ADVERTISEMENT

ഇന്തൊനീഷ്യയിലെ പടിഞ്ഞാറൻ സുമാത്രയിലെ മറാപി അഗ്നിപർവതം വീണ്ടും സജീവം. ഞായറാഴ്ച സ്ഫോടനത്തിനിടെ പർവതത്തിന്റെ സമീപപ്രദേശങ്ങളിൽ 75 പേരോളം ഉണ്ടായിരുന്നതായാണ് കണക്കുകൾ. 2,891 മീറ്റർ ഉയരമുളള മറാപി പർവതത്തിൽ ഞായറാഴ്ച ഉണ്ടായ സ്ഫോടനത്തിൽ 11 പർവതാരോഹകർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. 12 പേരെ കാണാതായി.

ഇത്തവണ പൊട്ടിത്തെറിച്ചപ്പോൾ 3 കിലോമീറ്ററോളം ഉയരത്തിലാണ് അഗ്നിപർവതത്തിൽ നിന്ന് പുകയും ചാരവും ഉയർന്നു പൊങ്ങിയത്. സുമാത്ര ദ്വീപിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണ് മറാപി. 24 ലക്ഷത്തോളം പേരുള്ള ഇന്തൊനീഷ്യയിലെ യോഗ്യകർത്ത എന്ന പുരാതന നഗരത്തിനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്, ജാവ ദ്വീപിലെ പ്രാചീന ഹിന്ദു ക്ഷേത്രമായ പ്രമ്പനൻ, ബുദ്ധ ക്ഷേത്രമായ ബോറോബൊദൂർ തുടങ്ങിയ പൗരാണിക കേന്ദ്രങ്ങളുടെ സമീപമാണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. 1979 ഏപ്രിലിൽ മറാപിയിലുണ്ടായ സ്ഫോടനത്തിൽ 60 പേർ മരിച്ചിരുന്നു.

127 സജീവ അഗ്നിപർവതങ്ങളുള്ള രാജ്യമാണ് ഇന്തൊനീഷ്യ. അതിനാൽ തന്നെ അഗ്നിപർവത സ്ഫോടനങ്ങൾ ഇവിടെ നിന്ന് ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യാറുണ്ട്. സംസ്കൃത വാക്കായ മേരുവും ജാവ ഭാഷയിൽ തീ എന്നർഥം വരുന്ന അപിയും ചേർന്നാണു മറാപി എന്ന പേരുണ്ടായത്. ‘തീതുപ്പുന്ന പർവതം’ എന്നാണ് ഇതിന്റെ അർഥം. ലോകത്തെ ഏറ്റവും സജീവമായ എട്ട് അഗ്നിപർവതങ്ങളുടെ ടൈംസ് പട്ടികയിൽ മറാപിയും ഉൾപ്പെട്ടിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ പൊട്ടിത്തെറിക്കുന്ന പർവതമാണ് ഇത്. ഈ പർവതം പതിനായിരം വർഷങ്ങളായി സജീവമാണെന്നാണു വിദഗ്ധരുടെ അഭിപ്രായം.

1006 ലാണു മറാപിയിൽ ഉണ്ടായ സ്ഫോടനത്തിൽ ജാവ ഭരിച്ചുവന്ന പ്രശസ്ത രാജവംശമായ മേദാങ് വംശത്തിനു വേരറ്റതായാണ് ചരിത്രം. ഇതിനു ശേഷവും നൂറിലേറെ തവണ മറാപി പൊട്ടിത്തെറിച്ചിട്ടുണ്ട്. 1930ൽ ഉണ്ടായ പൊട്ടിത്തെറിയിൽ 1,300 പേർ മരിച്ചു. 2010 ലാണു മറാപി അവസാനമായി സജീവത കാട്ടിയത്. അന്ന് നാലു ലക്ഷത്തോളം പേരെ കുടിയൊഴിപ്പിക്കേണ്ടതായി വന്നു. 

‘ചൂടനാ’ണെങ്കിലും യോഗ്യകർത്തയിലെ ജനത്തിനു വൈകാരികമായി ഏറെ അടുപ്പമുള്ള പർവതം കൂടിയാണ് മറാപി. മറാപിയിൽ ദേവകളുടെ സാന്നിധ്യമുണ്ടെന്നാണ് അവരുടെ വിശ്വാസം. എല്ലാവർഷവും വിശ്വാസികൾ നൽകുന്ന നിവേദ്യങ്ങളുമായി ഒരു പുരോഹിതൻ ഈ പർവതത്തിനു മുകളിൽ പൂജയ്ക്കായി എത്താറുണ്ട്.

English Summary: Mount Merapi Eruption: 11 hikers lose lives in Indonesia's West Sumatra; rescue on

English Summary:

Mount Merapi Erupts, Ash Clouds Tower 3km High in Indonesia's Skies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com