ADVERTISEMENT

കേരളത്തിന്റെ പടിവാതിലിൽ മുട്ടി വിളിച്ച് തെക്കു–പടിഞ്ഞാറൻ മൺസൂൺ. കേരളത്തിന് തെക്ക് ഭാഗത്ത് 500 കിലോമീറ്റർ അകലെ വരെ കാലവർഷ മേഘങ്ങൾ എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വിഭാഗം ഇന്നു രാവിലത്തെ കാലാവസ്ഥാ സന്ദേശത്തിൽ വ്യക്തമാക്കി. ഏകദേശം മേയ് 31 ന് എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് ഏപ്രിലിൽ നൽകിയ അറിയിപ്പിൽ പറഞ്ഞിരുന്നത്. എന്നാൽ അതിനും ഏതാനും ദിവസം മുൻപ് യഥാർഥ കാലവർഷം കേരളതീരത്ത് കൊടിയടയാളം നാട്ടുമെന്നാണ് പ്രതീക്ഷ. നാലു ദിവസം മുൻപോ നാലു ദിവസം വൈകിയോ എത്താം എന്ന് ആദ്യ പ്രവചനത്തിൽ ഐഎംഡി തന്നെ വ്യക്തമാക്കിയിരുന്നു. 

കനത്ത മഴയിൽ തിരുവനന്തപുരം കല്ലൂമ്മൂട് ഭാഗത്ത് വെള്ളം കയറിയപ്പോൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
കനത്ത മഴയിൽ തിരുവനന്തപുരം കല്ലൂമ്മൂട് ഭാഗത്ത് വെള്ളം കയറിയപ്പോൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

ഇപ്പോൾ പെയ്യുന്നത് മുന്നോടി മഴ

മൺസൂണിനു മുന്നോടിയായി പെയ്യുന്ന വേനൽമഴയാണ് ഇപ്പോഴത്തെ വർഷപാതത്തെ കാലാവസ്ഥാ വകുപ്പും ഗവേഷകരും കണക്കാക്കുന്നത്. നേരത്തെ എത്തിയാലും വൈകിയാലും ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള നാലു മാസത്തെ മഴയെ ആണ് കാലവർഷത്തിന്റെ കണക്കിൽ കാലാവസ്ഥാ വകുപ്പ് ഉൾപ്പെടുത്തുന്നത്. അതിനു മുമ്പ് പ്രളയസമാനമായ മഴ പെയ്താലും മാർച്ച് 1 മുതൽ മേയ് 31 വരെയുള്ള വേനൽമഴയുടെ പട്ടികയിൽ ഉൾപ്പെടുത്തും.

ന്യൂനമർദം രൂപപ്പെട്ടു; ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുമോ റിമാൽ ചുഴലിക്കാറ്റ് 

ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ ദിവസം രൂപമെടുത്ത ന്യൂനമർദം കേരളത്തിലെ മഴയ്ക്കും കരുത്തു പകരുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മേയ് 25 ആകുമ്പോഴേക്കും ഇത് തീവ്ര ന്യൂനമർദമായി വാരാന്ത്യത്തിൽ ഒഡീഷ തീരത്തും മഴയും എത്തിച്ചേക്കും . തുടർന്ന് ബംഗാൾ തീരത്തേക്ക് കടന്ന് സുന്ദർബൻ കണ്ടൽ മേഖലയിലോ ബംഗ്ലദേശിലോ മ്യാൻമറിലോ കാറ്റായും മഴയായും കയറാനാണു സാധ്യത. തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറുമോ എന്ന കാര്യത്തിൽ ഇതുവരെ ഐഎംഡി സൂചനകളൊന്നും നൽകിയിട്ടില്ല. അഥവാ ചുഴലി രൂപപ്പെട്ടാൽ റിമാൽ എന്ന പേരാവും നൽകുക. ചുഴലിക്കാറ്റുകളുടെ പട്ടികയിലേക്ക് ഒമാൻ നൽകിയിരിക്കുന്ന പേരാണ് റിമാൽ. ഈ സീസണിലെ ആദ്യ ചുഴലിക്കാറ്റായിരിക്കും ഇത്.

കൊച്ചി നഗരത്തിൽ പെയ്ത കനത്തമഴയിൽ പനമ്പള്ളിനഗറിലെ റോ‍ഡ് വെള്ളക്കെട്ടിലായപ്പോൾ.  ചിത്രം ∙ മനോരമ
കൊച്ചി നഗരത്തിൽ പെയ്ത കനത്തമഴയിൽ പനമ്പള്ളിനഗറിലെ റോ‍ഡ് വെള്ളക്കെട്ടിലായപ്പോൾ. ചിത്രം ∙ മനോരമ

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെടുന്നതിനൊപ്പം അറബിക്കടലിലും മേഘച്ചുഴികളോ മറ്റോ രൂപപ്പെട്ടാൽ രണ്ടും തമ്മിലുള്ള ആകർഷണ വലയം കേരളത്തിനു മുകളിലൂടെയാവും കടന്നുപോകുന്നത്. ഇത് കേരളത്തിന്റെ മലയോരത്ത് മഴയ്ക്കു കാരണമാകും.

സീറ്റില്ല, ഫ്രീ ലിഫ്റ്റ് :  കനത്ത മഴ കാരണം റോഡരുകിൽ ഓട്ടോ ഒതുക്കി സ്ഥലം വിട്ടതാണ് ഡ്രൈവർ.
നനയാതിരിക്കാനാണ് സീറ്റ് പൊക്കി വച്ചത്. അതു ഗുണമായത് ഈ പൂച്ചയ്ക്കാണ്, അല്ലെങ്കിൽ നനയാതിക്കാൻ വേറെ സ്ഥം നോക്കേണ്ടി വന്നേനെ. കൂട്ടിക്കൽ ഇളംകാട് മുക്കുളം റോഡരികിൽ നിന്നൊരു മഴക്കാഴ്ച. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
സീറ്റില്ല, ഫ്രീ ലിഫ്റ്റ് : കനത്ത മഴ കാരണം റോഡരുകിൽ ഓട്ടോ ഒതുക്കി സ്ഥലം വിട്ടതാണ് ഡ്രൈവർ. നനയാതിരിക്കാനാണ് സീറ്റ് പൊക്കി വച്ചത്. അതു ഗുണമായത് ഈ പൂച്ചയ്ക്കാണ്, അല്ലെങ്കിൽ നനയാതിക്കാൻ വേറെ സ്ഥം നോക്കേണ്ടി വന്നേനെ. കൂട്ടിക്കൽ ഇളംകാട് മുക്കുളം റോഡരികിൽ നിന്നൊരു മഴക്കാഴ്ച. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ

അറബിക്കടലിൽ പ്രതികരണങ്ങളൊന്നുമില്ലെങ്കിൽ കേരളത്തിൽ വരുംദിവസങ്ങളിൽ മഴ കുറയും. അറബിക്കടലിലെ ഇപ്പോഴത്തെ ശരാശരി താപനില പതിവിലും കൂടുതലായതിനാൽ മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് കൊച്ചി കുസാറ്റിലെ ഗവേഷകരും മറ്റും പറയുന്നു. മൺസൂണിനെയും വഹിച്ചുകൊണ്ടെത്തുന്ന തണുത്ത കാറ്റ് മുഴുവനായും ബംഗാൾ ഉൾക്കടലിന്റെ വടക്കൻ തീരത്തേക്ക് കേന്ദ്രീകരിക്കും. ഇത് കേരളത്തിലെ കാലവർഷത്തിന്റെ മുന്നേറ്റത്തെ തളർത്തുമോ എന്നത് കണ്ടറിയണം. 

നിലവിലുള്ള തീവ്ര ന്യൂനമർദം ഒഡീഷ– ബംഗാൾ തീരത്തെ കരയോടു ചേർന്നു പോകുന്നതിനാൽ അത്ര തീവ്രത പ്രാപിക്കില്ലെന്നാണു സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് പറയുന്നത്. 

English Summary:

South-West Monsoon Set to Arrive Early in Kerala: IMD Confirms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com