ADVERTISEMENT

ഒരൊറ്റ മത്സ്യം കാരണം മണിക്കൂറുകളോളം ന്യൂജഴ്സിയിലെ ഒരു നഗരമാകെ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിലായി. സേർവിൽ നഗരത്തിലെ ജനങ്ങളാണ് ആകാശത്തു നിന്നും താഴെ വീണ മത്സ്യം കാരണം ഇരുട്ടിലായത്. അപ്രതീക്ഷിതമായി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിട്ടതോടെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ട്രാൻസ്ഫോർമറിലേക്ക് വന്നുപതിച്ച നിലയിൽ മത്സ്യത്തെ കണ്ടെത്തുകയായിരുന്നു. ഇതുമൂലം ട്രാൻസ്ഫോർമറിന്റെ പ്രവർത്തനം തടസ്സപ്പെടുകയായിരുന്നു. എന്നാൽ എങ്ങനെയാണ് ട്രാൻസ്ഫോർമറിന് മുകളിൽ മത്സ്യം എത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. പരുന്തും മറ്റും മീനുമായി പോകുന്നതിനിടയ്ക്ക് അറിയാതെ താഴെ വീണതാകാമെന്ന് സേർവ് പൊലീസ് അധികൃതർ പറയുന്നു. 

ന്യൂയോർക്ക് സിറ്റിയിൽ നിന്നും 30 മൈൽ അകലെ സ്ഥിതി ചെയ്യുന്ന സേർവില്ലിലെ 2,100 ഉപഭോക്താക്കളാണ് രണ്ടുമണിക്കൂറോളം വൈദ്യുതിയില്ലാതെ കഴിഞ്ഞത്. മത്സ്യത്തെ കൊന്ന കുറ്റവാളിയെക്കുറിച്ച് അന്വേഷിക്കാമെന്ന് നർമരൂപത്തിൽ പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന പക്ഷിയുടെ രേഖാചിത്രവും പൊലീസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടു. കുറ്റത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആൾ അവസാനം തെക്കുഭാഗത്തേക്ക് പറക്കുന്നതായാണ് കണ്ടത് എന്നാണ് കുറിപ്പ്. ആയുധം കയ്യിൽ കരുതിയിട്ടില്ലെന്ന് അനുമാനിക്കാമെങ്കിലും പ്രതി അങ്ങേയറ്റം അപകടകാരിയാകാമെന്ന മുന്നറിയിപ്പ് നൽകാനും ഉദ്യോഗസ്ഥർ മറന്നിട്ടില്ല. ഈ പോസ്റ്റിന് കമന്റുമായി ജേഴ്സി സെൻട്രൽ പവർ ആൻഡ് ലൈറ്റ് വിഭാഗവും രംഗത്തെത്തി. മത്സ്യത്തിന്റെ കുടുംബത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നായിരുന്നു കമന്റ്.

eagle
പ്രതിയെന്ന് സംശയിക്കുന്ന പരുന്തിന്റെ രേഖാചിത്രം. (Photo: Facebook/Sayreville Police Department)

Read Also: തുലാവർഷം ദുർബലപ്പെട്ടാൽ വരൾച്ച ഡിസംബറിൽ തന്നെ; ഓണം കറുക്കുമോ, വെളുക്കുമോ?

അതേസമയം മണിക്കൂറുകൾ വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടും ക്ഷമയോടെ വൈദ്യുതി വിഭാഗവുമായി സഹകരിച്ച ജനങ്ങളോട് നന്ദി പറയാനും ഇവർ മറന്നിട്ടില്ല. ഇത്തരത്തിലുള്ള പക്ഷികൾ ഇലക്ട്രിക് പോസ്റ്റുകളിൽ കൂടുവയ്ക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്നും സമാനമായ സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വൈദ്യുതി വിതരണ ഉപകരണങ്ങൾക്ക് സമീപത്തേക്ക് പോകാതിരിക്കാൻ ജനങ്ങൾ പരമാവധി ശ്രദ്ധിക്കണമെന്നും വൈദ്യുതി വിഭാഗം ഓർമിപ്പിക്കുന്നു.

Content Highlights: Fish | Electricity | New Jersey | Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com