‘നുന്നുമോൾ’ എന്ന് വരും?: മരിച്ചതറിയാതെ ആൻ റിഫ്റ്റയെയും കാത്ത് വളർത്തുനായ റിബിൾ
Mail This Article
പതിവില്ലാതെ വീട്ടിൽ ആൾക്കൂട്ടം, പലരും വന്നുപോയി കൊണ്ടിരിക്കുന്നു. എല്ലാവരും വിഷമത്തിൽ. ഇടവിടാതെ കരച്ചിൽ ശബ്ദം. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് അറിയാതെ വീട്ടുമുറ്റത്തെ കൂട്ടിൽ നിന്ന് വീക്ഷിക്കുകയാണ് കുസാറ്റ് ദുരന്തത്തിൽ മരിച്ച ആൻ റിഫ്റ്റയുടെ വളർത്തുനായ റിബിൾ. വീട്ടുകാരെ എല്ലാവരെയും കണ്ടിട്ടും റിഫ്റ്റയെ മാത്രം കാണാനില്ലെന്ന വിഷമം നായയ്ക്കുണ്ട്.
വീട്ടിൽ ‘നുന്നുമോൾ’ എന്ന് വിളിപ്പേരുള്ള റിഫ്റ്റയുടെ അസാന്നിധ്യം റിബിളിനെ തളർത്തിയിരിക്കുകയാണ്. ഭക്ഷണം പോലും കഴിക്കാതെ കൂട്ടിൽ തന്നെ കിടപ്പാണ്. വീട്ടിൽ ആരെങ്കിലും കയറിയാൽ നിർത്താതെ ബഹളം വയ്ക്കുന്ന റിബിള്‍ ഇപ്പോൾ നിശബ്ദനാണ്. ഇടയ്ക്ക് തലപൊക്കി നോക്കുകയും പുറത്തേക്കുവരാനായി തല കമ്പികൾക്കിടയിൽ ഇടുന്നുണ്ടെങ്കിലും രക്ഷയില്ല.
രണ്ട് വർഷം മുൻപാണ് ആൻ റിഫ്റ്റയുടെ നിർബന്ധത്തിനു വഴങ്ങി പിതാവ് പോമറേനിയൻ ഇനമായ നായക്കുട്ടിയെ വീട്ടിൽ എത്തിച്ചത്. അന്നുമുതൽ വീടിനു പുറത്തും അകത്തുമായി ആനിനൊപ്പം തന്നെയാണ് റിബിൾ. പലപ്പോഴും ഒരുമിച്ചാണ് ഭക്ഷണവും ഉറക്കവും. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ആൻ എല്ലാ വെള്ളിയാഴ്ചകളിലും വീട്ടിലെത്തും. പിന്നെ ശനി, ഞായർ ആനിനൊപ്പം ചിരികളിയാണ്. എന്നാൽ ഈ ആഴ്ച അങ്ങനെയായിരുന്നില്ല. ആനിനെ കാണാനില്ല. രണ്ടുദിവസമായി കൂട്ടിൽനിന്നും ഇറക്കുന്നുമില്ല. ആനിന്റെ സഹോദരൻ റിധു ഭക്ഷണം നൽകാൻ എത്തുന്നുണ്ടെങ്കിലും ഒരു വാക്കുപോലും റിബിളിനോട് സംസാരിക്കുന്നില്ല. വീട്ടിലെ ആൾക്കൂട്ടം ഒഴിയുമ്പോൾ ആൻ എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ് തുടരുകയാണ് റിബിൾ.
ശനിയാഴ്ച രാത്രി കുസാറ്റ് ക്യാംപസില്‍ നടന്ന ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആന്‍ റിഫ്റ്റ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചത്.