ഭൂമിക്കടിയിൽ അഗ്നിപർവതം തിളയ്ക്കുന്നു, ലോകമെമ്പാടും കേട്ട ആ ദുരൂഹ ശബ്ദം!

The Origin Of A Mysterious Humming
SHARE

2018 ലായിരുന്നു സംഭവം; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഭൂകമ്പമാപിനികളില്‍ കൃത്യമായ ഇടവേളകളിൽ ചില പ്രത്യേക സീസ്‌മിക് സിഗ്നലുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ആ വർഷം മേയ്, ജൂൺ മാസങ്ങളിലായിരുന്നു ഭൂമിക്കടിയിൽ നിന്നുള്ള ‘അനക്കങ്ങളുടെ’ ഈ സിഗ്നൽ ആദ്യം ലഭിച്ചത്. സിഗ്നൽ മാത്രമല്ല പ്രത്യേകതരം മൂളലോ ഇരമ്പലോ പോലൊരു ശബ്ദവും ഒപ്പമുണ്ടായിരുന്നു. ആ വർഷം നവംബറിലും ഈ സിഗ്നൽ പലയിടത്തും പ്രത്യക്ഷപ്പെട്ടു. ചിലയിടത്ത് ഇരമ്പൽശബ്ദം 20 മിനിറ്റ് വരെ നീണ്ടിരുന്നു. എന്താണിതു സംഗതിയെന്നു ഗവേഷകർ തലങ്ങും വിലങ്ങും പരിശോധിച്ചു. ഭൂമിക്കടിയിലുണ്ടാകുന്ന അജ്ഞാത മാറ്റങ്ങളാണോയെന്നായിരുന്നു പ്രധാന ആശങ്ക. ഒടുവിൽ ഗവേഷകർ കണ്ടെത്തി, കടലിനടിയിൽ ഒരു പുതിയ അഗ്നിപർവതം രൂപപ്പെടുന്നതിന്റെ ശബ്ദമായിരുന്നു സിഗ്നലുകളായും ഇരമ്പലുകളായും കേട്ടത്. 

ഇന്ത്യൻ മഹാസമുദ്രത്തിലെ മെയാടീ എന്ന ദ്വീപിൽ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ആഫ്രിക്കയ്ക്കും മഡഗാസ്കറിനും ഇടയിലുള്ള കോമോറോസ് ദ്വീപസമൂഹത്തിന്റെ ഭാഗമാണ് മെയാടീ. ഭൂചലനങ്ങൾക്ക് കുപ്രസിദ്ധമാണ് ഈ മേഖല. ഭൂമിക്കടിയിലെ ടെക്ടോണിക് ഫലകങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ കാരണം ഏകദേശം 7000 ഭൂചലനങ്ങൾ വരെ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. പഠനത്തിനായി തിരഞ്ഞെടുത്ത മേഖലയിൽ മാത്രമായിരുന്നു നിശ്ചിതകാലയളവിൽ ഇത്രയേറെ ഭൂചലനം. ഒന്നിനു മീതെ മറ്റൊന്നായി ചലിക്കുന്നതിനിടെ ടെക്ടോണിക് ഫലകങ്ങൾ മുന്നോട്ടു നീങ്ങാനാകാതെ ‘കുടുങ്ങുമ്പോഴാണ്’ ഇത്തരം ഭൂചലനങ്ങളുണ്ടാകുന്നത്. ഇവയുടെ മുന്നോട്ടുള്ള ചലനത്തിനു സഹായിക്കുന്ന സമ്മർദ്ദമാണ് ഭൂചലനമുണ്ടാക്കുന്നത്.

2018 മേയിലാണ് അത്തരത്തിലുള്ള ഏറ്റവും ശക്തമായ ഭൂചലനമുണ്ടായത്– റിക്ടർ സ്കെയിലിൽ 5.9 തീവ്രതയാണന്ന് രേഖപ്പെടുത്തിയത്. പഠനകാലയളലിൽ 407 നീണ്ട സിഗ്നലുകളും ഭൂമിക്കടിയിൽ രൂപപ്പെട്ടതായി കണ്ടെത്തി. വെരി ലോങ് പീരിയഡ് അഥവാ വിഎൽപി സിഗ്നലുകൾ എന്നായിരുന്നു ഇതിന്റെ പേര്. വളരെ കുറഞ്ഞ അളവിൽ, കാര്യമായ ഏറ്റക്കുറച്ചിലുകളില്ലാതെയാണ് ഇത്തരം സിഗ്നലുകൾ. 20–30 മിനിറ്റ് നീളുന്ന ഈ സിഗ്നലുകൾ മൈലുകളോളം ദൂരെ വരെ അനുഭവപ്പെടും. മെയാടീ ദ്വീപിന്റെ കിഴക്കൻ തീരത്തു നിന്ന് ഏകദേശം 22 മൈൽ മാറിയായിരുന്നു ഭൂചലനത്തിന്റെയും ഇത്തരം സിഗ്നലുകളുടെയും ആവിർഭാവം. അതോടൊപ്പം, പ്രദേശത്ത് ഭൂമിക്കടിയിൽ മാഗ്മ പ്രവർത്തനവും ഗവേഷകർ തിരിച്ചറിഞ്ഞു.

seismic waves

അതോടെ അന്വേഷണം ശക്തമാക്കി. ഗവേഷകരുടെ കഷ്ടകാലത്തിന് കടലിൽ ഈ ഭാഗത്ത് സീസ്മിക് ഉപകരണങ്ങളൊന്നും സ്ഥാപിച്ചിരുന്നില്ല. എന്നാൽ ദ്വീപിന്റെ ഉപരിതലം 7 ഇഞ്ച് താഴ്ന്നതായി കണ്ടെത്തി. ഒരു വർഷത്തിനിടെ ദ്വീപിന്റെ ഉപരിതലത്തിനു സംഭവിച്ച മാറ്റങ്ങളാണു പ്രത്യേക ഉപകരണങ്ങളിലൂടെ നിരീക്ഷിച്ചത്. ഭൗമോപരിതലത്തിനു 18 മൈൽ താഴെയുള്ള മാന്റിൽ പാളിയിലുള്ള റിസർവോയറിൽ നിന്ന് മാഗ്മ ഉയർന്നുവരുന്നതായും ഇതുവഴി കണ്ടെത്തി. ഇതിനു സഞ്ചരിക്കാൻ സമുദ്രത്തിനടിയിൽ ഒരു പാതയും (channel) രൂപപ്പെട്ടിരുന്നു. കൂടുതൽ പരിശോധനയിലാണ് ഇതേ ഭാഗത്ത് അഗ്നിപർവതം രൂപപ്പെടുന്നതായി തിരിച്ചറിഞ്ഞത്.

ഇത്തരം ഘട്ടങ്ങളിൽ ഭൂചലനങ്ങൾ കുത്തനെ കുറയും, മായോടീ ദ്വീപിന്റെ ഉപരിതലവും ഇടിഞ്ഞുതാഴ്ന്നു. പിന്നാലെ വിഎല്‍പി സിഗ്നലുകളും തുടരെത്തുടരെയെത്തി. മാഗ്മ ചേംബറുകൾ തകരുന്നതിന്റെ സൂചനയാണിവയെന്നാണ് ഗവേഷകർ പറയുന്നത്. അപ്പർ മാന്റിലിൽ ലോകത്ത് ഇന്നേവരെ കണ്ടെത്തിയ ഏറ്റവും വലിയ മാഗ്മ ചേംബറാണിതെന്നാണു കരുതുന്നത്. ഏറ്റവും ആഴത്തിലുള്ളതും ഇതുതന്നെ. ഇതിൽ നിന്നു പതിയെ മാഗ്മ പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുകയാണ്. ലോകം മുഴുവൻ ഇതിന്റെ അലയൊലികളെത്തിയെങ്കിലും മായോടീ ദ്വീപിൽ ഇരമ്പല്‍ ശബ്ദം കുറവായിരുന്നു. ഇവിടെ മാത്രം ഏകദേശം 2.6 ലക്ഷം പേർ താമസിക്കുന്നുണ്ട്. ദ്വീപിലെ അഗ്നിപർവതം അവസാനമായി പൊട്ടിത്തെറിച്ചത് 4000 വർഷം മുൻപാണ്. വിഎൽപി സിഗ്നലുകളെപ്പറ്റിയുള്ള വിശദപഠനം നേച്ചർ ജിയോസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

English Summary:The Origin Of A Mysterious Humming Felt Across The World Has Been Pinpointed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA