ADVERTISEMENT

ഭൂമിയെ സംരക്ഷിക്കുന്ന വാതകപാളിയാണ് ഓസോണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അൾട്രാവയലറ്റ് ഉൾപ്പെടെ ഭൂമിക്ക് നാശകാരിയായ വാതകങ്ങൾക്ക് ഓസോൺ ഒരു കവചം തീർക്കും. അടുത്തിടെ നാസ ലോകത്തെ ഏറ്റവും ശക്തമായ ബഹിരാകാശ ടെലിസ്കോപായ ജയിംസ് വെബ് വിക്ഷേപിച്ചിരുന്നു. പ്രപഞ്ചത്തിന്റെ വിവിധ മേഖലകൾ അപാര മിഴിവോടെ ഒപ്പിയെടുക്കുന്ന ടെലിസ്കോപ്പാണ് ജയിംസ് വെബ്. അതോടൊപ്പം തന്നെ ചില പ്രഖ്യാപിത ശാസ്ത്ര ലക്ഷ്യങ്ങളും ഇതിനുണ്ട്. 

സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളിലെ ജീവസാധ്യതയും ജയിംസ് വെബ് അന്വേഷിക്കുന്നുണ്ട്. ഏതെങ്കിലും പുറംഗ്രഹങ്ങളിൽ ഓസോണിന്റെ സാന്നിധ്യം കണ്ടാൽ അവിടെ ജീവനു സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ വാദം. എന്നാൽ ഇതു പൂർണമായി ശരിയാകണമെന്നുമില്ല.

ഏതായാലും ബഹിരാകാശത്തെ കാര്യം അവിടെ നിൽക്കട്ടെ. ഭൂമിയിൽ ഓസോൺ പാളി വളരെ പ്രധാനപ്പെട്ടതാണ്. ഭൂമിയിലെ ജീവന്റെ നിലനിൽപിനു വരെ ഇതു കാരണമാണ്. ഓസോൺ പാളി ക്ഷയിച്ചതും അതു പിന്നീട് പഴയനിലയിലാക്കാനുള്ള ശ്രമങ്ങളുമൊക്കെ ലോക പരിസ്ഥിതി രംഗത്തെ തിളങ്ങുന്ന അധ്യായങ്ങളാണ്.

പ്രതീകാത്മക ചിത്രം. (Credit:duncan1890)
പ്രതീകാത്മക ചിത്രം. (Credit:duncan1890)

ഷെർവുഡ് റോലാൻഡ്, മരിയോ മോളിന–ഓസോൺ സംരക്ഷണമേഖലയിലെ തിളങ്ങുന്ന രണ്ട് പേരുകളാണിവ. ക്ലോറോഫ്ലൂറോ കാർബണുകൾ ഓസോൺ പാളിയുമായി പ്രവർത്തനം നടത്തുന്നുണ്ടെന്നും അത് വിനാശകരമായ ഓസോൺ പാളിയിലെ വിള്ളലുകളിലേക്കു നയിക്കുന്നുണ്ടെന്നും ഗവേഷണം നടത്തി സ്ഥാപിച്ചത് ഇവരായിരുന്നു. പിൽക്കാലത്ത് മോൺട്രിയൽ പ്രോട്ടോക്കോൾ ഉൾപ്പെടെ പരിഹാര നടപടികളിലേക്കു ലോകത്തെ നയിച്ചതും ഇവരുടെ ഗവേഷണമാണ്. 1995ൽ രസതന്ത്രത്തിലെ നൊബേൽ പുരസ്കാരം, മറ്റൊരു ഓസോൺ ശാസ്ത്രജ്ഞനായ പോൾ ക്രുറ്റ്സനൊപ്പം ഇവർ പങ്കിട്ടു.

Read Also: കുരങ്ങുകളെപ്പോലെ മരംകയറി ജീവിതം; നഗരം വിട്ട് യുവാക്കൾ: തരംഗമായി ടാർസൻ മൂവ്‌മെന്റ്

യുഎസിലെ ഷിക്കാഗോ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയ ഷെർവുഡ് റോലാൻഡ് പിൽക്കാലത്ത് പ്രിൻസ്ടൺ, കൻസസ് സർവകലാശാലകളിൽ ഗവേഷകനും അധ്യാപകനുമായി. ഒടുവിൽ കലിഫോർണിയ സർവകലാശാലയിൽ പ്രഫസറുമായി. 1970ലാണ് മരിയോ മോളിനയുമൊത്ത് കലിഫോർണിയ സർവകലാശാലയിൽ റോലൻഡ് ഗവേഷണം നടത്താൻ തുടങ്ങിയത്.1976ൽ അദ്ദേഹം വിശ്വവിഖ്യാതമായ നാഷനൽ അക്കാദമി ഓഫ് സയൻസസിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 

മെക്സിക്കോയിൽ ജനിച്ച മരിയോ മോളിന അവിടത്തെ നാഷനൽ ഓട്ടണമസ് സർവകലാശാലയിലാണു പഠനം പൂർത്തീകരിച്ചത്. കെമിക്കൽ എൻജിനീയറിങ്ങിലായിരുന്നു ഇത്. 1967ൽ അദ്ദേഹം ജർമനിയിലെ ഫ്രൈബർഗ് സർവകലാശാലയിലേക്കു പോയി. പിന്നീട് കലിഫോർണിയ സർവകലാശാലയിലെത്തിയ ശേഷമാണ് ഇദ്ദേഹം റോലാൻഡുമായി ചേർന്ന് ഗവേഷണം തുടങ്ങിയത്.

Mario Molina (right) and Sherwood Rowland (left) (Photo: Twitter/@NobelPrize)
Mario Molina (right) and Sherwood Rowland (left) (Photo: Twitter/@NobelPrize)

ക്ലോറോ ഫ്ലൂറോ കാർബണുകൾ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ വിഘടിച്ച് ക്ലോറിനും ക്ലോറിൻ മോണോക്സൈഡുമായി മാറി ഓസോൺ തന്മാത്രകളെ നശിപ്പിക്കുന്നെന്നായിരുന്നു റോലാൻഡിന്റെയും മോളിനയുടെയും ഗവേഷണഫലം. 1974ൽ ഈ ഫലം നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇതെത്തുടർന്ന് യുഎസിൽ ഫെഡറൽ ഇൻവെസ്റ്റിഗേഷനു തുടക്കമായി. നാഷനൽ അക്കാദമി ഓഫ് സയൻസസ് റോലാൻഡിന്റെയും മോളിനയുടെയും വാദങ്ങൾ ഉയർത്തിപ്പിടിക്കുകയും ഇതെത്തുടർന്ന് 1978ൽ ക്ലോറോഫ്ലൂറോ കാർബണുകൾ ഉപയോഗിക്കുന്ന എയ്റോസോളുകൾക്ക് യുഎസിൽ വിലക്ക് വരികയും ചെയ്തു. 1980ൽ അന്റാർട്ടിക്കയ്ക്കു മുകളിൽ ഓസോൺ പാളിയിൽ വിള്ളൽ കണ്ടെത്തിയതോടെ റോലാൻഡിന്റെയും മോളിനയുടെയും ഗവേഷണത്തിനു സാധൂകരണവുമായി.

Content Highlights: Ozone day | Ultraviolet Rays | Manorama

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com