ചൈനീസ് ചക്രവർത്തിമാർ പണിത വൻമതിൽ; തകരാതെ കാക്കുന്നത് ഒരു ‘ജീവ’പാളി, വിസ്മയ കണ്ടെത്തൽ
Mail This Article
പ്രാചീന ലോകത്തെ മഹാദ്ഭുതങ്ങളിലൊന്നാണ് ചൈനീസ് വൻ മതിൽ. ചൈനയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്ന ഈ ചരിത്രനിർമിതി അന്തരീക്ഷവുമായുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ മൂലമുള്ള നാശത്തെ അഭിമുഖീകരിക്കുന്നുണ്ട്. എന്നാൽ ചൈനീസ് വന്മതിലിനെ ഇതിൽ നിന്നു സംരക്ഷിക്കുന്ന ഒരു ജൈവപാളിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ബയോക്രസ്റ്റ്‌സ് എന്നാണ് ഈ പാളി അറിയപ്പെടുന്നത്. സയൻസ് അഡ്വാൻസസ് എന്ന ജേണലിലാണ് ഇതു സംബന്ധിച്ച പഠനം. സൂക്ഷ്മവലുപ്പമുള്ള കുറേ ചെടികളും സൂക്ഷ്മജീവികളും ചേർന്നാണ് ബയോക്രസ്റ്റ്‌സ് രൂപീകരിക്കുന്നത്. സയനോബാക്ടീരിയ, ചിലയിനം പായലുകൾ എന്നിവയെല്ലാം ബയോക്രസ്റ്റിലുണ്ട്.
ചൈനീസ് വന്മതിലിന്റെ 67 ശതമാനം ഭാഗത്തും ഈ പാളിയുണ്ട്. ചൈനീസ് മതിലിന്റെ മെക്കാനിക്കൽ സ്ഥിരത കൂട്ടുകയും അന്തരീക്ഷ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുകയും ചെയ്യുന്നുണ്ട് ഇത്. ചുരുക്കിപ്പറഞ്ഞാൽ ചൈനീസ് ചക്രവർത്തിമാർ രക്ഷയ്ക്കായി പണിത മതിലിന്റെ ഇപ്പോഴത്തെ രക്ഷ നിർവഹിക്കുന്നത് ഈ പാളിയാണ്.
ബഹിരാകാശത്ത് നിന്ന് കാണാവുന്ന ഒരേയൊരു മനുഷ്യനിർമിത വസ്തു എന്ന് വൻമതിലിനെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ഇത് തെറ്റാണെന്നും ചൈനീസ് വന്മതിലിനെ അങ്ങനെ കാണാൻ സാധിക്കുകയില്ലെന്നും വിദഗ്ധർ സ്ഥിരീകരിക്കുന്നു. ചൈനയുടെ വടക്കൻ മേഖലയിൽ നിന്നു ഭീഷണിയുയർത്തിയ നാടോടികളായ അക്രമണകാരികളെ തടയുക എന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് ചക്രവർത്തിമാർ മതിൽ നിർമിച്ചത്.
പല തലമുറകളിൽപെട്ട ചക്രവർത്തിമാർ മതിൽനിർമാണത്തിൽ ഏർപ്പെട്ടിരുന്നു. ചൈനയിൽ എഡി 1368 കാലയളവിൽ സ്ഥാപിതമായ മിങ് സാമ്രാജ്യമാണ് പ്ലാറ്റ്‌ഫോമുകളും കാവൽപ്പുരകളുമൊക്കെ നിർമിച്ച് ഇന്നത്തെ രീതിയിൽ വന്മതിലിനെ ഗംഭീരസ്ഥിതിയിലെത്തിച്ചത്. 5500 കിലോമീറ്റോളം വന്മതിൽ നീണ്ടുകിടക്കുകയാണ്.
പിൽക്കാലത്ത് ചൈനയിലെ മഞ്ചു സാമ്രാജ്യത്തിലെ ചക്രവർത്തിമാർ ഈ മതിലിനപ്പുറമുള്ള പ്രദേശങ്ങൾ കീഴടക്കിയതോടെ അതിർത്തിയെന്ന നിലയിൽ വന്മതിൽ വഹിച്ചുവന്ന പ്രാധാന്യം ഇല്ലാതെയായി. എങ്കിലും ഈ വന്മതിൽ നിലനിൽക്കുകയാണ്, ഒരു വലിയ സാംസ്‌കാരിക പ്രതീകമായി.