അയ്യായിരം മൈൽ ചുറ്റളവുള്ള കടൽ പായൽക്കൂട്ടം തീരത്തേക്ക്; മുന്നറിയിപ്പുമായി ഗവേഷകർ

Seaweed blob visible from space takes aim at Florida
Image Credit: valentinrussanov/Istock
SHARE

ഏതാണ്ട് അയ്യായിരം മൈൽ ചുറ്റളവുള്ള കടൽ പായൽക്കൂട്ടം ഒരു തീരത്തേക്കെത്തിയാൽ അത് ആ തീരത്തിന്റെ നിലവിലുള്ള ആവാസവ്യവസ്ഥയേയും  സാഹചര്യങ്ങളെ പോലും മാറ്റി മറിച്ചേക്കാം. ഏതാണ്ട് സമാനമായ അവസ്ഥയാണ് ഫ്ലോറിഡ തീരത്തെയും കാത്തിരിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഈ പായൽ കൂട്ടം ശൂന്യാകാശത്ത് നിന്നുപോലും കാണാൻ കഴിയുന്ന വിധം വലുപ്പമുള്ളതാണ്. ഫെബ്രുവരി മൂന്നാം വാരത്തിലാണ് ഈ പായൽ കൂട്ടത്തിന്റെ വരവ് ഗവേഷകർ തിരിച്ചറിഞ്ഞത്.

ഇത് പോലെ പായൽക്കൂട്ടം ഏതെങ്കിലും തീരത്തേക്ക് വരുന്നത് ഒരു പുതിയ കാര്യമല്ല. പക്ഷേ ഇപ്പോൾ കണ്ടെത്തിരിക്കുന്ന പായൽകൂട്ടം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പായൽക്കൂട്ടം അഥവാ ബ്ലോബ് ആണ്. നിലവിൽ അറ്റ്ലാന്റിക് കോസ്റ്റ് ഓഫ് ആഫ്രിക്കയ്ക്കും മെക്സിക്കൻ ഉൾക്കടലിനും ഇടയിലാണ് ഈ കട്ടിയേറിയ പായൽക്കൂട്ടമുള്ളത്. നിരവധി ജീവജാലങ്ങൾക്ക് ഇതിനകം തന്നെ ആശ്രയമായിരിക്കുന്ന ഈ പായൽകൂട്ടം വലിയ തോതിൽ കാർബൺ വലിച്ചെടുക്കാൻ ശേഷിയുള്ളവയാണ്. ഈ രീതിയിൽ ചിന്തിച്ചാൽ പായൽക്കൂട്ടം വലിയ അപകടകാരിയല്ലെന്ന് തോന്നുമെങ്കിലും തീരത്തേക്കടുക്കുമ്പോഴാണ് ഇവ അപകടകരമാകുന്നത്.

പ്രതിസന്ധിയിലാകുന്ന ജൈവവ്യവസ്ഥ 

രണ്ട് രീതിയിലാണ് ഈ പായൽക്കൂട്ടം തീരത്തോട് ചേർന്ന് അപകടകരമായ അവസ്ഥ സൃഷ്ടിക്കുക. ഒന്ന് ഫ്ലോറിഡ തീരത്തോട് ചേർന്നുള്ള പവിഴപ്പുറ്റുകളുടെ നിലനിൽപിനെ ഈ പായൽകൂട്ടം പ്രതികൂലമായി ബാധിക്കും. കാരണം കട്ടിയേറിയ കണ്ണെത്താ ദൂരത്തോളം നീളമുള്ള ഈ പായൽകൂട്ടം സ്വാഭാവികമായും വലിയൊരു പ്രദേശത്ത് സൂര്യപ്രകാശത്തിന്റെ കടലിനടിയിലേക്കുള്ള കടന്നു വരവിനെ ബാധിക്കും. ഈ പായലിന്റെ വിസ്തൃതി മൂലം തന്നെ ഇവയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കില്ല. ഇതോടെ സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ പവിഴപ്പുറ്റുകളുടെ നിലനിൽപ് തന്നെ ഭീഷണിയിലാകും.

സമുദ്രത്തിലെ നിത്യഹരിത വനങ്ങൾ എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകൾ ഒട്ടനവധി ജീവജാലങ്ങളുടെ വാസകേന്ദ്രമാണ്. സ്വാഭാവികമായും പവിഴപ്പുറ്റുകൾ ദുർബലമാകുന്നത് ഈ ജീവികളുടെ അതിജീവനത്തെയും ബാധിക്കും. രണ്ടാമത്തെ പ്രതിസന്ധി ഈ പായൽകൂട്ടം തീരത്തേക്കെത്തിയശേഷം ഇവ നശിക്കുമ്പോഴാണ്. സമാനതകളില്ലാത്ത വിധമുള്ള ജലമലിനീകരണവും അതിനും മുകളിൽ വായുമലിനീകരണവും ഈ പായലുകൾ ചീയുന്നതിലൂടെ സംഭവിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

വിനോദസഞ്ചാരമേഖല നേരിടുന്ന ഭീഷണി

ഇപ്പോൾ തന്നെ സമീപകാലത്തുണ്ടായ ചുവന്ന ആൽഗകളുടെ കടന്ന് വരവ് നിമിത്തം ഫ്ലോറിഡയിലെ ടൂറിസം മേഖല ഭീഷണിയിലാണ്. ഫ്ലോറിഡ ടൂറിസത്തിന് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന സമയമാണ് ശൈത്യകാലത്തിന് ശേഷമുള്ള ഈ സമയം. വിനോദസഞ്ചാരികൾ ബീച്ചുകളിലേക്കെത്തുന്ന ഈ സമയത്ത് മുൻകൂട്ടി നിശ്ചയിച്ചിരുന്ന നിരവധി  പരിപാടികളാണ് ഇതിനകം റദ്ദാക്കിയത്. ഇക്കാരണം കൊണ്ട് തന്നെ വിനോദസഞ്ചാരികളുട എണ്ണത്തിലും വലിയ കുറവ് ഫ്ലോറിഡയിൽ ഇക്കുറിയുണ്ടായിട്ടുണ്ട്.

ഇതിന് പുറമെയാണ് അധികം വൈകാതെ തീരത്തോട് അടുക്കുമെന്ന് കരുതുന്ന വലിയ പായൽക്കൂട്ടത്തിന്റെയും ഭീഷണി. നിലവിൽ ബഹിരാകാശ ഉപഗ്രഹങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണക്കു കൂട്ടിയാൽ അടുത്ത ഒരു വർഷത്തേക്ക് നൂറ് കണക്കിന് കിലോമീറ്റർ ദൂരത്തേക്ക് ഫ്ലോറിഡ തീരം ഈ പായലിന്റെ പിടിയിലായിരിക്കുമെന്ന് ഗവേഷകർ ഉറപ്പിച്ച് പറയുന്നു. ഫ്ലോറിഡയിൽ മാത്രമല്ല മെക്സികോ തീരത്തും ഈ പായൽ വലിയ തോതിൽ അടിഞ്ഞു കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് മൂന്നടി ഉയരത്തിൽ വരെയുള്ള പായൽ കൂമ്പാരം മാറ്റുന്നതിനുള്ള തയാറെടുപ്പുകൾ തുടങ്ങാൻ മെക്സോക്കോയിൽ അധികൃതർ നിർദ്ദേശം നൽകി കഴിഞ്ഞു.

ടൂറിസം, ജൈവവൈവിധ്യം എന്നിവയ്ക്ക് പുറമെ ബോട്ടുകളുടെയും ചെറിയ കപ്പലുകളുടെയും ഉല്ലാസ നൗകകളുടെയും വരെ സഞ്ചാരം തടയാൻ ഈ പായൽക്കൂട്ടത്തിന് കഴിയും. കൂടാതെ തീരത്തെത്തി കഴിഞ്ഞാൽ കടലിലേക്കുള്ള നദികളിൽ നിന്നുള്ള ഒഴുക്കിനും ഇവ ഒരു പരിധി വരെ തടസ്സമാകാൻ സാധ്യതയുണ്ട്. ഈ കായലിന് സമാനമായ അവസ്ഥയിലുള്ള അഴിമുഖങ്ങളിലെ ജീവജാലങ്ങളുടെ നിലനിൽപിനും ഭീഷണിയാകും.

അമേരിക്കയിലെ ഓഷ്യോനോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ഇത്തരത്തിലുള്ള പായൽ കൂട്ടത്തെ വർഷങ്ങളായി നിരീക്ഷിക്കുന്നവരാണ്. അത് കൊണ്ട് തന്നെയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പായൽ ശേഖരമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് ഗവേഷകർ വിവരിച്ചതും. വർഷങ്ങൾ തോറും അറ്റ്ലാന്റിക്കിലെ പായൽ ശേഖരം വർധിച്ച് വരുന്നു എന്നാണ് ഈ ഗവേഷകരുടെ നിഗമനം. 2018ലും 2022 ലുമാണ് ഇതുവരെ നിരീക്ഷിച്ചതിൽ വച്ച് ഏറ്റവും വലിയ പായൽ പൂക്കുന്ന പ്രതിഭാസം ഉണ്ടായത്. ഇതിൽ 2022 ലെ പായൽ പൂക്കുന്ന പ്രതിഭാസമാണ് ഇപ്പോഴത്തെ ഈ വലിയ പായൽ കൂട്ടത്തിലേക്ക് നയിച്ചതെന്നും ഗവേഷകർ പറയുന്നു.

English Summary: Seaweed blob visible from space takes aim at Florida

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS