കഴുത്തോളം വെള്ളത്തില്‍ സഹായത്തിനായി കാത്തിരുന്ന് നായകൾ; രക്ഷകരെത്തി: ചെന്നൈയിലെ കാഴ്ച
Mail This Article
മിഷോങ് ചുഴലിക്കാറ്റിൽ ചെന്നൈ നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ മനുഷ്യർ മാത്രമല്ല. മൃഗങ്ങളും ജീവനുവേണ്ടി പോരാടിയിരുന്നു. കഴുത്തറ്റം വെള്ളത്തിൽ കുടുങ്ങിയ ജനങ്ങളെ രക്ഷിക്കുന്നതിനിടയിൽ ചില രക്ഷാപ്രവർത്തകർ നായകളെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാൻ കടയരികിൽ ചേർന്നുനിൽക്കുന്ന നായയെ ഒരാൾ വാഹനത്തിലേക്ക് കയറ്റി. അപ്പോഴാണ് മറ്റൊരു നായ അതേ സ്ഥലത്തേക്ക് നീന്തിയെത്തുന്നത് കണ്ടത്. ഉടൻതന്നെ അവനെയും വാഹനത്തിലേക്ക് കയറ്റി. തന്നെ ആക്രമിക്കാൻ പോവുകയാണെന്ന് കരുതി ആദ്യമൊന്ന് ഭയന്ന് പിടഞ്ഞെങ്കിലും രക്ഷാപ്രവർത്തകൻ ആശ്വാസവാക്കുകൾ പറഞ്ഞതോടെ നായ ശാന്തനാവുകയായിരുന്നു.
താമ്പരത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ നായകളെ രക്ഷാപ്രവർത്തകർ ഫൈബർ തോണിയിൽ കയറ്റി പോകുന്ന കാഴ്ചയും ആളുകളുടെ മനംകവർന്നു. നാലുനായകളെ ബോട്ടിൽ കയറ്റി രക്ഷാപ്രവർത്തകർ വെള്ളത്തിൽ നടന്നുവരികയായിരുന്നു. ചില കുടുംബങ്ങൾ വീട്ടുമുറ്റത്ത് എത്തിയ മൃഗങ്ങളെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകുകയും അവർക്ക് കിടക്കാനുള്ള സ്ഥലം ഒരുക്കുകയും ചെയ്തു.