ADVERTISEMENT

തുർക്കിയിലെ ആകാശത്ത് പച്ച നിറത്തിൽ ഉൽക്ക പ്രത്യക്ഷപ്പെട്ടത് ആശ്ചര്യമുണർത്തി. സംഭവത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങൾ താമസിയാതെ സമൂഹമാധ്യമങ്ങളിൽ പ്രവഹിച്ചു. തുർക്കിയിലെ ഗുമുഷാനെ പ്രവിശ്യയിലും എർസൂറും നഗരത്തിലുമാണ് ഉൽക്ക പ്രധാനമായും ദൃശ്യമായത്. ആകാശത്തേക്കയയ്ക്കുന്ന ചില പടക്കങ്ങൾ പൊട്ടിത്തെറിപ്പിക്കുന്നതിനെ അനുസ്മരിപ്പിക്കുന്നതാണ് വിഡിയോ ദൃശ്യങ്ങൾ.

ഉൽക്കയുടെ ഉത്ഭവവും മറ്റും സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. പെഴ്സീഡ് ഉൽക്കമഴയ്ക്ക് ആഴ്ചകൾ ശേഷമാണ് ഇത് നടന്നത്. കഴിഞ്ഞ ആഴ്ച യുഎസിലെ കൊളറാഡോയിലും ഉൽക്ക പൊട്ടിത്തെറിച്ചിരുന്നു. ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിരന്തരം കയറാറുണ്ട്. പലതും ശ്രദ്ധിക്കപ്പെടാറില്ലെങ്കിലും ചിലത് ആശങ്കയുണർത്തിയിട്ടുമുണ്ട്.

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് 1,440 കിലോമീറ്റർ കിഴക്ക് സ്ഥിതി ചെയ്യുന്ന ചെല്യാബിൻസ്ക് നഗരത്തിന് 23 കിലോമീറ്റർ ഉയരത്തിൽ 2013ൽ ഒരു സൂപ്പർബൊളൈഡ് വിഭാഗത്തിൽപെടുന്ന ഉൽക്ക പൊട്ടിത്തെറിച്ചിരുന്നത്. റഷ്യ വിറച്ച സന്ദർഭമായിരുന്നു ഇത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റു. മൂവായിരത്തോളം കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. ഉൽക്ക, ഛിന്നഗ്രഹങ്ങൾ, ബഹിരാകാശ പാറകൾ തുടങ്ങിയവയിൽ നിന്നുള്ള ഭീഷണി ഗൗരവമായി പരിഗണിക്കണമെന്ന് ഇതെത്തുടർന്ന് പലശാസ്ത്രജ്ഞൻമാരും ആവശ്യമുന്നയിച്ചിരുന്നു.

ഈ സംഭവം അപൂർവങ്ങളിൽ അപൂർവങ്ങളായ ഒട്ടേറെ രാസപദാർഥങ്ങളെയും ഭൂമിയിൽ എത്തിച്ചു. ഉൽക്ക എത്തി അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ചതിനു ശേഷം ഭൗമനിരപ്പിൽ നിന്ന് 27 കിലോമീറ്റർ ഉയരത്തിലായി ഒരു വാതകപടലമുണ്ടായി. ഇതു പിന്നീട് ഭൂമിയിൽ അടിഞ്ഞു. ഈ ഉൽക്കയുടെ പൊട്ടിത്തെറിയിൽ നിന്നുള്ള പ്രകാശം 100 കിലോമീറ്റർ അകലെയുള്ളവർക്കുവരെ കാണാൻ സാധിച്ചിരുന്നു. ഹിരോഷിമയിൽ അമേരിക്കയിട്ട ആണവബോംബ് പൊട്ടിയുണ്ടായ ഊർജത്തിന്റെ 26 മുതൽ 33 മടങ്ങു വരെ ഊർജവും ഈ പൊട്ടിത്തെറി മൂലം സംഭവിച്ചിരുന്നു.

Read Also: കഴുത്തിൽ മുറുകെ കടിച്ച് രാജവെമ്പാല; രക്ഷപ്പെടാൻ അടവുകൾ പയറ്റി ഉടുമ്പ്-വൈറൽ വിഡിയോ

2022ൽ പുതുവൽസര ദിനത്തിൽ യുഎസിലെ പെൻസിൽവേനിയയിലുള്ള പിറ്റ്‌സ്ബർഗ് നഗരത്തിനു മുകളിൽ വലിയ വിചിത്രശബ്ദമുണ്ടായത് ഉൽക്ക പൊട്ടിത്തെറിച്ചതുകൊണ്ടാണെന്നു പിന്നീട് മനസ്സിലാക്കി. 27,216 കിലോഗ്രാം ടിഎൻടി സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുന്ന ഊർജം സ്‌ഫോടനത്തിൽ പുറന്തള്ളപ്പെട്ടെന്ന് പിന്നീട് നാസ പറഞ്ഞു.

മണിക്കൂറിൽ 72,240 കിലോമീറ്റർ എന്ന വൻവേഗത്തിലാണു ഒരുമീറ്ററോളം വ്യാസമുള്ള ഉൽക്ക എത്തിയത്. 454 കിലോഭാരമുള്ള വസ്തു, 2021 സെപ്റ്റംബർ 17നു യുഎസിലെ വെസ്റ്റ് വെർജീനിയയിലുള്ള ഹാർഡി കൺട്രി എന്ന സ്ഥലത്തും ഇതുപോലെ വലിയ ശബ്ദം കേട്ടിരുന്നു.

പുതുവത്സരദിനത്തിൽ വലിയ അളവിൽ വിചിത്ര ശബ്ദം കേട്ടത് പിറ്റ്‌സ്ബർഗ് നിവാസികളെ ആശങ്കയിലാഴ്ത്തിയിരുന്നു. പലരും സമൂഹമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വിഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുകയും സംഭവം വൻ ചർച്ചയ്ക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു. അന്യഗ്രഹ ജീവികളുടെ ആഗമനം, യുഎസിനോടു ശത്രുതയുള്ള രാജ്യങ്ങളുടെ ആക്രണമണം, വിവാദമായ ഹവാന സിൻഡ്രോം തുടങ്ങി ഒട്ടേറെ സാധ്യതകൾ ശബ്ദത്തിനുള്ള കാരണങ്ങളായി പറയപ്പെട്ടു. 

Content Highlights: Green Meteor | Turkish Sky | Environment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com