‘കുലദേവത’യായി ഇത്രയുംകാലം ആരാധിച്ചത് ദിനോസർ മുട്ടകളെ; വെട്ടിലായി മധ്യപ്രദേശിലെ കുടുംബം
Mail This Article
മധ്യപ്രദേശിലെ ഒരു കർഷക കുടുംബം വർഷങ്ങളായി തങ്ങളുടെ കുലദേവതയായി ആരാധിച്ചിരുന്നത് ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടകളെ. മധ്യപ്രദേശിലെ ധാർ ജില്ലയിലെ പട്‌ല്യ ഗ്രാമത്തിൽ താമസിക്കുന്ന വെസ്ത മണ്ഡലോയ് (40) എന്ന കർഷകനും കുടുംബവുമാണ് ഇതിനെ കാകർ ഭൈരവയെന്ന് വിശേഷിപ്പിച്ച് ആരാധിച്ചുവന്നത്. കാകർ എന്നാൽ നിലവും ഭൈരവ് എന്നാൽ ദൈവം എന്നുമാണ് അർഥം.
അടുത്തിടെ ലഖ്നൗവിലെ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസിലെ വിദഗ്ധർ ഈ പ്രദേശത്ത് സന്ദർശിച്ചിരുന്നു. അപ്പോഴാണ് വെസ്തയുടെ കുടുംബം ആരാധിക്കുന്ന വസ്തുക്കളെക്കുറിച്ച് അറിഞ്ഞത്. തങ്ങളുടെ കൃഷി, കന്നുകാലികൾ എന്നിവയെ സംരക്ഷിക്കുകയും കാലക്കേടുകളിൽനിന്ന് രക്ഷിക്കുകയും ചെയ്യുമെന്ന് അവർ വിശ്വസിച്ചിരുന്നു.
പൂർവികരുടെ കാലം മുതലുള്ള ആചാരങ്ങൾ വെസ്തയും പിന്തുടർന്നു. എന്നാൽ യഥാർഥത്തിൽ ആ വസ്തുക്കൾ സസ്യഭുക്കുകളായ ടൈറ്റനോസറസ് ഇനത്തിൽപ്പെടുന്ന ദിനോസറുകളുടെ മുട്ടകളാണെന്ന് വിദഗ്ധർ തിരിച്ചറിയുകയായിരുന്നു. തൊട്ടടുത്ത ജില്ലകളിലും ഇതുപോലെ ദിനോസർ മുട്ടകളെ ആരാധിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
ഈ വർഷം ആദ്യം മധ്യപ്രദേശിലെ നർമദാ താഴ്‌വരയിൽ പാലിയന്റോളജിസ്റ്റുകൾ ടൈറ്റനോസറുകളുടെ കൂടുകളും 256 മുട്ടകളും കണ്ടെത്തിയിരുന്നു.