ADVERTISEMENT

കടലുണ്ടി ∙ വനംവകുപ്പ് നേതൃത്വത്തിൽ ചാലിയം ഹോർത്തൂസ് മലബാറിക്കസ് ഔഷധ ഉദ്യാനത്തിൽ തുടക്കമിട്ട ‘നഗരവനം’ പദ്ധതി പാതിവഴിയിൽ. തടി ഡിപ്പോ വളപ്പിലെ 10 ഏക്കറിൽ 7000 വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കാൻ ലക്ഷ്യമിട്ടു കഴിഞ്ഞ ജൂലൈയിൽ തുടങ്ങിയ പദ്ധതി പൂർത്തീകരിച്ചില്ല. രണ്ടായിരത്തോളം തൈകൾ മാത്രമാണ് ഇതുവരെ നട്ടത്. നനയും കള പറയ്ക്കലും ഉൾപ്പെടെ നടത്താത്തതിനാൽ പ്രദേശത്തു കാട് പടർന്നു. നട്ടുവളർത്തിയ തൈകൾ പലതും നാശത്തിന്റെ വക്കിലാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ വനംവകുപ്പ് 44 ലക്ഷം രൂപ വകയിരുത്തിയാണ് ചാലിയത്ത് നഗരവനം പദ്ധതി വിഭാവനം ചെയ്തത്.

ഒരു പ്രദേശത്ത് ഇടതൂർന്ന ചെറുവനം നട്ടു വളർത്തുക എന്നതായിരുന്നു ലക്ഷ്യം. ചാലിയം ഡിപ്പോയുടെ മധ്യഭാഗത്ത് പ്രത്യേക ചുറ്റുവേലി സ്ഥാപിച്ചായിരുന്നു നടീൽ. എന്നാൽ ചുറ്റുവേലി സ്ഥാപിക്കൽ പൂർത്തീകരിച്ചില്ല. ചിലയിടത്ത് ഭൂനിരപ്പിൽ നിന്നു 25 സെന്റി മീറ്റർ ഉയരത്തിൽ നിർമിച്ച വേലിയുടെ അടിവശത്തു കൂടി ആട് അകത്തു കയറി തൈകൾ നശിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ഇതു പിന്നീട് ഉദ്യോഗസ്ഥർ ഇടപെട്ടാണ് താൽക്കാലികമായി പരിഹരിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിൽ നട്ടു വളർത്തിയ തൈകൾ പരിപാലിക്കാൻ പിന്നീട് നടപടിയുണ്ടായില്ല. ചുറ്റുവേലി പൂർത്തീകരിക്കാത്തതിനാൽ ബാക്കി തൈകൾ നടാൻ പറ്റാത്ത സ്ഥിതിയാണ്. ചെയ്തു തീർത്ത പ്രവൃത്തിയുടെ തുക ആവശ്യപ്പെട്ട് കരാറുകാരൻ വനം അധികൃതർക്കു കത്ത് നൽകിയെങ്കിലും ഫണ്ടും അനുവദിച്ചില്ല.

സംസ്ഥാന സർക്കാരിന്റെ മറ്റു പദ്ധതികൾ കൂടി യോജിപ്പിച്ച് ചാലിയത്തെ റെയിൽവേ കിണർ നിലകൊള്ളുന്ന ഭാഗം ഉൾപ്പെടുത്തി ശലഭോദ്യാനം, പരിസ്ഥിതി സൗഹൃദ നടപ്പാത, പോളി ഹൗസ്, ഓർക്കിഡേറിയം, ചെറിയ തരം കൂടാരങ്ങൾ എന്നിവയും ഇതോടൊപ്പം വിഭാവനം ചെയ്തിരുന്നെങ്കിലും ഓഫിസ് കവാടം, ആധുനിക ടിംബർ യാർഡ് എന്നിവ മാത്രമാണ് നിർമിച്ചത്.

നഗരമേഖലയിൽ പരിസ്ഥിതി സൗഹൃദം വളർത്താനും പുതിയ തലമുറയെ പരിസ്ഥിതിയോട് അടുപ്പിക്കാനും ലക്ഷ്യമിട്ടു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവിഷ്കരിച്ചതാണു നഗരവനം പദ്ധതി. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും പൊതുസമൂഹത്തിന്റെ മാനസിക ഉല്ലാസത്തിനും പരിസ്ഥിതി സൗഹാർദമായ അന്തരീക്ഷം ഒരുക്കുകയാണ് ഉദ്ദേശ്യമെങ്കിലും വനംവകുപ്പ് അനാസ്ഥയിൽ പദ്ധതി താളംതെറ്റി കിടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com