ADVERTISEMENT

താമസത്തിനും കൃഷിക്കുമുള്ള ഇടങ്ങൾ മാത്രമല്ല, സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും വിളനിലങ്ങൾ കൂടിയാണ് മനുഷ്യർക്കു ഭൂമി. കാലാന്തരത്തിൽ അത് മൂലധനത്തിന്റെയും ക്രയവിക്രയങ്ങളുടെയും അടിസ്ഥാനഘടകവുമായി. ഈ ഭൂമി എല്ലാവരുടെയും ആവശ്യത്തിനുള്ളത് നൽകുന്നുണ്ട്, പക്ഷേ എല്ലാവരുടെയും അത്യാഗ്രഹത്തിന് അതു വരില്ല എന്നു മഹാത്മാ ഗാന്ധി പറയുകയുണ്ടായി. ഭൂമി ഒരു വ്യക്തിയുടെയോ സമൂഹത്തെയോ രാഷ്ട്രത്തിന്റെയോ സ്വത്തല്ല. ഭൂമിയുടെ ഗുണഭോക്താക്കൾ മാത്രമാണ് നമ്മൾ. നമുക്ക് ലഭിച്ചതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ വരുംതലമുറകൾക്ക് അത് കൈമാറാൻ ബാധ്യതപ്പെട്ടവരാണ് നമ്മളെന്നു കാൾ മാർക്സ് പറഞ്ഞിട്ടുണ്ട്.

ഇതുവരെ ഏറ്റവും സുരക്ഷിതമായ ആവാസ ഭൂമി കൂടി ആയിരുന്നു. പക്ഷേ കാര്യങ്ങൾ ഏറെ സങ്കീർണമാകുന്ന ചില സൂചനകൾ വരുമ്പോൾ കൃത്യവും സമഗ്രവുമായ ഭൂ സാക്ഷരത അനിവാര്യമാണ്. ഭൂമധ്യരേഖയ്ക്കു സമീപം എട്ട് ഡിഗ്രി അക്ഷാംശത്തിന് ഉള്ളിൽ കിടക്കുന്ന കേരളം നല്ല ചൂടുള്ള ഉഷ്ണ ഭൂമേഖല ആയി മാറാതിരുന്നത് പടിഞ്ഞാറുള്ള കടലുകളുടെയും കിഴക്കുള്ള പശ്ചിമഘട്ടത്തിന്റെയും സ്വാധീനം കൊണ്ടാണ്. ഭൂമധ്യ രേഖയ്ക്ക് സമീപം ആയതിനാൽ നല്ല ചൂടും പ്രകാശവും ലഭിക്കുന്നു. കടൽ ഉള്ളതിനാൽ നീരാവി ആകുവാൻ ധാരാളം വെള്ളമുണ്ട്. മലകൾ ഉള്ളതിനാൽ മഴമേഘങ്ങളെ തടഞ്ഞു മഴ കിട്ടുവാൻ സഹായിക്കുന്നു. അങ്ങനെ നാട് ഉഷ്ണ മൺസൂൺ മേഖലയായി മാറി. നല്ല മഴയും ഫലഭൂയിഷ്ഠമായ മണ്ണും സംസ്ഥാനത്തിന്റെ സവിശേഷതകളാണ്.

എന്നാൽ കാലം മാറുന്നു. ആഗോളതാപനത്തിന്റെ കൂടി ഫലമായി കാലാവസ്ഥയുടെ താളം തെറ്റിത്തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം ഭൂവിനിയോഗ, കാർഷിക രീതികളും മാറി. ഭൂവിനിയോഗത്തിൽ ഉണ്ടാകുന്ന ഏതു മാറ്റവും ഒരു പ്രദേശത്തിന്റെ കാലാവസ്ഥയെ നിർണയിക്കും എന്ന് പ്ലേറ്റോ പറഞ്ഞിട്ടുണ്ട്. കേരളത്തിൽ ഭൂവിനിയോഗ രീതികൾ വളരെ ചലനാത്മകമാണ്. സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട് മേഖല മുതൽ 2000 മീറ്ററിലധികം ഉയരമുള്ള മലനിരകൾ വരെ ഈ ചെറിയ സംസ്ഥാനത്തുണ്ട്.

സംസ്ഥാനത്തിന്റെ 48 ശതമാനം മലനാട് ആണ്. ഇവയിൽ കുന്നുകൾ മുതൽ കുത്തനെ ചരിവുള്ള മേഖലകൾ വരെയുണ്ട്. മലനിരകളും കാടുകളുമാണ് പ്രധാന ആവാസ വ്യവസ്ഥ. 42 ശതമാനം ഇടനാടാണ്. 10 ശതമാനം തീര മേഖലയാണ്. കടലിന്റെയും കായലുകളുടെയും സാമീപ്യമുള്ളതിനാൽ തീരപ്രദേശവും അത്ര സുരക്ഷിതമല്ല. ചുരുക്കത്തിൽ ഇടനാടൻ മേഖലയുടെ ബഫർ സോൺ ഉൾപ്പെടെ 60 ശതമാനം പ്രദേശം മാത്രമേ താരതമ്യേന സുരക്ഷിതമായിട്ടുള്ളൂ. ഇടനാട്ടിൽ തണ്ണീർത്തടങ്ങൾ, വയലുകൾ, ജലസ്രോതസ്സുകൾ, കുന്നുകൾ എന്നിവയ്ക്കും സ്ഥലം ആവശ്യമാണ്. മറ്റിടങ്ങളിലെപ്പോലെ വാസസ്ഥലം, കൃഷിയിടങ്ങൾ എന്ന വേർതിരിവില്ലാതെ ചിതറിക്കിടക്കുന്ന ആവാസരീതിയാണ് നമുക്കുള്ളത്.

കിഴക്കുനിന്നു പടിഞ്ഞാറേക്ക് ചരിഞ്ഞാണ് കൂടുതൽ ഭൂമിയും കിടക്കുന്നത്. നദികൾ ഉൾപ്പടെയുള്ളവയുടെ നീരൊഴുക്കിന്റെ ദിശയും ഇതേ രീതിയിൽ തന്നെയാണ്. പക്ഷേ നമ്മുടെ വികസന ഇടപെടലുകൾ കൂടുതലും നടന്നത് തെക്ക് വടക്ക് ദിശയിലാണ്.

വർഷത്തിൽ 120 ദിവസം മാത്രമാണ് നല്ല മഴ ലഭിക്കുന്നത്. പെയ്യുന്ന ദിവസങ്ങളിലാവട്ടെ ഏതാനും മണിക്കൂറുകൾ കൊണ്ടാണ് ഇത്രയും മഴ ചരിഞ്ഞ ഭൂമിയിൽ വീഴുന്നത്. 40 മണിക്കൂർ കൊണ്ടാണ് 3000 മില്ലിമീറ്റർ വാർഷിക മഴ ലഭിക്കുന്നത്. മഴത്തുള്ളിയുടെ കനവും വലുപ്പവും ശക്തിയും വളരെ കൂടുതലാണ്. ചെറുചരിവ് മുതൽ കുത്തനെ ചരിവുള്ള ഭൂപ്രദേശങ്ങൾ വരെയുള്ള കേരളത്തിൽ സൂക്ഷ്മതലത്തിൽപോലും ചരിവിനു വലിയ പ്രാധാന്യമാണുള്ളത്. വയലുകൾ കൂടുതലും താഴ്‌വരകളിലാണ് കിടക്കുന്നത്. നിരപ്പായ പ്രദേശങ്ങൾ കുറവാണ്. വയൽ ഉൾപ്പെടെ ഉള്ള താഴ്‌വരകൾ. അവയോടു ചേർന്ന് ചരിവിടങ്ങൾ, പിന്നെ  തുടർച്ചയായ മലനിരകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. പെയ്തൊഴിയുന്ന മഴയുടെ നല്ലൊരു ഭാഗവും ഉപരിതല നീരൊഴുക്കായി 72 മണിക്കൂറിനുള്ളിൽ കടലിലേക്ക് പോകുന്നു. മണ്ണിന്റെ കനം കുറവായതിനാൽ ധാരാളം മഴവെള്ളം കരുതി വയ്ക്കുവാനുള്ള സ്ഥലവും കുറവാണ്. അതുകൊണ്ടുതന്നെ മഴക്കാലത്ത് വെള്ളപ്പൊക്കം, പ്രളയം. മഴ മാറിയാൽ വരൾച്ച, ജലക്ഷാമം എന്ന രീതിയിലാണ് കാര്യങ്ങൾ.

കോവളം തീരം (Photo Contributor: Dmitry Rukhlenko/ Shutterstoke)
കോവളം തീരം (Photo Contributor: Dmitry Rukhlenko/ Shutterstoke)

ഒരിഞ്ച് കനത്തിൽ സ്വാഭാവികമായി മണ്ണ് ഉണ്ടാകുവാൻ ആയിരം വർഷം വേണം. അവ നഷ്ടമാവാൻ കേവലം നാലുവർഷം മതി. കേരളത്തിൽ ഒരു ഹെക്ടറിൽ നിന്ന് ശരാശരി 32 ടൺ വരെ മേൽ മണ്ണ് ഒഴുകി നഷ്ടമാകുന്നുണ്ട്. ഭൂമിയിൽനിന്നു കുറെ മണ്ണ് ഏതു സാഹചര്യത്തിലും നഷ്ടമാകാം. ചുഴലിക്കാറ്റുകൾ ഉൾപ്പെടെ തീരത്തെ കൂടുതൽ അശാന്തമാക്കുന്നു. വിവിധ കാരണങ്ങളാൽ അറബിക്കടലിലെ താപനില വളരെയധികം വർധിക്കുകയാണ്. അതിനനുസരിച്ച് ചുഴലിക്കാറ്റും മഴയും എല്ലാം വർധിക്കുന്നു. മലനാട് മേഖലയും സുരക്ഷിതമല്ല. 33 ശതമാനത്തിൽ കൂടുതൽ ചരിവുള്ള സ്ഥലങ്ങളിൽ യാതൊരു സാഹചര്യത്തിലും കൃഷിയോ വാസസ്ഥലമോ പാടില്ല. മിശ്രിത വിളകളിൽ നിന്നും ഏക വിളകളിലേക്ക് ക്രമാനുഗതമായി സംസ്ഥാനം മാറുകയാണ്. കാലാവസ്ഥാ ശാസ്ത്രജ്ഞനായ വ്ളാഡി മിർ കൂപ്പണിന്റെ വർഗ്ഗീകരണം അനുസരിച്ച് പർവ്വതജന്യമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. ഇത്തരം മഴ ലഭിക്കുന്നതിൽ ഇടനാടൻ കുന്നുകൾ, പശ്ചിമഘട്ട മലനിരകൾ എന്നിവയ്ക്കു വലിയ പങ്കാണ് ഉള്ളത്. അതുകൊണ്ടുതന്നെ കാടുകളും മഴയുമായി വലിയ ബന്ധമുണ്ട്.

സംസ്ഥാനത്ത് വർഷത്തിൽ 500 മുതൽ 5000 വരെ മില്ലിമീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഉണ്ട്. 500 മില്ലിമീറ്ററിൽ താഴെ മഴ ലഭിക്കുന്ന പഞ്ചായത്തുകൾ വയനാട്, പാലക്കാട്‌, ഇടുക്കി ജില്ലകളിലായുണ്ട്. നദികളുടെ ശരാശരി നീളo 100 കിലോമീറ്റർ മാത്രമാണ്. തീരദേശങ്ങളിൽ 900 ഉം മലനാട്ടിൽ 5000 ഉം മില്ലിമീറ്റർ മഴ ലഭിക്കുന്നു. തെക്കിനെക്കാൾ വടക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ പെയ്യുന്നത്.

മണ്ണിന്റെ ആഴം കുറവായതുപോലെതന്നെ കാർബണിനെ കരുതി വയ്ക്കാനുള്ള മണ്ണിലെ സാഹചര്യവും ഇല്ലാതാകുന്നു. 1800കളിൽ സംസ്ഥാനത്തിന്റെ 75 ശതമാനം വനങ്ങൾ ആയിരുന്നു. ഒരു ആവാസവ്യവസ്ഥയുടെ 33 ശതമാനം വനമായി സൂക്ഷിക്കേണ്ടത് സന്തുലിതമായ ഒരു ആവാസവ്യവസ്ഥയുടെ മുന്നുപാധിയാണ്. കിണറുകൾ ഉൾപ്പെടെയുള്ള പ്രാദേശിക ജലസ്രോതസ്സുകളാണ് ജനങ്ങളുടെ പ്രധാന ജല വിനിയോഗ ഉപാധി. സംസ്ഥാനത്ത് ആയിരക്കണക്കിന് ചെറുതും വലുതുമായ നീർത്തടങ്ങൾ ഉണ്ട്. ഓരോ പ്രദേശവും ഓരോ കാർഷിക ആവാസവ്യവസ്ഥയിൽ ആണ് കിടക്കുന്നത്. അവയെല്ലാം തനതായ സവിശേഷതകളുള്ളവയാണ്. ഒരു ഹെക്ടർ വന ആവാസവ്യവസ്ഥ 30,000 ഘന കിലോമീറ്ററും 10 സെന്റ് വയൽ 160,000 ലീറ്ററും മഴവെള്ളം ഉൾക്കൊള്ളും. ഓരോ തുണ്ട് ഭൂമിക്കും തനതായ സൂക്ഷ്മതയും ഉപയുക്തതയും ജലസേചന ക്ഷമതയും ജലവാഹക ശേഷിയും ഉണ്ട്. നീർവാഴ്ച, കിനിഞ്ഞിറങ്ങൽ, നീരൊഴുക്കു വിന്യസം എന്നിവയെല്ലാം തനതും വ്യത്യാസമുള്ളവയുമാണ്. ഓരോയിടത്തും കാർഷിക, ഭൂവിനിയോഗ രീതികൾക്കും ഈ വ്യത്യാസം കാണാം. സമഗ്രവും ശാസ്ത്രീയവുമായ ഭൂപരിപാലനത്തിന് ഈ സവിശേഷതകൾ വേർതിരിച്ചറിയേണ്ടതുണ്ട്. ഭൂപ്രകൃതി, ചരിവ്, മൺതരങ്ങൾ, പാറകളുടെ ഘടന, ജലാഗിരണ ശേഷി, ഭൂവിനിയോഗം തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങളും മനുഷ്യന്റെ ഇടപെടലുകളും കൂടിയാണ് ഓരോ പ്രദേശത്തെയും ദീർഘകാല നിലനിൽപ്പ് നിർണയിക്കുന്നത്. ഓരോ പ്രദേശത്തെയും പ്രകൃതി പ്രതിഭാസങ്ങൾക്കും ദുരന്തങ്ങൾക്കും വ്യത്യാസമുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ് എന്നിവ മലനാടിനെ ഭീഷണിയാകുന്നു.

വരൾച്ച, വെള്ളക്കെട്ട്, വെള്ളപ്പൊക്കം, ഭൂകമ്പം, പ്രളയം എന്നിവ ഇടനാട്ടിലും ചുഴലിക്കാറ്റുകൾ ഉൾപ്പെടെയുള്ളവ തീരദേശത്തെയും പ്രശ്ന സങ്കീർണമാക്കുന്നു. പ്രകൃതിയുടെ ഒരു പ്രതിഭാസവും ഇല്ലാതെ ഒരിടവും ഇല്ല. സ്വാഭാവികവും മനുഷ്യ പ്രേരിതവുമായ കാരണങ്ങളാൽ വിവിധ പ്രകൃതിപ്രതിഭാസങ്ങൾ രൂപപ്പെടുന്നു. അവയെ മനസ്സിലാക്കി പ്രതിരോധിക്കുവാനും ദുരന്തങ്ങൾ കുറയ്ക്കുവാനും മാത്രമേ കഴിയുകയുള്ളൂ. പ്രളയം ഉൾപ്പെടെയുള്ളവ മനസ്സിലാക്കി അവയോടൊപ്പം ജീവിക്കുക. മുൻകൂട്ടി അറിഞ്ഞ് ദുരന്തങ്ങൾ ഒഴിവാക്കുക എന്നതാണ് മുന്നിലുള്ള വഴി. പ്രകൃതിയുടെ പ്രതിഭാസങ്ങൾ വർധിപ്പിക്കുന്ന മനുഷ്യ ഇടപെടലുകൾ ഉള്ള ജീവിതശൈലി ഒഴിവാക്കുന്നതും പ്രധാനമാണ്. 

കേരളത്തിലെ പൊതു ചിത്രം മാത്രമാണ് ഇവിടെ സൂചിപ്പിച്ചത്. അതേസമയം ഓരോ പ്രദേശം എടുത്താലും സൂക്ഷ്മതലത്തിൽ വലിയ വ്യതിയാനം കാണാം. സംസ്ഥാനതല കാഴ്ചപ്പാടുകൾക്കും കണക്കുകൾക്കുമപ്പുറം ഓരോ പ്രദേശത്തെയും ഭൗമ സവിശേഷതകൾ, സാധ്യതകൾ, പരിമിതികൾ, പ്രശ്നങ്ങൾ, നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ, ഏർപ്പെടേണ്ട മുൻകരുതലുകൾ എന്നിവയും വ്യത്യസ്തമാണ്. ഇവ സംബന്ധിച്ച് വിപുലവും വിശാലവുമായ വിദ്യാഭ്യാസം ആവശ്യമാണ്. സമ്പൂർണ സാക്ഷരതയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വിഭവ ഭൂപടങ്ങൾ തയാറാക്കിയിട്ടുണ്ട്. ഓരോ സർവേ നമ്പറിലെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടങ്ങളും റിപ്പോർട്ടുകളും ആണിവ. ബ്ലോക്ക്‌തല നീർത്തട ഭൂപടങ്ങൾ, പ്ലാനുകൾ, റിപ്പോർട്ടുകൾ എന്നിവയും ലഭ്യമാണ്. ഇവയുടെ സഹായത്താൽ ഭൂ സാക്ഷരത പരിപാടി നടത്താവുന്നതാണ് ഓരോ ആവാസവ്യവസ്ഥയെയും കുറിച്ച് പ്രകൃതിയിലെ പരിണാമ ഘടനയിലെ നിലവിലെ അവസാന ജീവിയായ മനുഷ്യരും പ്രകൃതിയുടെ ഭാഗമാണെന്ന് തിരിച്ചറിയുന്ന ഒരു ഭൂസാക്ഷരത നമുക്ക് ആവശ്യമാണ്. അവയിൽ ജലം, പരിസ്ഥിതി, മണ്ണ്, ജൈവസമ്പത്ത്, നീർത്തടങ്ങൾ തണ്ണീർതടങ്ങൾ, കൃഷി, ഊർജം, ആരോഗ്യം, ദുരന്ത പരിപാലനം, മറ്റ് പ്രകൃതി ഘടകങ്ങൾ എന്നീ മേഖലകളിലും സാക്ഷരത ആവശ്യമാണ് ഇവയെല്ലാം ചേർത്തുള്ള വിഭവ സാക്ഷരതയുടെ മുന്നുപാധിയാണ് ഭൂ സാക്ഷരത.

English Summary:

Preserving Our Legacy: The Crucial Role of Land in Human Culture and Survival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com