ADVERTISEMENT

ഏഷ്യൻ രാജ്യമായ മംഗോളിയയിൽ ആകാശം കഴിഞ്ഞ ദിവസം ചുവന്നനിറത്തിലായിരുന്നു. നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലെത്തിയ ഒരു സൗരവാതം കാരണമാണ് പ്രതിഭാസമുടലെടുത്തതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ധ്രുവപ്രദേശങ്ങളിൽ ധ്രുവദീപ്തി ഉണ്ടാകുന്നതു പോലുള്ള ഒരു പ്രതിഭാസമാണ് ഇത്. ധ്രുവദീപ്തി പൊതുവെ പച്ചനിറത്തിലാണു കാണപ്പെടുന്നത്. എന്നാൽ ഇവിടെ സൗരവാതകണങ്ങൾ ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 241 കിലോമീറ്റർ ഉയരെ ഓക്സിജനുമായി പ്രവർത്തിച്ചതിനാലാണ് ചുവന്ന ആകാശം ഉണ്ടായതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.

മംഗോളിയയിലെ ആകാശം ചുവന്ന നിറത്തിൽ (Photo: Twitter/@SynapseDot)
മംഗോളിയയിലെ ആകാശം ചുവന്ന നിറത്തിൽ (Photo: Twitter/@SynapseDot)

കഴിഞ്ഞവർഷം ചൈനയിലെ തുറമുഖനഗരമായ സൂഷാനിലെ ആകാശം രക്തനിറത്തിൽ ചുവന്നു തുടുത്തത് ആളുകളിൽ ആകാംഷയും അദ്ഭുതവും പരിഭ്രമവും ജനിപ്പിച്ചിരുന്നു. ജനങ്ങളിൽ പലരും കടുംചുവപ്പു നിറത്തിലുള്ള ആകാശത്തിന്റെ ചിത്രങ്ങളും വിഡിയോകളും എടുക്കുകയും അതു സോഷ്യമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ട്വിറ്ററിൽ നിഗൂഢവാദ സിദ്ധാന്തക്കാർക്കിടയിൽ ചർച്ചകൾക്കും ഇതു വഴിവച്ചു. ലോകാവസാനത്തിന്റെ ചിഹ്നമാണ് ഇതെന്നായിരുന്നു ചിലർ വാദിച്ചത്.

ചൈനയിലെ തുറമുഖനഗരമായ സൂഷാനിലെ ആകാശം രക്തനിറത്തിൽ  (Photo: Twitter/@my_thoughts_too)
ചൈനയിലെ തുറമുഖനഗരമായ സൂഷാനിലെ ആകാശം രക്തനിറത്തിൽ (Photo: Twitter/@my_thoughts_too)

സിദ്ധാന്തങ്ങൾ ചൂടുപിടിക്കുന്നതിനിടെ സൂഷാനിലെ അധികൃതർ പ്രതിഭാസത്തിന്‌റെ ശാസ്ത്രീയ കാരണവുമായി രംഗത്തെത്തി. തുറമുഖത്തിനടുത്ത് പ്രകാശത്തിന്റെ അപവർത്തനം, ചിതറൽ എന്നീ പ്രതിഭാസങ്ങളാണ് ചുവന്നു തുടുത്ത വിചിത്ര ആകാശത്തിനു കാരണമായതെന്ന് അവർ പ്രസ്താവിച്ചു. കാലാവസ്ഥ സുഗമമായിരിക്കുന്ന സമയത്ത് അന്തരീക്ഷത്തിലെ ജലാംശം എയ്‌റോസോളുകളായി മാറുമെന്നും ഇവ മത്സ്യബന്ധന നൗകകളിൽ നിന്നും കപ്പലുകളിൽ നിന്നുമുള്ള പ്രകാശം വലിയ രീതിയിൽ അപവർത്തനവും ചിതറിക്കലും നടത്തുന്നതാണു ചുവന്ന ആകാശത്തിനു കാരണമാകുന്നതെന്ന് അധികൃതർ കണ്ടെത്തി. രക്തവർണാഭമായ ആകാശം മുൻപും പലയിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കലിഫോർണിയയിൽ 2021ൽ കാട്ടുതീ സംഭവിച്ച മേഖലകളിലെ ആകാശത്തും ഇതേ പോലെ വർണമാറ്റം സംഭവിച്ചിരുന്നു.

കലിഫോർണിയയിലെ ആകാശം നിറമാറിയപ്പോൾ  (Photo: Twitter/@GregCowboys)
കലിഫോർണിയയിലെ ആകാശം നിറമാറിയപ്പോൾ (Photo: Twitter/@GregCowboys)

അന്റാർട്ടിക്കയിൽ കഴിഞ്ഞ ജൂലൈയിൽ ആകാശം കടുംപിങ്ക്, വയലറ്റ് നിറത്തിലായത് ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരുന്നു. എന്നാൽ താമസിയാതെ ഈ വിചിത്ര പ്രതിഭാസത്തിന്റെ കാരണം ശാസ്ത്ര സമൂഹം കണ്ടെത്തി. 2022 ജനുവരി 13നു സംഭവിച്ച ടോംഗ ഭൂചലനമാണ് ഇതിനു പിന്നിലെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപരാഷ്ട്രമാണ് ടോംഗ.ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതമാണു ജനുവരിയിൽ പൊട്ടിത്തെറിച്ചത്. 30 വർഷത്തിനിടെ ആദ്യമായിരുന്നു ഇത്രയും വലിയൊരു പൊട്ടിത്തെറി . യുഎസ് ഉൾപ്പെടെ രാജ്യങ്ങളിൽ കടലാക്രമണഭീഷണി ഇതു മൂലം ഉടലെടുത്തിരുന്നു.ദുരന്തത്തിൽ 3 പേരാണു കൊല്ലപ്പെട്ടതെങ്കിലും ടോംഗയുടെ സാമൂഹിക, സാമ്പത്തിക, ആശയവിനിമയ മേഖലകളിൽ ദുരന്തം വൻ നാശനഷ്ടങ്ങൾക്ക് ഇടവരുത്തി.

60 ലക്ഷം ടൺ ടിഎ‍ൻടി ഊർജം പുറത്തുവിട്ട വിസ്ഫോടനമായിരുന്നു ടോംഗയ്ക്കു സമീപം സംഭവിച്ചതെന്ന് നാസ വിലയിരുത്തുന്നു. ലോകം ചുറ്റി സഞ്ചരിച്ച ഒരു സോണിക് ബൂം പ്രതിഭാസത്തിനും വിസ്ഫോടനം വഴിയൊരുക്കി.അഗ്നിപർവത വിസ്ഫോടനത്തിന്റെ തുടർപ്രതിഭാസമെന്ന നിലയിൽ 6.2 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം രണ്ടാഴ്ചയ്ക്കു ശേഷം ടോംഗയിലെ ലിഫുക ദ്വീപിനു സമീപം സംഭവിച്ചു. 14.5 ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം.

അഗ്നിപർവത വിസ്ഫോടനത്തിന്റെ ചാരം 50 കിലോമീറ്ററുകളോളം ഉയരുകയും ഇതു ടോംഗയെ വലയം ചെയ്തു നിൽക്കുകയും ചെയ്തു. ഈ ചാരത്തിൽ സൾഫേറ്റ് കലർന്നിരുന്നു. ഇതോടൊപ്പം തന്നെ വിവിധ ലവണാംശവും നീരാവിയും സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിലെത്തി. ഈ കണികകളാണ് സൂര്യപ്രകാശത്തെ തട്ടിത്തെറിപ്പിച്ച് പിങ്ക്, വയലറ്റ്, പർപ്പിൾ നിറത്തിൽ ആകാശം മാറിയതിനു കാരണമായതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

English Summary:

Solar Wind Triggers Breathtaking Red Aurora in Mongolia, Scientists Explain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com