ADVERTISEMENT

വായ്മൊഴികളിലൂടെ മാത്രം ലോകത്തിനു പരിചയമുളള ഒട്ടേറെ ജീവികളുണ്ട്. അതിലേറെയും കടലിൽ കാണപ്പെടുന്നവയാണെന്നതാണു സത്യം. അത്തരത്തിൽ പലയിടത്തും കണ്ടു എന്ന് ഒട്ടേറെ പേർ പറഞ്ഞിട്ടുള്ള സസ്തനികളിലൊന്നാണ് ടൈപ്പ് ഡി കില്ലർ വെയ്‌ൽ. ന്യൂസീലൻഡിലെ മത്സ്യത്തൊഴിലാളികൾ ഈ ജീവിയെപ്പറ്റി ഒട്ടേറെ കഥകളുമുണ്ടാക്കിയിട്ടുണ്ട്. ആദ്യം ഗവേഷകർ കരുതിയിരുന്നത് ഇതൊരു വെറും കെട്ടുകഥയാണെന്നായിരുന്നു. എന്നാൽ പലരും ഇതിന്റെ ചിത്രങ്ങളെടുക്കാൻ തുടങ്ങിയതോടെ സംഗതി അൽപം ഗൗരവതരമാണെന്നു മനസ്സിലായി. 1955ൽ ന്യൂസീലൻഡിൽ കൂട്ടത്തോടെ ഈ കൊലയാളി തിമിംഗലങ്ങൾ ചത്തടിയുക കൂടിയായതോടെ ശാസ്ത്രലോകം ഉറപ്പിച്ചു– കില്ലർ ഡി തിമിംഗലങ്ങളുണ്ട്. 

ടൈപ്പ് എ,ബി,സി, ഡി എന്നിങ്ങനെയാണ് കൊലയാളി തിമിംഗലങ്ങളെ തരംതിരിച്ചിരിക്കുന്നത്. വലുപ്പത്തിലും നിറത്തിലും ശരീരത്തിലെ അടയാളങ്ങളിലും ഭക്ഷണരീതിയിലും ഇരതേടുന്ന രീതിയിലുമെല്ലാമുള്ള വ്യത്യസ്തതയാണ് ഇവയെ വേർതിരിക്കാന്‍ സഹായിക്കുന്നത്. കൂട്ടത്തിൽ തിരിച്ചറിയാൻ ഏറ്റവും എളുപ്പം ടൈപ്പ് ഡി തിമിംഗലങ്ങളെയാണ്. പക്ഷേ ഇവയാണു മനുഷ്യനെ കബളിപ്പിച്ചു രക്ഷപ്പെടാന്‍ ഏറെ മിടുക്കുള്ളവയും. എന്നാല്‍ ഒടുവിൽ ഇവയ്ക്കായുള്ള ഗവേഷകരുടെ അന്വേഷണം വിജയം കണ്ടു. ടൈപ്പ് ഡി തിമിംഗലങ്ങൾ മറ്റുള്ളവയിൽ നിന്ന് ജനിതകപരമായി വ്യത്യസ്തമാണെന്നു കണിക്കാനുള്ള ഡിഎൻഎ സാംപിളുകളും ശേഖരിച്ചു. 

തീരത്തു നിന്ന് അകലെയായി കാണപ്പെടുന്നവയാണ് ടൈപ്പ് എ തിമിംഗലങ്ങൾ. മിൻകി തിമിംഗലങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം. ടൈപ്പ് ബി പക്ഷേ വലുപ്പത്തിൽ ചെറുതാണ്. ഭക്ഷണമാകട്ടെ സീലുകളും. മീനുകളെ തിന്നാണ് ടൈപ്പ് സി തിമിംഗലങ്ങൾ ജീവിക്കുന്നത്. കണ്ണിനോടു ചേർന്ന് ചെരിഞ്ഞൊരു വെളുത്ത അടയാളമാണ് ഇവയെ തിരിച്ചറിയാനുള്ള വഴി. എന്നാൽ ശരീരത്തിലെ വെളുത്ത പാടുകൾ വളരെ കൃത്യമായി കാണാമെന്നതാണ് ടൈപ്പ് ഡിയുടെ പ്രത്യേകത. തലയുടെ ഭാഗം കൂടുതൽ ഗോളാകൃതിയിലുള്ളതാണ്. മുതുകിലെ ചിറക് കൂടുതൽ കൂർത്തതുമാണ്. കണ്ണിനോടു ചേർന്ന വെളുത്ത അടയാളവും വേർതിരിച്ചറിയാൻ ഏറെ സഹായകം. 

പക്ഷേ എന്നും മനുഷ്യനിൽ നിന്നു മാറിപ്പോയി ഇവ നിഗൂഢത നിലനിർത്തിക്കൊണ്ടേയിരുന്നു. ചിലെയുടെ തീരത്തു നിന്നാണിപ്പോൾ ടൈപ്പ് ഡി കില്ലറുകളെ കൂട്ടത്തോടെ കണ്ടെത്തിയത്. ഇവയുടെ ജനിതക സാംപിൾ എടുക്കാന്‍ വേണ്ടി ഇതാദ്യമായിട്ടായിരുന്നു ഇത്തരമൊരു നീക്കം. ചിലെയുടെ തീരത്തു നിന്നു മാറി ഏറെ പ്രക്ഷുബ്ധമായ കേപ് ഹോണിലായിരുന്നു ഗവേഷകരുടെ തിരച്ചിൽ. ഒരാഴ്ചയോളം തിരഞ്ഞ് ഇവയെ കണ്ടെത്തിയെന്നു മാത്രമല്ല മൂന്നു മണിക്കൂറോളം തിമിംഗലങ്ങൾക്കൊപ്പം നീന്താനും വിഡിയോ പകര്‍ത്താനും സാധിച്ചു. ഏകദേശം 30 തിമിംഗലങ്ങളുണ്ടായിരുന്നു കൂട്ടത്തിൽ. ഇവയുടെ ത്വക്കിൽ നിന്ന് നിരുപദ്രവകരമായ വിധത്തില്‍ ബയോപ്സി സാംപിളുകളും ശേഖരിച്ചു. 

ഏതാനും മാസങ്ങൾക്കുള്ളിൽ ജനിതകപരിശോധനാ ഫലം വരും. ലോകത്തെ ഏറ്റവും വലിയ ജീവികളിൽ ഇന്നും ‘തരംതിരിക്കാതെ’യിരിക്കുന്ന അപൂർവം ജീവികളിൽ ഒന്നാം സ്ഥാനത്തുണ്ടാകും ടൈപ്പ് ഡി കില്ലർ. നേരത്തേ തീരത്തടിഞ്ഞ സാംപിളുകളിൽ പരിശോധന നടത്തിയതില്‍ നിന്ന് ഇവ മറ്റു തിമിംഗലങ്ങളിൽ നിന്നു വ്യത്യസ്തമാണെന്നു തിരിച്ചറിഞ്ഞിരുന്നു. ഏകദേശം 3.9 ലക്ഷം വർഷം മുൻപാണ് ഇവ മറ്റു തിമിംഗലങ്ങളിൽ നിന്നു മാറി പുതിയൊരു വിഭാഗമായി രൂപാന്തരം പ്രാപിച്ചതെന്നും കണ്ടെത്തി. മനുഷ്യൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന സസ്തനി കൂടിയാണ് കൊലയാളി തിമിംഗലങ്ങൾ. ഉത്തര–ദക്ഷിണാർധഗോളങ്ങളിൽ ഉൾപ്പെടെ ഇവയെ കാണാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com