ഹോട്ടലിനകത്ത് 160 വർഷം പഴക്കമുള്ള മുത്തശ്ശിപ്ലാവ്: ചക്ക സീസണിൽ ചാകര

Mail This Article
വൈക്കം – കൊച്ചുകവല റോഡിലാണ് ബ്രദേഴ്സ് ഹോട്ടൽ. പേരു പോലെ തന്നെ, സഹോദരങ്ങളായ വിനോദും ബിജുവും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. എന്നാൽ ഇതൊന്നുമല്ല ഈ ഹോട്ടലിന്റെ പ്രത്യേകത. ഒരു മുത്തശ്ശിപ്ലാവ് നിറയെ ചക്കയുമായി ഹോട്ടലിനകത്തു നിൽക്കുന്നു. 160 വർഷം മുൻപ് നട്ടുവളർത്തിയതാണ് പ്ലാവ്.
40 വർഷം മുൻപ്, വിനോദിന്റെയും ബിജുവിന്റെയും അച്ഛൻ വിജയനാണ് ഹോട്ടൽ ആരംഭിച്ചത്. അവിടെനിന്ന പ്ലാവ് മുറിച്ചുമാറ്റണമെന്ന് പലരും പറഞ്ഞെങ്കിലും അദ്ദേഹം അതിനു തയാറായില്ല. പ്ലാവിനെ ഉള്ളിൽനിർത്തി ചുറ്റുമായി ഹോട്ടൽ നിർമിച്ചു. അതിനു നന്ദിയെന്നോണം ഓരോ സീസണിലും അടിതൊട്ടു മുടി വരെ ചക്ക കൊണ്ടു നിറയാറുണ്ട് മുത്തശ്ശിപ്ലാവ്. രണ്ടു തരത്തിലുള്ള ചക്കയാണ് പ്ലാവിൽ ഉണ്ടാകുന്നത്.

ചക്കയവിയൽ, ചക്കത്തീയൽ...
ചക്ക സീസൺ ആരംഭിക്കുന്നതോടെ ചക്ക കൊണ്ടുള്ള വിഭവങ്ങളാണ് ഹോട്ടലില്‍ നൽകുന്നത്. ഇടിച്ചക്കത്തോരൻ, ചക്കയവിയൽ, ചക്കത്തീയൽ അങ്ങനെ പല വിഭവങ്ങൾ മേശകളിൽ നിറയും. ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ വയറും മനസ്സും നിറയ്ക്കുകയും ചെയ്യും. ചക്കയുടെ പൊല്ല വരെ വിഭവങ്ങളിൽ ചേർക്കും. ചക്കയുടെ പൊല്ല വറുത്തു കോരും. ചക്കക്കുരുവും മാവിൽ മുക്കി വറുക്കും. ഡിസംബർ വരെ ചക്ക ലഭിക്കും. സമീപത്തെ ക്ഷേത്രത്തിൽ സദ്യ ഒരുക്കാനും മറ്റും ചക്ക കൊണ്ടു പോകുന്നത് ഇവിടെ നിന്നാണ്. ബിജുവിന്റെയും വിനോദിന്റെയും അമ്മ വിനയ ഭായിയായിരുന്നു ചക്ക വിഭവങ്ങൾക്കു തുടക്കമിട്ടത്. അതെല്ലാം ഒരുക്കുന്നതിൽ അതീവ തല്‍പരയായിരുന്നു വിനയ ഭായി. കൂടാതെ മീൻ പീര, മീൻ കറി, ബീഫ് കറി തുടങ്ങിയ നോൺവൈജ് വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

ചങ്ക് ബ്രദേഴ്സ്
ഹോട്ടലിനോടു ചേർന്നുള്ള വീട്ടിലാണ് വിനോദും ബിജുവും കുടുംബങ്ങൾക്കൊപ്പം താമസിക്കുന്നത്. കൂട്ടുകുടുംബമായാണ് ഇവർ ഇവിടെ താമസിക്കുന്നത്. വിനോദ് മറ്റൊരു വീടുവച്ചെങ്കിലും താമസം മാറിയിട്ടില്ല. ‘‘സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ തോന്നാറുണ്ട് രണ്ടു വീട്ടിലായി കഴിയണമെന്ന്. എന്നാലും അതിന് മനസ്സ് അനുവദിക്കുന്നില്ല’’ –വിനോദിന്റെ ഭാര്യ ബിന്ദു പറയുന്നു. എന്തു ബുദ്ധിമുട്ട് ഉണ്ടായാലും ഒരുമിച്ചു കഴിയാനാണ് സഹോദരങ്ങൾക്കു താൽപര്യം. അങ്ങനെ ഹോട്ടലിന്റെ പേരിനെ അന്വർഥമാക്കുന്നു ഇവരുടെ ജീവിതവും.
ഫാസ്റ്റ് ഫുഡ് സംസ്കാരത്തോട് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല
മുൻപ് അതിരാവിലെ തന്നെ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു. കാപ്പി, ഊണ്, വൈകിട്ട് ചായ പലഹാരങ്ങൾ എല്ലാം തയാറാക്കി നൽകിയിരുന്നു. നല്ല തിരക്കും ഉണ്ടായിരുന്നു. ഓർഡർ അനുസരിച്ചും വിഭവങ്ങൾ തയാറാക്കി കൊടുത്തിരുന്നു. ഫാസ്റ്റ് ഫുഡിനോട് ആളുകൾക്ക് പ്രിയം കൂടിയതോടെ നാടൻ വിഭവങ്ങളോടുള്ള താൽപര്യം കുറഞ്ഞു. പണ്ടത്തെപ്പോലെ കച്ചവടം കിട്ടുന്നില്ലെന്ന് ബിജു പറയുന്നു.
അമ്മച്ചിപ്ലാവിനെ നിലനിർത്തിക്കൊണ്ടു തന്നെ ഹോട്ടലിന്റെ മുഖച്ഛായ മാറ്റി നാടൻ വിഭവങ്ങൾ ജനപ്രിയമാക്കാനുള്ള ഒരുക്കത്തിലാണ് ഈ സഹോദരങ്ങൾ.