ADVERTISEMENT

പൂച്ചെടിയിൽനിന്നു പൂക്കൾ പൂമ്പാറ്റകളെപ്പോലെ പറന്നുപോകുന്നതായി തോന്നി അദ്ഭുതം കൂറുന്ന കുമാരനാശാൻകവിതയിലെ കുട്ടിയെപ്പോലെ നമ്മെ എന്നും അതിശയിപ്പിക്കുന്നവയാണ് ഉത്തര അമേരിക്കക്കാരായ മൊണാർക്ക് ചിത്രശലഭങ്ങൾ. വർഷം തോറും മഞ്ഞുപൊഴിയുന്ന ഹേമന്തകാലത്ത് മൊണാർക്ക് ചിത്രശലഭങ്ങൾ നടത്തുന്ന ദേശാന്തരഗമനം (migration) പ്രകൃതിയിലെ ഏറ്റവും വർണശബളമായ പ്രതിഭാസങ്ങളിലൊന്നാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, കഴിഞ്ഞ ഇരുപതു വർഷങ്ങൾക്കുള്ളിൽ മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ശലഭസ്നേഹികളെ നിരാശരാക്കുന്നതായിരുന്നു.  

മൊണാർക്ക് ചിത്രശലഭം (Photo: Twitter/@KlatuBaradaNiko)
മൊണാർക്ക് ചിത്രശലഭം (Photo: Twitter/@KlatuBaradaNiko)

ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) 14 മാസം മുൻപ് മൊണാർക്ക് ചിത്രശലഭങ്ങളെ വംശനാശ ഭീഷണി നേരിടുന്ന (endangered) ജീവജാതികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയത് ആശങ്കയുളവാക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ തികച്ചും അസാധാരണമായ ഒരു തീരുമാനത്തിലൂടെ ഐയുസിഎൻ ഇവയെ ‘വംശനാശസാധ്യതയുള്ളത്’ (vulnerable to extinction) എന്ന വിഭാഗത്തിലേക്കു മാറ്റിയിരിക്കുന്നു. ചിത്രശലഭങ്ങളുടെ എണ്ണത്തിൽ വളർച്ചയുള്ളതായി അടുത്ത കണക്കെടുപ്പിൽ കണ്ടെത്തിയാൽ അവയ്ക്ക് ‘നേരിയ ഭീഷണിയുള്ളത്’ (near threatened) എന്ന കുറച്ചുകൂടി മെച്ചപ്പെട്ട വിഭാഗത്തിലേക്ക് മാറ്റാമെന്നും യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

തിരുത്തപ്പെടുന്നത് അനീതി നിറഞ്ഞ തീരുമാനം

2022 ജൂലൈ 21 നാണ് ദേശാടനക്കാരായ നോർത്ത് അമേരിക്കൻ മൊണാർക്ക് ചിത്രശലഭങ്ങളെ തങ്ങളുടെ റെഡ് ലിസ്റ്റിലെ വംശനാശഭീഷണിയുള്ള ജീവികളുടെ കൂട്ടത്തിലേക്ക് മാറ്റിയെന്ന വാർത്ത ഐയുസിഎൻ പുറത്തുവിടുന്നത്. ആവാസവ്യവസ്ഥകളുടെ നാശവും കാലാവസ്ഥാ വ്യതിയാനവുമൊക്കെയാണ് ഇവയുടെ നിലനിൽപിനുള്ള ഭീഷണിയെന്നും യൂണിയൻ അന്നു വ്യക്തമാക്കിയിരുന്നു. മികച്ച രീതിയിൽ പരിരക്ഷിക്കപ്പെടുന്നതിനാൽ എണ്ണത്തിൽ മെച്ചപ്പെട്ട നിലയിൽ നിന്നിരുന്ന മൊണാർക്ക് ചിത്രശലഭങ്ങളെ ഇങ്ങനെ ‘തരംതാഴ്ത്തി’യത് ശാസ്ത്രീയമായ അനീതിയാണെന്ന് ജോർജിയ സർവകലാശാലയിലെ ആൻഡ്രൂ ഡേവിസ് എന്ന പരിസ്ഥിതി ഗവേഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരമൊരു തീരുമാനമെടുക്കാൻ ഉപയോഗിച്ച രീതിശാസ്ത്രത്തെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു. മൊണാർക്ക് ശലഭങ്ങളുടെ എണ്ണത്തെ സംബന്ധിച്ച ശുഭോദർക്കമായ ഡേറ്റ പരിഗണിക്കാതെയാണ് ഈ തീരുമാനമെന്നും ഡേവിസ് വിമർശിക്കുകയുണ്ടായി. എന്തായാലും 14 മാസങ്ങൾക്കിപ്പുറം, കറുപ്പിലും ഓറഞ്ചിലും തിളങ്ങുന്ന മൊണാർക്ക് ശലഭങ്ങളുടെ പാരിസ്ഥിതിക ആരോഗ്യം സംബന്ധിച്ച തർക്കം പുതിയ വഴിത്തിരിവിലെത്തായിരിക്കുകയാണ്. 

മൊണാർക്ക് ചിത്രശലഭം (Photo: Twitter/@starliteNbrite)
മൊണാർക്ക് ചിത്രശലഭം (Photo: Twitter/@starliteNbrite)

ലോകത്തെല്ലായിടത്തും മൊണാർക്ക് ചിത്രശലഭങ്ങൾ കാണപ്പെടുന്നുണ്ട്. എന്നാൽ ദേശാടകരായ Danaus plexippus plexippus എന്ന ഉപജാതി ഉത്തര അമേരിക്കയുടെ മാത്രം സ്വന്തമാണ്. വിസ്മയാവഹമായ ദീർഘദൂരയാത്ര കൊണ്ടും ആവാസവ്യൂഹത്തിന്റെ സവിശേഷതകൾ കാരണവും മൊണാർക്ക് ചിത്രശലഭങ്ങൾ ജീവജാതിസംരക്ഷണത്തിന്റെ പോസ്റ്റർ ചൈൽഡ് ആയി വിലസുന്നവയാണ്. വനങ്ങളുടെ നഷ്ടവും കാലാവസ്ഥാ മാറ്റവുമൊക്കെ കാരണം കുറച്ചു വർഷങ്ങളായി ഇവയുടെ എണ്ണത്തിൽ കുറവു വരുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. അപകടത്തിന്റെ ഗൗരവമറിഞ്ഞ കാനഡ, യുഎസ്, മെക്സിക്കോ എന്നീ രാജ്യങ്ങൾ ചേർന്ന് 2014 ൽ ചിത്രശലഭങ്ങളുടെ ദേശാടനപാതയെ സംരക്ഷിക്കാൻ ഒരു ടാസ്ക്ക് ഫോഴ്സിനു രൂപം നൽകി. നിരവധി പ്രകൃതി സംഘടനകൾ ശക്തമായ പിന്തുണയുമായെത്തി. 

അദ്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാവുക തന്നെ ചെയ്തു. 2019 ആയപ്പോഴേക്കും മൊണാർക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടായതായി റിപ്പോർട്ടുകൾ വന്നു തുടങ്ങിയിരുന്നു. 2018 നെ അപേക്ഷിച്ചു നോക്കുമ്പോൾ, കൂടുതൽ വനസ്ഥലികളിൽ അവർ തങ്ങളുടെ സാന്നിധ്യം പുതുതായി അറിയിക്കുകയും ചെയ്തിതിട്ടുണ്ട്. ഇവയുടെ സമാനതകളില്ലാത്ത ദേശാടനചക്രത്തേക്കുറിച്ച് പഠിക്കുന്നതിനും ശലഭങ്ങളെ സംരക്ഷിക്കുന്നതിനുമായി നിരവധി സംഘടനകളും പദ്ധതികളും ഈ മൂന്നു രാജ്യങ്ങളിലും ജാഗ്രതയോടെ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതിയുടെ ഈ ആഘോഷം വരുംകാലങ്ങളിലും വിഘ്നങ്ങളില്ലാതെ തുടരുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മൊണാർക്ക് ശലഭങ്ങളുടെ ദേശാടനവേളകൾ

ഭൂഗോളത്തിലെ നിത്യവിസ്മയങ്ങളിലൊന്നായി എണ്ണപ്പെടുന്ന മൊണാർക്ക് ചിത്രശലഭങ്ങളുടെ ദേശാടനം തുടങ്ങുന്നത് വടക്കൻ കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നാണ്. തെക്ക് കലിഫോർണിയയിലെയോ മെക്സിക്കോയിലെയോ ശൈത്യമേഖലകളാണ് ലക്ഷ്യം. ലക്ഷക്കണക്കിനു ശലഭങ്ങൾ ഈ യാത്രയിൽ സഹയാത്രികരാകുന്നു. അവർ ഒരുമയോടെ ആയിരക്കണക്കിനു കിലോമീറ്ററുകൾ പിന്നിടുന്നു. സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലാരംഭിക്കുന്ന യാത്ര നവംബറോടെ മധ്യ മെക്സിക്കോയിൽ അവസാനിക്കും. മാർച്ചിലായിരിക്കും മടക്കം. പുറപ്പെട്ട ദേശത്ത് തിരിച്ചെത്തുന്നത് ദേശാടനത്തിനു പുറപ്പെട്ടവരുടെ നാലാമത്തെ തലമുറയിലെ ശലഭങ്ങളായിരിക്കും. ജന്മാന്തരങ്ങൾ കടന്നുള്ള ഈ അപൂർവയാത്രയുടെ ചക്രം ഓരോ വർഷവും ആവർത്തിക്കപ്പെടുന്നു. നാലായിരം കിലോമീറ്ററോളം വരുന്ന ദേശാന്തരഗമന സമയത്ത് അവർ മുട്ടയിടുന്നു. മുട്ടകൾ ശലഭങ്ങളായി തലമുറകൾ മുന്നോട്ടു നീങ്ങുന്നു. ഒടുവിൽ നാലാം ജന്മത്തിലെ പറവകൾ തങ്ങളുടെ മുതുമുത്തശ്ശിമാർ പുറപ്പെട്ട സ്ഥലത്തേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു. 

(Photo: Twitter/@InsightsWeekly)
(Photo: Twitter/@InsightsWeekly)

മൊണാർക്ക് ചിത്രശലഭങ്ങളുടെ (Monarch butterflies) ശാസ്ത്രനാമം Danaus plexippus എന്നാണ്. 6-8 മാസമാണ് ഇവയുടെ ശരാശരി ജീവിതദൈർഘ്യം. 3.7- 4.1 ഇഞ്ചാണ് ചിറകറ്റങ്ങൾ തമ്മിലുള്ള അകലം. ശരീരഭാരം 0.0095 - 0.026 ഔൺസ് മാത്രം (ഒരു ഔൺസ് എന്നാൽ 28.35 ഗ്രാം). നട്ടെല്ലില്ലാത്ത ജീവികളിലെ ആർത്രോപോഡ ഫൈലത്തിൽ ഇൻസെക്റ്റ ക്ലാസിലുള്ള ഇവ സസ്യഭുക്കുകളാണ്. ഇവയുടെ കൂട്ടത്തെ വിളിക്കാൻ ഫ്ലട്ടർ എന്ന പേരാണ് ഉപയോഗിക്കപ്പെടുന്നത്. ഭൂമിയിൽ ഏറ്റവും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതും വിശദമായി പഠനങ്ങൾ നടന്നിട്ടുള്ളതുമായ ചിത്രശലഭമാണ് മൊണാർക്ക്. ഓറഞ്ചു വർണത്തിലുള്ള ചിറകുകളിൽ കറുപ്പു വരകളാൽ നാട തുന്നിയിരിക്കുന്നു. ചിറകിന്റെ അതിരുകളിൽ വെളുത്ത കുത്തുകൾ കൂടി ചേരുമ്പോൾ ശലഭത്തിന്റെ ദൃശ്യചാരുതയേറുന്നു. ഉത്തര, ദക്ഷിണ അമേരിക്കകളാണ് ജന്മദേശമെങ്കിലും ഇഷ്ട വിഭവമായ മിൽക്ക് വീഡ് വളരുന്ന ഉഷ്ണമേഖലകളിലേക്കും അവ വ്യാപിച്ചിട്ടുണ്ട്. എന്നാൽ തെക്കേ അമേരിക്കയിൽനിന്ന് മൊണാർക്ക് ശലഭങ്ങൾ അപ്രത്യക്ഷമായിക്കഴിഞ്ഞതായാണ് പറയപ്പെടുന്നത്. ‍

വടക്കേ അമേരിക്കയിലെ മൊണാർക്കുകളെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. റോക്കി മലകളുടെ പടിഞ്ഞാറു ദേശത്ത് പ്രജനനം നടത്തി ശൈത്യകാലത്ത് തെക്കൻ കലിഫോർണിയയിലേക്കു ദേശാടനം നടത്തുന്ന വെസ്റ്റേൺ മൊണാർക്കുകളാണ് ഒരു വിഭാഗം. വടക്കേ അമേരിക്കയുടെ വിശാല സമതലങ്ങളിലും കാനഡയിലും പ്രജനനം നടത്തി മധ്യമെക്സിക്കോയിലേക്കു യാത്രയാവുന്ന ഈസ്‌റ്റേൺ മൊണാർക്കുകളാണ് രണ്ടാമത്തെ കൂട്ടർ. ഹവായ്, പോർച്ചുഗൽ, സ്പെയിൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്.

മിൽക്ക് വീഡ് ചെടിയിൽ നിൽക്കുന്ന മൊണാർക്ക് ചിത്രശലഭം (Photo: Twitter/ @Leslie64993617)
മിൽക്ക് വീഡ് ചെടിയിൽ നിൽക്കുന്ന മൊണാർക്ക് ചിത്രശലഭം (Photo: Twitter/ @Leslie64993617)

വിസ്മയമീ ദേശാടനജീവിതം

മിൽക്ക് വീഡ് ചെടിയുടെ ഇലകളിൽ ഓരോ മുട്ടയും പ്രത്യേകം പ്രത്യേകമായി ഇടുന്ന പെൺ ചിത്രശലഭങ്ങൾ, അവയുൽപാദിപ്പിക്കുന്ന പ്രത്യേക സ്രവം കൊണ്ട് മുട്ടകൾ ഇലയിൽ ഒട്ടിക്കുന്നു. 2-5 ആഴ്ചയ്ക്കുള്ളിൽ ഏകദേശം 300- 500 മുട്ടകളാണ് ഒരു പെൺ ശലഭം നിക്ഷേപിക്കാറുള്ളത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ മുട്ടകൾ വിരിഞ്ഞ് ലാർവകൾ പുറത്തു വരും. മിൽക്ക് വീഡ് മാത്രം ഭക്ഷണമാക്കുന്ന ഈ സമയത്ത് ലാർവകൾ അതു തിന്ന് വളർച്ച പ്രാപിക്കുന്നു. രണ്ടാഴ്ചത്തെ ലാർവക്കാലത്തിനു ശേഷം സുരക്ഷിതമായൊരു കവചം തുന്നിയുണ്ടാക്കി പ്യൂപ്പയായി സുഖശയനത്തിലാവുന്നു. ഒന്നോ രണ്ടോ ആഴ്ചകൾക്കു ശേഷം, പുഴു പോലെയിരുന്ന ശരീരത്തിന്റെ രൂപാന്തരീകരണം പൂർത്തിയാക്കി, പൂർണവളർച്ചയെത്തിയ കറുപ്പും ഓറഞ്ചും നിറമുള്ള ചിത്രശലഭമായി പുറത്തു വരുന്നു. (കാഫ്കയുടെ നോവൽ മെറ്റമോർഫോസിസിലെ ഗ്രിഗർ സാംസയെപ്പോലെ ഒരു രൂപമാറ്റം!). 

രൂപാന്തരീകരണം നടന്നു പറന്നിറങ്ങുന്ന കാലത്തിനനുസരിച്ചായിരിക്കും മൊണാർക്കുകൾ അടുത്തത് എന്തെന്ന് തീരുമാനിക്കുക. ശലഭമായിറങ്ങുന്നത് വസന്തത്തിലേക്കോ വേനലിന്റെ ആരംഭത്തിലേക്കോ ആണെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അവർ പ്രത്യുൽപാദനം തുടങ്ങും. ശലഭങ്ങൾ വിരിയുമ്പോൾ വേനലവസാനമോ മഴക്കാലമോ ആണെങ്കിൽ, ഹേമന്തമാണ് (winter) വരുന്നതെന്നും ഗ്രീഷ്മദേശങ്ങൾ തേടിയുള്ള ദേശാടന വേളയെത്തിയെന്നും അവർക്കറിയാം. 

ഈസ്‌റ്റേൺ മോണാർക്കുകളിൽ, വേനലവസാനമോ മഴയുടെ തുടക്കത്തിലോ ശലഭമായി പുറത്തിറങ്ങുന്നവയാണ് ശൈത്യകാലത്ത് ദക്ഷിണ ദേശങ്ങളിലേക്ക് വാർഷിക ദേശാടനം നടത്തുക. ദിനങ്ങൾ ഹ്രസ്വമാകുന്ന, തണുപ്പ് മൂടുന്ന വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള തങ്ങളുടെ പ്രജനന താവളങ്ങൾ ഉപേക്ഷിച്ച്, ഗ്രീഷ്മതാപമുള്ള മധ്യ മെക്സിക്കോയിലെ മലനിരകൾ തേടി അവർ ദക്ഷിണായനം തുടങ്ങുന്നു. അവിടെ ഒയാമൽ ഫിർ മരങ്ങളിൽ ശൈത്യകാലം കടന്നു പോകുന്നതുവരെ കൂട്ടം കൂടിയിരിക്കുന്നു. ദിനങ്ങൾക്കു നീളം വയ്ക്കാൻ തുടങ്ങുമ്പോൾ ഉത്തരദേശത്തേക്ക് തിരിച്ചുള്ള യാത്ര തുടങ്ങും. വഴിവക്കുകളിൽ മുട്ടയിടാനായി യാത്രകൾക്ക് ചെറുവിരാമമിടുകയും ചെയ്യും. നാട്ടിലേക്ക് പുതുതലമുറകൾ എത്തുമ്പോഴേക്കം മുട്ടയിടൽ അവസാനിച്ചിട്ടുണ്ടാകും. തിരിച്ചു കാനഡയിൽ എത്തുന്ന സമയത്തിനിടയിൽ നാലഞ്ചു തലമുറകളിലേക്ക് ശലഭസൗന്ദര്യം കൈമാറപ്പെട്ടിട്ടുണ്ടാവും. 

മൊണാർക്ക് ചിത്രശലഭം മീൽക്ക് വീഡ് പൂവിൽ നിന്നും തേൻ കുടിക്കുന്നു (Photo: Twitter/@KlatuBaradaNiko)
മൊണാർക്ക് ചിത്രശലഭം മീൽക്ക് വീഡ് പൂവിൽ നിന്നും തേൻ കുടിക്കുന്നു (Photo: Twitter/@KlatuBaradaNiko)

വെസ്‌റ്റേൺ മൊണാർക്കുകളാകട്ടെ ശൈത്യകാലത്ത് കലിഫോർണിയൻ തീരങ്ങൾ തേടിയാവും യാത്രയാവുന്നത്. മുൻപേ നിശ്ചയമുള്ള നൂറുകണക്കിന് തീര സ്ഥലങ്ങളിൽ ശൈത്യകാലമാകാൻ അവർ കാത്തിരിക്കും. വസന്തത്തിന്റെ ആരംഭലക്ഷണങ്ങൾ കാണുമ്പോൾ കലിഫോർണിയയിലേക്കും മറ്റു പടിഞ്ഞാറൻ സ്റ്റേറ്റുകളിലേക്കുമായി പിൻമടക്കം തുടങ്ങും. സുദീർഘമായ ഈ ദേശാന്തര ഗമനം സാധ്യമാക്കാൻ പ്രകൃതി ഈ ചിത്രശലഭങ്ങളെ പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. സൂര്യനെയാണ് അവർ ഗതി നിയന്ത്രണത്തിന് ഏറ്റവുമധികം ആശ്രയിക്കുന്നത്. മേഘാവൃതമായ ദിനങ്ങളിൽ വഴി നടത്താൻ അവർക്ക് സ്വാഭാവികമായുള്ള ഒരു മാഗ്നറ്റിക് കോംപസ് സ്വന്തമായുണ്ട്. ഒപ്പം ദീർഘദൂരം പറക്കാൻ കഴിവു നൽകുന്ന മാംസപേശികൾ ശരീരത്തിലുറപ്പിക്കുന്ന ഒരു പ്രത്യേക ജീൻ അവരുടെ പാരമ്പര്യത്തിൽ നിയതി മുദ്രണം ചെയ്തിട്ടുമുണ്ട്.

സ്വയരക്ഷയ്ക്കു വേണം തന്ത്രങ്ങൾ

മൊണാർക്ക് ചിത്രശലഭങ്ങളുടെ അനുപമമായ സൗന്ദര്യം പലപ്പോഴും അവർക്ക് അപകടകരമാണ്. കടുംനിറങ്ങളുള്ള മേനി ശലഭങ്ങളെ പെട്ടെന്ന് തിരിച്ചറിയപ്പെടാനിടയാക്കുന്നു. എന്നാൽ സുരക്ഷയ്ക്കായി അവർ ആയുധമാക്കുന്നതും ശരീരസൗന്ദര്യം തന്നെയാണ്. ഇരപിടിയൻമാർക്ക് കടുംനിറങ്ങൾ നൽകുന്ന മുന്നറിയിപ്പ് ശരീരത്തിന്റെ അരുചിയെക്കുറിച്ചും വിഷാംശത്തെപ്പറ്റിയുമാണ്. മൊണാർക്കുകൾ ഭക്ഷണമാക്കുന്ന മിൽക്ക് വീഡുകൾ വിഷച്ചെടികളാണ്. മൊണാർക്കുകൾക്ക് ഇവയെ വിഷമേശാതെ കഴിക്കാമെന്നു മാത്രമല്ല, അവയിലെ വിഷവസ്തുവിനെ ശരീരത്തിൽ സൂക്ഷിച്ച് ശത്രുക്കളെ, പ്രത്യേകിച്ച് മുഖ്യശത്രുക്കളായ പക്ഷികളെ വിഷബാധയേൽപ്പിക്കാനും കഴിയുന്നു.

നിലനിൽപ് അപകടത്തിലാകുമ്പോൾ

മൊണാർക്കുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടെന്ന് രണ്ടു ദശാബ്ദം മുൻപേ തിരിച്ചറിഞ്ഞ പ്രകൃതിസ്നേഹികൾ യുഎസ് സർക്കാരിനോട് ഈ സുന്ദര ജൈവശിൽപങ്ങളെ എൻ‍ഡെയ‍്ഞ്ചേഡ് സ്പീഷിസ് പട്ടികയിൽപെടുത്താൻ അഭ്യർഥിച്ചിരുന്നു. വെസ്റ്റേൺ മൊണാർക്കുകളുടെ എണ്ണം 1980 നെ താരതമ്യം ചെയ്യുമ്പോൾ 99 ശതമാനവും, ഈസ്റ്റേൺ വിഭാഗത്തിന്റേത് 80 ശതമാനവും കുറഞ്ഞതായി കണക്കാക്കപ്പെട്ടിരുന്നു.. മൊണാർക്കുകൾ മുട്ടയിടുന്നതും അവയുടെ കാറ്റർപില്ലറുകൾ ഭക്ഷണമാക്കുന്നതുമായ മിൽക്ക് വീഡ് എന്ന കളച്ചെടി അപ്രത്യക്ഷമാകുന്നതാണ് മുഖ്യ ഭീഷണി. കൃഷിയുടെ വ്യാപനവും കളനാശിനികളുടെ ഉപയോഗവും കളസസ്യങ്ങളെ നശിപ്പിക്കുന്നു. അന്തരീക്ഷ താപനിലയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മൊണാർക്കുകൾക്ക് താങ്ങാൻ ബുദ്ധിമുട്ടാണ്. അപ്പോൾ കാലാവസ്ഥാ വ്യതിയാനം അവയെ അത്യന്തം  പ്രതികൂലമായി ബാധിക്കുമെന്ന കാര്യം പറയേണ്ടതില്ലല്ലോ? അവയുടെ ജീവിതചക്രത്തെ, ദേശാന്തര യാത്രകളെ മാറ്റിമറിക്കാൻ കാലാവസ്ഥാ മാറ്റത്തിന് നിഷ്പ്രയാസം കഴിയും. 

പ്രപഞ്ചത്തിലെ വിസ്മയസൃഷ്ടികളിലൊന്നായ, സങ്കീർണമായ ദേശാടനസ്വഭാവവുമുള്ള അപൂർവ ജീവിയായ മൊണാർക്ക് ശലഭങ്ങളെ നിലനിർത്താൻ നടത്തുന്ന പല തരത്തിലുള്ള ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയെന്നത് ആശ്വാസം നൽകുന്നതാണ്. 1990 കളിലോ അതിനു മുൻപോ മെക്സിക്കോയിലേക്ക് ശീതകാലയാത്ര നടത്തിയിരുന്ന മൊണാർക്കുകളുടെ എണ്ണത്തിൽ കുറവു വന്നു തുടങ്ങിയിരുന്നു.എന്നാൽ 2014 ൽ ഇവയുടെ എണ്ണം മെച്ചപ്പെട്ട് ഏകദേശം 55 ദശലക്ഷത്തിലെത്തി. എന്തായാലും ഇപ്പോഴുള്ള തർക്കങ്ങൾ ഇവയുടെ എണ്ണത്തെ സംബന്ധിച്ചും എണ്ണമെടുക്കുന്ന രീതിശാസ്ത്രത്തെ സംബന്ധിച്ചുമാണ്. എണ്ണത്തിന്റെ കാര്യത്തിലും പരിരക്ഷണ പദവിയുടെ കാര്യത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഒരു കാര്യത്തിൽ പരിസ്ഥിതി സ്നേഹികൾ ഒറ്റക്കെട്ടാണ്– സൃഷ്ടിയുടെ ഈ അമൂല്യ വിസ്മയങ്ങൾ (എല്ലാ സൃഷ്ടികളും വിസ്മയങ്ങൾ തന്നെ!) ഭീഷണിയില്ലാതെ നിലനിൽക്കണം.

English Summary:

Monarch butterflies face migration challenge as temperatures plummet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com