ADVERTISEMENT

മുൻപ് ലോകത്തെ വിവിധ ഇടങ്ങളിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം, വരൾച്ച, പേമാരി, കടലാക്രമണം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ ഓരോ ഒറ്റപ്പെട്ട സംഭവങ്ങളായാണ് കണക്കാക്കിയിരുന്നത്. മിക്കപ്പോഴും ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്ന കാലാവസ്ഥാ സവിശേഷതകൾ കൊണ്ടായിരുന്നു ഇത്തരം ദുരന്തങ്ങൾ ഉണ്ടായിരുന്നതും. എന്നാൽ സമീപകാലത്തായി ഇത്തരം പ്രകൃതി ദുരന്തങ്ങൾ വർധിച്ച് വരുന്നതായി കാണാം. സമയം തെറ്റി എത്തുന്ന മഴയും, വേനലും മഞ്ഞുവീഴ്ചയും എല്ലാം ഇത്തരം ദുരന്തങ്ങൾക്ക് വഴിവയ്ക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴുണ്ടാകുന്ന രൂക്ഷമായ പ്രകൃതുദുരന്തങ്ങൾക്ക് എല്ലാം പിന്നിൽ കാലാവസ്ഥാ വ്യതിയാനത്തിന് വലിയ പങ്കുണ്ടെന്നാണ് നിഗമനം.

ലോകത്തെ വിവിധയിടങ്ങളിൽ ഒരേ സമയത്തുണ്ടാകുന്ന പല വിധത്തിലുള്ള പ്രകൃതി ദുരന്തങ്ങളെ ബന്ധിപ്പിക്കുന്ന ഘടകമായി കാലാവസ്ഥാ വ്യതിയാനം നിലനിൽക്കുന്നു. ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഗ്ലോബൽ 20, ബ്രിക്സ് പോലുള്ള രാജ്യാന്തര സമ്മേളനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ഒരു വലിയ വിഷയമായി ഉയർന്നത് അതിനാലാണ്.

അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിന്റെ തീവ്രതയെക്കുറിച്ച് മലയാളിയെ പ്രത്യേകിച്ച് പറഞ്ഞറിയിക്കേണ്ട കാര്യമില്ല. 2018,  2019 വർഷങ്ങളിൽ മലയാളി നേരിട്ട് അനുഭവിച്ചതാണ് പ്രളയത്തിന്റെ ദുരന്തങ്ങൾ. കുറഞ്ഞ നേരംകൊണ്ട് വലിയ അളവിൽ മഴ പെയ്തതായിരുന്നു ഈ രണ്ട് വർഷങ്ങളിൽ പ്രളയത്തിൽ നിർണായക പങ്കുവഹിച്ചത്. ഇപ്പോൾ യമനിലുണ്ടായ വലിയ പ്രളയ ദുരന്തവും സമാനമായ കാരണം കൊണ്ട് സംഭവിച്ചതാണ്. കേരളത്തിലും യമനലിലും മാത്രമല്ല ബ്രിട്ടൺ ഉൾപ്പടെയുള്ള യൂറോപ്യൻ മേഖലയിലും, അമേരിക്കയിലും, ചൈയിലും എല്ലാം സമാനമായ കാരണങ്ങളാൽ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ഇതിന്റെ എണ്ണം സമീപകാലത്തായി വലിയ തോതിൽ വർധിച്ചിട്ടുമുണ്ട്. 

ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്ന് ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙ (Photo by Al-Masar TV / AFP)
ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്ന് ഡെർണയിലുണ്ടായ വെള്ളപ്പൊക്കം∙ (Photo by Al-Masar TV / AFP)

ആഗോളതാപനവും മഴയും

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങളിൽ ഒന്നാണ് ആഗോളതാപനം. ലോക ശരാശരി താപനില വ്യാവസായവിപ്ലവത്തിന് ശേഷം ആഗോളതലത്തിൽ എത്ര ഡിഗ്രി സെൽഷ്യസ് വർധിച്ചു എന്നതാണ് ആഗോളതാപനത്തിന്റെ തോത്. ഇതിൽ തന്നെ വിവിധ മേഖലകളിൽ ഉള്ള താപനിലാ വർധനവിന്റെ തോത് വ്യത്യസ്തമായിരിക്കും. കൂടാതെ താപനില വർധനവ് സമുദ്രത്തിലെ ഒഴുക്കിനെ മുതൽ ഭൂമിയിലെ കാറ്റിന്റെ വിതരണത്തെ വരെ സ്വാധീനിക്കും. ഇതിലൂടെ വിവിധ മേഖലകളിലെ മഴ ഉൾപ്പടെയുള്ള പ്രതിഭാസങ്ങളുടെ വിതരണത്തെയും ബാധിക്കും.

ഇക്കാരണം കൊണ്ട് തന്നെയാണ് ആഗോളതാപനം പൊടുന്നനെയുള്ള പേമാരികൾക്ക് കാരണമാകുന്നതും, കുറഞ്ഞ സമയം കൊണ്ട് വലിയ അളവിലുള്ള വെള്ളം ഒരു പ്രദേശത്ത് മാത്രം എത്തുന്നതിലേക്ക് വഴി വക്കുന്നതും. താപനില ഓരോ ഡിഗ്രി സെൽഷ്യസ് വീതം അന്തരീക്ഷത്തിൽ വർധിക്കുമ്പോഴും ഏഴ് ശതമാനം വരെ അധികം ഈർപ്പം വായുവിൽ തങ്ങി നിൽക്കും. പിന്നീട് അന്തരീക്ഷം തണുക്കുമ്പോഴേക്കും ഈർപ്പം വെള്ളത്തുള്ളികളായി മഴയുടെ രൂപത്തിൽ താഴേയ്ക്ക് പതിക്കും. ചൂട് വർധിക്കുമ്പോഴേക്കും ഈർപ്പം തങ്ങിനിൽക്കുന്നത് വർധിക്കുകയും ഇതിന് അനുസൃതമായി മഴയുടെ അളവ് വർധിക്കുകയും ചെയ്യും. പേമാരിക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്നതും ഇത്തരത്തിൽ വലിയ അളവിൽ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഈർപ്പമാണ്.

ലിബിയയില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെളളപ്പൊക്കത്തില്‍ 2 അണകെട്ടുകള്‍ തകരുകയും പതിനായിരത്തിലധികം ആളുകളുടെ ജീവനെടുക്കുകയും ചെയ്തു. സെപ്റ്റംബറിലെ ആദ്യ 10 ദിവസങ്ങള്‍ക്കുള്ളില്‍ നാല് ഭൂഖണ്ഡങ്ങളില്‍ വിനാശകരമായ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമായിരുന്നു ഈ ദുരന്തം.

മധ്യ ഗ്രീസ്, വടക്കുപടിഞ്ഞാറന്‍ തുര്‍ക്കി, തെക്കന്‍ ബ്രസീല്‍, മധ്യ, തീരദേശ സ്‌പെയിന്‍, തെക്കന്‍ ചൈന, ഹോങ്കോങ്, തെക്കുപടിഞ്ഞാറന്‍ യുഎസ് എന്നീ പ്രദേശങ്ങള്‍ കനത്ത മഴയിൽ വെള്ളത്തിനടിയിലാവുകയായിരുന്നു. ബ്രസീലില്‍ ഹവോക് ചുഴലിക്കാറ്റ് നാശം വിതച്ചു, ടൈഫൂണ്‍ ഹൈകുയി എന്നറിയപ്പെടുന്ന മറ്റൊരു കൊടുങ്കാറ്റ് ഹോങ്കോങ്ങിലും ചൈനയിലും വെള്ളപ്പൊക്കത്തിന് കാരണമായി. ലിബിയ, ഗ്രീസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ ‘ഡാനിയല്‍’ മെഡിറ്ററേനിയന്‍ കൊടുങ്കാറ്റ് ആണ് നാശം വിതച്ചത്. 

ആഗോളതാപനില ഉയർന്ന് കൊണ്ടിരിക്കുന്നതിനാൽ സമാനമായ തോതിലുള്ള വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുന്നത് തോത് ഇനിയും വർധിക്കുമെന്നാണ് രാജ്യാന്തര കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നത്. 

വ്യാപകമായി പ്രളയം വിതക്കുന്ന മൂന്ന് മാറ്റങ്ങൾ

രാജ്യാന്തര കാലാവസ്ഥാ സമിതിയുടെ നിരീക്ഷണത്തിൽ മൂന്ന് വിധത്തിലുള്ള മാറ്റങ്ങളാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം മൂലമുളള പ്രളയത്തിന് കാരണമാകുന്നത്. ഇതിൽ ആദ്യത്തേത് ആഗോളതാപനം മൂലം വായു ചൂട് പിടിക്കുന്ന പ്രതിഭാസം തന്നെയാണ്. വായുവിലെ താപനില ഉയരും തോറും ഈർപ്പം സ്വാംശീകരിക്കാനുള്ള ശേഷി വർധിക്കുകയും തുടർന്ന് ഇത് പെട്ടെന്ന് കുറഞ്ഞ സമയം കൊണ്ട് പേമാരിയായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ യുഎസിലും, വിയറ്റ്നാമിലും, ചൈനയിലും, വടക്കേ ഇന്ത്യയിലും എല്ലാം സമാനമായ പ്രതിഭാസമായ വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്.

ജൂലൈ മാസം രാജ്യതലസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും കന്നുകാലികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന കർഷകർ (Photo by Arun SANKAR / AFP)
ജൂലൈ മാസം ഡൽഹിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നും കന്നുകാലികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന കർഷകർ (Photo by Arun SANKAR / AFP)

രണ്ടാമതായി പ്രളയത്തിന് കാരണമായി കാണുന്നത് തണുപ്പുള്ള പ്രദേശങ്ങളിലുള്ള കാലാവസ്ഥയുടെ പ്രത്യേകതയാണ്. പ്രത്യേകിച്ചും വടക്കൻ ധ്രുവത്തോട് ചേർന്നുള്ള മേഖലകളിലും, ഉയർന്ന മലനിരകളുള്ള പ്രദേശങ്ങളിലുമാണ് ആഗോളതാപനം മൂലം വലിയ തോതിലുള്ള വെള്ളപ്പൊക്കമോ, പ്രളയമോ അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ മറ്റ് പ്രദേശങ്ങളിൽ എന്ന പോലെ തന്നെ വലിയ തോതിൽ ഈർപ്പം വായുവിൽ തങ്ങിനിൽക്കുകയും, പിന്നീട് തണുപ്പ് വർധിക്കുമ്പോൾ പെട്ടെന്ന് മേഘസ്ഫോടനത്തിന് സമാനമായ രീതിയിൽ വെള്ളം ഭൂമിയിലേക്ക് എത്തുകയും ചെയ്യും. ഇത് കൂടാതെ തണുപ്പ് കൂടുതലുള്ള പ്രദേശങ്ങളിൽ മറ്റൊരു പ്രതിസന്ധി മഞ്ഞുരുകലാണ്. ആഗോളതാപനം മൂലം മഞ്ഞുരുകൽ വർധിച്ചതോടെ ഈ മേഖലകളിൽ വെള്ളപ്പൊക്കവും വർധിക്കുന്നതായി രാജ്യാന്തര കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സമിതി വിവരിക്കുന്നു. 

അമേരിക്കയിലെ യെല്ലോസ്റ്റോൺ ദേശീയ പാർക്ക് ഉൾപ്പടെയുള്ള മേഖലകളിൽ സമാനമായ രീതിയിലുള്ള പ്രതിഭാസങ്ങൾ ഇതിനകം തന്നെ കാണാൻ സാധിക്കും. ഈ മേഖലയിൽ വർദ്ധിക്കുന്ന താപനിലയും, മഴയും മേഖലയിലെ മഞ്ഞുരകൽ വലിയ തോതിൽ വർദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഈ വർധനവാണ് കഴിഞ്ഞ വർഷം ജൂണിൽ മേഖലയിൽ പ്രളയം വിതച്ചതും, ഇതിലൂടെ പതിനായിരക്കണക്കിന് ആളുകളെ താൽക്കാലികമായി മാറ്റി പാർപ്പിക്കേണ്ടി വന്നതും.

മഴയിലും വൈത്യുത തൂണിൽ കയറി ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാർ. തൃശൂരിൽ നിന്നുള്ള കാഴ്ച ∙ ഫയൽ ചിത്രം  മനോരമ
മഴയിലും വൈദ്യുത തൂണിൽ കയറി ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാർ. തൃശൂരിൽ നിന്നുള്ള കാഴ്ച ∙ ഫയൽ ചിത്രം മനോരമ

മഞ്ഞും മഴയും മാത്രമല്ല കാലാവസ്ഥാ വ്യതിയാനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ വെള്ളപ്പൊക്കവും, കാട്ടുതീയും വരെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നവയാണ്. വെള്ളപ്പൊക്കം പോലെ തന്നെ കാലാവസ്ഥാ വ്യതിയാനം മൂലം വ്യാപകമായി സംഭവിക്കുന്ന പ്രകൃതി ദുരന്തമാണ് കാട്ടുതീയും. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകമെമ്പാടും കാട്ടുതീ പടരുന്ന സംഭവങ്ങൾ വലിയ തോതിൽ വർധിച്ചിട്ടുണ്ട്. ഇങ്ങനെ കാട്ടൂതി പടരുന്ന മേഖലകളിൽ പിന്നീട് കനത്ത മഴ പെയ്താൽ വെള്ളപ്പൊക്കത്തിനൊപ്പം വലിയ തോതിലുള്ള മണ്ണിടിച്ചിലിനും, ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. കാട്ടുതീ മൂലം മണ്ണിന്റെ ഉറപ്പ് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം.

മഴയുടെ വർധിച്ച് വരുന്ന ശക്തി

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ലോകത്താകമാനം മഴയുടെ അളവിൽ നാൽപ്പത് ശതമാനം വരെ വർദ്ധനവുണ്ടാകാം എന്നാണ കരുതുന്നത്. എന്നാൽ ഇത് ഒറ്റ നോട്ടത്തിൽ തോന്നുന്നത് പോലെ ഒട്ടും ഗുണകരമായിരിക്കില്ല. മറിച്ച് ഇത്രയധികം ജലം ഭൂമിയിലേക്ക് എത്തുമ്പോൾ അത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾക്ക് വഴി വക്കും. കാരണം ഈ വർധിച്ച മഴ എത്തുന്നത് വളരെ ചെറിയ കാലയളവുകളായാണ്. അതുകൊണ്ട് തന്നെ പെയ്യുന്ന മഴ നിലവിലുള്ളതിനേക്കാൾ 10 ശതമാനം വരെ ശക്തിയുള്ളതാകും എന്നും ഗവേഷകർ കണക്ക് കൂട്ടുന്നു. ഇതാണ് ചെറിയ കാലയലവിനുള്ളിൽ വലിയ അളവിൽ മഴ എന്ന തോതിൽ ഇപ്പോൾ അനുഭവപ്പെട്ട് വരുന്നതും. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മഴയുടെ ശക്തിയിൽ അൻപത് ശതമാനം വരെ വർധവുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

Read Also: അയാം ദി സോറി! പൂച്ചയുടെ ദേഹത്ത് ചാടിക്കയറാൻ ശ്രമം; ഒറ്റനോട്ടത്തിൽ പിന്മാറി– ചിരിപ്പിക്കും വിഡിയോ

അതേസമയം തന്നെ കൊടും ചൂടുള്ള ദിവസങ്ങളുടെ എണ്ണത്തിലും ഈ വർധനവുണ്ടാകും. മഴയുള്ളപ്പോൾ ശക്തമായ മഴയും, മറ്റ് ദിവസങ്ങളിൽ കൊടും ചൂടും എന്ന തോതിലേക്കാണ് കാലാവസ്ഥയെ ആഗോളതാപനം മാറ്റി മറിക്കുന്നതെന്ന് ഗവേഷകർ വിശദീകരിക്കുന്നു.

Content Highlights: Climate Change | Global warming | Natural Disaster 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT