ADVERTISEMENT

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് യുക്രെയ്ന്‍റെ അന്റാർട്ടിക്കയിലെ ബേസ് ക്യാംപില്‍ ഉറക്കമെണീറ്റ ഗവേഷകര്‍ അദ്ഭുതത്തോടെയും ആശങ്കയോടെയും ഒരു കാഴ്ച കണ്ടു. തലേദിവസം വരെ തൂവെള്ള നിറത്തില്‍ കാണപ്പെട്ട മണ്ണുപാളികള്‍ ചോര കോരിയൊഴിച്ചതു പോലെ ചുവന്ന നിറത്തില്‍ കാണപ്പെടുന്നു. ഒറ്റനോട്ടത്തില്‍ പ്രദേശം കണ്ടാൽ യുദ്ധമേഖലയോ കൂട്ടക്കൊല നടന്ന പ്രദേശം പോലെയോ തോന്നുന്ന വിധം ഭീതിയുണര്‍ത്തുന്നതായിരുന്നു ആ കാഴ്ചയെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പക്ഷേ ഏതെങ്കിലും ജീവി രാത്രിയില്‍ പെന്‍ഗ്വിനുകളെയോ മറ്റേതെങ്കിലും ജീവികളെയോ കൊന്നൊടുക്കിയോ എന്നു പോലും ആ സമയത്ത് തോന്നിയെന്നും ഇവര്‍ വിശദീകരിക്കുന്നു. പക്ഷേ കാഴ്ചയിൽ ഭീകരത്വം തോന്നിക്കുമെങ്കിലും യഥാർഥത്തില്‍ ഈ ചുവപ്പിന് ചോരയുമായി ഒരു ബന്ധവുമില്ല എന്നതായിരുന്നു യാഥാർഥ്യം.

ചോരയുടെ കാര്യത്തില്‍ ഭയപ്പെടേണ്ടെങ്കിലും ഈ നിറം മാറ്റത്തിനു പിന്നിലെ യഥാർഥ വസ്തുത ഭയപ്പെടുത്തുന്ന ഒന്നു തന്നെയാണ്. അന്‍റാര്‍ട്ടിക്കില്‍ സംഭവിക്കുന്ന സമീപകാലത്തെ പല മാറ്റങ്ങളും പോലെ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ഭൂമിയിലുണ്ടായ മാറ്റങ്ങളാണ് ഈ നിറം മാറ്റത്തിലേക്കും നയിച്ചത്. യുക്രെയ്നിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലെ ആന്‍ഡ്രെ സോടോവ് എന്ന ഗവേഷകനാണ് ഈ നിറം മാറ്റത്തെക്കുറിച്ച് പഠനം നടത്തിയത്.

ചോരച്ചുവപ്പ് പുതപ്പിച്ചത് ആല്‍ഗകള്‍

തികച്ചും കുഞ്ഞന്‍മാരായ ആല്‍ഗകളാണ് മഞ്ഞുപാളികള്‍ക്ക് സംഭവിച്ച നിറംമാറ്റത്തിനു പിന്നിലെന്നാണ് ഗവേഷകര്‍ കണ്ടെത്തി.. ക്ലാമിനോമാഡിസ് നിവാലിസ് എന്നതാണ് ഈ ആല്‍ഗകളുടെ ശാസ്ത്രീയ നാമം. ഗ്രീന്‍ ആല്‍ഗെ വിഭാഗത്തില്‍ പെടുന്നവയാണ് ഇവ. ഏക കോശ സീവീഡ് ജീവികളാണ്. ആര്‍ട്ടിക്കിലും, ആന്‍റാര്‍ട്ടിക്കിലും മാത്രമല്ല മഞ്ഞു കാണപ്പെടുന്ന ഉയര്‍ന്ന പര്‍വത നിരകളിലെല്ലാം കാണപ്പെടുന്നവയാണ് ഈ ആല്‍ഗകള്‍. ശൈത്യകാലത്ത് ഉറങ്ങിക്കിടക്കുന്ന ഇവ, അതിനു ശേഷം സൂര്യപ്രകാശം ശക്തമാകുന്നതോടയാണ് പതിയെ തല പൊക്കുന്നത്.

സൂര്യപ്രകാശത്തെ തുടര്‍ന്ന് മഞ്ഞുരുകി ജലാംശം കൂടുന്നതോടെ ആല്‍ഗകള്‍ വലിയ തോതില്‍ വിഘടിച്ച് എല്ലാ മേഖലകളിലേക്കും വ്യാപിക്കും. ദ്രവരൂപത്തിലുള്ള ജലാംശം ലഭിക്കുന്നതോടെയാണ് ആല്‍ഗകള്‍ വ്യാപകമാകുന്നതെന്ന് ഇവയെക്കുറിച്ച് പഠനം നടത്തിയ ലീഡ്സ് സര്‍വകലാശാലയ മൈക്രോ ബയോളജിസ്റ്റ് സ്റ്റഫി ലൂട്സ് വ്യക്തമാക്കി. ജനനസമയത്ത് ഇവയുടെ നിറം പച്ചയാണ് കൂടാതെ ഇവയ്ക്ക് ചലിയ്ക്കുന്നതിനായി ഫ്ലാഗെല്ലാ എന്നു വിളിക്കുന്ന വാലുപോലുള്ള ശരീരഭാഗവുമുണ്ടാകും.

എന്നാല്‍ പ്രായമാകുന്നതോടെ ഇവയ്ക്ക് ചലനശേഷി നഷ്ടപ്പെടുന്നു. ഈ സമയത്ത് പ്രതിരോധ സാഹചര്യങ്ങളെ അതിജീവിക്കാനായി ഇവയുടെ ശരീരത്തില്‍ ഒരു പുറന്തോടും രൂപപ്പെടും. ചുവന്ന കാരറ്റനോയിഡുകള്‍ അടങ്ങുന്നതാണ് ഈ പാളി. ഈ പാളിയാണ് ആല്‍ഗകള്‍ക്ക് ചുവപ്പ് നിറം നല്‍കുന്നതും. അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്ന് പോലും ഈ ജീവികളെ രക്ഷിക്കാന്‍ കഴിവുള്ളവയാണ് ഈ പാളികള്‍. 

Astounding Images of Antarctica's Blood-Red Ice Are Really an Ominous Climate Sign

ആല്‍ഗകളും കാലാവസ്ഥാ വ്യതിയാനവും

ഇത്തവണ ഡിസംബര്‍ മധ്യത്തോടെയാണ് ഈ ആല്‍ഗകൾ വ്യാപകമായി കാണപ്പെടാന്‍ തുടങ്ങിയത്. പക്ഷേ ഈ ആല്‍ഗകള്‍ വ്യാപകമാകുന്നത് പ്രകൃതിയുടെ മറ്റൊരു സ്വാഭാവിക പ്രക്രിയയെ പുറകോട്ടടിക്കുന്നുണ്ട്. വലിയ തോതില്‍ സൂര്യപ്രകാശം അന്‍റാര്‍ട്ടിക്കിലേക്കെത്തുന്ന സമയമാണ് ഡിസംബര്‍ മുതല്‍ ജനുവരി വരെ. മഞ്ഞുനിറഞ്ഞ മേഖലയായതിനാല്‍ ആല്‍ബിഡോ പ്രതിഭാസം മൂലം ഈ സൂര്യപ്രകാശത്തിന്‍റെ വലിയൊരു ഭാഗം പ്രതിഫലിക്കും. അതായത് ഇങ്ങോട്ട് വരുന്ന സൂര്യതാപത്തിന്‍റെ ഒരു ഭാഗം ആകാശത്തേക്കു തന്നെ തിരികെ പോകും.

എന്നാല്‍ അന്‍റാര്‍ട്ടിക്കിലെ ഒട്ടേറെ പ്രദേശത്ത് ഇത്തരത്തിൽ ആല്‍ഗകള്‍ വ്യാപകമാകുന്നതോടെ സൂര്യപ്രകാശത്തിന്‍റെ പ്രതിഫലനം കുറയും. മഞ്ഞുപാളികളുടെ വെള്ള നിറം മാറി ചുവപ്പ് നിറമാകുന്നത് തന്നെ കാരണം. ഇതുമൂലം കൂടുതല്‍ സൂര്യപ്രകാശം ഈ മേഖല ആഗിരണം ചെയ്യുന്നതിന് ഇത് കാരണമാകും. വ്യാപകമായ രീതിയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കും. ക്രമേണ ഭൂമിയില്‍ താപനിലയും അന്തരീക്ഷ ഊഷ്മാവും ഉയരുന്നതിനും കാരണമാകും.

അതായത് ആല്‍ഗകളുടെ സാമീപ്യം മൂലം അന്‍റാര്‍ട്ടിക്കിലെ താപ ആഗിരണം വർധിക്കും. ഇത് പ്രദേശത്തെ താപനില ഉയര്‍ത്തും. ഇതാകട്ടെ മഞ്ഞുപാളികള്‍ കൂടുതല്‍ ഉരുകുന്നതിന് കാരണമാകും. ഇങ്ങനെ കൂടുതല്‍ ഉരുകുന്നത് വീണ്ടും ആല്‍ഗകളുടെ വ്യാപനം വർധിപ്പിക്കുകയും തുടര്‍ച്ചയായി ഇതേ പ്രതിഭാസങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമാകുകയും ചെയ്യും. ഒപ്പം മഞ്ഞുപാളികളുടെ ഉരുക്കം ആഗോള സമുദ്രനിരപ്പ് ഉയരാന്‍കാരണമാകും. സമുദ്രം വ്യാപിക്കുന്നതിനും ഇത് കാരണമാകും. ഇതാകട്ടെ ഭൂമിയുടെ ആകെ താപനില ഉയരുന്നതിന് കാരണമാകും. കടല്‍ കൂടുതല്‍ ചൂട് പിടിയ്ക്കുന്നത് അന്തരീക്ഷ താപനിലയും ഉയര്‍ത്തും. ഇങ്ങനെ ഈ പ്രതിഭാസങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാലാണ് ഈ ചുവന്ന ആല്‍ഗകളുടെ സാന്നിധ്യം ഗവേഷകരെ ആശങ്കപ്പെടുത്തുന്നതും.

English Summary: Astounding Images of Antarctica's Blood-Red Ice Are Really an Ominous Climate Sign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com