ADVERTISEMENT

മിഷോങ് ചുഴലിക്കാറ്റ് നിലവിൽ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തെക്കൻ ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ് നാട് തീരത്തിനു സമീപം ചെന്നൈയിൽ നിന്ന് 90 കിലോമീറ്റർ അകലെയായാണ് മിഗ്ജാമിന്റെ സ്ഥാനം. ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ ചുഴലിക്കാറ്റ് അവസാന ഘട്ട മുന്നറിയിപ്പായ റെഡ് മെസേജ് നൽകിയിരിക്കുകയാണ്.

മിഷോങ് വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച്, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തു നെല്ലൂരിനും  മച്ചലിപട്ടണത്തിനും ഇടയിൽ ഡിസംബർ 5 നു രാവിലെ തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. 

അതേസമയം, കേരളത്തിൽ അടുത്ത 5 ദിവസം മിതമായ, ഇടത്തരം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തമിഴ്നാട്ടിൽ തിരുവള്ളൂർ, ചെന്നൈ, ചെങ്കൽപ്പട്ട്, കാഞ്ചിപുരം ജില്ലകളിൽ അതിതീവ്ര മഴയും വേലൂർ, റാണിപേട്ട, തിരുവണ്ണാമലൈ, വിഴുപ്പുറം, കള്ളക്കുറിച്ചി, കടലൂർ, തിരുപ്പത്തൂർ എന്നിവിടങ്ങളിൽ അതിശക്തമായ മഴയും ഉണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെന്നൈയിലെ 14 തുരങ്കപാതകൾ അടച്ചുപൂട്ടിയിരിക്കുകയാണ്. വെള്ളക്കെട്ടിൽ അപകടം ഉണ്ടാകാൻ സാധ്യത കൂടുതലെന്ന് കണ്ട് സർക്കാർ തുരങ്കങ്ങൾ അടയ്ക്കുകയായിരുന്നു. 

ചെന്നൈ വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലുമെല്ലാം വെള്ളം കയറിയ നിലയിലാണ്. നിരവധി ബസുകളും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. നദികളും പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്. ഇതിനിടയ്ക്ക് മുതലകളും നഗരത്തിലേക്ക് കടന്നിട്ടുണ്ട്. നേർക്കുൻട്രം വിഐടിക്കു സമീപം റോഡിലിറങ്ങിയ മുതലയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പേരിട്ടത് മ്യാൻമർ

ഈ വർഷം ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപം കൊണ്ട ആറാമത്തെയും ബംഗാൾ ഉൾക്കടലിലെ നാലാമത്തെയും ചുഴലിക്കാറ്റാണ് ‘മിഷോങ്’. മ്യാൻമർ ആണ് ഈ ചുഴലിക്കാറ്റിന് പേര് നൽകിയത്.

ചുഴലിക്കാറ്റിന് പേരിടുന്നത് എങ്ങനെ?

ലോകത്ത് ആകെയുള്ള 6 റീജിയണൽ സ്പെഷ്യലൈസ്ഡ് മീറ്റയറിലോജിക്കൽ സെന്റർസ് അഥവാ RSMCകളും 5 ട്രോപിക്കൽ സയിക്ക്ലൺ വാണിങ് സെന്റർസുമാണ് പട്ടിക തയാറാക്കുന്നത്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പാണ് ആര്‍എംഎസ്‌സികളില്‍ ഒന്ന്. ബംഗ്ലാദേശ്, ഇന്ത്യ, ഇറാന്‍, മാലിദ്വീപ്, മ്യാന്‍മര്‍, ഒമാന്‍, പാക്കിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, ശ്രീലങ്ക, തായ്‍ലന്‍ഡ്, യുഎഇ, യെമന്‍ എന്നീ 13 രാജ്യങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ നല്‍കുന്നതും പട്ടികയില്‍ നിന്ന് പേരുകള്‍ നല്‍കുന്നതും ഡല്‍ഹി ആര്‍എസ്എംസി ആണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ചുഴലികള്‍ക്ക് ഈ രാജ്യങ്ങളാണ് പേരുകള്‍ നിര്‍ദേശിക്കുന്നത്.

ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ തിരഞ്ഞെടുക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്.

1. പേര് നിഷ്പക്ഷമായിരിക്കണം. ജാതി, മത, വർഗ, വർണ, രാഷ്ട്രീയ, ലിംഗ വേർതിരിവുകൾ ഇല്ലാത്ത പേരുകൾ വേണം നിർദ്ദേശിക്കാൻ.

2. ലോകത്തെ ഒരു ജനവിഭാഗത്തിനും മുറിവേല്‍പ്പിക്കുന്നതാകരുത്.

3. ക്രൂരമോ പരുഷമോ ആയ വാക്കുകള്‍ ഉപയോഗിക്കരുത്.

4. ചെറുതും എളുപ്പത്തില്‍ ഉച്ചരിക്കാന്‍ കഴിയുന്നതും വെറുപ്പുളവാക്കാത്തതും ആയിരിക്കണം.

5. എട്ട് അക്ഷരത്തില്‍ കവിയാത്ത പേര് വേണം ഉപയോഗിക്കാന്‍

6. നിര്‍ദേശിക്കുന്ന പേരിന്റെ ഉച്ചാരണം വാക്കാലും ശബ്ദരേഖയായും നല്‍കണം.

നിര്‍ദേശിക്കപ്പെടുന്ന പേരുകള്‍ ഈ പറഞ്ഞ ഏതെങ്കിലും മാനദണ്ഡത്തിന് വിരുദ്ധമാണെങ്കില്‍ നിരസിക്കാന്‍ അതത് ട്രോപ്പിക്കല്‍ സൈക്ലോണ്‍ പാനലുകള്‍ക്ക് അധികാരമുണ്ട്. പ്രാദേശികമായ വിവേചനം ഒഴിവാക്കാന്‍ ഒരേ രാജ്യത്തെ വ്യത്യസ്ത ഭാഷകളിലെ പേരുകളും ഉള്‍പ്പെടുത്താറുണ്ട്. 

മ്യാൻമർ നിർദേശിച്ച പേരാണ് മിഷോങ്. നേരത്തെ വന്ന ബിപര്‍ജോയ് ബംഗ്ലദേശ് നിർദേശിച്ച പേരാണ്. മോച്ച ചുഴലിക്കാറ്റിന് പേര് നല്‍കിയത് യെമന്‍ ആണ്. 2017ല്‍ ഇന്ത്യന്‍ തീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന് പേരിട്ടതും ബംഗ്ലാദേശ് ആയിരുന്നു. കണ്ണ് എന്നാണ് ഓഖിയുടെ അര്‍ഥം. ആഗ്, വ്യോം, ഛാര്‍, പ്രൊബാഹോ, നീര്‍ തുടങ്ങിയവയാണ് വരാനിരിക്കുന്ന ചുഴലികള്‍ക്ക് ഇന്ത്യ നിര്‍ദേശിച്ചിട്ടുള്ള ചില പേരുകള്‍. 

English Summary:

Cyclone Michaung: Chennai to Andhrapradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com