ADVERTISEMENT

ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥാ മേഖലകൾക്കും ഉള്ള  അഞ്ച് പ്രധാന ഭീഷണികളാണ് ആഗോളതലത്തിൽ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവയിൽ ഒന്നാണ് അധിനിവേശ ജീവിവർഗങ്ങളുടെ വ്യാപനം. ഈ തരത്തിലുള്ള അധിനിവേശ  മൃഗങ്ങൾ, സസ്യങ്ങൾ, ഫംഗസ് പോലുള്ള സൂക്ഷ്മാണുക്കൾ എന്നിവ, തദ്ദേശീയ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കാൻ കഴിയുന്നവയാണ്.  സ്വന്തം സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് പുറത്തുള്ള ഒരു അന്തരീക്ഷത്തിൽ സ്വയം ഇടം കണ്ടെത്താനും അവിടെ വ്യാപിക്കാനും കഴിയുന്നവയാണ് അധിനിവേശ ജീവിവർഗങ്ങൾ. കാലാവസ്ഥാ വ്യതിയാനം പോലുള്ള മറ്റു ഭീഷണികൾ ജൈവവൈവിധ്യത്തിനും പരിസ്ഥിതിക്കും ഉണ്ടാക്കുന്ന ആഘാതങ്ങൾ ഗൗരവമായി പഠനത്തിന് വിധേയമാക്കുമ്പോഴും സാധാരണഗതിയിൽ ഇത്തരം അധിനിവേശജീവിവർഗങ്ങൾ സമാനമേഖലകളിൽ ഉണ്ടാക്കുന്ന ആഘാതങ്ങൾ ശ്രദ്ധിക്കപ്പെടാറില്ല.

ഇന്റർ ഗവൺമെന്റൽ പ്ലാറ്റ്ഫോം ഓൺ ബയോഡൈവേഴ്സിറ്റി ആൻഡ് ഇക്കോസിസ്റ്റം സർവീസസ് (ഐപിബിഇഎസ്) ആണ് അധിനിവേശ ജീവികളുടെ ആഘാതത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. അധിനിവേശ ജീവികൾ ഉയർത്തുന്ന ആഗോളതലത്തിൽ പ്രകൃതിക്ക് സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് ഈ റിപ്പോർട്ടിൽ വിശദമായി പറയുന്നു. ഈ റിപ്പോർട്ടിൽ തന്നെ ഇത്തരത്തിലുള്ള അധിനിവേശ ജീവികളുടെ വ്യാപനത്തിൽ മനുഷ്യ ഇടപെടലിനുള്ള പങ്ക് വളരെ വലുതാണെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. മനുഷ്യ ഇടപെടലിലൂടെ മാത്രം ലോകമെമ്പാടുമുള്ള പ്രദേശങ്ങളിലേക്കും ജൈവആവാസവ്യവസ്ഥകളിലേക്കും 37,000 അധിനിവേശ സ്പീഷിസുകൾ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഓരോ വർഷവും 200 പുതിയ അധിനിവേശ ജീവിവർഗങ്ങളാണ് മനുഷ്യരുടെ ഇടപെടലിലൂടെ മാത്രം വ്യാപിക്കുന്നത്.

ഡോ. കെ.വി. ശങ്കരന്‍
ഡോ. കെ.വി. ശങ്കരന്‍

ഇതുവരെ ലോകത്ത് വ്യാപിച്ചിട്ടുള്ള അധിനവേശ ജീവികളിൽ 3,500 ലധികം അധിനിവേശജീവിവർഗങ്ങളെയാണ് ദോഷകരമായ ആക്രമണാത്മക അധിനിവേശ ജീവിവർഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻവേസീവ് ഏലിയൻ സ്പീഷ്യസ് (ഐഎഎസ്) എന്ന് വിളിക്കുന്ന ഈ ജീവികൾ പ്രകൃതിയെയും ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു. ഇതിൽ ആശങ്കജനകമായ കാര്യം ഈ അധിനിവേശ ജീവികളിൽ 2300 ൽ അധികം വരുന്ന ജീവിവർഗ്ഗങ്ങൾ പ്രാദേശീക ജനവിഭാഗങ്ങൾ ജീവിക്കുന്ന മേഖലയിൽ കാണപ്പെടുന്നു എന്നതാണ്. 

അധിനിവേശ ജൈവവർഗ്ഗങ്ങൾ സൃഷ്ടിക്കുന്ന ആഘാതം

ആക്രമണാത്മക അധിനിവേശ ജീവിവർഗ്ഗങ്ങളെക്കുറിച്ചുള്ള  ആഗോള വിലയിരുത്തലിൻറെ ആവശ്യകതയെക്കുറിച്ചുള്ള മുൻ ഐപിബിഇഎസ് ഉച്ചകോടികളിലെ തീരുമാനത്തെ തുടർന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട് പുറത്തിറക്കിയത്.. IPBES ലെ 143 അംഗരാജ്യങ്ങളുടെ പ്രതിനിധികൾ ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഭാഗമായി. ഈ റിപ്പോർട്ട് പ്രകാരം  2019 ൽ ആക്രമണാത്മക അധിനിവേശ ജീവികൾ മൂലമുള്ള ആഗോള സാമ്പത്തിക ആഘാതം പ്രതിവർഷം ഏതാണ്ട് 423 ബില്യൺ ഡോളറിന് മുകളിലാണ്. ഈ റിപ്പോർട്ട് അനുസരിച്ച് 1970 മുതൽ ഓരോ പതിറ്റാണ്ടിലും അധിനിവേശ ജീവികൾ മൂലമുള്ള സാമ്പത്തിക ആഘാതം ഏതാണ്ട് നാലുമടങ്ങ് വീതമാണ് വർധിച്ചത്.

water-hycinth

ഐപിബിഇഎസ് പുറത്തിറക്കിയ പുതിയ ജൈവ അധിനിവേശ ആഘാത റിപ്പോർട്ടു് ജൈവ അധിനിവേശത്തെക്കുറിച്ചുള്ള ഏറ്റവും സമഗ്രമായ വിലയിരുത്തലാണെന്ന് ശാസ്ത്രലോകം കരുതുന്നു. അതേസമയം തന്നെ ഈ റിപ്പോർട്ട് കേന്ദ്രീകരിക്കുന്നത് അധിനിവേശ ജീവികളുടെ സാമ്പത്തിക ആഘാതമാണ്. സാമ്പത്തിക ആഘാതം എന്നത് അധിനിവേശ ജീവികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന മഞ്ഞുമലയുടെ മുകളറ്റം മാത്രമാണ്. അധിനിവേശ ജീവികൾ പരിസ്ഥിതിയിലും, കാലാവസ്ഥയിലും തന്നെയുണ്ടാക്കുന്ന മാറ്റങ്ങൾ ഇനിയും വിശദമായി വിലയിരുത്തപ്പെടേണ്ടതുണ്ടെന്നാണ് ഒരു സംഘം ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ദ്വീപുകളും പ്രാദേശിക സമൂഹങ്ങളും

അതേസമയം അധിനിവേശ ജൈവവർഗങ്ങൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള അവബോധം വർധിച്ചിട്ടും, മിക്ക രാജ്യങ്ങളിലും ഇതിന്റെ പ്രതിരോധത്തിനും നിയന്ത്രണത്തിനും പ്രത്യേകമായി നിർദ്ദേശിച്ച ഒരു നിയമനിർമാണമോ നിയന്ത്രണങ്ങളോ ഇല്ല. ലോകത്തിലെ പകുതിയിലേറെ രാജ്യങ്ങളിലും ഇപ്പോഴും ഇത്തരം അധിനിവേശ ജൈവവർഗങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനവും ഇല്ല. നിരവധി ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളും ഒട്ടനവധി സംരക്ഷിത ജീവികളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. ഈ നിലയിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അധിനിവേശ ജീവികളുടെ കർശന നിയന്ത്രണത്തിന് വേണ്ടിയുള്ള സമർപ്പിത നയങ്ങളും സംയോജിത ഭരണ സംവിധാനവും ആവശ്യമാണ്. കൂടാതെ പ്രാദേശിക ജൈവവൈവിദ്ധ്യ സംരക്ഷണത്തിനായി ശക്തമായ ജൈവസുരക്ഷാ സംവിധാനം ഉണ്ടായിരിക്കേണ്ടതും അനിവാര്യമാണ് എന്ന് വിദഗ്ധർ പറയുന്നു.

കൊങ്ങിണി പൂച്ച (Photo: Twitter/@JasmineJay92)
കൊങ്ങിണി പൂ

ജൈവ അധിനിവേശത്തിൻറെ പ്രതികൂല പ്രത്യാഘാതങ്ങൾ ഏറ്റവും അധികം ബാധിക്കുന്നത് ചുരുങ്ങിയ പ്രദേശങ്ങളെ, ജീവിത മേഖലയേയോ ആണ്. പ്രത്യേകിച്ചു ദ്വീപുകൾ, ഇപ്പോഴും ഒരു മേഖലയിലെ സവിശേഷ ജൈവ ആവാസവ്യവസ്ഥയെ ആശ്രയിക്കുന്ന പ്രാദേശിക സമൂഹങ്ങൾ എന്നിവടങ്ങളെ. സമ്പദ് വ്യവസ്ഥ, ഭക്ഷ്യ സുരക്ഷ, ജല സുരക്ഷ, മനുഷ്യ ആരോഗ്യം എന്നിവയെ ദൂരവ്യാപകമായി തന്നെ ബാധിക്കാൻ കെൽപ്പുള്ളവയാണ് ഈ ജൈവഅധിനിവേശം എന്ന പ്രതിഭാസം.

നിലവിൽ അധിനിവേശ ജൈവവർഗങ്ങൾ മൂലം സംഭവിക്കുന്ന സാമ്പത്തിക ബാധ്യതകളിൽ 90%വും പ്രകൃതി ജനങ്ങൾക്ക് നൽകുന്ന സംഭാവനകളെയും ജീവിത നിലവാരത്തെയും ബാധിക്കുന്നതാണ്. ആവാസവ്യവസ്ഥയുടെ മേൽ ആക്രമണാത്മക അധിനിവേശ ജീവിവർഗ്ഗങ്ങളുടെ സ്വാധീനം കണക്കിലെടുക്കുമ്പോൾ പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും നേരിട്ട് ആശ്രയിക്കുന്ന തദ്ദേശീയരായ ആളുകളെ ഇത് സാരമായി തന്നെ ബാധിക്കുന്നുണ്ട്. സമാനമായ ആഘാതമാണ് ചുരുങ്ങിയ ഭൂപ്രദേശം മാത്രമുള്ള ദ്വീപുകളിൽ പ്രാദേശിക ജൈവവ്യവസ്ഥയെ ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിലും അധിനിവേശ ജൈവവർഗങ്ങൾ ഉണ്ടാക്കുന്നത്.

ഉദാഹരണത്തിന് മുതിർന്ന ഗവേഷകയായ അൻകില ഹയർമത്ത് ചൂണ്ടിക്കാട്ടുന്നത് ലാന്റനാ കാൻബറാ എന്ന വള്ളിച്ചെടിയാണ്. തെക്കേ അമേരിക്കൻ സ്വദേശിയായ ഈ ചെടി ഇന്ന് കർണ്ണാടകത്തിലെ കർഷകരുടെ തലവേദനയാണ്. പ്രത്യേകിച്ചും സൊലിഗാ എന്ന വിഭാഗത്തിൽ പെടുന്ന ആദിവാസികൾക്കിടയിൽ. ഇവരുടെ പ്രധാന വരുമാനമായ നെല്ലികൃഷിയെ സാരമായി ബാധിക്കുകയും നെല്ലിക്കയുടെ ഉത്പാദനത്തിൽ വലിയ കുറവും വരുത്തുകയും ചെയ്തിരിക്കുന്നത് ലാന്റനാ കാൻബറാ എന്ന ഈ ചെടിയാണ്. കൂടാതെ മേഖലയിലെ പുല്ലുകളുടെ വളർച്ചയെ തടയുന്നതിനും ഇത് വഴി ആനകളുടയും മറ്റും ആക്രമണം വർദ്ധിക്കുന്നതിനും ഈ ചെടികൾ കാരണമായിട്ടുണ്ട്.

ഗുണകരമാകുന്ന ചില അധിനിവേശ ചെടികൾ

എല്ലാ അധിനിവേശ ജീവി വർഗങ്ങളും പ്രാദേശിക ജനതക്ക് പ്രതികൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന് പറയാനാകില്ല. ഇതിന് ഉദാഹരണമാണ് പ്രോസോപിസ് ജൂലിഫ്ലോറാ എന്ന വിഭാഗത്തിൽ പെട്ട മരം. വേഗത്തിൽ ഈ മരത്തിൽ നിന്ന് മരക്കരി ഉത്പാദിപ്പിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ മരക്കരി വിറ്റം ഉപജീവനം നടത്തുന്ന ഒട്ടേറെ പ്രദേശവാസികൾ ഉണ്ട്. സമാനമായ സംഭവങ്ങൾ പലയിടങ്ങളിലും കാണാൻ സാധിക്കുമെന്ന് കെ.എഫ്.ആർ.ഐ. മുൻഡയറക്ടറും മലയാളിയുമായ ഡോ. കെ.വി. ശങ്കരൻ ചൂണ്ടിക്കാട്ടുന്നു. അധിനിവേശ സ്പീഷിസുകളെക്കുറിച്ച് 49 രാജ്യങ്ങളിൽ നിന്നുള്ള 89 ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഈ പഠനത്തിന് നേതൃത്വം കൊടുത്ത ഒരാൾ കൂടിയാണ് കെ. ശങ്കരൻ.

ഇന്ത്യയിലെ അധിനിവേശ ജൈവ വർഗങ്ങൾ

അധിനിവേശ ജൈവവർഗങ്ങളെ കണ്ടെത്താനും അവയുടെ ആഘാതം വിലയിരുത്താനും ഉള്ള ശ്രമങ്ങൾ ഇന്ത്യയിൽ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്. ലാന്റാനാ അഥവാ കൊങ്ങിണി ഇനത്തിൽ പെട്ട സസ്യങ്ങളുടെ അധിനിവേശ ആഘാതത്തെക്കുറിച്ച് മാത്രമാണ് പഠനം ഏതാണ്ട് പൂർത്തിയായ സ്ഥിതിയിലുള്ളത്. അതിന്റെ വ്യാപനവും സാമ്പത്തിക നഷ്ടം ഉൾപ്പെടെയുള്ള വലിയ തോതിലുള്ള പ്രത്യാഘാതങ്ങളും ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾക്കും രൂപം നൽകിയിട്ടുണ്ട്. എന്നാൽ ജൈവവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന അധിനിവേശ സസ്യജന്തുജാലങ്ങളുടെയും, ഫംഗസുകളുടെയും പഠനം ഇന്ത്യയിൽ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്.

ഇന്ത്യയിലെ തനതായ സസ്യവിഭാഗങ്ങൾ നേരിടുന്ന മറ്റൊരു ഭീഷണി അധിനിവേശ സസ്യവിഭാഗങ്ങളുടെ ഒരുമയോടെയുള്ള കടന്ന് കയറ്റമാണ്. അതായത് ഒരു അധിനിവേശ സസ്യത്തിന്റെ വ്യാപനം മറ്റൊരു അധിനിവേശ സസ്യത്തിന് കൂടി സഹായകമാകുമെന്ന് ഡോ. ശങ്കരൻ പറയുന്നു. ഒരു അധിനിവേശ സസ്യത്തിന്റെ കടന്ന് വരവ് ആ മേഖലയുടെ ജൈവവ്യവസ്ഥയെ തന്നെ മാറ്റി മറിക്കുന്നതാണ് ഇതിന് കാരണം. ഈ മാറ്റം കൂടുതൽ അധിനിവേശ സസ്യങ്ങൾക്കും ചില ഘട്ടങ്ങളിൽ അധിനിവേശ ജീവികൾക്ക് വരെ വലിയ തോതിൽ വളരാൻ സഹായകമാകുന്നു. മധ്യപ്രദേശിലെ കൻഹ വന്യജീവി സങ്കേതത്തിലെ അധിനിവേശ സസ്യങ്ങളുടെ വ്യാപനമാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ അധിനിവേശ സസ്യങ്ങൾ

കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന കമ്യൂണിസ്റ്റ് പച്ച അധിനിവേശ സസ്യമാണെന്ന് പറഞ്ഞാൽ പലർക്കും വിശ്വസിക്കാൻ പ്രയാസമുണ്ടാകും. എന്നാൽ കേരളത്തിൽ ഏറ്റവുമധികം വ്യാപിച്ച അധിനിവേശ സസ്യങ്ങളിൽ ഒന്നാണ് കമ്യൂണിസ്റ്റ് പച്ച. ഇത് കൂടാതെ പല തരത്തിലുള്ള കുളവാഴകൾ, ധൃതരാഷ്ട്ര പച്ച പോലുള്ള പടർന്ന് കയറുന്ന വള്ളിച്ചെടികൾ എല്ലാം കേരളത്തിൽ വലിയ തോതിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ അധിനിവേശ സസ്യങ്ങളാണ്. ഇതിൽ പലതും സ്വാഭാവികമായി കേരളത്തിൽ കാണപ്പെട്ട പല സസ്യങ്ങളുടേയും വളർച്ച വലിയ തോതിൽ മുരടിക്കുന്നതിന് കാരണമാകുന്നുണ്ട്.

ആഫ്രിക്കൻ ഒച്ച്
ആഫ്രിക്കൻ ഒച്ച്

ആഫ്രിക്കൻ ഒച്ച്, കോമൺ കാർപ്പ് മത്സ്യങ്ങൾ, കപ്പ പോലുള്ള വിളകളിൽ വ്യാപകമായി കാണപ്പെടുന്ന മിലിബഗ് എന്ന പ്രാണിവർഗത്തിലെ ജീവി തുടങ്ങിയവ കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന അധിനിവേശ ജീവികൾക്ക് ഉദാഹരണമാണ്. ഇവ മനുഷ്യർക്ക് ഉൾപ്പടെ സൃഷ്ടിക്കുന്ന സാമ്പത്തിക, ആരോഗ്യ ആഘാതങ്ങൾ നമുക്ക് പരിചിതവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com