കാലവർഷത്തിൽ രൂപപ്പെട്ടത് 14 ന്യൂനമർദങ്ങൾ; ഒരെണ്ണം ചുഴലിക്കാറ്റായി: തുലാവർഷത്തിൽ കാത്തിരിക്കുന്നതെന്ത്?

Mail This Article
മെയ് 19 ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്ന് ആരംഭിച്ച കാലവർഷം ഇത്തവണ 7 ദിവസം വൈകി ജൂൺ 8 നാണ് കേരളത്തിൽ എത്തിച്ചേർന്നത്. സാധാരണയിലും 6 ദിവസം മുന്നേ ജൂലൈ 2 ന് കാലവർഷം രാജ്യത്താകെ വ്യാപിച്ചു. എന്നാൽ ജൂൺ 6 ന് വടക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ട 'ബിപോർജോയ്' ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇതിന്റെ സ്വാധീനം 19 വരെ നീണ്ടുനിന്നതോടെ കാലവർഷക്കാറ്റ് ദുർബലമായി. ഇതോടെ ജൂൺ മാസത്തിൽ 60% കുറവ് മഴ രേഖപ്പെടുത്തി (260.3mm). ഇതോടെ ഈ വർഷത്തെ ജൂൺ മാസം ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ ജൂണായി മാറുകയായിരുന്നു.
ജൂലൈയിൽ അനുകൂല സാഹചര്യം വന്നതോടെ 592 mm മഴ ലഭിച്ചെങ്കിലും 9% കുറവ് മഴ രേഖപ്പെടുത്തി. ജൂലൈ അവസാനിച്ചപ്പോൾ ജൂണിലെ 60% ൽ നിന്ന് 35% മായി കുറഞ്ഞു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദങ്ങൾ മാഡൻ ജൂലിയൻ ഓസിലേഷൻ (MJO) അനുകൂല മേഖലയിൽ വന്നതും ജൂലൈ മഴ വർധിക്കാൻ കാരണമായി.
എന്നാൽ ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് എന്ന റെക്കോർഡുമായാണ് ഓഗസ്റ്റ് അവസാനിച്ചത്. 445 mm മഴ ലഭിക്കേണ്ടിടത്തു ലഭിച്ചത് 60 mm മാത്രം ( 87% കുറവ്).

ജൂലൈ മാസത്തെ 35% നിന്ന് വീണ്ടും മഴക്കുറവ് 48% മായി. പസഫിക്ക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ശക്തി പ്രാപിച്ചതും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വിധ്രുവം പ്രതിഭാസം ന്യുട്രൽ സ്ഥിതിയിൽ തുടർന്നതും അതോടൊപ്പം MJO പ്രതിഭാസം ഭൂരിഭാഗം സമയവും പ്രതികൂല മേഖലയായ ഫേസ് 1& 8 ൽ തുടർന്നതും കാലവർഷം കൂടുതൽ ദുർബലമാകാൻ കാരണമായി.
Read Also: പൊട്ടുകുത്തി, വളയണിഞ്ഞു; ഗോൾഡൻ റീട്രീവർ നായയുടെ ബേബി ഷവർ നടത്തി ഉടമ–വിഡിയോ
സെപ്റ്റംബർ തുടക്കത്തിൽ തന്നെ ഇന്ത്യൻ മഹാസമുദ്രത്തിൽ IOD പ്രതിഭാസം പോസിറ്റീവ് ഫേസിലേക്ക് നീങ്ങിയതും കാലവർഷത്തെ പതിയെ സജീവമാക്കി. അതോടൊപ്പം MJO വീണ്ടും അനുകൂല മേഖലയിൽ( 3& 4 ഫേസ്) തുടർന്നതും മഴയ്ക്ക് അനുകൂലമായി. ഇതിന്റെ ഫലമായി ബംഗാൾ ഉൾക്കടലിൽ തുടരെ തുടരെ ന്യൂനമർദങ്ങൾ രൂപപ്പെട്ടു. സെപ്റ്റംബർ അവസാനത്തോടെ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ഇരട്ട ന്യൂനമർദവും സെപ്റ്റംബർ മാസത്തിൽ കൂടുതൽ മഴ (415 mm, 53% അധിക മഴ) ലഭിക്കാൻ സഹായകമായി.

ഒടുവിൽ 122 ദിവസം നീണ്ടു നിന്ന കാലവർഷം ജൂൺ മാസത്തിലെ 60% നിന്ന് 34% കുറവിൽ അവസാനിച്ചു. ചരിത്രത്തിലെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ കാലവർഷം.
കാലാവർഷ സീസണിൽ രൂപപ്പെട്ടത് 14 ന്യൂനമർദങ്ങൾ അതിൽ ഒരെണ്ണം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.

നിലവിലെ തുലാവർഷത്തിന് കാലവർഷത്തിൽ നഷ്ടമായ മഴക്കുറവ് നികത്താൻ സാധിക്കുമോ എന്ന് കാത്തിരുന്നു കാണാം. കേന്ദ്രകാലാവസ്ഥ വകുപ്പ് ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര ഏജൻസികൾ തുലാവർഷത്തിൽ പ്രതീക്ഷയർപ്പിക്കുന്നു.
Content Highlights: Kerala Rain | Rain in Kerala | Monsoon | Environment