ADVERTISEMENT

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഇന്റർനെറ്റ് ഉപയോക്താക്കളെ ഒന്നടങ്കം ആശ്ചര്യത്തിലാക്കുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഒരു വ്യക്തി. അന്റാർട്ടിക്കയിലെ കനത്ത മഞ്ഞിനിടയിൽ കണ്ടെത്തിയ ഒരു നിഗൂഢ വാതിലാണ് സംഗതി. മഞ്ഞു പാളികൾക്കിടയിലായി ദീർഘചതുരാകൃതിയിലുള്ള ഒരു വിടവ് കൃത്യമായി പകർത്തിയിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്താണെന്ന് വ്യക്തമായി വിവരിക്കാനാവാത്ത ചിത്രം പുറത്തുവന്നതോടെ അതൊരു നാസി ബങ്കർ ആകാം എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പരക്കുന്നത്.

ജൂലൈ അവസാനത്തോടെയാണ് നിഗൂഢ വാതിലിന്റെ ചിത്രം ജനശ്രദ്ധ നേടിയത്. തൊട്ടുപിന്നാലെ ഇത് എന്താവാം എന്ന തരത്തിൽ ചർച്ചകളും സജീവമായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അഡോൾഫ് ഹിറ്റ്ലർ ഇവിടേയ്ക്ക് രക്ഷപ്പെട്ടിരിക്കാം എന്ന തരത്തിൽ വരെ പ്രതികരണങ്ങൾ വന്നു. എന്തായാലും നിഗൂഢ വാതിലിന് ഹിറ്റ്ലർ സേനയുമായുള്ള ബന്ധം സ്ഥാപിക്കത്തക്ക വിധത്തിൽ ചില ചരിത്ര പശ്ചാത്തലങ്ങളും ഇവർ ചൂണ്ടി കാണിക്കുന്നുണ്ട്. 1930കളുടെ അവസാനത്തോടെ തിമിംഗല വേട്ടയ്ക്കായി നാസികൾ അന്റാർട്ടിക്കയിൽ പര്യവേഷണം നടത്തിയിരുന്നു എന്നതാണ് ഇവിടെ ബങ്കർ ഉണ്ടാവാമെന്ന അനുമാനങ്ങൾക്ക് ആധാരം.

അന്റാർട്ടിക്കയിലെ കനത്ത മഞ്ഞിനിടയിൽ കണ്ടെത്തിയ നിഗൂഢ വാതിൽ (Photo: Twitter/@ladbible)
അന്റാർട്ടിക്കയിലെ കനത്ത മഞ്ഞിനിടയിൽ കണ്ടെത്തിയ നിഗൂഢ വാതിൽ (Photo: Twitter/@ladbible)

എന്നാൽ ഇതിനൊക്കെ അപ്പുറം മറ്റു ചില സംശയങ്ങളും പലരും പ്രകടിപ്പിക്കുന്നുണ്ട്. അഭൗമമായ എന്തോ ഒന്നുമായി ബന്ധപ്പെട്ടു കിടക്കുന്ന വാതിലാണിതെന്നാണ് ചിലരുടെ അഭിപ്രായം. ചുരുക്കം ചിലർ അന്റാർട്ടിക്കപ്പുറം മനുഷ്യന് പരിചിതമല്ലാത്ത ഒരു ലോകത്തിലേയ്ക്ക് തുറക്കുന്ന വാതിലാണോ ഇതെന്നും അടുത്തയിടെ ചൊവ്വാഗ്രഹത്തിൽ കണ്ടെത്തിയതായി പറയപ്പെടുന്ന വാതിലുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാവുമോ ഇതെന്നും വരെയുള്ള സംശയങ്ങൾ ഉയർത്തുന്നുണ്ട്.  കെട്ടുകഥകളിൽ കേട്ടുപഴകിയ ഭീമാകാരനായ ഒരു മഞ്ഞു മനുഷ്യന്റെ ഒളിത്താവളമാവുമോ ഇത് എന്നാണ് ഒരു കൂട്ടം ആളുകളുടെ ആശങ്ക. 

Read Also: വാഹനത്തിൽ ചാടിക്കയറി സിംഹം; യുവതിയുടെ തോളിൽ ചാഞ്ഞ് സ്നേഹപ്രകടനം- ഭയാനകം, ഒപ്പം രസകരം

ഭൂമിയിലെ എന്തെങ്കിലും ഒരു വിചിത്ര പ്രതിഭാസത്തിന്റെ സൂചനയാകുമോ ഇതെന്നും ഭൂമിയുടെ നിലവിലെ പാരിസ്ഥിതികാവസ്ഥയുമായി ഇതിന് ബന്ധമുണ്ടാകുമോ എന്നുമെല്ലാമുള്ള തരത്തിൽ സമൂഹമാധ്യമങ്ങളിൽ ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നു. പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കുമായി അന്റാർട്ടിക്കയിലെത്തിയ മനുഷ്യർ തന്നെ നിർമ്മിച്ച ഒന്നാവാം ഇതെന്നതാണ് മറ്റൊരു അഭിപ്രായം. എന്നാൽ നാസി ബന്ധം പ്രായോഗികമായി തെളിയിക്കാനാവാത്ത ഒന്നായതിനാൽ അത് പൂർണമായി തള്ളിക്കളഞ്ഞ്  ഈ വാതിൽ യഥാർത്ഥത്തിൽ മഞ്ഞുപാളികൾക്കിടയിൽ സ്വാഭാവികമായി ഉണ്ടായ ഒരു വിള്ളൽ മാത്രമാവാം എന്ന് കരുതുന്നവരും ഉണ്ട്.

Content Highlights: Nazi | Bunker | Antarctica | Mysterious Door 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com