ADVERTISEMENT

ക്യാമറയുടെ നാല് അതിരുകള്‍ക്കുള്ളിലൊതുക്കാവുന്ന ദൃശ്യങ്ങളെ ഏറെ പ്രണയിച്ചെങ്കിലും ജീവിതത്തില്‍ ഏറെ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത ഒരാള്‍. എന്നാല്‍ കാട് കയറിയപ്പോഴും ഉള്ളിലെ ക്യാമറ പ്രേമം അണയാതെ സൂക്ഷിച്ച അയാള്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരികെ നല്‍കിയത് ഒരു പക്ഷേ മറ്റാരും കാണാത്ത, അല്ലെങ്കില്‍ മറ്റാര്‍ക്കും കണ്ടെത്തി ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാത്ത ഒരു പിടി ചെറു ചിത്രങ്ങളാണ്. ഇതില്‍ ഒടുവിലായി പുറത്തിറങ്ങിയത് ചിന്നാര്‍ വന്യജീവി സങ്കേതത്തെക്കുറിച്ചൊരുക്കിയ ഹ്രസ്വചിത്രമാണ്. 

യൂട്യൂബിലുടെ പുറത്തിറക്കിയ ചിന്നാര്‍ വന്യജീവിസങ്കേതത്തെ കുറിച്ചുള്ള ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡനായ പി.എ പ്രഭുവാണ്. യൂട്യൂബില്‍ ഇപ്പോള്‍ കാഴ്ചക്കാരെ കൂട്ടത്തോടെ ആകര്‍ഷിക്കുകയാണ് കേരളസര്‍ക്കാരിന്‍റെയും വനം വകുപ്പിന്‍റെയും സഹായത്തോടെ നിര്‍മിച്ച ഈ ചിത്രം. സംവിധായകനെന്ന നിലയില്‍ കേരളത്തിലെ വന്യജീവി സങ്കേതങ്ങളെക്കുറിച്ചുള്ള പ്രഭുവിന്‍റെ രണ്ടാമത്തെ ചിത്രമാണിത്. ഇരവികുളം ദേശീയ പാര്‍ക്കിനെക്കുറിച്ചായിരുന്നു ആദ്യ ചിത്രം

3 മിനിട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ലഘുചിത്രം മഴമേഘങ്ങളുടെ നിഴല്‍ മാത്രം പതിഞ്ഞു കടന്നു പോകുന്ന ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ എല്ലാ കാഴ്ചകളെയും അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ഏക മഴനിഴൽ മേഖലാ വന്യജീവി സങ്കേതമാണ് ചിന്നാറെന്നതിനാല്‍ അതിന് അനുയോജ്യമായ വിധത്തിൽ ‘കളേഴ്സ് ഇന്‍ ദ റെയിന്‍ഷാഡോ’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മഴക്കുറവിന് മേഖലയുടെ നിറച്ചാര്‍ത്തിന് നേരിയ പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഈ വിഡിയോ കണ്ടാല്‍ വ്യക്തമാകും. 

പ്രഭു : കാടിനെ സ്നേഹിക്കുന്ന സംവിധായകന്‍

prabhu

കാട് കയറും മുന്‍പ് തന്നെ ക്യാമറയേയും ദൃശ്യങ്ങളെയും അടുത്തറിഞ്ഞ ആളായിരുന്നു പ്രഭു. വിക്ടോറിയയിലെ കോളജ് കാലത്ത് തന്നെ ഹ്രസ്വചിത്രങ്ങളൊരുക്കി പ്രശംസ പിടിച്ചു പറ്റിയ ഇദ്ദേഹം പിജിക്ക് ശേഷം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗമായി. ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍റ് ട്രെയിനിങ് കോളജില്‍ പരിശീലനത്തില്‍ ഇരിക്കുമ്പോഴാണ് വനം വകുപ്പിനു വേണ്ടി ആദ്യമായി ഒരു ചിത്രം പ്രഭു തയാറാക്കുന്നത്. ട്രെയിനിങ് നടന്ന സ്റ്റേറ്റ് ഫോറസ്റ്റ് റേഞ്ചേഴ്സ് കോളജിന്‍റെ നൂറ് വര്‍ഷത്തെ ചരിത്രം പറയുന്നതായിരുന്നു ഈ ചിത്രം.

ഇതിനു ശേഷം സര്‍വീസില്‍ കയറി വൈകാതെ തന്നെ പ്രഭു തന്‍റെ അടുത്ത ചിത്രത്തിനുള്ള പ്രമേയം കണ്ടെത്തി. വനങ്ങളെയും വന്യമൃഗങ്ങളെയും സംരക്ഷിക്കാനുള്ള ശ്രമത്തില്‍ മരണമടഞ്ഞവര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഈ ചിത്രം.  ഈ ചിത്രം ചെയ്തു കഴിഞ്ഞ ശേഷമാണ് പ്രഭു ചിന്നാര്‍ വന്യജീവി ഡിവിഷനിലേക്കെത്തുന്നത്. ഇവിടെ വച്ചാണ് ഈ വന്യജീവി ഡിവിഷനു കീഴിലുള്ള മൂന്ന് വന്യജീവി സങ്കേതങ്ങളെക്കുറിച്ച് മൂന്ന് വ്യത്യസ്ത ചിത്രങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചത്.

കൂട്ടായ്മയുടെ വിജയം

വനം വകുപ്പില്‍ നിന്നുള്ള ശക്തമായ പിന്തുണയാണ് ഈ ചിത്രങ്ങള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ സഹായകരമായതെന്ന് പ്രഭു പറയുന്നു. സാധാരണക്കാര്‍ക്ക്സമൂഹമാധ്യമങ്ങളിലൂടെ അധികം മടുപ്പില്ലാതെ കണ്ടിരിക്കാന്‍ കഴിയുന്ന ചിത്രങ്ങളൊരുക്കാനാണ് ശ്രമിച്ചതെന്ന് പ്രഭു പറയുന്നു. അതുകൊണ്ട് തന്നെ 3 മിനിട്ടില്‍ ചിത്രങ്ങള്‍ ഒതുക്കി നിര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പറയാനുദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും ദൃശ്യങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തിക്കാനും ശ്രദ്ധിച്ചു. ഒരു സന്ദേശത്തേക്കാള്‍ കാണുന്നവര്‍ക്ക് പ്രകൃതിയോട് അവര്‍ അറിയാതെ തന്നെ അടുപ്പമുണ്ടാക്കാനാണണ് ചിത്രങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് പ്രഭു പറയുന്നു. 

ആദ്യം പുറത്തിറങ്ങിയത് ഇരവികുളം ദേശീയ പാര്‍ക്കിനെക്കുറിച്ചുള്ള ചിത്രമാണ്. ഇപ്പോള്‍ ചിന്നാര്‍ ചിത്രത്തിനു ലഭിക്കുന്നതിന് തുല്യമായ സ്വീകാര്യതയാണ് അന്ന് ഇരവികുളം ചിത്രത്തിനും ലഭിച്ചതെന്ന് പ്രഭു ഓര്‍ക്കുന്നു. ചിത്രീകരിക്കാന്‍ ഏറെ പ്രയാസപ്പെട്ടത് ചിന്നാറാണെന്നും പ്രഭു പറയുന്നു. ഒരു വര്‍ഷത്തോളം എടുത്താണ് ചിത്രത്തിന്‍റെ ദൃശ്യങ്ങള്‍ പൂര്‍ത്തിയാക്കിയത്. ചിന്നാറില്‍ മാത്രം കാണപ്പെടുന്ന നക്ഷത്ര ആമ മുതല്‍ കാട്ടുപോത്തും കൊമ്പനാനയും വരെ ചിന്നാറില്‍ നിന്നു പകര്‍ത്തിയ കാഴ്ചകളിലുണ്ട്. ലോകോത്തരനിലവാരത്തില്‍ തന്നെയാണ് ദൃശ്യങ്ങള്‍ ഓരോന്നും പകര്‍ത്തിയിരിക്കുന്നതെന്ന് കാഴ്ചയില്‍ വ്യക്തമാകും.

ഏറെ കാലാവസ്ഥാ പ്രത്യേകതകളുള്ള മേഖലയാണ് ചിന്നാര്‍. അതുകൊണ്ട് തന്നെ കാടിന്‍റെ ഒരു വര്‍ഷത്തെ എല്ലാ സീസണിലുമുള്ള മുഖങ്ങള്‍ പകര്‍ത്താനും ശ്രമിച്ചിരുന്നു. ഇതാണ് ചിത്രത്തിന്‍റെ ചിത്രീകരണം നീണ്ടുപോകാന്‍ കാരണമായതും. ഇപ്പോള്‍ ഷോളയാര്‍ പാര്‍ക്കിനെക്കുറിച്ചുള്ള ചിത്രത്തിന്‍റെ പണിപ്പുരയിലാണ് പ്രഭു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതുകൂടി പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 

ആനമുടി ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജന്‍സി നിര്‍മിച്ച ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് പ്രഭുവും സുദീപ് ഇളമണ്‍ എന്ന ഛായാഗ്രാഹകനും ചേര്‍ന്നാണ്. സുദീപിന് ഇടയ്ക്കുവച്ച് നിര്‍ത്തി പോരേണ്ടി വന്നതിനാല്‍ പിന്നീടങ്ങോട്ടുള്ള ചിത്രീകരണം പ്രഭു ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിയത്‌ റോബിന്‍ ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com