ADVERTISEMENT

മലയാളികൾക്ക് സുപരിചിതമായ ചലച്ചിത്രമാണ് സന്ദേശം. അതിലെ ശ്രദ്ധേയമായൊരു കഥാപാത്രമായിരുന്നു കൃഷി ഓഫിസർ ഉദയഭാനു. നടൻ സിദ്ധീഖാണ് ഈ വേഷം അവതരിപ്പിച്ചത്. മണ്ണ് വായിലിട്ടു രുചിച്ച് അതിന്റെ രാസഘടനയും വളക്കൂറുമൊക്കെ ഉദയഭാനു പ്രവചിക്കുന്നത് തീയറ്ററുകളിൽ ചിരിപടർത്തി.

സോയിൽ ടെസ്റ്റിങ് വഴിയാണ് മണ്ണിന്റെ നിലവാരം മനസ്സിലാക്കുന്നത്. എന്നാൽ ചില വിചിത്രരീതികളുമുണ്ട്. ഇത്തരത്തിലൊന്നാണ് അടിവസ്ത്രം ഉപയോഗിച്ചുള്ള മണ്ണുപരിശോധന.

യുഎസിലെ ഡെലവേർ സംസ്ഥാനത്തുള്ള സസക്സ് കൗണ്ടിയിലെ കർഷകരാണ് വിളകൾ ഉത്പാദിപ്പിക്കാൻ തക്കവണ്ണം നിലവാരവും സമ്പുഷ്ടവുമായ മണ്ണാണോ തങ്ങളുടേതെന്നറിയാൻ ഈ രീതി പരീക്ഷിക്കാറുള്ളത്. ഉപയോഗിച്ച തങ്ങളുടെ വെളുത്ത കോട്ടൺ അടിവസ്ത്രങ്ങൾ കൃഷിയിടത്തിൽ കുഴിച്ചിടുകയാണ് ഇവർ ചെയ്യുന്നത്. മേയിൽ സസക്സ് കൺസർവേഷൻ ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ബെഥൽ, ജോർജ്ടൗൺ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലാണ് 100 ശതമാനം കോട്ടണിൽ നിർമിച്ച ബോക്സറുകളും മറ്റുമടങ്ങിയ അടിവസ്ത്രങ്ങൾ കുഴിച്ചിട്ടത്. 

രണ്ടു മാസത്തിനു ശേഷം നോക്കിയപ്പോൾ ഇവയുടെ ഇലാസ്റ്റിക് ബാൻഡുകൾ മാത്രമാണ് അവശേഷിച്ചത്. ബാക്കിയെല്ലാം ദ്രവിച്ചു മണ്ണിൽ മറഞ്ഞിരുന്നു.

അടിവസ്ത്രങ്ങളെ ഇത്തരത്തിൽ ദ്രവിപ്പിച്ച് നശിപ്പിക്കുന്നത് സൂക്ഷ്മജീവികളാണെന്ന് വിദഗ്ധർ പറയുന്നു. കോട്ടൺ അടിവസ്ത്രങ്ങൾ പെട്ടെന്നു ദ്രവിച്ചു നശിച്ചാൽ മണ്ണിൽ സൂക്ഷ്മജീവികളുടെ എണ്ണവും ശേഷിയും പ്രവർത്തനവും കൂടുതലാണെന്നു മനസ്സിലാക്കാം. ഇത്തരം മണ്ണ് കൃഷിക്ക് തീർത്തും അനുയോജ്യമായിരിക്കുമെന്നും വിദഗ്ധർ പറയുന്നു. 

പ്രതീകാത്മക ചിത്രം (Credit:Fototocam/ Istock)
പ്രതീകാത്മക ചിത്രം (Credit:Fototocam/ Istock)

ഇത്തരം മണ്ണിൽ വളത്തിന്റെയോ മറ്റ് കൃഷിസഹായികളുടെയോ പ്രയോഗം കുറച്ചുമതി. കർഷകർക്ക് കൂടുതൽ വിളവും അതുവഴി കൂടുതൽ ലാഭവും ഇത്തരം പ്രകൃത്യാ സമ്പുഷ്ടമാക്കപ്പെട്ട മണ്ണുള്ള കൃഷിയിടങ്ങളിൽ ലഭിക്കും.

ലോകത്ത് പലയിടങ്ങളിലും പല രീതികളിൽ ചിലവു കുറഞ്ഞ രീതിയിൽ മണ്ണുപരിശോധനകൾ നടത്താറുണ്ട്. മണ്ണിരകളുടെ എണ്ണം ഇതിന്റെ മികച്ച ഒരു സൂചകമായി കണക്കാക്കപ്പെടുന്നു. 2018ലും സസക്സിലെ അധികൃതർ അടിവസ്ത്രങ്ങൾ ഉപയോഗിച്ച് ഇതുപോലെ മണ്ണുപരിശോധന നടത്തിയിരുന്നു

English Summary:

How Delaware Farmers Use Cotton Underwear to Test Soil Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com