ഇവൻ കേരളത്തിലെ ‘ഹാച്ചിക്കോ’; 4 മാസമായി മോർച്ചറിക്കു മുന്നിൽ, രാമു തേടുന്നത് ആരെ?

Mail This Article
മരിച്ചുപോയ യജമാനനെ കാത്ത് 10 വർഷത്തോളം റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന ‘ഹാച്ചിക്കോ’ എന്ന ജാപ്പനീസ് നായയെക്കുറിച്ച് ഒട്ടുമിക്കവരും കേട്ടിട്ടുണ്ടാകും. ഈ കഥ ആസ്പദമാക്കിയെടുത്ത സിനിമ ക്ലാസിക് ചിത്രങ്ങളിലൊന്നായി മാറി. ജപ്പാൻ ഹാച്ചിക്കോയ്ക്ക് 100 വയസ്സുതികയുന്ന വർഷത്തിൽ കേരളത്തിലും ഒരു ഹാച്ചിക്കോ വാർത്തകളിൽ ഇടംനേടുകയാണ്. കണ്ണൂർ ജനറൽ ആശുപത്രിയുടെ മോർച്ചറിക്കുപുറത്ത് കാവലിരിക്കുന്ന രാമു. അവൻ കാത്തിരിക്കുന്നത് ആർക്കുവേണ്ടിയാണ്?
ഒരു രോഗിക്കൊപ്പമാണ് നായ ആശുപത്രിയിലെത്തിയത്. ഉടമസ്ഥൻ മരിച്ചപ്പോൾ മോർച്ചറിയുടെ റാംപ് വരെ രാമു എത്തിയെന്ന് ജീവനക്കാരനായ രാജേഷ് പറഞ്ഞു. ശരീരങ്ങൾ മോർച്ചറിയിൽ നിന്നു വിട്ടുനൽകുന്നതു മതിലിനുമപ്പുറം പിൻഭാഗത്തു കൂടെയാണ്. ഇക്കാര്യം അറിയാതെ 4 മാസത്തോളമായി നായ മോർച്ചറിക്കു മുൻപിൽ ഉണ്ട്.
മോർച്ചറിക്കു മുന്നിൽ കിടക്കുന്ന രാമു വാതിൽ തുറക്കുമ്പോഴെല്ലാം തലയുയർത്തി നോക്കും. തനിക്ക് വേണ്ടപ്പെട്ടവല്ലെന്ന് കണ്ടാൽ വീണ്ടും അവിടെതന്നെ കിടക്കും. മോർച്ചറി ജീവനക്കാർ കയ്യിൽവച്ചു നൽകുന്ന ഭക്ഷണം മാത്രമാണ് ആശ്രയം. ആരോരുമില്ലാത്ത നായയ്ക്ക് രാമുവെന്ന് പേരിട്ടത് ആശുപത്രി ജീവനക്കാരാണ്.
വലതുചെവിക്ക് അരികിലായി കഴുത്തിൽ മുറിവ് തുന്നിയതുപോലൊരു പാടുണ്ട്. ആർക്കും ശല്യമില്ല, ആരോടും പരിഭവമില്ല. എല്ലാവർക്കും വഴിമാറിക്കൊടുക്കും. ആരോഗ്യമന്ത്രിയുടെ ആശുപത്രി സന്ദർശനവേളയിലെ ചിത്രങ്ങളിൽ നായ പതിഞ്ഞതിനേത്തുടർന്നാണ് ആളുകൾ ശ്രദ്ധിച്ചുതുടങ്ങുന്നത്. വൈകാതെ തന്നെ രാമുവിനെ കൂട്ടാൻ ഉടമസ്ഥന്റെ കുടുംബം എത്തുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.