ADVERTISEMENT

ലോകം ആധുനികവത്കരിക്കപ്പെടുന്നത് അനുസരിച്ച് പ്രകൃതി വിഭവങ്ങൾ ചുരുങ്ങി കൊണ്ടിരിക്കുകയാണ്. മനുഷ്യരാശി മുൻപോട്ട് കുതിക്കുന്നുണ്ടെങ്കിലും ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് തന്നെ ഭീഷണിയാക്കികൊണ്ടാണ് നമ്മുടെ യാത്ര. കാലാവസ്ഥാ വ്യതിയാനം തന്നെ ഇതിന് ഉദാഹരണമായി എടുക്കാം. അതേപോലെ ഭൂമിയിലെ പ്രകൃതിദത്ത ഇടങ്ങളും നാൾക്കുനാൾ ചുരുങ്ങി കൊണ്ടിരിക്കുന്നു. വന്യജീവികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന കുറവും വംശനാശഭീഷണി നേരിടുന്നവയുടെ എണ്ണം വർധിക്കുന്നതും എടുത്തു പറയേണ്ടതാണ്. പല രാജ്യങ്ങളുടെയും അടയാളമായി കണക്കാക്കപ്പെട്ടിരുന്ന ജീവികൾ പോലും ഇന്ന് വംശനാശത്തിന്റെ വക്കിൽ എത്തിയിട്ടുണ്ട്.  അത്തരത്തിൽ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന ആറുമൃഗങ്ങളും അവ അവശേഷിക്കുന്ന സ്ഥലങ്ങളും നോക്കാം.

ആഫ്രിക്കൻ ആന

വേട്ടയാടലും സ്വാഭാവിക ആവാസ നഷ്ടപ്പെടുന്നതും മൂലം ഗുരുതര വംശനാശഭീഷണി നേരിടുന്നവയാണ് ആഫ്രിക്കൻ ആനകൾ. വനമേഖല കയ്യേറി കൃഷിക്കായും വികസനത്തിനായും ഇടമൊരുക്കുന്നതാണ് ഇവയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നത്. മനുഷ്യ സാന്നിധ്യം പരമാവധി ഒഴിവാക്കുതുമൂലം ഇവയുടെ എണ്ണം എത്രയാണ് എന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കാറില്ല. എന്നാൽ സർവ്വേകൾ പ്രന്നകാരം 31 വർഷത്തിനിടെ ആഫ്രിക്കൻ ആനകളുടെ സംഖ്യയിൽ 86 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്.

ബംഗാൾ കടുവകൾ

വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയിൽ ഇന്ത്യയുടെ ദേശീയ മൃഗമായ ബംഗാൾ കടുവയും ഉൾപ്പെട്ടിട്ടുണ്ട്. നഗരവത്ക്കരണം, സ്വാഭാവിക ആവാസ വ്യവസ്ഥയുടെ നാശം, വേട്ടയാടൽ തുടങ്ങിയവയാണ് ഇവയുടെ എണ്ണം ഗണ്യമായി കുറയാനുള്ള പ്രധാന കാരണങ്ങൾ. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഇന്ത്യയിലെ ബംഗാൾ കടുവകളിൽ 97 ശതമാനത്തിനേയും നഷ്ടമായി എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.  30 വർഷത്തിനിടയിൽ ലോകത്തിലെ ആകെ കടുവകളുടെ എണ്ണത്തിലും 50 ശതമാനം കുറവാണ് വന്നത്.  കടുവാ സങ്കേതങ്ങൾ സ്ഥാപിച്ചതിലൂടെയും അവയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊണ്ടതിലൂടെയും അവശേഷിക്കുന്ന കടുവകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരാതെ ശ്രദ്ധിക്കാനാകുന്നുണ്ടെങ്കിലും ഇപ്പോഴും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

ക്യൂബൻ മുതല (Photo: Twitter/@GatorsDaily)
ക്യൂബൻ മുതല (Photo: Twitter/@GatorsDaily)

ക്യൂബൻ മുതല

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ കണക്കുകൾ പ്രകാരം ഗുരുതര വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ് ക്യൂബൻ മുതലകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻകാലങ്ങളിൽ ഇവ ധാരാളമായി അധിവസിച്ചിരുന്ന മേഖലകളിൽ  ഇപ്പോൾ ഇവയിൽ ഒന്നിനെ പോലും കാണാനാവാത്ത അവസ്ഥയാണ്. ക്യൂബയിലെ താരതമ്യേന ചെറിയ രണ്ട് പ്രദേശങ്ങളിൽ മാത്രമായി ഇവയുടെ അംഗസംഖ്യ കുറഞ്ഞു എന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. ആവാസ വ്യവസ്ഥയിൽ മാറ്റങ്ങളുണ്ടായത് ഒരു കാരണമാണെങ്കിലും മനുഷ്യർ തന്നെയാണ് ഇവയുടെ നിലനിൽപ്പിന്  ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്.

ഗോൾഡൻ ലയൺ ടാമറിൻ

കുരങ്ങ് വർഗ്ഗത്തിൽ പെടുന്ന ഗോൾഡൻ ലയൺ ടാമറിൻ എന്ന ഇനം ബ്രസീലിലെ അറ്റ്ലാന്റിക് തീരദേശ വനങ്ങളിൽ മാത്രം കാണപ്പെടുന്നവയാണ്. കണക്കുകൾ പ്രകാരം ഏതാണ്ട് 2500 നടുത്ത് എണ്ണം മാത്രമാണ് നിലവിൽ വനമേഖലയിൽ അവശേഷിക്കുന്നത്. പലയിടങ്ങളിലായി ചിതറികിടക്കുന്ന, പരസ്പരം ബന്ധിതമല്ലാത്ത മേഖലകളാണ് ഇവയുടെ ആവാസ വ്യവസ്ഥ. ഇതുതന്നെയാണ് ഇവയുടെ അംഗസംഖ്യ വർധിക്കാത്തതിന്റെ പ്രധാന കാരണവും. അസാധാരണ ഇനം ആയതുകൊണ്ട് മനുഷ്യർ ഇവയെ പിടികൂടി കടത്താൻ ശ്രമിക്കുന്നതാണ് മറ്റൊരു കാരണം. 1982 മുതൽ ഇവ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 

ഗോൾഡൻ ലയൺ ടാമറിൻ (Photo: Twitter/@Naildhe)
ഗോൾഡൻ ലയൺ ടാമറിൻ (Photo: Twitter/@Naildhe)

ജാവൻ കാണ്ടാമൃഗങ്ങൾ

ലോകമെമ്പാടും കാണപ്പെടുന്നുണ്ടെങ്കിലും ഏറ്റവുമധികം വംശനാശഭീഷ നേരിടുന്നവയാണ്  കാണ്ടാമൃഗങ്ങൾ. അവയിൽ തന്നെ ഇന്തോനേഷ്യയിലെ ജാവയിൽ കാണപ്പെടുന്ന ജാവൻ കാണ്ടാമൃഗങ്ങളുടെ കാര്യം എടുത്തു പറയേണ്ടതുണ്ട്. നിലവിൽ 70 ജാവൻ കാണ്ടാമൃഗങ്ങൾ മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഇവയുടെ നിലനിൽപ്പിന് പ്രധാന ഭീഷണി വേട്ടയാടൽ തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് വരെ ജാവ, സുമാത്ര എന്നീ ദ്വീപുകൾക്കപ്പുറം പല മേഖലകളിലും ഇവയുടെ സാന്നിധ്യം നിലനിന്നിരുന്നു. എന്നാൽ അതിൽ നിന്നും നൂറിൽ താഴെ എണ്ണത്തിലേയ്ക്ക് ഇവ എത്തിയത് അതീവ പ്രാധാന്യത്തോടെയാണ് മൃഗസംരക്ഷണ സംഘടനകൾ കാണുന്നത്. ഇവയുടെ കൊമ്പുകൾക്ക് ഔഷധഗുണം ഉണ്ടെന്ന വിശ്വാസത്തെ തുടർന്ന് മരുന്ന് നിർമ്മാണത്തിനായാണ് വേട്ടയാടപ്പെടുന്നത്.

വടക്കൻ അറ്റ്ലാന്റിക് റൈറ്റ് തിമിംഗലങ്ങൾ

തിമിംഗലങ്ങളിൽ ഏറ്റവും അധികം വംശനാശഭീഷണി നേരിടുന്നവയാണ് വടക്കൻ അറ്റ്ലാന്റിക്കിൽ കാണപ്പെടുന്ന റൈറ്റ് തിമിംഗലങ്ങൾ. ഈയിനത്തിൽപ്പെട്ട ആയിരക്കണക്കിന് തിമിംഗലങ്ങളാണ് രണ്ടു നൂറ്റാണ്ടുകൾക്കു മുൻപ് സമുദ്രത്തിൽ ഉണ്ടായിരുന്നത്. എന്നാൽ 1880 കൾ ആയപ്പോഴേക്കും വേട്ടയാടലിനെ തുടർന്ന് അവ വംശനാശത്തിന്റെ വക്കോളം എത്തി. നിലവിൽ അവശേഷിക്കുന്നവയുടെ എണ്ണം 350 ൽ താഴെയാണെന്നാണ് കണക്കുകൾ. കപ്പൽ തട്ടി ഉണ്ടാകുന്ന അപകടങ്ങളും ഇവയുടെ നിലനിൽപ്പിന് ഭീഷണി ഉയർത്തുന്നുണ്ട്.

English Summary:

Wildlife in Peril: A Closer Look at the Species We're About to Lose Forever

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com