മഴപോലെ പെയ്തിറങ്ങുന്ന ഉറുമ്പുകൾ; കടിയേറ്റാൽ അസഹ്യമായ വേദന: മുന്നറിയിപ്പുമായി ഭരണകൂടം
Mail This Article
മനുഷ്യൻ പൊതുവേ അത്ര ഭയപ്പെടാത്ത ജീവികളാണ് ഉറുമ്പുകൾ. എന്നാൽ ഒരുകൂട്ടം ഉറുമ്പുകളെ പേടിച്ച് ജനങ്ങൾ സൂക്ഷിച്ചു മാത്രം പുറത്തിറങ്ങണമെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ഹവായ് ഭരണകൂടം. ഹവായിലെ കൗവായ് ദ്വീപിൽ അങ്ങേയറ്റം അപകടകാരികളായ കോടിക്കണക്കിന് ഫയർ ഉറുമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഈ മുന്നറിയിപ്പ്.
ഫയർ ഉറുമ്പുകളുടെ കടിയേറ്റാൽ തീവ്ര വേദന അനുഭവപ്പെടുകയും കടിയേറ്റ ഭാഗം ചുവന്ന് വീർക്കുകയും ചെയ്യും. ഇത് മാറാൻ ദിവസങ്ങൾ തന്നെ വേണ്ടി വന്നേക്കാം. എന്നാൽ മറ്റു ജീവജാലങ്ങൾക്ക് ഇവയുടെ കടിയേറ്റാൽ മനുഷ്യനെക്കാൾ വലിയ ആപത്ത് സംഭവിക്കുകയും ചെയ്യും. ഈ ഉറുമ്പുകളുടെ കടിയേറ്റ വളർത്തുമൃഗങ്ങളുടെ കാഴ്ച നഷ്ടപ്പെട്ട സംഭവങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂട്ടമായി ആക്രമിക്കുന്നതിൽ പേരുകേട്ട ഇവയ്ക്ക് ലിറ്റിൽ ഫയർ ആന്റ് എന്നാണ് പേര് നൽകിയിരിക്കുന്നത്.
1999 ലാണ് ഈ ഇനത്തിൽപെട്ട ഉറുമ്പുകളെ ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ഇത് ആദ്യമായാണ് ഇവയുടെ എണ്ണം ഇത്രയും പെരുകിയ നിലയിൽ കണ്ടെത്തുന്നത്. തറയിൽ മാത്രമല്ല വലിയ മരങ്ങളിലും ഉയരമുള്ള ഇടങ്ങളിലുമൊക്കെ ഇവ കോളനികൾ സ്ഥാപിക്കും. വീടിന്റെ ഉത്തരത്തിൽ വരെ ഇവ കയറി കൂട്കൂട്ടിയെന്ന് വരാം. ഒരിടത്ത് ആധിപത്യം ഉറപ്പിച്ചാൽ ആ പ്രദേശത്തെ വിളകൾ നശിപ്പിച്ച് കളയാനും ഇവയ്ക്കാവും. എന്നാൽ ഉയരമുള്ള ഇടങ്ങളിൽ പിടിച്ചിരിക്കാനുള്ള കഴിവ് ഇവയ്ക്ക് നന്നേ കുറവാണ്. ഇത്തരത്തിൽ താഴേക്ക് വീഴുന്നവ മനുഷ്യരുടെ ശരീരത്തിലാണ് വീഴുന്നതെങ്കിൽ ശക്തമായ കടിയേൽക്കുമെന്നുറപ്പാണ്.
ഉറക്കത്തിൽ ഫയർ ഉറുമ്പുകളുടെ കടിയേറ്റതായി ധാരാളം ആളുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ടെന്ന് ഹവായ് ആന്റ് ലാബിലെ ഉദ്യോഗസ്ഥയായ ഹെതർ ഫോറസ്റ്റർ പറയുന്നു. ഫയർ ഉറുമ്പുകൾ കാരണം ഹവായ്‌യിലെ ജനങ്ങളുടെ ജീവിതം തന്നെ ഏതാണ്ട് മാറിമറിഞ്ഞ നിലയിലാണ്. കടൽത്തീരത്തേക്ക ഹൈക്കിങ്ങിനോ പോകാൻ ജനങ്ങൾക്ക് മുൻപ് ഒന്നിനെയും ഭയപ്പെടേണ്ടിയിരുന്നില്ല. എന്നാൽ ഇപ്പോൾ എവിടെ നിന്നാണ് ഫയർ ഉറുമ്പുകൾ വന്നു പതിക്കുകയെന്നറിയാത്തതിനാൽ ദ്വീപിലെത്തുന്ന സഞ്ചാരികൾ ഏറെ ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്.
ഒരു പ്രദേശത്ത് കയറിയാൽ അവിടമാകെ നാശം വിതക്കാൻ മാത്രം ശക്തരാണ് ഈ കുഞ്ഞൻ ഉറുമ്പുകൾ. ഫയർ ഉറുമ്പുകളുടെ വകഭേദത്തിൽപ്പെട്ട മറ്റനേകം ഉറുമ്പുകൾ ഹവായിയിൽ ഉണ്ടെങ്കിലും ഇത്രയും വലിയ കോളനികൾ മറ്റുള്ളവയ്ക്കില്ല. ഒന്നര മില്ലിമീറ്റർ മാത്രം വലുപ്പമുള്ള ഇവ വേഗത്തിന്റെ കാര്യത്തിൽ അല്പം പിന്നിലാണ്. ഓറഞ്ച് നിറത്തിലാണ് ഇവ കാണപ്പെടുന്നത്. ഫയർ ഉറുമ്പുകളുടെ ആക്രമണുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഹവായ് ഇന്വാസീവ് സ്പീഷീസീസ് കമ്മിറ്റി ജനങ്ങൾക്ക് ബോധവൽക്കരണം നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിനുപുറമെ ദ്വീപിലാകെ ഉറുമ്പുകൾ വ്യാപിക്കുന്നത് തടയാനുള്ള മാർഗങ്ങളും സ്വീകരിച്ചുവരികയാണ്. വിഷം കലർത്തിയ ഭക്ഷണസാധനങ്ങൾ ഇവ കൂടുതലായുള്ള പ്രദേശങ്ങളിൽ വയ്ക്കുകയാണ് ഒരു വഴി. ഫയർ ഉറുമ്പുകൾ കൂട്ടമായി ഈ ഭക്ഷണം കോളനികളിൽ എത്തിക്കുന്നതോടെ അവയുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
English Summary: Millions of fire ants threaten to 'rain down' on Hawaii residents and sting them in their sleep, officials say