ആളുകളെയാണ് ഇതിനായി നിയോഗിച്ചത്.അവർക്കു കൂലി കൊടുക്കാനോ മറ്റ് ആനുകൂല്യങ്ങൾ കൊടുക്കാനോ ലിയോപോൾഡ് തയാറായിരുന്നില്ല.

ലിയോപോൾഡിന്റെ ഗുണ്ടാസേനയായ ഫോഴ്‌സ് പബ്ലിക് ഗ്രാമങ്ങളിലേക്കു കടന്നു ചെല്ലും.അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ട് തടങ്കലിൽ വയ്ക്കും. ഇവരെ മോചിപ്പിക്കണമെങ്കിൽ ആ വീടുകളിലെ പുരുഷൻമാർ കാട്ടിൽ പോയി മാസാമാസം ഇത്ര അളവിൽ റബർ കൊണ്ടുവരണം. ഇതിനിടയിൽ റബർ വില കുതിച്ചുയർന്നു, കോംഗോയിലെ ഗോത്രങ്ങളുടെ ദുരിതങ്ങളും. കൊണ്ടുവരേണ്ട റബറിന്‌റെ അളവുകൾ പതിൻമടങ്ങായി.പലയിടങ്ങളിലും വലിയ രീതിയിൽ കറയെടുക്കുന്നതു മൂലം ലാൻഡോൾഫിയ ചെടികൾ കരിഞ്ഞിരുന്നു.പുതിയ ചെടികൾ തേടി ദിവസങ്ങളും ആഴ്ചകളും കാൽനടയായി അവർക്ക് അലയേണ്ടിവന്നു.

നേരാംവണ്ണം ഭക്ഷണം കിട്ടാത്തതിനാൽ തടവിലിരുന്ന പല സ്ത്രീകളും പെൺകുട്ടികളും മരിച്ചുവീണു.ഫോഴ്‌സ് പബ്ലിക് സൈനികരുടെ ഇടയിൽ നിന്ന് പീഡനങ്ങളും അതിക്രമങ്ങളും ഇവർക്ക് നേരിടേണ്ടി വന്നു.കോംഗോയിൽ ക്ഷാമം കനത്തു. ഇതിനിടെ ലിയോപോൾഡിന്‌റെ ചൂഷണത്തിനെതിരെ ചിലയിടങ്ങളിൽ പ്രക്ഷോഭങ്ങൾ തുടങ്ങി.ഒരു ചർച്ചയ്ക്കും ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന ഭരണകൂടം പ്രക്ഷോഭകാരികളെ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടു.ഇതിനായി തോക്കുകളുമായി ഫോഴ്‌സ് പബ്ലിക് സേനാംഗങ്ങൾ കോംഗോയിൽ വിഹരിച്ചു. ലിയോപോൾഡിന്റെ അധീനതയിലാകുമ്പോൾ 2 കോടി ജനസംഖ്യയുണ്ടായിരുന്നു കോംഗോയിൽ. കിരാത വാഴ്ചയുടെ ഫലമായി ഇത് ഒരു കോടിയിലേക്കു ചുരുങ്ങി.

ഇതോടെ രാജ്യാന്തര തലത്തിൽ കോംഗോ ചൂഷണം ശ്രദ്ധ നേടിത്തുടങ്ങി. ലിയോപോൾഡിനെതിരെ വ്യാപക വിമർശനം ലോകത്ത് പലകോണുകളിൽ നിന്നുമുയർന്നു.ബെൽജിയത്തിനു മേൽ വലിയ സമ്മർദ്ദം ഇതുണ്ടാക്കി.ഇതോടെ ലിയോപോൾഡിന്‌റെ സ്വകാര്യസ്വത്ത് എന്ന നിലയിൽ നിന്നു ബെൽജിയത്തിന്‌റെ പാർലമെന്‌റ് ഭരണത്തിനു കീഴിലേക്ക് കോംഗോയെ മാറ്റാൻ തീരുമാനമായി.1908ൽ കോംഗോ ഫ്രീ സ്റ്റേറ്റ്, ബെൽജിയൻ കോംഗോയായി മാറി.ഒരു വലിയ തുക പാർലമെന്റിൽ നിന്നു കൈപ്പറ്റിക്കൊണ്ടാണ് ലിയോപോൾഡ് ഈ കൈമാറ്റത്തിനു സമ്മതിച്ചത്.

English Summary:

Democratic Republic of Congo (DRC) Country Climate and Development Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com