മലയാളികൾ കണ്ടെത്തിയ ‘പാതാള പൂന്താരക’നെ സ്റ്റാറാക്കി ഡി കാപ്രിയോ; ത്രില്ലടിച്ച് കുഫോസ് ഗവേഷകർ
Mail This Article
തങ്ങളുടെ കണ്ടുപിടിത്തമായ ‘പാതാള പൂന്താരകനെ’ ഹോളിവുഡ് നടനും ടൈറ്റാനിക് നായകനുമായ ലിയനാഡോ ഡി കാപ്രിയോ ഏറ്റെടുത്ത് ഇൻസ്റ്റഗ്രമിലൂടെ പങ്കുവച്ചതിന്റെ ത്രില്ലിലാണ് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകർ. 2 ദിവസം മുൻപ് നടൻ പങ്കുവച്ച പോസ്റ്റ് ഇതിനകം എൺപതിനായിരത്തിൽ പരം ആളുകളാണ് കണ്ടത്. ലോച്ച് ഇനത്തിൽ പെട്ട അപൂർവയിനം ഇത്തിരിക്കുഞ്ഞൻ പാതാള പൂന്താരകനെ ചെങ്ങന്നൂരിലെ എ. ഏബ്രഹാമിന്റെ വീട്ടിൽ നിന്നാണ് ഡോ. രാജീവ് രാഘവന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിനു ലഭിച്ചത്.
വിമുക്ത ഭടനും പരിസ്ഥിതി പ്രവർത്തകനുമായ ഏബ്രഹാമിന്റെ കരുതലാണ് കണ്ടുപിടുത്തത്തിലേക്കു നയിച്ചത്. 2020 ഒക്ടോബർ 24 നായിരുന്നു സംഭവം. ഷവറിലെ വെള്ളത്തിലൂടെ വന്നു വീണ ഏകദേശം 3 സെന്റീ മീറ്റർ നീളമുള്ള മത്സ്യത്തെ കൊല്ലാതെ ഗവേഷകർ വരുന്നതു വരെ സൂക്ഷിച്ചു വച്ചു. 17 അടി ആഴമുള്ള കിണറ്റിൽ നിന്നാണ് ഓവർ ഹെഡ് ടാങ്കിലൂടെ മീൻ എത്തിയത്.
വരാലിന്റെ കുഞ്ഞൻ പതിപ്പായ മത്സ്യവംശത്തിലുള്ള പാതാള പൂന്താരകനെ കൊയ്മയെന്നും വിളിക്കാറുണ്ട്. ഭൂഗർഭ ജലത്തിൽ മാത്രം ജീവിക്കുന്ന കാഴ്ചയില്ലാത്ത പാതാള പൂന്താരകനെ കണ്ടെത്തുന്നത് ലോകത്തു തന്നെ ആദ്യം. ഡി കാപ്രിയോയുടെ ഉടമസ്ഥതയിലുള്ള റീവൈൽഡ് എന്ന ബ്ലോഗിൽ ലോറ മൊറോനോ എഴുതിയതാണ് നടൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പ്രൊഫൈലിൽ ലേഖനത്തിന്റെ ലിങ്കും ഇട്ടു.
English Summary: Leonardo DiCaprio shares photo of groundwater fish ‘Pathala Eel Loach’ captured by Malayali