ADVERTISEMENT

സൈബീരിയൻ നഗരമായ നോവോസിബിർസ്കിൽ തണുത്തുവിറയ്ക്കുകയാണ് ജനങ്ങൾ. താപപൈപ്പുകൾ പൊട്ടി ലീക്കായതോടെ വീടുകളുടെ അന്തരീക്ഷ താപനില കൂട്ടാനോ വെള്ളം ചൂടാക്കാനോ സാധിക്കാത്ത നിലയിലാണ് ജനങ്ങൾ. നഗരത്തിൽ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശൈത്യം മേഖലയിൽ നടമാടുകയാണ്. നോവോസിബിർസ്ക് എന്ന പ്രവിശ്യയുടെ തലസ്ഥാനമാണ് നോവോസിബിർസ്ക് നഗരം. അതീവ ദുരൂഹമായ ഒരു സ്ഥാപനം സ്ഥിതിചെയ്യുന്നിടമാണ് നോവോസിബിർസ്ക്.

റഷ്യയ്ക്കു മുൻപുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ വിപുലമായ ജൈവായുധ പദ്ധതി നടത്തിയിട്ടുണ്ടെന്ന് പാശ്ചാത്യ നിരീക്ഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആന്ത്രാക്സ്, പ്ലേഗിനു കാരണമാകുന്ന യെർസിനിയ പെസ്റ്റിസ് മുതൽ ലോകത്തെ ഏറ്റവും അപകടകാരിയായ വൈറസായ മാർബർഗ് വൈറസ് ഉൾപ്പെടെ ഈ പദ്ധതിയുടെ ഗവേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നത്രേ.  88 ശതമാനമാണ് മാർബർഗ് വൈറസ് കാരണമുള്ള മരണനിരക്ക്. അതായത് ബാധിക്കപ്പെടുന്ന 10 പേരിൽ ഏകദേശം 9 രോഗികളും മരണപ്പെടാം. ഇത്തരത്തിൽ 11 ജൈവ അണുക്കളെ പ്രധാനമായും ഗവേഷണം നടത്തിയെന്നും നിരീക്ഷകർ പറയുന്നു. 

രഹസ്യ കേന്ദ്രങ്ങളിലായിരുന്നു ഈ ഗവേഷണങ്ങൾ നടന്നത്. 1992ൽ സോവിയറ്റ് യൂണിയൻ തകർന്ന ശേഷം ഇത്തരം പദ്ധതികൾ മരവിപ്പിച്ചെന്ന് റഷ്യ പറഞ്ഞു. ബ്രിട്ടനും യുഎസുമായി ഉടമ്പടിയിലൊപ്പിടുകയും ചെയ്തു.എന്നാൽ റഷ്യ ശരിക്കും ഇതൊന്നും അവസാനിപ്പിച്ചിരുന്നില്ലെന്നും അതീവ രഹസ്യമായി ഇതു തുടർന്നിരുന്നെന്നും നിരീക്ഷകർ പറയുന്നു. ഇത്തരത്തിൽ ഗവേഷണം നടന്ന, ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ജൈവായുധ ഗവേഷണ കേന്ദ്രമാണ് റഷ്യയിലെ നോവോസിബിർസ്കിലെ വൈറോളജി, ബയോടെക്നോളജി ഗവേഷണ കേന്ദ്രമെന്ന് പാശ്ചാത്യ മാധ്യമങ്ങൾ ഉൾപ്പെടെ ആരോപിക്കുന്നു.1974ൽ ശീതയുദ്ധം കൊടുമ്പിരികൊണ്ടു നിന്ന സമയത്ത് തുടക്കമിട്ട ഈ കേന്ദ്രത്തിൽ വ്ലാഡിമിർ പുടിന്റെ സർക്കാർ വമ്പൻ ജൈവായുധ പദ്ധതികൾ ആവിഷ്കരിക്കുകയാണെന്നും ആരോപണമുണ്ട്.

റഷ്യയിൽ അതീവ സുരക്ഷ നിലനിൽക്കുന്ന ചുരുക്കം സ്ഥാപനങ്ങളിലൊന്നാണിത്. 70000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ലാബ് ഒരു ഫുട്ബോൾ പിച്ചിന്റെ അതേ വലുപ്പമാണ്.ലോകത്തിലെ തന്നെ ഏറ്റവും വലിയ സുരക്ഷ നിലനിൽക്കുന്ന ബയോലാബുകളിലൊന്നാണിതെന്നും കണക്കുകൂട്ടലുണ്ട്. ചൈനയിലെ കുപ്രസിദ്ധമായ വുഹാൻ ബയോലാബിനെ വെല്ലുന്ന സുരക്ഷയാണത്രേ ഇതിന്. നോവോസിബിർസ്ക് ലാബിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും ടെക്നീഷ്യൻമാരും മിലിട്ടറി പച്ച നിറത്തിലുള്ള ശരീരം മുഴുവൻ മൂടുന്ന സ്യൂട്ടുകളാണു ധരിക്കുന്നത്.

(Photo: X/ @siberian_times)
·
(Photo: X/ @siberian_times) ·

റഷ്യയുടെ തെക്കുപടിഞ്ഞാറൻ സൈബീരിയൻ മേഖലയിൽ കസഖ്സ്ഥാൻ അതിർത്തിക്ക് സമീപത്തായാണു കേന്ദ്രം സ്ഥിതി ചെയ്യുന്നത്. –35 ഡിഗ്രി വരെ താപനില താഴാറുള്ള ഇവിടം ഏറ്റവും കടുത്ത കാലാവസ്ഥാ സാഹചര്യങ്ങൾ നിലനിൽക്കുന്നയിടം കൂടിയാണ്. അതിനാൽ തന്നെ എതിരാളികളുടെ ചാരൻമാർക്ക് ഇങ്ങോട്ടേക്കു കടന്നുകൂടുകയോ നിരീക്ഷണം നടത്തുകയോ ചെയ്യുന്നത് ഏകദേശം അസാധ്യമാണ്. ഔദ്യോഗികമായി വാക്സീൻ വികസന കേന്ദ്രം എന്ന നിലയിലാണ് ലാബ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം സൈബീരിയയിലെ പെർമഫ്രോസ്റ്റ് മേഖലയിൽ മഞ്ഞിൽ പുതഞ്ഞ നിലയിലുള്ള ചരിത്രാതീത കാലത്തെ മൃഗ ശരീരങ്ങളിൽ ലാബ് പരീക്ഷണം നടത്തിയിരുന്നു. ചരിത്രാതീത കാലത്തെ വൈറസുകളെപ്പറ്റി പഠനം നടത്താനായിരുന്നു ഇതെങ്കിലും വൻ വിവാദം ഇതുമൂലമുണ്ടായി.

ഈ ലാബിൽ ജോലി ചെയ്തിരുന്ന രണ്ടുപേരെങ്കിലും എബോളയോ, മർബർഗ് വൈറസോ ബാധിച്ച് മരണപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. 2019ൽ ഇവിടെ ഒരു വൻ പൊട്ടിത്തെറിയുണ്ടായതോടെ നോവോസിബിർസ്ക് ലാബിനെക്കുറിച്ചുള്ള വാർത്തകൾ രാജ്യാന്തര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com