ADVERTISEMENT

2008ൽ സൈബീരിയയിലെ ഒരു ഗുഹയിൽ ഒരു വിരൽ കണ്ടെത്തി. സൈബീരിയയിലെ ആൾട്ടായിയിലുള്ള ഡെനിസോവ ഗുഹയിൽ നിന്നായിരുന്നു ഇതു കണ്ടെത്തിയത്. ഡെനിസ് എന്ന സന്യാസി പതിനേഴാം നൂറ്റാണ്ടിൽ ഏകാന്തവാസം നടത്തിയ ഗുഹയായതിനാലാണ് ഈ ഗുഹയ്ക്ക് ഡെനിസോവ ഗുഹ എന്നു പേരു ലഭിച്ചത്.

റഷ്യയിലെ ഏറ്റവും ജനവാസം കുറഞ്ഞ റിപ്പബ്ലിക്കാണ് ആൾട്ടായി. മംഗോളുകളുടെ പടയോട്ടങ്ങൾ ഏറെക്കണ്ട ഈ ഭൂമിക്ക് പക്ഷേ അതിലും വലിയൊരു ചരിത്രരഹസ്യം പറയാനുണ്ടായിരുന്നു.

ഡെനിസോവ ഗുഹയിൽ നിന്നു കിട്ടിയത് ഒരു പെൺകുട്ടിയുടെ വിരലായിരുന്നു. ആ വിരലിലെ പരിശോധനകൾ വിരൽചൂണ്ടിയത് ഒരു കാര്യത്തിലേക്കാണ്, അവളുടെ അമ്മ ഒരു നിയാണ്ടർത്താൽ വംശജയാണ് (ഒരു നൂറ്റാണ്ടുമുൻപ് തന്നെ ശാസ്ത്രജ്ഞർ നിയാണ്ടർത്താൽ ആദിമമനുഷ്യരെപ്പറ്റി മനസ്സിലാക്കിയിരുന്നു). എന്നാൽ അവളുടെ അച്ഛൻ? അക്കാര്യം അവ്യക്തമായിരുന്നു. നിയാണ്ടർത്താലോ, ആധുനിക മനുഷ്യരോ അല്ല. മറ്റൊരു നരവംശം. അവരായിരുന്നു ഡെനിസോവർ.

ഹോമോ സാപ്പിയൻസ് എന്നു പേരുള്ള നമ്മുടെ നരവംശം മനുഷ്യപരമ്പരയിൽ ഏറ്റവും വികസിക്കപ്പെട്ടതാണ്. പരിണാമദശയിൽ നമ്മോട് അടുത്തു നിൽക്കുന്ന വർഗങ്ങളാണ് നിയാണ്ടർത്താൽ വംശവും ഡെനിസോവൻ വംശവും. നിയാണ്ടർത്താലുകൾ യൂറോപ്പിലും ഏഷ്യയിലും താമസമുറപ്പിച്ചിരുന്നു. 7 ലക്ഷം വർഷങ്ങൾക്കു മുൻപാണ് മനുഷ്യവംശത്തിൽ നിന്ന് നിയാണ്ടർത്താൽ വംശവും ഡെനിസോവൻ വംശവും വഴിതിരിഞ്ഞ് പ്രത്യേക വർഗമായി പോയത്. അതിനുശേഷം 4 ലക്ഷം വർഷം മുൻപ് ഇവർ ഇരുവംശങ്ങളും വേർപെട്ട് പ്രത്യേക വംശങ്ങളായി മാറി. ഡെനിസോവൻമാരെക്കുറിച്ചുള്ള പലകാര്യങ്ങളിലും ഇന്നും നിഗൂഢത തുടരുകയാണ്.

ഡെനിസോവ ഗുഹ (Photo: Twitter/ @newscientist)
ഡെനിസോവ ഗുഹ (Photo: Twitter/ @newscientist)

ഈ വർഷത്തിനു  മുൻപ് വരെ കേവലം അഞ്ച് ഫോസിലുകൾ മാത്രമാണ് ഡെനിസോവൻ വംശത്തിന്റേതായി കണ്ടെത്തിയിട്ടുള്ളത്. 3 പല്ലുകളും ഒരു വിരലിന്റെ അസ്ഥിയും ഒരു താടിയെല്ലും. ഇവയിൽ താടിയെല്ലൊഴിച്ചുള്ളവ ഡെനിസോവ ഗുഹയിൽ നിന്നാണു കിട്ടിയത്.

ഡെനിസോവൻമാർ റഷ്യയിലെ  സൈബീരിയയിലുള്ള ആൾത്തായ് പർവതനിരകളിലും ചൈനയുടെ ചില ഭാഗങ്ങളിലുമൊക്കെ  ആവാസമുറപ്പിച്ചിട്ടുള്ളതായിട്ടായിരുന്നു നരവംശശാസ്ത്രജ്ഞർ കണക്കാക്കിയിട്ടുള്ളത്.ഇവർ ഈ മേഖലയ്ക്കു പുറത്തു താമസിച്ചിട്ടുണ്ടോ എന്ന ചോദ്യം ഉയർന്നിരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം പിന്നീട് കിട്ടി. ഉത്തരം നൽകിയത് ഒരു പല്ലാണ്

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ നിന്ന് ഈ വർഷം കിട്ടിയ 1.64 ലക്ഷം വർഷങ്ങൾ പഴക്കമുള്ള പല്ല് 3 വയസ്സുള്ള ഒരു ഡെനിസോവൻ പെൺകുട്ടിയുടേതാണെന്ന് ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിരുന്നു.ലാവോസിലെ കോബ്ര കേവ് എന്ന ഗുഹയിൽ നിന്നാണ് ഈ പല്ല് കിട്ടിയത്. ലാവോസിലെ അന്നാമൈറ്റ് പർവതനിരകളിലാണ് ഈ ഗുഹ. മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, കംബോഡിയ എന്നീ രാജ്യങ്ങളോട് അതിർത്തി പങ്കിടുന്ന രാജ്യമാണ് ലാവോസ്. രാജ്യത്തിന്റെ തലസ്ഥാനനഗരമായ വിയന്റൈനിൽ നിന്നു 260 കിലോമീറ്റർ ദൂരെയാണ് ഈ ഗുഹ.

ഇതോടെ ഡെനിസോവൻ വംശജർ റഷ്യയിലും ചൈനയിലുമല്ലാതെ ഒട്ടേറെ മേഖലകളിലും പരിതസ്ഥിതികളിലും ജീവിച്ചിരുന്നെന്നു വ്യക്തമായതായി ഈ പല്ലുകണ്ടെത്താനുള്ള ഗവേഷണത്തിനു നേതൃത്വം വഹിച്ച ശാസ്ത്രജ്ഞർ പറഞ്ഞു. റഷ്യയിലും ഏഷ്യയിലും മാത്രമല്ല ഡെനിസോവൻമാരുണ്ടായിരുന്നതെന്നും ഇപ്പോഴത്തെ ഓസ്ട്രേലിയയും ന്യൂസീലൻഡും ഉൾപ്പെടുന്ന ഓഷ്യാനിയ മേഖലയിലെ ആദിമനിവാസികൾക്ക് ഡെനിസോവൻ ജനിതകമുണ്ടെന്നും പിൽക്കാലത്ത് നടന്ന ചില പഠനങ്ങൾ സൂചിപ്പിച്ചിരുന്നു.

English Summary:

Unearthed in Siberia: The Mysterious Finger Discovery in Denisova Cave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com