ADVERTISEMENT

തെക്കൻ ഫ്ലോറിഡയിലെ ഒരു കടൽത്തീരത്ത് ചൂണ്ടയിട്ട് മീൻ പിടിക്കുകയായിരുന്നു ബ്രാൻഡൻ ഗ്രിഫിൻ, ഗേജ് വിറ്റൺ എന്നീ സുഹൃത്തുക്കൾ. എന്നാൽ അപ്രതീക്ഷിതമായ ഒന്നാണ് ഇവരുടെ ചൂണ്ടയിൽ കുടുങ്ങിയത്. 12 അടി നീളമുള്ള ഒരു കൂറ്റൻ സ്രാവ്. ചൂണ്ടയിൽ എന്തോ കുടുങ്ങി എന്ന് മനസ്സിലായ ഉടൻ തന്നെ ബ്രാൻഡൻ അതിനെ വലിച്ചു കരയിലേയ്ക്ക് അടുപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ആസാമാന്യ ഭാരം ഉണ്ടെന്ന് മനസ്സിലായപ്പോഴാണ് ഇത് സാധാരണ മത്സ്യം ആയിരിക്കില്ല എന്ന് ഇവർ തിരിച്ചറിഞ്ഞത്.

ചൂണ്ടയിൽ കുടുങ്ങിയ മത്സ്യം പൂർണമായും ചൂണ്ട വായ്ക്കുള്ളിൽ ആക്കിയതിനാൽ അതിനെ കരയിലേയ്ക്ക് കൊണ്ടുവരികയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. കരയ്ക്കു സമീപത്ത് എത്തിയപ്പോഴാണ് സ്രാവിന്റെ യഥാർത്ഥ വലിപ്പം ഇവർക്ക് മനസ്സിലായത്. തലഭാഗം അല്പം പരന്ന ആകൃതിയിലുള്ള ഹാമർ ഹെഡ് ഇനത്തിൽപ്പെട്ട സ്രാവായിരുന്നു അത്. മത്സ്യത്തെ കണ്ടതോടെ ആദ്യം സുഹൃത്തുക്കൾ എന്തുചെയ്യണമെന്നറിയാതെ ആശങ്കയിലായി. ഈ ഇനത്തിൽപ്പെട്ട സ്രാവുകൾ ചൂണ്ടയിൽ കുടുങ്ങിയാൽ അതിജീവിക്കാനുള്ള സാധ്യത വിരളമാണ്.

മുൻപ് മീനുകളെ പിടിച്ച് പരിചയമുള്ള ബ്രാൻഡന് ഇത് അറിയുകയും ചെയ്യാമായിരുന്നു. അതിനാൽ എത്രയും വേഗം സ്രാവിനെ രക്ഷിക്കാനായി അടുത്ത ശ്രമം. മറ്റാരുടെയെങ്കിലും സഹായം തേടാൻ പോയാൽ സമയം വൈകുമെന്നും സ്രാവിന്റെ ജീവൻ അപകടത്തിലാകും എന്നും ഇവർ മനസ്സിലാക്കി. ഇതിനെല്ലാം പുറമേ ഹാമർഹെഡ് സ്രാവുകളെ പിടികൂടുന്നത് ഫ്ലോറിഡയിൽ നിയമവിരുദ്ധവുമാണ്. അധികം ആലോചിച്ച് സമയം കളയാതെ സുഹൃത്തുക്കൾ ഇരുവരും കടലിലേയ്ക്ക് ഇറങ്ങി സ്രാവിനെ കൈകൾ കൊണ്ട് തള്ളിനീക്കാൻ ആരംഭിച്ചു.

ചൂണ്ടയിൽ കുടുങ്ങിയ സ്രാവിനെ ബ്രാൻഡൻ ഗ്രിഫിൻ രക്ഷപ്പെടുത്താനായി ഓടുന്നു
ചൂണ്ടയിൽ കുടുങ്ങിയ സ്രാവിനെ ബ്രാൻഡൻ ഗ്രിഫിൻ രക്ഷപ്പെടുത്താനായി ഓടുന്നു

ചൂണ്ടയിൽ നിന്നും സ്രാവിനെ വിടുവിച്ച ശേഷമായിരുന്നു ഈ പ്രയത്നം. ഇത്രയടുത്ത് ഇരയെ കിട്ടിയാൽ സ്രാവുകൾ ആക്രമിക്കാൻ സാധ്യത ഏറെയാണെങ്കിലും ഇവിടെ ചൂണ്ടയിൽ കുടുങ്ങിയതിന്റെയും ആഴം കുറഞ്ഞ ഭാഗത്തേയ്ക്ക് അടുത്തതിന്‍റെയും ക്ഷീണത്തിലായിരുന്നു സ്രാവ്. എന്തായാലും കൂറ്റൻ സ്രാവിനെ വെറും കൈകൾകൊണ്ട് തള്ളി ഇവർക്ക് കൂടുതൽ ആഴം ചെന്ന ഭാഗത്തേയ്ക്ക് എത്തിക്കാനായി. ശക്തമായ തിരമാലകൾക്ക് നടുവിലൂടെ സ്രാവിനെ തള്ളിക്കൊണ്ട് ബ്രാൻഡൻ നീങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.  

ചൂണ്ടയിൽ കുടുങ്ങി 22 മിനിറ്റിനുള്ളിൽ അതിനെ കടലിലേയ്ക്ക് തിരികെ വിടാൻ തങ്ങൾക്ക് സാധിച്ചതായി ബ്രാൻഡൻ വ്യക്തമാക്കുന്നു. ഈ പ്രദേശത്ത് മീൻപിടിക്കാൻ എത്തുന്നവർ തന്റെ അനുഭവം കേട്ടറിയുന്നതോടെ ഉചിതമായ രീതിയിൽ പ്രവർത്തിക്കും എന്ന പ്രതീക്ഷയിലാണ് ബ്രാൻഡൻ. മത്സ്യങ്ങളെ കടലിൽ നിന്നും പുറത്തെത്തിച്ചാൽ 45 മിനിറ്റിനുള്ളിൽ തിരികെ വിടാനായില്ലെങ്കിൽ അവയുടെ ആരോഗ്യം ക്ഷയിക്കുകയും ജീവൻ നഷ്ടമാകുന്നതിലേയ്ക്ക് നയിക്കുകയും ചെയ്യും. സ്രാവിനെ രക്ഷിക്കാനുള്ള ഇവരുടെ ശ്രമത്തിന്റെ സാഹസിക വിഡിയോ കണ്ട് ഭയത്തോടെയാണ് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്. ഏറെ അപകടം നിറഞ്ഞ ഉദ്യമമായിരുന്നു ഇതെന്നും സ്രാവിന്റെ ആക്രമണമേൽക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തിയിരുന്നു എന്നും ബ്രാൻഡനും സുഹൃത്തും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com