ADVERTISEMENT

നിമോയും ഡോറിയും നീന്തിത്തുടിക്കുന്ന ഒരു സുന്ദരലോകമുണ്ട്. ഫൈൻഡിങ് നിമോ, ഫൈൻഡിങ് ഡോറി എന്നീ കുട്ടിസിനിമകൾ കണ്ടവർ ഒരിക്കലും മറക്കാത്ത ലോകം. വിസ്മയിപ്പിക്കുന്ന രൂപങ്ങളും വര്‍ണ്ണങ്ങളുമുള്ള  നിമോ, ഡോറി എന്നീ മത്സ്യങ്ങളുടെ ആലയം പവിഴപ്പുറ്റുകളാണ്. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫ് ആണ് പവിഴപ്പുറ്റുകളാല്‍ നിർമിക്കപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ കടലിലെ പവിഴ വന്‍മതില്‍. എന്നാൽ സങ്കടപ്പെടുത്തുന്ന വാർത്തകളാണ് ഈ വൻമതിലിനേക്കുറിച്ച് കുറച്ചു കാലങ്ങളായി വരുന്നത്. സമീപകാല പഠനങ്ങൾ പറയുന്നതനുസരിച്ച് ഗ്രേറ്റ് കോറൽ റീഫുകൾ ഇന്നുവരെ രേഖപ്പെടുത്തപ്പെട്ട കടുത്ത ബ്ലീച്ചിങ്ങിലൂടെയാണ് കടന്നു പോകുന്നത്.

കോറല്‍ ബ്ലീച്ചിങ് 

പവിഴപ്പുറ്റുകൾ വെള്ള നിറം പ്രാപിക്കുന്ന പ്രക്രിയയാണ് കോറൽ ബ്ലീച്ചിങ്. അവർക്ക് സഹിക്കാവുന്നതിലുമപ്പുറം കടലിനു ചൂടേറുമ്പോഴാണിത് സംഭവിക്കുന്നത്. സമുദ്ര ജലത്തിന്റെ താപനിലയിലെ വർധനവ് മൂലം കോറലുകള്‍ അവയുടെ ശരീരത്തിലെ ജീവകലകളിൽ താമസിക്കുന്ന സുഹൃത്തുക്കളും, അന്നദാതാക്കളുമായ സൂസാന്തില്ലകളെന്ന ഭക്ഷണ നിര്‍മ്മാതാക്കളായ  സൂക്ഷ്മജീവികളെ തള്ളിപ്പുറത്താക്കുന്നു. നിറം നഷ്ടപ്പെടുന്ന കോറലുകള്‍ വൈകാതെ പട്ടിണിയിലായി നാശമടയുന്നു. അതിജീവിക്കുന്ന കോറലുകളിൽ വളർച്ചയും വംശവർധനവും തടസ്സപ്പെടുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനിടയില്‍ ചില വര്‍ഷങ്ങളില്‍ വ്യാപകമായി  ഈ പ്രതിഭാസമുണ്ടായി. ദൃഢമായ പവിഴപ്പുറ്റുകള്‍ ദുര്‍ബലമായി തകരുന്നതോടൊപ്പം, അവയെ ആശ്രയിച്ചു കഴിയുന്ന നിരവധി ജീവജാലങ്ങളും അനാഥരാകുന്നു. അനേകം മനുഷ്യരുടെ ആഹാരവും ജീവനോപാധിയുമായ നിരവധി മത്സ്യ ഇനങ്ങള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും നഷ്ടമാകുന്നു.

വെള്ളനിറത്തിലുള്ള പവിഴപ്പുറ്റുകൾ (Photo: X/ @HySpeedGeo)
വെള്ളനിറത്തിലുള്ള പവിഴപ്പുറ്റുകൾ (Photo: X/ @HySpeedGeo)

കുഞ്ഞു മത്സ്യങ്ങളെ  കൂടുതല്‍ ബാധിക്കുന്നതിനാല്‍ പലപ്പോഴും ഇത്തരം ഇനം  മത്സ്യങ്ങള്‍ക്ക് വംശനാശവും സംഭവിക്കാം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പല  തവണയാണ് ഇങ്ങനെ വൻതോതിലുള്ള ബ്ലീച്ചിങ് നടന്നത്. 2016-ല്‍ കോറല്‍ ബ്ലീച്ചിങ് എന്ന ഈ പ്രതിഭാസം ആഗോളതലത്തില്‍ വന്‍തോതില്‍ നടന്നിരുന്നു. തുടർന്നുള്ള വേനലുകളിൽ ബ്ലീച്ചിങ്ങ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. താരതമ്യേന തണുത്ത കാലാവസ്ഥയുള്ള തെക്കൻ ഭാഗങ്ങളിൽ പോലും ഇതു സംഭവിച്ചു. ഇരുപത്തിയഞ്ചു ശതമാനം ഭാഗത്ത് അതിതീവ്രമായും, 30 ശതമാനത്തിൽ മിതമായ രീതിയിലും, മൊത്തമായി ഓരോ റീഫിന്റെയും 60 ശതമാനം പവിഴപ്പുറ്റുകളെയും ഇതു ബാധിച്ചതായി വിദഗ്ധർ പറയുന്നു.അടുത്ത പടിയായി എത്രമാത്രം പവിഴപ്പുറ്റുകൾക്ക് ജീവനാശമുണ്ടായി എന്നു കണക്കാക്കണം.2016-ൽ റീഫിന്റെ വടക്കേഭാഗത്ത് കനത്ത ബ്ലീച്ചിങ് നടന്ന കോറലുകളിൽ പകുതിയിലധികത്തിന് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ഗ്രേറ്റ് ബാരിയര്‍ റീഫ് എന്ന അത്ഭുതം

ഓസ്‌ട്രേലിയന്‍ വന്‍കരയുടെ കിഴക്കന്‍ തീരത്തിനു സമാന്തരമായി ശാന്തസമുദ്രത്തില്‍ 2000 കിലോമീറ്റര്‍ നീളത്തിലും 150 കിലോമീറ്റര്‍ വീതിയിലും ഒരു മതില്‍ പോലെ കടലില്‍ നിന്നും കരയെ സംരക്ഷിക്കുന്ന പവിഴപ്പുറ്റുകളുടെ കോട്ടയാണ് ഗ്രേറ്റ് ബാരിയര്‍ റീഫ്. ഓര്‍ക്കുക ഒരു കോളനിയില്‍ നിന്ന് ഒരു ഒറ്റ കോറല്‍ ജീവിയെ എടുത്താല്‍ അതിന് 10 മില്ലിമീറ്റര്‍ നീളവും, 1-3 മില്ലിമീറ്റര്‍ ചുറ്റളവും മാത്രമേ ഉണ്ടാകൂ. കര്‍ണ്ണാടക തീരപ്രദേശങ്ങള്‍, ലക്ഷദ്വീപ്, ആന്‍ഡമാന്‍, മന്നാര്‍ പാക്ക് കടലിടുക്ക്, മാലിദ്വീപ് തുടങ്ങിയ സ്ഥലങ്ങളില്‍ പവിഴപ്പുറ്റുകള്‍ സമൃദ്ധമാണ്. ഇന്ന് നമ്മള്‍ കാണുന്ന പല പവിഴപ്പുറ്റുകളുടെ നിർമാണ സമയം 15,000 - 30,000 വര്‍ഷങ്ങളാണെന്നോര്‍ക്കുക.

പവിഴപ്പുറ്റുകൾ പരിശോധിക്കുന്ന വിദഗ്ധർ (Photo: X/ @NOAACoral)
പവിഴപ്പുറ്റുകൾ പരിശോധിക്കുന്ന വിദഗ്ധർ (Photo: X/ @NOAACoral)

പവിഴപ്പുറ്റ് (കോറല്‍) - സസ്യമല്ല, ജന്തുവാണ്

കാഴ്ചയില്‍ സസ്യങ്ങളോടും, പൂക്കളോടും സാമ്യമുണ്ടെങ്കിലും  ജീവജാലങ്ങളുടെ വര്‍ഗ്ഗീകരണത്തില്‍ ജന്തുവിഭാഗത്തില്‍പ്പെടുന്നവയാണ് കോറലുകള്‍. സമുദ്രവാസികളായ ഇവ നട്ടെല്ലില്ലാത്ത അകശേരുകികള്‍ (invertebrates) ആണ്. അഞ്ഞൂറോളം ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഓഡോവിഷ്വല്‍ കാലഘട്ടത്തില്‍ ലോകത്തില്‍ എമ്പാടും കാണപ്പെട്ടു തുടങ്ങിയത്. സീലണ്ടറേറ്റ എന്ന ഫൈലത്തിലെ ആന്തോസോവ ക്ലാസിലാണ് മിക്ക കോറലുകളും ഉള്‍പ്പെട്ടിരിക്കുന്നത്. സിലിണ്ടര്‍ പോലുള്ള  ശരീരവും, ഉള്ളില്‍ സിലോം എന്ന ശരീരാന്തര്‍ഭാഗവുമാണ് ഈ വിഭാഗത്തിന്റെ പ്രത്യേകത. വദനഭാഗത്തെ ചുറ്റി ടെന്റക്കിള്‍സ് എന്നു വിളിക്കുന്ന സ്പര്‍ശനികളും ഇവയ്ക്കുണ്ട്. 

കാത്സ്യം കാര്‍ബണേറ്റ് കൊണ്ടുണ്ടാക്കിയ ശക്തിയേറിയ ഒരു ബാഹ്യ ചട്ടക്കൂട് ഇവയ്ക്കുണ്ട്. സ്ഥിരമായി ചലിക്കാതെ, പാറകളില്‍ പറ്റിപ്പിടിച്ചിരുന്ന് ഊയലാടുന്ന ഇവര്‍ ഒരു ജീവി പോളിപ്  എന്നറിയപ്പെടുന്നു.  അനേകം പോളിപ്പുകളുടെ സമൂഹമായി നിലകൊള്ളുന്നു. കടല്‍പ്പൂവ് എന്നറിയപ്പെടുന്ന സീ ആനിമോണ്‍, കടല്‍ക്കുടകളായ ജെല്ലി ഫിഷ്, ഹൈഡ്ര എന്നിവ ഇവയുടെ അടുത്ത ബന്ധുക്കളാണ്. 

പവിഴപ്പുറ്റുകള്‍ ഉണ്ടാകുന്നത്

കോറലുകളുടെ ലാര്‍വ തീരത്തോട് ചേര്‍ന്ന് അധികം ആഴമില്ലാത്ത അടിത്തട്ടില്‍ സ്ഥാനമുറപ്പിക്കുന്നു. കടല്‍ ജലത്തില്‍ നിന്ന് കാത്സ്യം കാര്‍ബണേറ്റ് ശേഖരിച്ച് ചിതല്‍, പുറ്റുണ്ടാക്കുന്നതുപോലെ പവിഴപ്പുറ്റുകള്‍ ഉണ്ടാക്കുന്നു. പാറക്കെട്ടുകള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങി ബലമുള്ള അടിത്തറയിലാണ് കോളനി നിർമാണം നടത്തുക. നൂറ്റാണ്ടുകള്‍ നീളുന്ന പരിശ്രമം വേണം ഇതിന്. അനുകൂലമായ സാഹചര്യങ്ങളിലാണ് കോറലുകള്‍ വളരുക. ഉത്തമ താപനില, സ്ഥിരമായ ഉപ്പിന്റെ അളവുള്ള ജലം എന്നിവ ഏറെ ആവശ്യം. 50 മീറ്റര്‍ ആഴത്തിലധികം വളരാത്ത ഇവര്‍ ജലോപരിതലത്തിനപ്പുറം വളരുകയില്ല. ഭൂമധ്യരേഖയുടെ 30o വരെയുള്ള പ്രദേശമാണ് ഇവരുടെ  കേന്ദ്രം. അതിനുമപ്പുറം കടല്‍ജല താപനില 18 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാകുന്നതിനാല്‍ വളര്‍ച്ച സാധ്യമല്ല. 

പവിഴപ്പുറ്റുകള്‍-അമൂല്യ സമ്പത്ത്

australian-scientists-find-huge-new-healthy-coral-reef-off-northern-coast

ഭൂമിയിലെ ജൈവ വൈവിധ്യത്തിന്റെ  ഈറ്റില്ലങ്ങളിലൊന്നാണ് പവിഴപ്പുറ്റുകള്‍ അടങ്ങുന്ന ആവാസ വ്യവസ്ഥ. കടല്‍പരപ്പിന്റെ ഒരു ശതമാനം മാത്രം വിസ്തൃതിയില്‍ ഇവര്‍ നെഞ്ചേറ്റുന്നത് സമുദ്രത്തിലെ നാലിലൊന്നോളം വളരുന്ന  ജീവജാലങ്ങളെയാണ്. കരയിലെ ഉഷ്ണമേഖലാ വനങ്ങള്‍ കഴിഞ്ഞാല്‍ ജൈവ വൈവിധ്യത്തില്‍  പവിഴപ്പുറ്റുകളാണ്  രാജാക്കന്മാര്‍.  കടലിലെ മഴക്കാടുകളെന്നൂം, നിത്യഹരിത വനങ്ങളെന്നുമൊക്കെ വിളിപ്പേരുകള്‍ വന്നതും ഇതിനാല്‍ തന്നെ.  ലോകത്തിലെ മനോഹരമായ പല ദ്വീപുകളും  പണിയപ്പെട്ടിരിക്കുന്നത് പവിഴപ്പുറ്റുകളുടെ ദശലക്ഷണക്കണക്കിന്  വര്‍ഷങ്ങളിലെ അധ്വാനഫലമായാണ്.  നമ്മുടെ ലക്ഷദ്വീപ് തന്നെ ഉദാഹരണം. പെട്രോളിയം, ഔഷധങ്ങള്‍, നിര്‍മ്മാണ സാമഗ്രികള്‍, വിലയേറിയ ചെമ്പവിഴ രത്‌നം തുടങ്ങിയവയും പവിഴപ്പുറ്റിന്റെ സംഭാവനകളില്‍പ്പെടുന്നു. കടലില്‍ നിന്നും കരയെ സംരക്ഷിക്കുന്ന കരുത്തുറ്റ ഭിത്തികളാകുന്നതിനൊപ്പം നിരവധി നിറ വൈവിധ്യമുള്ള, വാണിജ്യ പ്രാധാന്യമുള്ള മത്സ്യങ്ങളുടെ വിളനിലമാണ് പവിഴപ്പുറ്റുകള്‍.

പവിഴ ദ്വീപുകള്‍

കോടാനുകോടി ജീവികള്‍ സൃഷ്ടിക്കുന്ന പവിഴപ്പുറ്റുകള്‍ കാലക്രമത്തില്‍ ചെറുദ്വീപുകളായി  മാറുന്നു. ഉദാഹരണത്തിന് നമ്മുടെ ലക്ഷദ്വീപും, പസഫിക് സമുദ്രത്തിലെ മരിയാന ദ്വീപുമൊക്കെ.  ആരവല്ലി പര്‍വ്വത നിരകളുടെ കടലിനടിയിലെ ഭാഗങ്ങളായ ചാഗോസ് മലനിരകളുടെ മുകള്‍ ഭാഗത്ത്  പവിഴപ്പുറ്റുകള്‍ അടിഞ്ഞുകൂടിയാണത്രെ ലക്ഷദ്വീപ് ഉണ്ടായത്. പവിഴപ്പുറ്റുകള്‍ പൊടിഞ്ഞുണ്ടാകുന്ന പൊടിയാണ് ദ്വീപിനു ചുറ്റും വെളുത്ത തരികളായി പ്രത്യക്ഷപ്പെടുന്നത്. പവിഴപ്പുറ്റുകളില്‍  താമസിക്കുന്ന വര്‍ണ്ണച്ചിറകുകളുള്ള  പൂമ്പാറ്റ മത്സ്യമാണ് ലക്ഷദ്വീപിന്റെ ദേശീയ മത്സ്യം. പവിഴ ദ്വീപുകളും അവയെ സംരക്ഷിക്കുന്ന പവിഴപ്പുറ്റും അറ്റോള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

സൗഹൃദം - അതല്ലേ എല്ലാം

പവിഴപ്പുറ്റുകളില്‍ വളരുന്ന സൂസാന്തില്ലേ എന്ന ചെറു പായലുകള്‍ സഹജീവനം (Symbiosis) എന്ന ജൈവ ബന്ധത്തിന്റെ  ഉത്തമ ഉദാഹരണമാണ്. പവിഴപ്പുറ്റുകളില്‍  വസിക്കുന്ന  പായലുകള്‍, ഏകകോശ ജീവികള്‍ എന്നിവ പ്രകാശ സംശ്ലേഷണം നടത്തി ആഹാരമുണ്ടാക്കുമ്പോള്‍, പവിഴപ്പുറ്റുകള്‍ക്ക് ഓക്‌സിജന്‍ നല്‍കുമ്പോള്‍ കൂട്ടുകാരായ ഇവര്‍ക്ക് കാര്‍ബണ്‍ ഡയോക്‌സൈഡും, മറ്റു മൂലകങ്ങളും താമസിക്കാന്‍ പാര്‍പ്പിടവും നല്‍കിയാണ് പവിഴപ്പുറ്റുകളുടെ പ്രത്യുപകാരം. 

ശത്രുക്കള്‍ അനവധി

Acropora-coral-spawning1

കടലിലെ ഈ സുന്ദര ശില്പങ്ങളുടെ നശീകരണത്തിന് കാരണങ്ങള്‍ പലതുണ്ട്. അതിശക്തമായി ആഞ്ഞടിക്കുന്ന തിരമാലകള്‍ കടല്‍ജലത്തിലെ താപനില, ലവണാംശം, സൂര്യപ്രകാശത്തിന്റെ അളവ്, സമുദ്ര മലിനീകരണം, നിയന്ത്രണമില്ലാത്ത കടല്‍ ടൂറിസം, സുനാമി, സയനൈഡ് ഉപയോഗിച്ചും, സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുമുള്ള  മീന്‍ പിടുത്തം, നക്ഷത്ര മത്സ്യങ്ങളുടെ ആഹാരമാകുന്നത് തുടങ്ങിയവ പവിഴപ്പുറ്റുകള്‍ക്ക്  അഘാതമാകുന്നു. കൂടാതെ അക്വേറിയങ്ങള്‍ ഉണ്ടാക്കാന്‍ പവിഴപ്പുറ്റുകള്‍ ശേഖരിക്കപ്പെടാറുണ്ട്. കടലിലേക്ക് തള്ളപ്പെടുന്ന പ്ലാസ്റ്റിക്കും, കപ്പലുകള്‍ ചോര്‍ത്തുന്ന എണ്ണയുമൊക്കെ ശത്രുക്കള്‍ തന്നെ. ഖനനം, കപ്പല്‍ച്ചാലുകളുടെ നിര്‍മ്മാണം, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, തുറമുഖ നിർമാണം തുടങ്ങിയവയൊക്കെ ഈ മനോഹര ശില്‍പ്പങ്ങളെ നാശത്തിലേക്ക് എത്തിക്കുന്നു.

ആഗോളതാപനം - മുഖ്യ ഭീഷണി 

ഓഖിയും, സുനാമിയും, ചുഴലിക്കാറ്റുകളും, കടല്‍ക്ഷോഭവും, കനത്ത മഴയും, കൂറ്റന്‍ നിരമാലകളുമൊക്കെ കടലിന്റെ രൗദ്രതയുടെ പുറം കാഴ്ചകളാണ്. എന്നാല്‍ ആഗോളതാപനവും, കാലാവസ്ഥാ മാറ്റവുമാണ് പവിഴപ്പുറ്റുകളെ പതിയെ പതിയെ നിശബ്ദരായി കൊന്നുകൊണ്ടിരിക്കുന്നത്.  ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തില്‍ വര്‍ദ്ധിക്കുന്നതും സമുദ്രജലത്തില്‍ ലയിക്കുന്നതും തല്‍ഫലമായി അമ്ലക്ഷാര നിലയില്‍  വ്യത്യാസമുണ്ടാകുന്നതും ആഗോളതാപനത്തിന്റെ മറ്റൊരു മുഖം. സമുദ്ര ജലനിരപ്പ് ഉയര്‍ന്നാല്‍ പവിഴപ്പുറ്റുകള്‍ മുങ്ങിപ്പോകും. ഭൂമിയിലെ 80 ശതമാനം പവിഴപ്പുറ്റുകളും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഭീഷണിയിലാണ്.  2030-ല്‍ അന്‍പതു ശതമാനത്തോളം നശിച്ചേക്കുമെന്നൊക്കെ മുന്നറിയിപ്പുകളുണ്ട്. ലോകത്തിലെ 16 ശതമാനം പവിഴപ്പുറ്റുകളും ആഗോള താപനത്തിന്റേയും കാലാവസ്ഥാ മാറ്റത്തിന്റേയും ഇരകളായി നശിച്ചു കഴിഞ്ഞുവെന്നതാണ് ഞെട്ടിക്കുന്ന വിവരം.

English Summary:

Discover the Magical Underwater Kingdom at Risk: Unveiling the Peril to Nemo and Dory's Coral Refuge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com