പിണറായി കുടിച്ചു രക്തശാലി പായസം; കാർബൺ കുടിച്ച് ആലുവയിലെ അദ്ഭുത തുരുത്ത്
Mail This Article
ഒരു നൂറ്റാണ്ടിനു മുൻപ് തിരുവിതാംകൂർ രാജാക്കന്മാർ ആലുവയിൽ പെരിയാറിന്റെ തീരത്ത് ഒരു കൃഷി പാഠശാല തുടങ്ങി. പെരിയാറിന്റെ തീരത്തു മാത്രമല്ല അവരുടെ നാട്ടധികാരത്തിന്റെ നാലതിരുകൾക്കുള്ളിലൊക്കെ ഇത്തരത്തിലുള്ള വിശാലമായ കൃഷിയിടങ്ങളും പാഠശാലകളും ഉണ്ടായിരുന്നിരിക്കണം. അവയൊക്കെ നികത്തപ്പെടുകയും ചിലത് വലിയ പട്ടണങ്ങളായി രൂപപ്പെടുകയും ചെയ്തിരിക്കാം. എന്നാൽ പെരിയാറിന്റെ തീരത്തെ ആ ചെറിയ തുരുത്തിലെ പഴയ പാഠശാല ഇപ്പോൾ ലോകത്തെ മുഴുവൻ കൃഷി പഠിപ്പിക്കുകയാണ്. രാജാധിപത്യം മാറി ജനാധിപത്യമായപ്പോൾ തിരുവിതാംകൂറിന്റെ കൃഷിപാഠശാല സർക്കാരിന്റെ സംസ്ഥാന വിത്ത് കേന്ദ്രമായി (സ്റ്റേറ്റ് സീഡ് ഫാം). ഇപ്പോൾ മറ്റൊരു നേട്ടവുമായി വീണ്ടും ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ആലുവ തുരുത്ത് വിത്ത് കേന്ദ്രം. കഴിഞ്ഞ ഒരു ദശാബ്ദമായി ഈ വിത്തു കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ നടപ്പിലാക്കിവന്ന കൃഷിരീതികളാണ് തുരുത്തിനെ അപൂർവ്വവും അഭിമാനകരവുമായ നേട്ടത്തിലെത്തിച്ചത്. ഭൂമിയെത്തന്നെ ഇല്ലാതാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങളുടെ പ്രധാനകാരണമായ കാർബൺ വമനത്തിന് പരിഹാരം കാണുകയും ഒരു പ്രദേശത്തെ പൂർണമായും കാർബൺ ന്യൂട്രലാക്കിയെടുക്കുകയും ചെയ്തതാണ് തുരുത്തിനെ രാജ്യശ്രദ്ധ ആകർഷിക്കുന്ന നേട്ടത്തിലെത്തിച്ചത്. കാർബൺ ന്യൂട്രൽ പദവി നേടുന്ന ആദ്യ വിത്തു കേന്ദ്രമായി മുഖ്യമന്ത്രി പിണറായി വിജയൻ 2022 ഡിസംബർ പത്തിന് തുരുത്ത് വിത്തുൽപാദന കേന്ദ്രത്തെ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരത്തിൽ കാർബൺ മുക്തമാകുന്ന രാജ്യത്തെ ആദ്യ വിത്തു കേന്ദ്രമാണ് തുരുത്ത്.