ADVERTISEMENT

ഉടലാകെ കൂർത്ത മുള്ളുകൾ, തലയുടെ പിൻഭാഗത്തായി കിരീടം പോലെ വിടർന്നു നിൽക്കുന്ന കൊമ്പുകൾ, രക്തം ചീറ്റിക്കുന്ന കണ്ണുകൾ. ഈ വിവരണം ഒരു വ്യാളിയെ കുറിച്ചുള്ളതല്ല. മറിച്ച് പല്ലി ഇനത്തിൽപ്പെട്ട ഒരു ചെറിയ ഉരഗവർഗ്ഗത്തെക്കുറിച്ചാണ്. ഭിത്തിയിലും കബോർഡുകളിലുമൊക്കെ പമ്മിക്കൂടിയിരുന്ന് ഇര പിടിക്കുന്ന സാധാരണ പല്ലികളെ കണ്ടു ശീലിച്ചവർക്ക് ആദ്യ കാഴ്ചയിൽ ഇതൊരു പല്ലിയാണെന്ന് കരുതാൻ പ്രയാസമായിരിക്കും. റീഗൽ ഹോൺഡ്  ലിസാർഡ് എന്നാണ് ഈ പ്രത്യേക ഇനത്തിന്റെ പേര്. 

മെക്സിക്കോയിലും അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ മേഖലകളിലുമാണ് റീഗൽ ഹോൺഡ്  ലിസാർഡുകളെ അധികമായി കണ്ടുവരുന്നത്. വ്യത്യസ്ത പരിതസ്ഥിതികളിൽ നിലനിൽക്കാനും പ്രജനനം നടത്താനും ഇര തേടാനുമൊക്കെ ഓരോ ജീവജാലങ്ങൾക്കും സവിശേഷമായ പ്രത്യേകതകളുണ്ട്. സാധാരണ പല്ലികൾക്ക് സ്വയം വാലുമുറിച്ച് ഓടാൻ സാധിക്കുന്നതിലെ റീഗൽ ഹോൺഡ്  ലിസാർഡുകൾക്ക് ലഭിച്ചിരിക്കുന്ന ശാരീരിക പ്രത്യേകതയാണ് കണ്ണുകളിൽ നിന്നും രക്തം ചീറ്റിക്കാനുള്ള ഈ കഴിവ്. ഇവയുടെ രക്തത്തിന്റെ അത്ര സുഖകരമല്ലാത്ത രുചി കാരണം ശത്രുക്കൾ ഉപേക്ഷിച്ച് കടന്നുപോകും.

റീഗൽ ഹോൺഡ്  ലിസാർഡ് (Photo: Twitter/@TrevorIsGood)
റീഗൽ ഹോൺഡ് ലിസാർഡ് (Photo: Twitter/@TrevorIsGood)

തന്നെ പിടിക്കാൻ എത്തിയ ഒരു ചെന്നായയുടെ നേർക്ക് കണ്ണിൽ നിന്നും രക്തം ചീറ്റിക്കുന്ന ഒരു റീഗൽ ഹോൺഡ് ലിസാർഡിന്റെ ദൃശ്യങ്ങൾ ഏതാനും വർഷങ്ങൾക്കു മുൻപ് സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രധാനമായും ശത്രുക്കളുടെ വായയും കണ്ണുകളും ലക്ഷ്യമാക്കിയാണ് ഇവ കണ്ണിൽ നിന്നും രക്തം ചീറ്റിക്കുന്നത്. നാലടി അകലത്തിൽ വരെ ഇത്തരത്തിൽ രക്തം ചീറ്റിക്കാൻ ഇവയ്ക്ക് സാധിക്കും. തുടർച്ചയായി പലയാവർത്തി ഇത്  തുടരുകയും ചെയ്യും. താഴത്തെ കൺപോള ഉപയോഗിച്ചാണ് ഇവരുടെ ഈ സൂത്രവിദ്യ. എന്നാൽ ഈ ഇനത്തിന് ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ ഇതിനു പുറമേ ധാരാളം വിദ്യകൾ വശമുണ്ട്. 

പേരിൽ പല്ലിയെന്നാണെങ്കിലും റീഗൽ ഹോൺഡ് ലിസാർഡുകളുടെ രൂപവും സ്വഭാവവും ഒക്കെ ഏതാണ്ട് ഓന്തുകളുടേതിന് സമാനമാണ്. ചുറ്റുപാടുകൾക്ക് ചേരുന്ന വിധത്തിൽ നിറം മാറ്റിയും ഇവ ശത്രുക്കളെ കബളിപ്പിക്കും. വായു ഉള്ളിലേയ്ക്ക് വലിച്ചെടുത്ത് ബലൂൺ പോലെ സ്വയം വീർക്കുന്നതാണ് മറ്റൊരു വിദ്യ. ഇതോടെ ശത്രുക്കൾക്ക് വിഴുങ്ങാനാവാത്തത്ര വലിപ്പത്തിലേയ്ക്ക് മാറാൻ ഇവയ്ക്ക് കഴിയും.

താരതമ്യേന ചെറിയ ജീവികളാണ് ഭക്ഷിക്കാൻ എത്തുന്നതെങ്കിൽ ഈ വിദ്യകൾ ഒന്നും പ്രയോഗിക്കാതെ ശരീരത്തിലെ മുള്ളുകൾ തന്നെ  ഇവയ്ക്ക് രക്ഷാകവചം ഒരുക്കും. മറ്റു ജീവികളെപ്പോലെ ഇരപിടിക്കാൻ എത്തുന്ന ശത്രുക്കളിൽ നിന്നും വേഗത്തിൽ ഓടി മാറാൻ സാധിക്കില്ലെങ്കിലും ഒന്നിന് പിന്നാലെ ഒന്നായി ഈ വിദ്യകളെല്ലാം അവ പ്രയോഗിക്കും. 

റീഗൽ ഹോൺഡ്  ലിസാർഡ് (Photo: Twitter/@somuchpingle)
റീഗൽ ഹോൺഡ് ലിസാർഡ് (Photo: Twitter/@somuchpingle)

പൂർണ്ണവളർച്ച എത്തിയാൽ ഇവയ്ക്ക് മൂന്നു മുതൽ നാല് ഇഞ്ച് വരെ നീളമുണ്ടാകും. തണുപ്പുകാലത്ത് മണ്ണിൽ കുഴി ഉണ്ടാക്കി ഇവ അഭയം തേടാറുണ്ട്. തല മാത്രം മണ്ണിന് പുറത്തേക്കിട്ട് സൂര്യപ്രകാശത്തിൽ രക്തം ചൂടുപിടിപ്പിക്കാനുള്ള കഴിവും റീഗൽ ഹോൺഡ് ലിസാർഡുകൾക്കുണ്ട്. തലയ്ക്കുള്ളിലെ ഒരു ചേമ്പറിൽ ശേഖരിക്കപ്പെടുന്ന രക്തം വെയിലുകൊള്ളിച്ച് ശരീരത്തിന് ആവശ്യമായ അളവിൽ ചൂടാക്കുന്നു. അതിനുശേഷം ഈ ചൂടു രക്തം കഴുത്തിനുള്ളിലെ വാൽവ് തുറന്നു ശരീരത്തിന്റെ എല്ലാ ഭാഗങ്ങളെയും എത്തിക്കുകയാണ് ഇവ ചെയ്യുന്നത്.

പൊതുവേ ചൂടുള്ള സ്ഥലങ്ങളാണ് റീഗൽ ഹോൺഡ് ലിസാർഡുകളുടെ ആവാസവ്യവസ്ഥ. ഉറുമ്പുകളെയും ചെറുവണ്ടുകളെയും ചിലന്തികളെയുമൊക്കെയാണ് ഇവ പ്രധാനമായും ഭക്ഷണമാക്കുന്നത്. ഒറ്റയടിക്ക് 2500 ഉറുമ്പുകളെവരെ ഇവ അകത്താക്കും.

English Summary:

Meet the Regal Horned Lizard: The Real-Life Dragon with Blood-Spitting Eyes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com