ADVERTISEMENT

ലോകത്തിലെ ആദ്യ പക്ഷിയെന്നായിരുന്നു ആർക്കയോപ്‌ടെറിക്‌സ് അറിയപ്പെട്ടിരുന്നത്. ദിനോസറുകളും ഇന്നത്തെക്കാലത്തെ പക്ഷികളും തമ്മിലുള്ള കണ്ണിയായാണ് ആർക്കയോപ്‌ടെറിക്‌സ് അറിയപ്പെട്ടിരുന്നത്. പക്ഷികളുടെയും ഉരഗങ്ങളുടെയും സവിശേഷതകൾ ഇതിൽ ഒത്തുചേർന്നിരുന്നു. ദിനോസറുകളിൽ നിന്നാണ് പക്ഷികൾ പരിണമിച്ചതെന്ന വാദത്തിന് ശക്തി പകരുന്ന കണ്ടെത്തലായിരുന്നു ആർക്കയോപ്‌ടെറിക്‌സ് ഫോസിലുകൾ. പറവേസ് എന്ന ദിനോസർ ഗ്രൂപ്പിൽ നിന്നാണത്രേ ആദ്യ പക്ഷികൾ വന്നത്.

1860ൽ ജർമനിയിൽ കണ്ടെത്തപ്പെട്ട ഈ പക്ഷികൾ ഊർവോജെൽ എന്നാണ് അറിയപ്പെട്ടിരുന്നത്. യഥാർഥ പക്ഷി, ആദ്യ പക്ഷി എന്നൊക്കെയാണ് ആ വാക്കിന്‌റെ അർഥം. എന്നാൽ ഇന്നത്തെ കാലത്തെ ശാസ്ത്രജ്ഞർ ഈ വിശേഷണത്തോട് യോജിക്കുന്നില്ല. ആർക്കയോപ്‌ടെറിക്‌സിനു മുൻപും പക്ഷികൾ ഉണ്ടായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. ഒരു മരത്തിനു മുകളിൽ ഇരയെ ലക്ഷ്യമിട്ട് ഇരിക്കുന്ന തരത്തിലാണ് ആർക്കയോപ്‌ടെറിക്‌സുകളെ കണ്ടെത്തിയത്.

രണ്ടുതരം സ്പീഷീസുകളിലുള്ള ആർക്കയോപ്‌ടെറിക്‌സുകൾ ലോകത്തുണ്ടായിരുന്നു. ലിത്തോഗ്രഫിക, സീമെൻസി എന്നിവയാണ് ഇവ. 15 കോടി വർഷം മുൻപാണ് ഈ പക്ഷികൾ ഭൂമിയിൽ ജീവിച്ചിരുന്നത്. ഇന്നത്തെ തെക്കൻ ജർമനിയിലെ ബവേറിയയിലാണ് ഇവ ജീവിച്ചിരുന്നത്. അന്നു യൂറോപ് ഭൂമധ്യരേഖയോട് ഇന്നത്തെക്കാളും കൂടുതൽ അടുത്തായിരുന്നു.

അതിനാൽ തന്നെ കൂടുതൽ ചൂടേറിയ കാലാവസ്ഥയിലാണ് ഇവ ജീവിച്ചിരുന്നത്. ഒരു കിലോഗ്രാം വരെ ഭാരം വച്ചിരുന്ന ആർക്കയോപ്‌ടെറിക്‌സിനു കാക്കകളുടെ വലുപ്പമാണ് ഉണ്ടായിരുന്നത്. വീതിയേറിയ ചിറകുകളും 50 സെന്‌റിമീറ്റർ വരെ നീളമുള്ള കൊക്കുകളുമുണ്ടായിരുന്നു. ചിറകുകളിലും വാലിലും ഇവയ്ക്ക് തൂവലുകളുണ്ടായിരുന്നു. ശരീരം വായുവിൽ നീങ്ങുന്നതിനു പര്യാപ്തവുമായിരുന്നു അതിനാൽ തന്നെ ആർക്കയോപ്‌ടെറിക്‌സുകൾ പറന്നിരുന്നെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ചിറകടിച്ചാണോ അതോ ചിറകുവിടർത്തിയാണോ ഇവ നീങ്ങിയിരുന്നതെന്ന കാര്യത്തിൽ തീർച്ചയില്ല. താടിയെല്ലുകൾ, പല്ലുകൾ എന്നിവ ഈ പക്ഷികൾക്കുണ്ടായിരുന്നു.

2008ൽ ശാസ്ത്രജ്ഞർ കുയെന്നോസോർ എന്നയിനം ദിനോസറുകളെ കണ്ടെത്തി. ഇവയാണ് ലോകത്തെ ആദ്യ പക്ഷികളെന്നായിരുന്നു അവരുടെ അഭിപ്രായം. ഏതായാലും ആദ്യപക്ഷി ഏതെന്ന കാര്യത്തിൽ ഇന്നും തീർച്ച എത്തിയിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com