ADVERTISEMENT

ഹൈദരാബാദിലെ അവസാനത്തെ ചീറ്റയ്ക്ക് വിട. നെഹ്റു സുവോളജിക്കൽ പാർക്കിൽ ജീവിച്ചിരുന്ന ചീറ്റയാണ് ജീവന്‍ വെടിഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നാണ് ചീറ്റ ചത്തത് എന്ന് മൃഗശാല വിശദീകരിച്ചു. 15 വയസ്സ് പ്രായമുള്ള ചീറ്റയ്ക്ക് അബ്ദുള്ള എന്നാണ് പേര് നൽകിയിരുന്നത്.  ഒരു പതിറ്റാണ്ട് മുൻപ് സൗദി രാജകുമാരനായ ബാന്ദര്‍ ബിൻ സൗദ് ബിൻ മുഹമ്മദ് അൽ സൗദ് മൃഗശാലയ്ക്ക് സമ്മാനമായി നൽകിയ ചീറ്റയായിരുന്നു ഇത്.

 

പതിവുപോലെ അബ്ദുള്ളയ്ക്ക് വൈകുന്നേരത്തെ തീറ്റ കൊടുക്കാനായി മൃഗശാലയിലെ ജീവനക്കാർ കൂടിനരികിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.  സാധാരണയായി പാർപ്പിച്ചിരിക്കുന്ന വേലിക്കട്ടന് സമീപത്തെത്തി പേര് വിളിച്ചാൽ അബ്ദുള്ള ഓടിയെത്തുകയായിരുന്നു പതിവ്. എന്നാൽ പല ആവർത്തി വിളിച്ചു നോക്കിയിട്ടും ചീറ്റയെ കാണാതായതോടെ ജീവനക്കാർ വേലിക്കട്ടിന്റെ ഗേറ്റ് തുറന്ന് അകത്തുകയറി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഒരു മരത്തിന് ചുവട്ടിൽ വീണു കിടക്കുന്ന നിലയിൽ അബ്ദുള്ളയെ കണ്ടെത്തിയത്. അബ്ദുള്ള പ്രഭാതഭക്ഷണം കഴിച്ചിരുന്നുവെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ആ സമയത്ത് ഉണ്ടായിരുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

 

ഉടൻ തന്നെ വൈദ്യസഹായം തേടിയെങ്കിലും ചീറ്റയുടെ ജീവൻ നഷ്ടപ്പെട്ടതായി മൃഗരോഗ വിദഗ്ധർ വിധിയെഴുതി. തുടർന്ന് ചീറ്റയുടെ ജഡത്തിൽ നടത്തിയ വിശദമായ പരിശോധനകളിൽ ഹൃദയാഘാതം മൂലമാണ് ജീവൻ നഷ്ടപ്പെട്ടതെന്ന് കണ്ടെത്തുകയായിരുന്നു. വിദഗ്ധ പരിശോധനകൾക്കായി ചീറ്റയുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പുറത്തുവരുമെന്നും മൃഗശാല അറിയിച്ചു. 2012 ൽ ഹൈദരാബാദ് സന്ദർശന സമയത്താണ് സൗദി രാജകുമാരൻ രണ്ട് ചീറ്റകളെയും രണ്ട് ആഫ്രിക്കൻ സിംഹങ്ങളെയും മൃഗശാലയ്ക്ക് സമ്മാനമായി നൽകിയത്. അബ്ദുള്ളയ്ക്കൊപ്പം എത്തിച്ച ഹിബ എന്ന പെൺ ചീറ്റ 2020 ൽ ദീർഘനാളായുള്ള അസുഖബാധയെ തുടർന്ന് ചത്തിരുന്നു.

 

ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം വന്നതിനെ തുടർന്ന് ഇണ ചേർക്കാനുള്ള ഉദ്ദേശത്തോടെയാണ് ചീറ്റകളെ സൗദി രാജകുമാരൻ സമ്മാനിച്ചിരുന്നത്. എന്നാൽ തടവിൽ പാർപ്പിച്ച നിലയിൽ ചീറ്റകൾ പ്രത്യുൽപാദനം നടത്തുന്നത് വിരളമാണ്. ഹിബയുടെ മരണശേഷം തനിച്ചായതിന്റെ വിഷമമുണ്ടായിരുന്നതൊഴിച്ചാൽ അബ്ദുള്ള പൂർണ ആരോഗ്യവാനായിരുന്നു. ചീറ്റയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ദുഖത്തിലാണ് മൃഗശാലയിലെ ജീവനക്കാർ.

 

English Summary: Hyderabad's last cheetah dies of heart attack at city zoo; was gifted by Saudi prince in 2012

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com