സീലംമ്പുര്‍: ഇന്ത്യയുടെ ഡിജിറ്റല്‍ അധോലോകം, നിങ്ങളുടെ ഫോണ്‍ മരിക്കാന്‍ പോകുന്നത് ഇവിടെ
Mail This Article
ഒരു വരണ്ട മാര്‍ച്ച് മാസത്തില്‍ ഉച്ചതിരിഞ്ഞ് തിരക്കുള്ള ഒരിടത്തു കൂടി നടക്കുകയായിരുന്നു ഞാൻ. എന്നെ ശ്രദ്ധിക്കാതെ, എനിക്കു ചുറ്റും ആളുകള്‍ അതിവേഗം നടന്നു പോകുന്നുണ്ട്. ഞാന്‍ പുറമേ നിന്നുള്ളയാളാണെന്ന് വ്യക്തമാണ്. എനിക്കു ചുറ്റും നടക്കുന്നവരുടെയെല്ലാം ചുമലില്‍ എന്തെങ്കിലുമൊക്കെ സാധനങ്ങളുണ്ട്. ഉപേക്ഷിക്കപ്പെട്ട ലോഹ പദാർഥങ്ങൾ നിറഞ്ഞ, വീതികുറഞ്ഞ, ദുര്‍ഗന്ധം വമിക്കുന്ന ഒരു ഇടവഴിയാണ് എനിക്കു മുന്നിലുള്ളത്.
തുണ്ടുതുണ്ടായി കിടക്കുന്നത് ലോഹക്കഷണങ്ങളല്ല, ഉപേക്ഷിക്കപ്പെട്ട മൊബൈല്‍ ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും ഉള്‍ഭാഗങ്ങളാണ്. പ്രധാന വഴിയിലേക്ക് എത്തുന്ന പന്ത്രണ്ടിലേറെ ചെറിയ വഴികള്‍ക്കു ചുറ്റും വലിച്ചെറിഞ്ഞ നിലയില്‍ കിടക്കുകയാണ് അവ. എനിക്കു ചുറ്റും ഇടവഴികളാണ്. ഒരു രാവണന്‍കോട്ടയിലെത്തിയ പ്രതീതി. വൃത്തികെട്ട തോടിന്റെ കരയിൽ ചെറുതും വലുതുമായ ട്രക്കുകള്‍ നിർത്തിയിട്ടിരിക്കുന്നു. അവയുടെ പിന്‍ഭാഗം തുറന്നു വച്ചിട്ടുണ്ട്. പുരുഷന്മാരും കൗമാരക്കാരായ ആണ്‍കുട്ടികളും ട്രക്കുകളില്‍നിന്ന് ഇറക്കിയ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിറഞ്ഞ പെട്ടികളും കൊണ്ട് നടക്കുകയാണ്. വഴികള്‍ക്ക് ഇരുപുറവും ഉള്ള വീടുകളിലേക്കാണ് അവര്‍ നീങ്ങുന്നത്. ‘സൂക്ഷിക്കണേ, താങ്കള്‍ ഇവരുടെ വിവരങ്ങൾ ശേഖരിക്കുന്നെന്നോ ചിത്രമെടുക്കുന്നെന്നോ തോന്നിയാൽ ഇവർ കുപിതരായേക്കാം.’– ടോക്‌സിക് ലിങ്ക്‌സ് എന്ന സംഘടനയുടെ സന്നദ്ധപ്രവര്‍ത്തകനായ വിനോദ് കുമാര്‍ പറഞ്ഞു. ഇലക്‌ട്രോണിക്‌സ് വെയ്‌സ്റ്റ് അഥവാ ഇ മാലിന്യത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന എന്‍ജിഒ ആണ് ടോക്‌സിക് ലിങ്ക്‌സ്.
ഞാനിപ്പോള്‍ ന്യൂഡല്‍ഹിയില്‍നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ വടക്കുകിഴക്കുള്ള സീലംപുരിലാണ് (Seelampur). ഭാഗികമായി നഗരവല്‍ക്കരിക്കപ്പെട്ട പ്രദേശം എന്ന വിശേഷണം ഈ സ്ഥലത്തിനു ചേരും. നിർമിക്കപ്പെട്ട് അധികം കാലമാകാത്ത പട്ടണം. അടിയന്തരാവസ്ഥക്കാലത്തു സർക്കാരോ പ്രാദേശിക ഭരണകൂടങ്ങളോ വീടുകൾ തകർത്തുകളഞ്ഞ ഉത്തര ഡൽഹിയിലെയും മധ്യ ഡൽഹിയിലെയും ആളുകളെ പുനരധിവസിപ്പിക്കാനായി 1993 ലാണ് സീലംപുർ ഉണ്ടാക്കിയത്. ഇന്ന് അതിന്റെ പ്രശസ്തി ഇന്ത്യയുടെ ഡിജിറ്റല്‍ അധോലോകം എന്ന നിലയിലാണ്. ഓരോ വര്‍ഷവും ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന 30 ലക്ഷം ടണ്‍ ഇ മാലിന്യത്തിന്റെ മൂന്നിലൊന്ന് ഇവിടെയാണ് ഉപേക്ഷിക്കപ്പെടുന്നത്. നിങ്ങള്‍ വടക്കേ ഇന്ത്യയിലാണ് വസിക്കുന്നതെങ്കില്‍, മുൻപു നിങ്ങൾ ഉപയോഗിച്ച് ഉപേക്ഷിച്ച ഫോൺ ‘അന്ത്യവിശ്രമ’ ത്തിനായി ഇവിടെ എത്തിയിരിക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യയിലെ ടെക്‌നോളജി വിപ്ലവവും വിലകുറഞ്ഞ സ്മാര്‍ട്ട്‌ഫോണുകളോടുള്ള താൽപര്യവും സൃഷ്ടിച്ചിരിക്കുന്നത് ഏറെക്കുറെ മോശമായ ഒരവസ്ഥയാണ്; ഇ മാലിന്യം സൃഷ്ടിക്കുന്നതിൽ ലോകത്ത് *അഞ്ചാം സ്ഥാനത്താണ് നാമിപ്പോൾ.കഴിഞ്ഞ വര്‍ഷം ആപ്പിള്‍ കമ്പനി, പുനരുപയോഗയോഗ്യമാക്കിയ പഴയ ഐഫോണുകള്‍ ഇന്ത്യയില്‍ വില്‍ക്കാനുള്ള അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. ഉപയോഗശൂന്യമായ ഫോണുകള്‍ തള്ളാനുള്ള ഇടമായി ആപ്പിൾ ഇന്ത്യയെ ഉപയോഗിക്കുകയാണോ എന്ന സംശയമായിരുന്നു കാരണം. ആപ്പിള്‍ മേധാവി ടിം കുക്ക് 2016 മേയില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് റീഫര്‍ബിഷ്ഡ് ഫോണുകള്‍ ഇന്ത്യയിൽ വിൽക്കാൻ വീണ്ടും അനുമതി തേടിയതായി സൂചനയുണ്ടായിരുന്നു. കുക്ക് ഒരുപക്ഷേ പഴയ ഫോണുകള്‍ സംസ്‌കരിച്ചെടുക്കാനുള്ള തങ്ങളുടെ ‘ലിയാം’ എന്ന റോബട്ടിനെക്കുറിച്ച് സംസാരിച്ച്, പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തിന് മറ്റൊരു ധ്വനി നല്‍കിയിരിക്കാം. അന്ന് ലിയാമിനെ സൃഷ്്ടിച്ച് രണ്ടു മാസമേ ആയിരുന്നുള്ളൂ.
മെറ്റല്‍ വിളവെടുപ്പ്, ഒരു തവണ ഒരു മില്ലിഗ്രാം വച്ച്
അഷ്ഫാക് അഹമ്മദ് ഒരു ലിയാമല്ല, മനുഷ്യനാണ്. ക്ഷീണം തളംകെട്ടിയ കണ്ണുകളുമായാണ് അഷ്ഫാക് എന്നെ നോക്കിയത്. അയാള്‍ ഒരു പഴയ ഐബിഎം കംപ്യൂട്ടർ പൊട്ടിക്കുകയായിരുന്നു, മദര്‍ബോര്‍ഡ് പുറത്തെടുത്ത് അതിനെ ആസിഡില്‍ കുളിപ്പിച്ചെടുക്കാന്‍.
‘താങ്കള്‍ ഒരു എന്‍ജിഒയില്‍ നിന്നാണോ?’– അഷ്ഫാക് ചോദിച്ചു.
‘അല്ല,’– ഞാന്‍ പറഞ്ഞു. ഞാനിവിടെ എത്തിയത് ഇ മാലിന്യത്തെക്കുറിച്ചും അതുണ്ടാക്കുന്ന പാരിസ്ഥിതികാഘാതത്തെക്കുറിച്ചും എഴുതാനാണ്.’
അഷ്ഫാക് എന്റെ നേരേ പേടിയില്ലാതെ നോക്കി.
‘ഇതിലെന്താണ് ഇത്രമാത്രം എഴുതിപ്പിടിപ്പിക്കാനിരിക്കുന്നത്?’ അഷ്ഫാക് ചോദിച്ചു. ‘നാലു തലമുറകളായി ഞങ്ങള്‍ പാഴ്‌വസ്തുക്കളില്‍ നിന്ന് പുനരുത്പാദനം നടത്തുന്നു. ഇ മാലിന്യം പുതിയ പാഴ്‌വസ്തുവാണ്.’അഷ്ഫാക് പറഞ്ഞു. ഞാനവിടെ അയാളുമായി സംസാരിച്ചു നിന്നപ്പോള്‍ ചുറ്റുമുള്ള മറ്റു ജോലിക്കാര്‍ സംശയാലുക്കളാകുന്നെന്ന് എനിക്കു തോന്നി. അവരിലൊരാള്‍ എന്റെയടുത്തെത്തി എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പ് ഞാന്‍ പോക്കറ്റില്‍നിന്ന് ഫോണെടുത്ത് സംസാരിക്കുന്നതായി ഭാവിച്ച് അവിടെനിന്നു വേഗം നടന്നകന്നു. '‘താങ്കള്‍ ഇ മാലിന്യത്തെക്കുറിച്ച് എഴുതാനെത്തിയ പത്രപ്രവര്‍ത്തകനാണ് എന്ന് അവരറിഞ്ഞിരുന്നെങ്കില്‍ അപകടമായേനേ’– മറ്റൊരു ജോലിക്കാരന്‍ പിന്നീട് എന്നോടു പറഞ്ഞു.
മാധ്യമങ്ങളും എന്‍ജിഒകളും ഇന്ത്യയുടെ ഇ മാലിന്യ പ്രശ്‌നത്തിന് ആവശ്യമില്ലാത്ത ശ്രദ്ധ നല്‍കുകയാണ് എന്നാണ് സീലംപുരിലെ ഇ മാലിന്യ തൊഴിലാളികള്‍ കരുതുന്നത്. ‘കുറച്ച് എന്‍ജിഒ സംഘടനകള്‍ വിദേശികളുമായി ഇവിടെയെത്തി. തുടര്‍ന്ന് ആഴ്ചകള്‍ക്കുള്ളില്‍ പൊലീസ് റെയ്ഡ് ഉണ്ടായി.’– മറ്റൊരു തൊഴിലാളി പറഞ്ഞു. ‘സീലംപുരില്‍ ലോഹ വസ്തുക്കളും ജീന്‍സും സാമ്പ്രാണിത്തിരിയുമൊക്കെ നിർമിക്കുന്ന യൂണിറ്റുകളുണ്ട്. എന്നാല്‍ അവിടെയൊന്നും റെയ്ഡ് ഉണ്ടാകാറില്ല.’
സീലംപുരില്‍ മാത്രമല്ല തലമുറകളായി അഷ്ഫാക്കിനെ പോലെയുള്ള ജോലിക്കാര്‍ ഇ മാലിന്യം തല്ലിപ്പൊളിച്ചു കൂട്ടുന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ്; ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള ലോണി, മുണ്ഡ്ക, മന്‍ഡോളി, ബംഗാളിലെ കൊല്‍ക്കത്തയും അതിന്റെ പ്രാന്തപ്രദേശങ്ങളും, ചെന്നൈയിലെ പെരുങ്കുടി, അമ്പത്തൂര്‍, ഗുയിണ്ടി തുടങ്ങി നൂറുകണക്കിന് ഇടങ്ങളില്‍ ഇതു നടക്കുന്നു. ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന 30 ലക്ഷം ടണ്‍ ഇ മാലിന്യവും മുന്‍കരുതലുകള്‍ സ്വീകരിക്കാത്ത ഇത്തരം സ്ഥലങ്ങളിലാണ് എത്തുന്നത്.
ഈ നഗരങ്ങളിലെയെല്ലാം കഥ സമാനമാണ്. കുട്ടികളും സ്ത്രീകളും പുരുഷന്മാരുമടക്കം നൂറുകണക്കിനു പേര്‍ ഇ മാലിന്യ പുനചംക്രമണത്തിനായി പ്രവര്‍ത്തിക്കുന്നു. അവയില്‍നിന്ന് വിലപിടിപ്പുള്ള ലോഹങ്ങളായ ഈയം, ചെമ്പ്, അലുമിനിയം, പിച്ചള, വെള്ളി, സ്വര്‍ണം തുടങ്ങിയവ കിട്ടുമോ എന്നു നോക്കുന്നു. മദര്‍ബോര്‍ഡുകള്‍, സര്‍ക്യൂട്ട് ബോര്‍ഡുകള്‍, കംപ്യൂട്ടര്‍ സെര്‍വര്‍ കാര്‍ഡുകള്‍ തുടങ്ങിയവയുടെ കൂനകളില്‍നിന്ന് ലോഹങ്ങള്‍ കിട്ടുമോ എന്നു നോക്കാനാണ് ഈ അസംഘടിത തൊഴിലാളികള്‍ ശ്രമിക്കുന്നത്.
മദര്‍ബോര്‍ഡുകള്‍ സള്‍ഫ്യൂറിക് ആസിഡില്‍ മുക്കിയാണ് സ്വര്‍ണവും വെള്ളിയും വേര്‍തിരിച്ചെടുക്കുന്നത്. സര്‍ക്യൂട്ട് ബോര്‍ഡുകൾ ശക്തിയുള്ള തീജ്വാലകള്‍ക്കു മുകളില്‍ പിടിച്ചാണ് ചെമ്പ് വേർതിരിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. കംപ്യൂട്ടറിന്റെ മറ്റു ഘടകഭാഗങ്ങളും ഇങ്ങനെ പല രീതിയില്‍ കൈകാര്യം ചെയ്ത് അവയില്‍നിന്ന് പല ലോഹങ്ങളും വേർതിരിച്ചെടുക്കുന്നു. ആരോഗ്യത്തിനു ഹാനികരമാകുന്ന ഈയം പോലെയുള്ള വസ്തുക്കളും ഇതിലുണ്ട്. ഈയം വാങ്ങുന്നത് അനുമതിയോടെയും അല്ലാതെയും ബാറ്ററി നിർമിക്കുന്ന ആളുകളാണ്. ഇ മാലിന്യത്തിൽനിന്ന് വേര്‍തിരിച്ചെടുക്കുന്ന ലോഹങ്ങളിൽ പ്ലാറ്റിനം, ഗാലിയം, പല്ലാഡിയം, ടന്‍ടാളം, ടെലീറിയം, ജെര്‍മാനിയം, സെലേനിയം തുടങ്ങിയവയും ഉള്‍പ്പെടും. ഇവ ആഭരണ നിർമാണം മുതല്‍ ബാറ്ററി നിര്‍മാണം വരെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു.
ഇതിനെല്ലാം തുടക്കമിടുന്നത് നിങ്ങള്‍പഴയ ഫോണ്‍ നല്‍കി പുതിയതു വാങ്ങുമ്പോഴാണ്. നിങ്ങള്‍ക്ക് പഴയ ഫോണിനുള്ള ഡിസ്‌കൗണ്ട് നല്‍കിയശേഷം കടക്കാരന്‍ സീലംപുർ പോലെയുള്ള സ്ഥലങ്ങളിലെ റീസൈക്‌ളിങ് യൂണിറ്റുകള്‍ക്കു വില്‍ക്കുന്നു. ഉദാഹരണത്തിന്, ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഉപകരണങ്ങള്‍ വിഘടിപ്പിക്കുന്ന സ്ഥലമാണ്. അത് സീലംപുരിന് അടുത്തുമാണ്.
നിങ്ങള്‍ വില്‍ക്കുന്ന ഫോണ്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ അതു സെക്കന്‍ഡ്ഹാന്‍ഡായി വിൽക്കും. പഴയ നോക്കിയ ഫോണുകള്‍ തങ്ങള്‍ക്ക് ഇപ്പോഴും ലഭിക്കാറുണ്ടെന്നും അവ 500 രൂപയോ അതിലധികമോ നല്‍കി തങ്ങളുടെ കോളനിയിലുളളവര്‍ വാങ്ങാറുണ്ടെന്നും അഷ്ഫാക് പറഞ്ഞു. ഒരു ഇലക്ട്രോണിക് ഉപകരണം പ്രവർത്തനക്ഷമമമാണോ എന്നു നിർണയിക്കാനുള്ള വൈദഗ്ധ്യം തനിക്കോ ഒപ്പമുള്ള മറ്റു ജോലിക്കാർക്കോ ഇല്ലെന്ന് അഷ്ഫാക് പറഞ്ഞു. അതേസമയം, പഴയ വസ്തുക്കള്‍ വിൽക്കുന്നവര്‍ സീലംപുരും അതുപോലെയുള്ള സ്ഥലങ്ങളും സ്ഥിരമായി സന്ദര്‍ശിച്ച്, നന്നാക്കിയെടുക്കാവുന്ന ഉപകരണങ്ങള്‍ തിരഞ്ഞെടുത്തു കൊണ്ടുപോയി വില്‍ക്കാറുണ്ട്.
വിഘടിപ്പിക്കുക, വേര്‍പെടുത്തുക, വേര്‍തിരിച്ചെടുക്കുക: ദിവസക്കൂലി 200 രൂപ
വിലപിടിപ്പുള്ള ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന പ്രക്രിയ തുടങ്ങുന്നതിനു മുമ്പ് സീലംപുരിലേതു പോലെയുള്ള ഹബുകളില്‍ ഫോണുകളും മറ്റും പൊട്ടിച്ച് അവയിലെ ചിപ്പുകളും മറ്റു ഘടകഭാഗങ്ങളും വേര്‍തിരിച്ചെടുക്കുന്നു. ഇത്തരം ഘടകഭാഗങ്ങള്‍ക്ക് വേറെ ആവശ്യക്കാരുമുണ്ട് – റിപ്പയറിങ് നടത്തുന്ന കടകള്‍. ടിവികളും ഫോണുകളുമൊക്കെ നന്നാക്കി നല്‍കുന്നവര്‍ അവയുടെ പല ഭാഗങ്ങളും ഇതുപോലെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് ശേഖരിക്കുന്നത്.
ജോലിക്കാര്‍ ആദ്യം പ്ലാസ്റ്റിക്കും മെറ്റാലിക് ബോര്‍ഡുകളും സര്‍ക്യൂട്ട് ബോര്‍ഡുകളും വേര്‍തിരിച്ചെടുക്കുന്നു. പ്ലാസ്റ്റിക് സംസ്കരണത്തിന് ഡൽഹിയില്‍ തന്നെയുള്ള മുഡ്കയിലേക്കോ ടികരി കലമിലേക്കോ അവിടെനിന്ന് ബാവാന, നംഗ്‌ലോയി തുടങ്ങിയ സ്ഥലങ്ങളിലേക്കും പോകുന്നു. സ്വര്‍ണമുള്‍പ്പടെയുള്ള ലോഹങ്ങളടങ്ങുന്ന സര്‍ക്യൂട്ട് ബോര്‍ഡുകൾ മൊറാദാബാദിലേക്കു പോകുന്നു. ഇവിടെയാണ് സ്വര്‍ണം വേര്‍തിരിക്കലില്‍ നൈപുണ്യമുള്ളവര്‍ ഉള്ളത്. ഈയം, ചെമ്പ് തുടങ്ങിയവ വേര്‍തിരിച്ചെടുക്കാനായി മന്‍ഡോളി, ലോനി തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകുന്നു. ആസിഡിലിട്ടാണ് ഇവ വേര്‍തിരിച്ചെടുക്കുക. സീലംപുരിലും അവര്‍ ഗ്യാസ് ടോർച്ച് കൊണ്ട് ബോര്‍ഡുകള്‍ ഉരുക്കാറുണ്ട്.
ഇങ്ങനെ വേര്‍തിരിക്കുന്ന ലോഹങ്ങൾ വാങ്ങുന്നതിലേരെയും ചെമ്പ് ദ്രവീകരണ ശാലകളാണ്. അവ ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കും. ബാറ്ററി നിർമാതാക്കളാണ് ഈയം വാങ്ങുന്നത്. ഇതില്‍ പലര്‍ക്കും അംഗീകാരമുണ്ടോ എന്നു സംശയമുണ്ട്. മന്‍ഡോളിയില്‍ ബാറ്ററി നിര്‍മാതാക്കള്‍ വേഗം കാശു നല്‍കി സാധനം വാങ്ങി സ്ഥലം കാലിയാക്കുന്നതു കാണാം.
ഇ മാലിന്യ പുനചംക്രമണം നടത്താനുള്ള അംഗീകാരം ലഭിച്ച ഏകദേശം 170 കമ്പനികളാണ് ഇന്ത്യയിലുള്ളത്. അതിലൊന്നായ അറ്റെറോ റീസൈക്ലിങ്ങിന് ഇ മാലിന്യം ശേഖരിക്കാനായി രാജ്യമെമ്പാടും ശൃംഖലയുണ്ട്. ഇവ കമ്പനിയുടെ റൂര്‍കി പ്ലാന്റില്‍ സംസ്‌കരിച്ചെടുക്കുന്നു. എന്നാല്‍, 170 കമ്പനികളില്‍ നാലോ അഞ്ചോ എണ്ണം മാത്രമാണ് സ്വന്തമായി പുനചംക്രമണം നടത്തുന്നത്. മറ്റുള്ളവരെല്ലാം അവ തല്ലിപ്പൊട്ടിക്കുക മാത്രമാണ് ചെയ്യുന്നത്.
അനൗദ്യോഗികമായി ഈ രംഗത്തു പ്രവർത്തിക്കുന്നവർ ഒരുപാടുണ്ടെന്നും അവരുടെ എണ്ണമെടുക്കുക ബുദ്ധിമുട്ടാണെന്നും ടോക്‌സിക് ലിങ്ക്‌സിനു വേണ്ടി പത്തു വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്ന സീനിയര്‍ പ്രൊഗ്രാം കോഓര്‍ഡിനേറ്റർ പ്രീതി മഹേഷ് പറയുന്നു. ‘രാജ്യത്ത് ഉണ്ടാകുന്ന ഇ മാലിന്യത്തിന്റെ 90 ശതമാനവും സീലംപുരിലേതുപോലെയുള്ള അസംഘടിത തൊഴിലാളികളാണ് പുനചംക്രമണം നടത്തുന്നത്. എന്നാല്‍ ഇവരുടെ ശേഷി പരമദയനീയമാണ്. ഏകദേശം 20-30 ശതമാനം മാത്രമേ വേര്‍തിരിച്ചെടുക്കാനാകുന്നുള്ളു. അതിനു വേണ്ട ആധുനിക ഉപകരണങ്ങളുടെ അഭാവമാണ് കാരണം. ജോലിക്കാര്‍ക്ക് സങ്കീര്‍ണ്ണമായ ഈ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയുമില്ല.’
സീലംപുരിലെ പല തൊഴിലാളികള്‍ക്കും പ്രതിദിനം ലഭിക്കുന്നത് 200 രൂപയില്‍ താഴെയാണ്. ജോലി അനുസരിച്ചാണ് വേതനം. അവര്‍ എന്താണ് വേര്‍തിരിച്ചെടുത്തത് എന്നതും പരിഗണിക്കും. ഒരു കിലോ ചെമ്പ് വേര്‍തിരിച്ചെടുത്താല്‍ 400 രൂപയിലേറെ ലഭിക്കുമെന്നാണ് നവേദ് എന്നൊരു തൊഴിലാളി പറഞ്ഞത്. സ്വര്‍ണവും വെള്ളിയും വേര്‍തിരിച്ചാല്‍ കൂടുതല്‍ കാശുകിട്ടും. പക്ഷേ അത് അപകടകരമാണ്.
സ്വര്‍ണം വേര്‍തിരിച്ചെടുക്കാനായി ഈ തൊഴിലാളികള്‍ ഉപയോഗിക്കുന്നത് സയനൈഡ് ആണെന്നാണ് നോയിഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇ മാലിന്യ മാനേജ്‌മെന്റ് കമ്പനിയായ അറ്റെറോ റീസൈക്ലിങ്ങിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ രോഹന്‍ ഗുപ്ത പറയുന്നത്. ഈ പ്രക്രിയയ്ക്കാണ് ‘ഗോള്‍ഡ് സയനൈഡേഷന്‍’ എന്നു പറയുന്നത്. നിലവാരം കുറഞ്ഞ അയിരിൽനിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള പ്രക്രിയയാണിത്.
കുഴപ്പംപിടിച്ച ജോലികള്‍ ചെയ്യുന്നതിന് സീലംപുരിലെ തൊഴിലാളികള്‍ കണ്ടെത്തുന്ന ന്യായം കുറച്ചധികം പണം ലഭിക്കുമെന്നതാണ്. ഉപയോഗശൂന്യമായ സ്മാര്‍ട്ട്‌ഫോണുകളില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് നല്ലൊരു വരുമാനമാര്‍ഗമാണ്. ഉദാഹരണത്തിന് 41 സ്മാര്‍ട്ട്‌ഫോണുകളില്‍നിന്ന് 1 ഗ്രാം സ്വര്‍ണം ലഭിക്കും. അതിന്റെ വില ഗ്രാമിന് 3000 രൂപയാണ്. പുനചക്രമണം ചെയ്യുന്ന ഓരോ 10 ലക്ഷം സ്മാര്‍ട്ട്‌ഫോണുകളില്‍നിന്നും 350 കിലോ വെള്ളി, 34 കിലോ സ്വര്‍ണം, 14 കിലോ പല്ലാഡിയം എന്നിവ വേര്‍തിരിച്ചെടുക്കാമെന്നാണ് അറ്റെറോ പറയുന്നത്. എന്നാല്‍ സീലംപുരിലെ ജോലിക്കാര്‍ക്ക് ഇതിന്റെ 20-30 ശതമാനം വരെ മാത്രമേ വേര്‍തിരിച്ചെടുക്കാനാകുന്നുള്ളു.
ഇഞ്ചിഞ്ചായി മരിക്കുന്നു, ദിവസം തോറും
ലോഹങ്ങൾ വേർതിരിച്ചെടുക്കുന്നതും വിഷപ്പുകയും സീലംപുരിലെ തൊഴിലാളികളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ്. ഞാന്‍ വീതികുറഞ്ഞ തോടിനടുത്തു കൂടി നടക്കുമ്പോള്‍ ആസിഡ് വാഷ് ചെയ്ത കംപ്യൂട്ടര്‍ ചിപ്പുകളില്‍ ബാക്കിവന്ന വസ്തുക്കള്‍ തോട്ടിലേക്ക് ഊറിയിറങ്ങുന്നതു കാണാമായിരുന്നു.
‘ഞങ്ങളുടെ ജീവിതത്തിനേറ്റ ഒരു ശാപമാണിത്. ഗവണ്‍മെന്റ് സ്‌കീമുകളില്‍നിന്നു ലഭിക്കുന്ന പൈസയെക്കാള്‍ ഭേദപ്പെട്ട തുക ഞങ്ങള്‍ക്കു ലഭിക്കുന്നു. എന്നാല്‍ ഞങ്ങളുടെ ആരോഗ്യത്തിനേല്‍ക്കുന്ന ആഘാതം വലുതാണ്’ എന്നാണ് അബിദ് പറയുന്നത്. അധികം പേരുടെ ശ്രദ്ധ ആകര്‍ഷിക്കരുതെന്നും അധികം പേരോടു സംസാരിക്കരുതെന്നുമുള്ള മുന്നറിയിപ്പും അബിദ് എനിക്കു നല്‍കി.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസോചം (Assocham) എന്ന സംഘടന 2019 ല്‍ നടത്തിയ പഠനം പ്രകാരം ഇന്ത്യയിലെ ഇ മാലിന്യ സംസ്കരണ തൊഴിലാളികളില്‍ 76 ശതമാനത്തിനും കാന്‍സര്‍ വരാം. അവരുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി താറുമാറാകാം. വേര്‍തിരിച്ചെടുക്കുന്ന ഓരോ ലോഹവും അബിദിനെ പോലെയുള്ള ജോലിക്കാരുടെ ആരോഗ്യത്തിന് പല തരത്തിലുളള പ്രശ്‌നങ്ങളും ഉണ്ടാക്കാം എന്നാണ് റിസര്‍ച് ജേണല്‍ ഓഫ് കെമിക്കല്‍ ആന്‍ഡ് എന്‍വയൺമെന്റല്‍ സ്റ്റഡീസ് പറയുന്നത്. ഉദാഹരണത്തിന്, ഈയം കേന്ദ്ര നാഡീവ്യവസ്ഥയെയും വൃക്കകളെയും പ്രശ്‌നത്തിലാക്കും. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെയും ബാധിക്കാം.
ഇത്രയധികം റീസൈക്ലിങ് വേണ്ടിവരാന്‍ കാരണം ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഏറ്റവും പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സ്വന്തമാക്കാനുള്ള ഭ്രമമാണ്. ഇന്ത്യൻ വിപണിയിൽ ഫോണുകള്‍ കൊണ്ടു നിറയ്ക്കാനുള്ള മത്സരം മറ്റൊരിക്കലും ഇത്രയധികം ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ 91മൊബൈല്‍സ്.കോം നടത്തിയ പഠനം പ്രകാരം, കഴിഞ്ഞ മൂന്നു മാസത്തിനിടെ 90 സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ 256 മോഡലുകള്‍ രാജ്യത്തെ വിപണിയിലെത്തിച്ചു. ഇന്നു നിര്‍മിക്കപ്പെടുന്ന സാങ്കേതികവിദ്യാ ഉൽപന്നങ്ങളിലേറെയും, പ്രത്യേകിച്ചു സ്മാര്‍ട്ട്‌ഫോണുകള്‍, വേഗം കാലഹരണപ്പെട്ടു പോകാനായി നിര്‍മിച്ചവയാണെന്ന് ടോക്‌സിക് ലിങ്ക്‌സിലെ മഹേഷ് പറയുന്നു.
ഈ പ്രതിഭാസത്തിന് ഒരു പേരു പോലുമുണ്ട്– പ്ലാന്‍ ചെയ്ത് കാലഹരണപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആപ്പിളിനെതിരെ ന്യൂയോര്‍ക്കിലുണ്ടായ ഒരു കേസില്‍, ഉപകരണങ്ങള്‍ മനപ്പൂർവം കാലഹരണപ്പെടുത്തുന്നു എന്നായിരുന്നു ആരോപണം. ഈ കേസില്‍ 50 ലക്ഷം ഡോളറായിരുന്നു നഷ്ടപരിഹാരം.
ഇന്ത്യയിലെ വളരുന്ന മധ്യവര്‍ഗം ഈ കാലഹരണപ്പെടുത്തലിനെ സന്തോഷപൂര്‍വം അംഗീകരിക്കുന്നു. അവര്‍ ലോഡ് കണക്കിനു ഫോണുകള്‍ വാങ്ങിക്കൂട്ടുന്നു. ഇന്ത്യയില്‍ ഫോണ്‍ നിര്‍മാതാക്കള്‍ ഏകദേശം 97 ദശലക്ഷം ഫോണുകളാണ് 2015 ല്‍ വിറ്റതെന്നാണ് സൈബര്‍ മീഡിയ കമ്പനിയുടെ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഇന്ത്യയാണ് ഇത്തരം ഉപകരണങ്ങളുടെ അതിവേഗം വളരുന്ന മാര്‍ക്കറ്റ്. അത്തരം ഒരു ഫോണ്‍ വാങ്ങലുകാരനാണ് പത്പര്‍ഗഞ്ചില്‍ നിന്നുള്ള വിദ്യാർഥി കുമാര്‍ കുശാല്‍. കിഴക്കന്‍ ഡല്‍ഹിയിൽ മധ്യവർഗക്കാർ താമസിക്കുന്ന ഇടമാണ് പത്പര്‍ഗഞ്ച്. കുശാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 12 ഫോണുകളാണ് മാറ്റി വാങ്ങിയത്. അതായത്, ഒരു വര്‍ഷത്തില്‍ ശരാശരി രണ്ടു ഫോണിലേറെ. എന്നാല്‍, കുശാലിന് അറിയില്ല താന്‍ ഉപേക്ഷിച്ച ഫോണുകള്‍ മരിക്കാനായി സീലംപുരിലേക്കാണ് പോയിരിക്കുന്നതെന്ന്.
ഇ മാലിന്യം സംസ്‌കരിച്ചെടുക്കാനുളള പാരിസ്ഥിതികവും മനുഷ്യാധ്വാനപരവുമായ മുതല്‍മുടക്ക് വളരെയധികമാണ്. എന്തുകൊണ്ടാണ് ഇത്തരം പണി ഇതിനു കെല്‍പുള്ള കമ്പനികളെ ഏല്‍പിക്കാത്തത്? (ഓരോ വര്‍ഷവും ഇ മാലിന്യത്തിന്റെ അളവ് 25-26 ശതമാനം വരെ വർധിക്കുന്നുവെന്നാണ് കണക്ക്). ഒന്നാമതായി, സർക്കാരുകള്‍ക്ക് ഈ പ്രശ്‌നത്തിന്റെ തോതിനെക്കുറിച്ച് ഒന്നും അറിയില്ല. പരിസ്ഥിതി മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ 2011 മുതല്‍ നല്‍കിവരുന്നത് തദ്ദേശ ഭരണ സമിതികളും സംസ്ഥാന സർക്കാരുകളുമാണ്. അവര്‍ ഈ സാഹചര്യത്തിനെതിരെ കണ്ണടയ്ക്കുന്നു. ചില എന്‍ജിഒ സംഘടനകള്‍ ഇതിനെതിരെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍, അത് ഒരു തരത്തിലുമുള്ള പരിവര്‍ത്തനം വരുത്താന്‍ പര്യാപ്തമല്ല.
രണ്ടാമതായി, പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ ഇ മാലിന്യം സൃഷ്ടിക്കുന്ന ഇന്ത്യയിൽ അംഗീകാരം ലഭിച്ച നൂറോളം റീസൈക്ലര്‍മാരെയുളളു എന്നാണ് ടോക്‌സിക് ലിങ്ക്‌സിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവര്‍ക്കെല്ലാം പോലും പരിസ്ഥിതിസൗഹാര്‍ദപരമായി ഇ മാലിന്യ പുനചംക്രമണം നടത്താനുള്ള ശേഷിയുമില്ല. ആഗോള തലത്തിലെ സ്ഥിതി പരിശോധിച്ചാല്‍ ബെല്‍ജിയത്തിലെ ഉമികോര്‍ (Umicore) പോലുള്ള കമ്പനികള്‍ക്ക് കൂടുതല്‍ പരിഷ്‌കൃതമായ സംവിധാനങ്ങളുണ്ട്. ഇന്ത്യയില്‍ അറ്റെറോ പോലെയുള്ള കമ്പനികള്‍ അത്തരം ശ്രമം നടത്തുന്നുണ്ട്. എന്നാല്‍, അതൊരു ചെറിയ നീക്കം മാത്രമാണ്.
ഇന്ത്യയിലെ അംഗീകാരമില്ലാത്ത ഇ മാലിന്യ പുനചംക്രമണ യൂണിറ്റുകള്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവരണം. സീലംപുരിലെ ഇ മാലിന്യ പുനചംക്രമണക്കാർക്കു മാർഗദർശനം നൽകാൻ അറെറ്റോ ഒരു പദ്ധതി നടപ്പാക്കുന്നുണ്ട്. ഇ മാലിന്യം കമ്പനിക്കു വില്‍ക്കാനാണ് അറ്റെറോ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഗുപ്ത പറയുന്നത്, ഇതില്‍ ഉള്‍പ്പെട്ട എല്ലാവരും– ടെക്‌നോളജി കമ്പനികള്‍ അടക്കം– തങ്ങളുടെ പദ്ധതിയില്‍ സജീവമായി ചേര്‍ന്നാല്‍ മാത്രമേ അതു മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കൂ എന്നാണ്. ഈ വര്‍ഷമാദ്യം അറ്റേറോ Gobol.in എന്നൊരു വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ നവീകരിച്ച ഫോണുകളും മറ്റും വില്‍ക്കുന്ന ഓണ്‍ലൈന്‍ ഷോപ്പാണത്.
സീലംപുരിലെ ആള്‍ത്തിരക്കേറിയ വഴികളിലൂടെ ഞാന്‍ നടക്കാന്‍ തുടങ്ങിയിട്ട് ആറു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. അകലെ, ലോഹമാലിന്യങ്ങൾക്കു നടുവില്‍, ഒരു ചെറിയ താത്കാലിക ഷെഡിനുള്ളില്‍ ചായ വില്‍പന നടക്കുന്നുണ്ട്. നടത്തിപ്പുകാരന്‍ അസ്ഗാറിന് 39 വയസ്സാണ് പ്രായം. പക്ഷേ 50 എങ്കിലും തോന്നും. മനംപുരട്ടുന്നതരം മധുരമുള്ള ചായ മൊത്തുന്നതിനിടയില്‍ പാതി തുറന്ന വാതിലുകള്‍ നിരത്തിന്റെ വശങ്ങളില്‍ കാണാം. ചെറിയ കുട്ടികള്‍ മദര്‍ബോര്‍ഡുകള്‍ വലിച്ചു പുറത്തിടുകയാണ്.
ഞാന്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ ഒരു ഒമ്പതു വയസ്സുകാരി തന്റെ അച്ഛനും അമ്മാവനും ചായ വാങ്ങാനെത്തി. അവള്‍ നിരന്തരം ചുമയ്ക്കുന്നുണ്ടായിരുന്നു. ഞാന്‍ അസ്ഗറോടു ചോദിച്ചു, ചുമ ഇപ്പോഴത്തെ കാലാവസ്ഥ മൂലമാണോ എന്ന്.
‘അവര്‍ എപ്പോഴും ചുമച്ചുകൊണ്ടിരിക്കും’– അസ്ഗര്‍ പറഞ്ഞു. ‘'ഇവിടെ വായുവിന് കട്ടി കൂടുതലാണ്. അതിനാല്‍ കാലാവസ്ഥയില്‍ ചെറിയ വ്യതിയാനം വന്നാല്‍ പോലും ശ്വസമെടുക്കുന്നത് ശ്രമകരമാകുന്നു’. അസ്ഗര്‍ വിശദീകരിച്ചു. അസ്ഗറിന് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ വല്ലതുമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ഭാഗ്യവശാല്‍ അത്തരം പ്രശ്‌നങ്ങള്‍ തനിക്കില്ലെന്ന് അസ്ഗര്‍ പറഞ്ഞു.
സീലംപുര്‍ വാര്‍ത്തയ്ക്കായി ഗവേഷണം നടത്തുമ്പോഴാണ്, ഇത്തരത്തില്‍ ഇന്ത്യയിലെങ്ങുമുള്ള ഇ മാലിന്യ പുനചംക്രമണ കേന്ദ്രങ്ങളെക്കുറിച്ച് ഒരു പരമ്പര ചെയ്താലോ എന്ന് ആലോചിച്ചത്. ഉദാഹരണത്തിന്, മൊറാദാബാദ് പോലെയുള്ള സ്ഥലങ്ങളില്‍ ഇത്തരം ഇടങ്ങളുണ്ട്. എന്നാല്‍, ആ ആശയം ഞാന്‍ വേണ്ടെന്നുവച്ചു. കാരണം സ്ഥലത്തിനും മറ്റും മാറ്റം കാണാമെങ്കിലും ഇവിടെ കണ്ടതിന്റെ തനിയാവര്‍ത്തനം തന്നെയായിരിക്കും അവിടെയും. പുതിയതായി ഒന്നും പറയാനുണ്ടാവില്ല.
സീലംപുരിനെ മുറിച്ച് ഒഴുകുന്ന കറുത്ത കൈത്തോടു കടന്ന് ഞാന്‍ തിരിച്ചു പോരുമ്പോള്‍ മൂവന്തിയായിരുന്നു. ആകാശം ഇരുണ്ടിരുന്നു. എന്നാൽ തോട്ടിലെ വെള്ളം അതിലും കറുത്തിരുന്നു. ഞാന്‍ ജംക്‌ഷനിലെത്തി. ഒരു വശത്ത് സീലാംപുരിലെ മെട്രോ സ്‌റ്റേഷന്‍. മറുവശത്ത് ഇന്ത്യയുടെ ഇ മാലിന്യ തലസ്ഥാനമായ നാഗരിക വൃത്തികേടും. രണ്ട് പരസ്പരവിരുദ്ധമായ ലോകങ്ങള്‍. ഒന്ന് ആധുനിക, നാഗരിക പുരോഗതിക്കായി നിലകൊള്ളുന്നു. എതിര്‍ ദിശയിലാകട്ടെ ടെക്‌നോളജിയോട് ആര്‍ത്തി കാണിക്കുന്ന, ലോകത്തെ ഏറ്റവും വലിയ ഉപഭോക്തൃസമൂഹത്താല്‍ സൃഷ്ടിക്കപ്പെടുന്ന, ഇന്ത്യയുടെ ഇരുണ്ട ഡിജിറ്റല്‍ അധോലോകവും.
ഇരുട്ടു കൂടുകയാണ്. എന്നാല്‍, ഡസന്‍ കണക്കിനു ചുറ്റികകള്‍ പഴയ കംപ്യൂട്ടറുകളുടെ മേലും ഫോണുകളുടെ മേലും പതിക്കുന്ന ശബ്ദം നിലയ്ക്കാനുള്ള ഒരു സൂചനയും ഇല്ല. ഒരു ദുരന്ത സിനിമയിലെ പശ്ചാത്തല സംഗീതം പോലെ അതു തുടരുന്നു.
∙ ഈ ലേഖനം ഫാക്ടര്‍ഡെയ്‌ലിയില്‍ 2016 ല്‍ പ്രസിദ്ധീകരിച്ചതാണ്. എന്നാല്‍, അതു കഴിഞ്ഞ് ലോകത്തെ ഇ മാലിന്യ ഉൽപാദകരുടെ പട്ടികയിൽ അഞ്ചാമതുനിന്ന് മൂന്നാമതെത്തിയിരിക്കുന്നു ഇന്ത്യ. മുന്നില്‍ അമേരിക്കയും ചൈനയും മാത്രം!
FactorDaily is a nonprofit newsroom that aims to raise public consciousness around issues at the intersection of technology and society.