ലോകം ഇതുവരെ കാണാത്ത നിഗൂഢ വജ്രങ്ങള്‍ ഒളിപ്പിച്ച് ‘ഉല്‍ക്ക’; കണ്ടെത്തലിൽ അമ്പരന്ന് ഗവേഷകർ
Mail This Article
ഉല്‍ക്ക ബഹിരാകാശത്ത് വച്ചുതന്നെ വലിയ തോതിലുള്ള താപവ്യതിയാനങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും ഇടയാകുന്നുണ്ട്. അത് അന്തരീക്ഷത്തിലൂടെ ഭൂമിയില്‍ പതിക്കുമ്പോഴും സമാനതകളില്ലാത്ത വിധമുള്ള താപ തോതുകളിലൂടെയാണ് ഉല്‍ക്ക കടന്നുവരുന്നത്. ഇക്കാരണം കൊണ്ട് തന്നെയാണ് ഉല്‍ക്കകള്‍ തീഗോളങ്ങളായി തന്നെ പലപ്പോഴും ഭൂമിയിലേക്കെത്തുന്നത്. കൂടാതെ ഇങ്ങനെയെത്തുന്ന ഉല്‍ക്കകള്‍ പലതും ഭൂമിയിലെ പല മേഖലകളെക്കാളും കാലപ്പഴക്കം ചെന്നവയായിരിക്കും. ഇത്തരത്തില്‍ പതിച്ച ഒരു ഉല്‍ക്കയില്‍ നിന്നാണ് ഇപ്പോള്‍ ഭൂമിയില്‍ മില്യണ്‍ കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ഉരുത്തിരിയുന്ന വജ്രശേഖരത്തോട് സാമ്യമുള്ള ഘടകങ്ങള്‍ കണ്ടെത്തിയത്.
അരിസോണിയിലെ ഡിയാബ്‌ലോ മലയിടുക്കുകളില്‍ നിന്നാണ് ഗവേഷകര്‍ക്ക് ഈ ഉല്‍ക്ക ലഭിച്ചത്. ഏതാണ്ട് അന്‍പത് വര്‍ഷം മുന്‍പാണ് ഈ ഉല്‍ക്കാവശിഷ്ടം ഗവേഷകര്‍ക്ക് ലഭിച്ചതെങ്കിലും ഈ ഉല്‍ക്കയിലെ ഘടകങ്ങളെക്കുറിച്ച് തെറ്റായ ധാരണയിലായിരുന്നു ശാസ്ത്രലോകമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. വജ്രത്തിന്‍റെ അതേ ഘടനയോടു കൂടിയുള്ള പദാര്‍ത്ഥങ്ങളാണ് ഈ ഉല്‍ക്കയിലുള്ളതെന്ന് ഈ പുതിയ പഠനത്തിലൂടെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഭൂമിയില്‍ ഇതുവരെ കാണാത്ത വിധത്തിലുള്ള വജ്രമെന്നാണ് ഈ ശേഖരത്തെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.
ബഹിരാകാശത്ത് നിന്നെത്തിയ വജ്രം
ഭൂമിയില്‍ ഒട്ടേറെ വ്യത്യസ്തമായ പ്രതിഭാസങ്ങളിലൂടെ കടന്നുപോയാണ് വജ്രങ്ങള്‍ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ ലോകത്ത് വളരെ ചുരുങ്ങിയ മേഖലകളില്‍ നിന്നാണ് ശുദ്ധമായ വജ്രം ലഭിക്കുന്നത്. വജ്രങ്ങള്‍ ഖനനം ചെയ്തെടുക്കുകയെന്നുള്ളത് വളരെ ആയാസകരമായ പ്രവൃര്‍ത്തിയാണ്. അപ്പോള്‍ എങ്ങനെയാണ് ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തിയ ഒരു ഉല്‍ക്കയില്‍ വജ്രം രൂപപ്പെടുകയെന്നത് സ്വാഭാവികമായ സംശയമാണ്. ഇതിന് ഗവേഷകര്‍ നല്‍കുന്ന വിശദീകരണം ഒരേ പദാർഥം രൂപപ്പെടാന്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഭാസങ്ങളിലൂടെ സാധിക്കുമെന്നാണ്. ഡിയാബ്‌ലോ മലയിടുക്കില്‍ നിന്ന് കണ്ടെത്തിയ ഈ ഉല്‍ക്കെ ഇത്തരത്തില്‍ ബഹിരാകാശത്ത് വച്ച് തന്നെ നിർണായക മാറ്റങ്ങളിലൂടെ കടന്ന് പോയിട്ടുണ്ടാകുമെന്നും ഇതേ ഉല്‍ക്ക ഭൂമിയില്‍ പതിക്കുമ്പോഴുണ്ടായ അതിരൂക്ഷമായ താപനിലയും മറ്റ് രാസപ്രവര്‍ത്തനങ്ങളും ഇതിന് ആക്കം കൂട്ടിയിട്ടുണ്ടാകുമെന്നും ഗവേഷകര്‍ കരുതുന്നു.
തുടക്കത്തില്‍ ഭൂമിയില്‍ കാണപ്പെടുന്ന വജ്രങ്ങള്‍ക്ക് സമാനമാണ് ഉല്‍ക്കയിലെയും വജ്രഘടകങ്ങള്‍ എന്നാണ് ഗവേഷകര്‍ കരുതിയത്. എന്നാല്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ഈ വജ്രങ്ങളുടെ കൂടുതല്‍ പ്രത്യേകതകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഭൂമിയില്‍ കാണപ്പെടുന്ന വജ്രങ്ങളെക്കാള്‍ കട്ടിയുള്ളവയാണ് ഉല്‍ക്കയില്‍ നിന്ന് കണ്ടെത്തിയ വജ്രഘടകങ്ങള്‍. എന്നാല്‍ അതേസമയം തന്നെ മറ്റ് മൂലകങ്ങളുമായി ഇടപഴകിയാല്‍ അതിവേഗത്തില്‍ മലിനമാകുന്നതാണിവയെന്ന് ഗവേഷകര്‍ പറയുന്നു. അതേസമയം തന്നെ ഇവയില്‍ വലിയ തോതില്‍ ഇലക്ട്രോണിക് പ്രോപര്‍ട്ടീസ് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വജ്രത്തിന്‍റെ അംശങ്ങള്‍ ഉപയോഗിക്കാൻ സാധിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.
വജ്രങ്ങള്‍
കാലപ്പഴക്കം ചെന്ന കാര്‍ബണ്‍ ഘടകങ്ങളാണ് വജ്രങ്ങളായി മാറുന്നത്. നീണ്ടു നില്‍ക്കുന്ന ജൈവപ്രവര്‍ത്തനങ്ങളും രാസപ്രവര്‍ത്തനങ്ങളും മൂലമാണ് ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ കാര്‍ബണില്‍ നിന്നും വജ്രത്തിലേക്ക് ഈ ഘടകങ്ങള്‍ മാറുന്നത്. ഭൂമിക്കടിയില്‍ കിലോമീറ്ററുകള്‍ ആഴത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സാധാരണഗതിയില്‍ കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്ന് ക്യൂബിക് രൂപത്തില്‍ രൂപപ്പെട്ട് സമാനമായ അഞ്ച് രൂപങ്ങളുമായി ഒട്ടിച്ചേര്‍ന്ന രീതിയിലാണ് വജ്രങ്ങള്‍ കാണപ്പെടുന്നത്. ഡിയാബ്‌ലോ മലയിടുക്കുകളില്‍ നിന്ന് 1967 ലാണ് ഈ ഉല്‍ക്ക ലഭിക്കുന്നത്. അന്ന് സ്ഫടികം പോലെ തിളക്കമുള്ള വസ്തുക്കള്‍ ഈ ഉല്‍ക്കയില്‍ നിന്ന് കണ്ടെത്തിയെങ്കിലും ഇത് ഹെക്സഗണല്‍ ലാറ്റിസ് ആറ്റത്തിന്‍റെ ഘടകങ്ങളാണ് എന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്. കാര്‍ബണ്‍ അലോട്രോപ്സ് ആയ ഗ്രാഫൈറ്റ്, അമോഫോര്‍മസ്, കാര്‍ബണ്‍ ഗ്രാഫൈന്‍, ഗ്രാഫിന്‍ തുടങ്ങയവയുടെ വിഭാഗത്തിലാണ് ഈ ആറ്റത്തെ ഗവേഷകര്‍ ഉള്‍പ്പെടുത്തിയത്.
എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് ജിയോളജിക്കല്‍ ആന്‍ഡ് ജിയോകെമിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേഷകനായ ഡോ. പീറ്റര്‍ നെമത്ത് നടത്തിയ പുനപരിശോധനയില്‍ പുതിയ ചില കണ്ടെത്തലുകളുണ്ടായി. ഈ കണ്ടെത്തലുകളിലൂടെയാണ് ഗവേഷകര്‍ ഉല്‍ക്കയിലുള്ളത് വജ്രത്തിന് സമാനമായ വസ്തുക്കളാണെന്ന് കണ്ടെത്തിയത്. രമന്‍ സ്പെക്ട്രോസ്കോപി, ക്രിസ്റ്റിലോഗ്രഫി തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെയാണ് വജ്രത്തിന്‍റെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയത്. ഏതാണ്ട് അന്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ ഉല്‍ക്ക ഭൂമിയില്‍ പതിച്ചത്. ഭൂമിയില്‍ വലിയ ആഘാതമുണ്ടാക്കിയ ഉല്‍ക്കാ പതനങ്ങളില്‍ ഒന്നാണ് ഡിയാബ്‌ലോ ഉല്‍ക്കയുടേത്. ഈ ആഘാതത്തില്‍ ആഴത്തിലുള്ള വലിയ കുഴിയും ഡിയാബ്‌ലോ മേഖലയില്‍ രൂപപ്പെട്ടിരുന്നു.
English Summary: Mysterious, Never-Before-Seen Diamonds Found In Ancient Canyon Diablo Meteorite