ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. ഓരോ ജീവിയുടെയും വലുപ്പത്തിനും ആകാരത്തിനുമനുസരിച്ച് ഹൃദയമിടിപ്പിന്‍റെ താളവും വ്യത്യാസപ്പെട്ടിരിക്കും. ഈ സാഹചര്യത്തിലാണ് നീലിത്തിമിംഗലത്തിന്‍റെ ഹൃദമിടിപ്പിന്‍റെ വേഗമറിയാന്‍ ഒരു സംഘം ഗവേഷകര്‍ ഇതാദ്യമായി ശ്രമം നടത്തിയത്. ഈ പഠനത്തിലെ കണ്ടെത്തലുകള്‍ അമ്പരപ്പിക്കുന്നതാണെന്നു ഗവേഷകര്‍ പറയുന്നു. 

ഇലക്ടോകാര്‍ഡിയോഗ്രാം എന്ന സാങ്കേതിക ഉപകരം ഉപയോഗിച്ചാണ് ഗവേഷകര്‍ നിലത്തിംമിംഗലത്തിന്‍റെ ഹൃദമിടിപ്പളന്നത്. ഏതാണ്ട് 100 അടിയാണ് പൂര്‍ണ വളര്‍ച്ചയെത്തിയ നീലത്തിമിംഗലത്തിന്‍റെ ശരാശരി നീളം.  ഭാരമാകട്ടെ ഏതാണ്ട് 200 ടണ്‍ വരും. ഇത്ര വലുപ്പമുള്ള നീലിത്തിമിംഗത്തിന്‍റെ ഹൃദയമിടിപ്പ് പക്ഷേ മിനിട്ടില്‍ 2 തവണ മാത്രമാണ്. കടലിന്‍റെ അടിയിലായിരിക്കുമ്പോഴുള്ള നീലത്തിമിംഗലത്തിന്‍റെ ഹൃദയമിടിപ്പാണ് ഗവേഷക സംഘം അളന്നത്. 

എന്നാല്‍ അദ്ഭുതം മിനിട്ടില്‍ രണ്ട് തവണയാണ് ഇവയുടെ ഹൃദയമിടിക്കുന്നത് എന്നതിലല്ല. മറിച്ച് കടലിനടിയിലും കടല്‍പ്പരപ്പിനു മുകളിലെത്തുമ്പോഴും ഇവയുടെ ഹൃദയമിടിപ്പിന്‍റെ വേഗത്തിലുള്ള വ്യത്യാസം മനസ്സിലാക്കുമ്പോഴാണ്. വെള്ളത്തിനടിയില്‍ മിനിട്ടില്‍ രണ്ട് തവണ മിടിക്കുന്ന ഹൃദയം കടലിനു മുകളിലെത്തുമ്പോള്‍ മിനിട്ടില്‍ 37 തവണയാണ മിടിക്കുന്നത്. 

കടല്‍ ജീവിയാണെങ്കിലും തിമിംഗലം സസ്തനിയാണ്. ഇതിനാല്‍ തന്നെ ഇവയ്ക്ക് കടലിനടിയില്‍ ശ്വസിക്കാന്‍ കഴിയില്ല. മണിക്കൂറുകളുടെ ഇടവേളയില്‍ കടല്‍നിരപ്പിന് മുകളിലെത്തി ശ്വസിക്കുകയാണ് തിമിംഗലങ്ങള്‍ ചെയ്യുന്നത്. അത് കൊണ്ട് തന്നെ കടലിനടിയിലുള്ളപ്പോള്‍ ഇവയ്ക്ക് ഓക്സിജന്‍ സംരക്ഷിച്ച് നിര്‍ത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മിനിട്ടില്‍ രണ്ട് തവണ മാത്രം ഹൃദയമിടിക്കുന്ന രീതിയിലേക്ക് തിമിംഗലങ്ങളുടെ ശ്വാസം നിയന്ത്രിക്കാന്‍ സാധിക്കുന്നതും.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സമുദ്രഗവേഷകനായ ജെറിമി ഗോള്‍ഡ് ബോഗനാണ് തിമിംഗലങ്ങളുടെ ഹൃദയമിടിപ്പ് അളക്കാനുള്ള പഠനത്തിന് നേതൃത്വം നല്‍കിയത്. വലിയശരീരമുള്ള ജീവികളുടെ രക്തചംക്രമണവും ഹൃദയത്തിന്‍റെ പ്രവര്‍ത്തനവും മനസ്സിലാക്കാന്‍ ഈ പഠനം സഹായിച്ചുവെന്ന് ജെറിമി ഗോള്‍ഡ് ബോഗന്‍ പറയുന്നു. ശരീരത്തിന്‍റെ വലുപ്പം വർധിക്കുന്നതിന് അനുസരിച്ച് ജീവിയുടെ ഹൃദയമിടിപ്പും കുറയും എന്ന നിരീക്ഷണം ശരിവയ്ക്കുന്നതാണ് നീലത്തിമിംഗലങ്ങളുടെ പഠനം തെളിയിക്കുന്നത്.

ശരീരത്തിന്‍റെ എല്ലാഭാഗത്തേക്കും രക്തമെത്തുന്നത് ഹൃദയമിടിപ്പു വഴിയാണ്. വലുപ്പമുള്ള ജീവികളുടെ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും  രക്തമെത്തുന്നതിന് സമയമെടുക്കുന്നതിനാലാണ് ഹൃദയം പമ്പ് ചെയ്യുന്ന വേഗത കുറയുന്നതും. മനുഷ്യര്‍ക്ക് മിനിട്ടില്‍ സാധാരണ ഗതിയില്‍ 60 മുതല്‍ 100 തവണ വരെയാണ് ഹൃദയമിടിക്കുക. എന്നാല്‍ ഒരു ഓട്ടക്കാരന്‍റെ ഹൃദയമിടിപ്പ് മിനിട്ടില്‍ 200 തവണ വരെ മിടിക്കും. ശരീരത്തിന്‍റ പ്രവര്‍ത്തനം വേഗത്തിലാകുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ രക്തയോട്ടം ആവശ്യമായതിനാലാണിത്. അതേസമയം ശരീരത്തിന്‍റെ വലുപ്പം കുറഞ്ഞ സസ്തനികളുടെ ഹൃദയമിടിപ്പ് മിനിട്ടില്‍ 1000 തവണ വരെ രേഖപ്പെടുത്തിയിട്ടുണ്ട്. എലികളുടേയും മറ്റും ഹൃദയമിടിപ്പ് ഇതിനുദാഹരണമാണ്. 

English Summary: First-Ever Measurement of a Blue Whale's Heartbeat Reveals Surprising Extremes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com